◾അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്‍ 23 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. മതപരമായ ആചാരങ്ങളെ ഒഴിവാക്കും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോല്‍സാഹിപ്പിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷംവരെ തടവു ശിക്ഷയും അമ്പതിനായിരം വരെ രൂപ പിഴയുമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. നിയമ, ആഭ്യന്തര വകുപ്പുകള്‍ ചേര്‍ന്നു തയാറാക്കിയ ബില്‍ മുഖ്യമന്ത്രിയുടെ പരിഗണനയക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.
◾ഭരണഘടനാ വ്യവസ്ഥകള്‍ മറികടന്നുകൊണ്ടാണ് സുപ്രീം കോടതി കൊളീജിയത്തിനു രൂപം നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു. ജഡ്ജിമാരുടെ നിയമനത്തില്‍ ജഡ്ജിമാര്‍ ഇടപെടരുതെന്നാണ് ഭരണഘടനാ വ്യവസ്ഥ. നിയമിക്കാന്‍ സര്‍ക്കാരിനാണ് അധികാരം. ആകാശവാണിയിലൂടെയാണ് ഇങ്ങനെ പ്രതികരിച്ചത്. ഉപരാഷ്ട്രപതിയും കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ വിമര്‍ശിച്ചിരുന്നു. ജുഡീഷ്യറിയെ ബിജെപി സര്‍ക്കാര്‍ വരുതിയിലാക്കുകയാണെന്ന് ആരോപണം നിലനില്‍ക്കേയാണ് ഈ പ്രതികരണങ്ങള്‍.
◾വെള്ളക്കരം ലിറ്ററിന് ഒരു പൈസ നിരക്കില്‍ വര്‍ധിപ്പിക്കുന്നതോടെ ശരാശരി ഒരു കുടുംബത്തിന് മാസം 250 രൂപ അധികമായി അടയ്ക്കേണ്ടി വരും. ഓരോ കുടുംബവും പ്രതിമാസം 15,000 മുതല്‍ 25,000 വരെ ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. യൂണിറ്റിന് പത്തു മുതല്‍ 12 വരെ രൂപയുടെ വിലവര്‍ധനയുണ്ടാകും. ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് യൂണിറ്റിന് പതിനാറര രൂപയില്‍നിന്ന് 26 രൂപ 54 പൈസയായി നിരക്ക് വര്‍ധിക്കും. സംസ്ഥാനത്ത് 36 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളുണ്ട്.
◾കേന്ദ്ര ബജറ്റില്‍ മധ്യവര്‍ഗത്തിന്റെ അതൃപ്തി പരിഹരിക്കാനുള്ള പദ്ധതികള്‍ വേണമെന്ന് ആര്‍എസ്എസ്. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് ആര്‍എസ്എസ് നിര്‍ദ്ദേശങ്ങള്‍. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളില്‍ മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്തണമെന്നാണ് നിര്‍ദേശം.
◾പോലീസ് സ്റ്റേഷനില്‍ വനിതാ പോലീസുകാരിയോട് എസ്ഐയുടെ അതിക്രമം. അമിത ജോലിഭാരത്തിനെതിരേ പരാതിപ്പെട്ട വനിത പൊലീസുകാരിയോട് എസ്ഐ തട്ടിക്കയറി മുറിയില്‍നിന്ന് ഇറക്കിവിട്ടു. വിശ്രമമുറിയില്‍ കയറി വാതിലടച്ചു കരഞ്ഞ ഉദ്യോഗസ്ഥയെ എസ്ഐ ജിന്‍സണ്‍ ഡോമിനിക്കും സംഘവും വാതില്‍ ചവിട്ടിപ്പൊളിച്ച് പുറത്തിറക്കിയെന്നാണു പരാതി. എറണാകുളം പനങ്ങാട് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങളുണ്ടായത്.
◾വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കിയാല്‍ സംസ്ഥാനത്തെ അക്കാദമിക് രംഗം വിദേശ സര്‍വകലാശാലകള്‍ക്കും വിദേശ മൂലധനത്തിനും കീഴിലാകുമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് എല്‍ഡിഎഫ് തീരുമാനത്തിനെതിരേ പരസ്യ നിലപാട് പ്രഖ്യാപിച്ചത്.
◾ശ്രീലങ്കയ്ക്കെതിരായ അവസാന ഏകദിനത്തിനായി തിരുവനന്തപുരത്ത് എത്തിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു. മുണ്ടും മേല്‍മുണ്ടും അടക്കമുള്ള കേരളീയ വേഷം ധരിച്ച് താരങ്ങള്‍ ക്ഷേത്രത്തിനു മുന്നില്‍ നിരന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
◾മുഖ്യമന്ത്രി കോട്ട് വിഷയത്തില്‍ രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ക്കു പ്രത്യേക കുപ്പായം ഉണ്ടോ? തലേന്നു ധരിച്ച വസ്ത്രം മാറിയാണ് സാധാരണ സത്യപ്രതിജ്ഞ ചെയ്യാറുള്ളത്. ഇപ്പോള്‍ ജനാധിപത്യമല്ലