◾മൂന്നാം മുന്നണി നീക്കവുമായി തെലുങ്കാനയിലെ ഖമ്മത്ത് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ വമ്പന്‍ റാലി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും പങ്കെടുത്തു. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ പോരാട്ടം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സമ്മേളനം. കേരളത്തിലെ ജനങ്ങള്‍ തെലുങ്കാന മുഖ്യമന്ത്രി കെസിആറിനൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ തുടങ്ങിയവര്‍ പങ്കെടുത്തു.
◾ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് അടുത്ത മാസം തെരഞ്ഞെടുപ്പ്. ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്‍ഡിലും വോട്ടെടുപ്പ് നടക്കും. മാര്‍ച്ച് രണ്ടിനു വോട്ടെണ്ണും. മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിനാല്‍ ലക്ഷ ദ്വീപ് ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിച്ചു. ഫെബ്രുവരി 27 നാണു ലക്ഷദ്വീപില്‍ തെരഞ്ഞെടുപ്പ്.
◾ലക്ഷദീപില്‍ തിരക്കിട്ട് തെരഞ്ഞെടുപ്പു നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍. വധശ്രമക്കേസില്‍ മുന്‍ എംപി ജയിലില്‍ ആയതോടെയാണ് ലക്ഷദ്വീപില്‍ അപ്രതീക്ഷിത തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അംഗീകരിച്ചാല്‍ അയോഗ്യത ഇല്ലാതാകും. വിജ്ഞാപനം വരുംമുമ്പേ ഹൈക്കോടതി ഉത്തരവുണ്ടാകുമോയെന്നാണു കണ്ടറിയേണ്ടത്. ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷത്തിലേറെ ശിക്ഷിക്കപ്പെട്ടാല്‍ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കാമെന്നാണ് ചട്ടം. 10 വര്‍ഷത്തെ തടവിനു ശിക്ഷിച്ചതിനാലാണ് ലോകസഭ സെക്രട്ടറി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്.
◾സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ കേസുകളില്‍ എന്തെല്ലാം നടപടിയെടുത്തെന്ന് ഹൈക്കോടതി. ആരോഗ്യ കുടുംബ ക്ഷേമ സെക്രട്ടറിയോട് ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടി. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് വേണമെന്നാണു നിര്‍ദ്ദേശം.
◾കെപിസിസി ട്രഷററായിരുന്ന വി പ്രതാപചന്ദ്രന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു പരാതി നല്‍കി. കോണ്‍ഗ്രസ് നേതാക്കളുടെ മാനസിക പീഡനമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ആരോപണം. പരാതിയില്‍ രണ്ടു പേര്‍ക്കെതിരേ പരാമര്‍ശങ്ങളുണ്ട്. നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിര്‍ദേശപ്രകാരം പിന്‍വലിച്ചിരുന്നു.
◾പൊതുവഴിയില്‍ മദ്യപിച്ചു കലഹിച്ച പത്തനംതിട്ടയിലെ സിപിഎം മുനിസിപ്പല്‍ കൗണ്‍സിലര്‍ അടക്കം ഏഴു പേര്‍ അറസ്റ്റില്‍. കൗണ്‍സിലര്‍ വി ആര്‍ ജോണ്‍സന്‍, ശരത് ശശിധരന്‍, സജിത്ത്, അരുണ്‍ ചന്ദ്രന്‍, ഷിബന്‍, ശിവ ശങ്കര്‍, അര്‍ജുന്‍ മണി എന്നിവരാണ് അറസ്റ്റിലായത്.
◾ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ ഷാനവാസിനു ലഹരി, ക്വട്ടേഷന്‍ ബന്ധങ്ങളുണ്ടെന്നു പൊലിസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഷാനവാസിന്റെ ബിനാമിയാണു കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ പിടിയിലായ ഇജാസ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾കോട്ടയം തെളളകത്തെ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ഓഫിസിലെ മൂന്നു വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ പ്രതിമാസം മൂന്നു ലക്ഷം രൂപ വരെ ടിപ്പര്‍ ലോറി ഉടമകളില്‍നിന്ന് കൈക്കൂലി വാങ്ങുന്നുണ്ടെന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. ഇടനിലക്കാരന്റെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഎംവിഐമാരായ ഷാജന്‍, അജിത് ശിവന്‍, അനില്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടിക്കു വിജിലന്‍സ് ശുപാര്‍ശ ചെയ്തു. ഇടനിലക്കാരന്‍ ഉദ്യോഗസ്ഥരുടെ ബന്ധുക്കളുടെ അക്കൗണ്ടിലേക്കാണു പണം കൈമാറിയിരുന്നതെന്ന് വിജിലന്‍സ് പറഞ്ഞു.
◾അമിത ഭാരം കയറ്റിയും നികുതി വെട്ടിച്ചും ചരക്കുകള്‍ കടത്തിയ 270 വാഹനങ്ങള്‍ക്കെതിരെ വിജിലന്‍സ് നടപടി. ഓപ്പറേഷന്‍ ഓവര്‍ ലോഡ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 70 ലക്ഷം രൂപ പിഴ ഈടാക്കി. ജി.എസ്.ടി വെട്ടിച്ച് ചരക്കുകള്‍ കടത്ത്, ക്വാറികളില്‍നിന്ന് അമിത ഭാരം കയറ്റല്‍ തുടങ്ങിയവയാണു പിടികൂടിയത്.
◾സിബിഐ അന്വേഷണവും ശരിയായ ദിശയില്‍ അല്ലെന്നു വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍. അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം വേണം. മക്കളുടെ മരണം കൊലപാതകമാണോയെന്നും പ്രതികളായ രണ്ടു പേരുടെ ദുരൂഹ മരണവും അശ്ലീലചിത്ര മാഫിയയുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം.
◾കൊല്ലത്ത് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് സാദിഖ് നിരോധിത സംഘടനയുടെ റിപ്പോര്‍ട്ടറെന്ന് എന്‍ഐഎ. അക്രമിക്കേണ്ട ഇതര സമുദായക്കാരുടെ പേര് ശേഖരിക്കുന്നത് സാദിഖാണ്. ഇതനുസരിച്ചാണ് ഹിറ്റ് സ്‌ക്വാഡ് ആക്രമണം നടത്തുന്നത്. സാദിഖിന്റെ കൊല്ലത്തെ വീട്ടില്‍നിന്ന് രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടികൂടിയിരുന്നു.
◾സിറോ മലബാര്‍ സഭ ഭൂമിയിടപാട് സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലും തുടര്‍നടപടികളിലും സുപ്രീംകോടതി വാക്കാല്‍ അതൃപ്തി രേഖപ്പെടുത്തി.
◾രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസിന്റെ വിചാരണ ഹൈക്കോടതി ഒരു മാസത്തേക്കു നീട്ടി. കേസ് കോട്ടയത്തേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. പ്രതികളുടെ അഭിഭാഷകര്‍ക്കു കോടതിയില്‍ എത്താന്‍ ഭയമാണെന്ന പരാതിയില്‍ അവര്‍ക്കു മാവോലിക്കര കോടതിയില്‍ സുരക്ഷ ഉറപ്പാക്കണമെന്നു കോടതി നിര്‍ദേശിച്ചു.
◾വെള്ളക്കരം ഉയര്‍ത്തി ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കെടുകാര്യസ്ഥത കൊണ്ട് ഖജനാവ് കാലിയാക്കിയശേഷം ജനത്തെ പിഴിഞ്ഞ് പള്ളവീര്‍പ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾കേന്ദ്ര ധനമന്ത്രാലയത്തില്‍ ചാരപ്രവര്‍ത്തനം നടത്തിയതിന് ഒരാള്‍ പിടിയില്‍. താല്‍കാലിക ജീവനക്കാരനാണ് അറസ്റ്റിലായത്. വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
◾കത്വ കേസിലെ അഭിഭാഷകയും ജമ്മുകാഷ്മീരിലെ കോണ്‍ഗ്രസ് വക്താവുമായ ദീപിക രജാവത്ത് കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചു. ആരോപണ വിധേയനായ മുന്‍ മന്ത്രി ചൗധരി ലാല്‍ സിംഗിനെ ഭാരത് ജോഡോ യാത്രയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ദീപിക രജാവത്തിന്റെ രാജി.
◾കാറുമായി കൂട്ടിയിടിച്ചതു ചോദ്യം ചെയ്ത വയോധികനായ കാര്‍ ഡ്രൈവറെ സ്‌കൂട്ടറിനു പിന്നില്‍ റോഡിലൂടെ വലിച്ചിഴച്ചു. ഒരു കിലോമീറ്റര്‍ ദൂരം റോഡിലൂടെ വലിച്ചിഴച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍. ബംഗളൂരുവിലെ മഗഡി റോഡിലാണ് സംഭവം.
◾തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോഴേക്കും ത്രിപുരയില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് – ബി ജെ പി പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. നിരവധി വാഹനങ്ങള്‍ കത്തിച്ചു. എഐസിസി അംഗവും ത്രിപുരയുടെ ചുമതലയുള്ള നേതാവുമായ അജോയ് കുമാറിനടക്കം പരിക്കേറ്റു.
◾യുക്രൈനിലെ കീവില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആഭ്യന്തര മന്ത്രിയും സെക്രട്ടറിയും അടക്കം 18 പേര്‍ കൊല്ലപ്പെട്ടു. ശിശു പരിപാലന കേന്ദ്രത്തിനു സമീപമാണ് കോപ്റ്റര്‍ തകര്‍ന്നു വീണത്.
◾ലോകത്തിലെ ഏറ്റവും പ്രായം കൂടിയയാള്‍ 118ാം വയസില്‍ അന്തരിച്ചു. ഫ്രാന്‍സില്‍ ലൂസൈല്‍ റാന്‍ഡന്‍ എന്ന കന്യാസ്ത്രീയാണ് അന്തരിച്ചത്. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നതിനു പത്തു വര്‍ഷം മുമ്പ് 1904 ഫെബ്രുവരി 11 ന് തെക്കന്‍ ഫ്രാന്‍സിലാണ് അവര്‍ ജനിച്ചത്.
◾ടിക്കറ്റ് എടുക്കുമ്പോള്‍ സൗജന്യമായി ടൂറിസ്റ്റ് വിസ നല്‍കുമെന്നു സൗദി എയര്‍ലൈന്‍സ്. ‘ടിക്കറ്റ് തന്നെയാണ് വിസ’ എന്ന ഓഫറുമായി സൗദി എയര്‍ലൈന്‍സ്. സൗദിയില്‍ 96 മണിക്കൂര്‍ (നാലു ദിവസം) ചെലവഴിക്കാവുന്ന വിസയാണ് ലഭിക്കുക. ഏതാനും ദിവസത്തിനകം ഈ സേവനം ആരംഭിക്കുമെന്നാണ് അറിയിപ്പ്.
◾റസലിംഗ് ഫെഡറേഷനെതിരെ ലൈംഗിക ചൂഷണം അടക്കമുള്ള ആരോപണങ്ങളുമായി താരങ്ങള്‍. ബിജെപി എംപിയും ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണും പരിശീലകരും അടക്കമുള്ളവര്‍ക്കെതിരേയാണ് വനിതാ താരങ്ങള്‍ പരാതിപ്പെട്ടത്. ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്, വിനേഷ് ഫോഗത്, ബജരംഗ് പുനിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റസ്ലിംഗ് താരങ്ങളുടെ പരാതി.
◾ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് എന്ന നേട്ടം കരസ്ഥമാക്കി ആഗോള ഭീമനായ ആമസോണ്‍. ഗ്ലോബല്‍ 500 2023 റിപ്പോര്‍ട്ട് പ്രകാരം, ലോകത്തിലെ മൂല്യമുള്ള ബ്രാന്‍ഡുകളില്‍ ഒന്നാം സ്ഥാനത്താണ് ആമസോണ്‍ എത്തിയിരിക്കുന്നത്. ബ്രാന്‍ഡ് മൂല്യം 15 ശതമാനം ഇടിഞ്ഞിട്ടും ഏറ്റവും മൂല്യമുള്ള കമ്പനി എന്ന നേട്ടം നിലനിര്‍ത്താന്‍ ആമസോണിന് സാധിച്ചിട്ടുണ്ട്. ഇത്തവണ ആപ്പിളിനെ മറികടന്നാണ് ആമസോണിന്റെ മുന്നേറ്റം. വിതരണ ശൃംഖലയില്‍ ഉണ്ടായ തടസങ്ങള്‍, വരുമാനത്തിലെ ഇടിവ് തുടങ്ങിയവയാണ് ആപ്പിള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാന്‍ ഉണ്ടായ പ്രധാന കാരണങ്ങള്‍. ആപ്പിളിന്റെ ബ്രാന്‍ഡ് മൂല്യം 16 ശതമാനം ഇടിഞ്ഞ് 355.1 ബില്യണ്‍ ഡോളറില്‍ നിന്ന് 297.5 ബില്യണ്‍ ഡോളറായിരിക്കുകയാണ്. അതേസമയം, ആമസോണിന്റെ ബ്രാന്‍ഡ് മൂല്യം 299.3 ബില്യണ്‍ ഡോളറാണ്. ഇത്തവണ ഇന്‍സ്റ്റഗ്രാമിന്റെ ബ്രാന്‍ഡ് മൂല്യം 42 ശതമാനം ഉയര്‍ന്ന് 47.4 ബില്യണ്‍ ഡോളറിലെത്തി. ലിങ്ക്ഡ്ഇന്‍ കമ്പനിയുടെ മൂല്യവും 49 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ ബ്രാന്‍ഡ് മൂല്യം 44 ശതമാനം ഉയര്‍ന്ന് 66.2 ബില്യണ്‍ ഡോളറിലെത്തി.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.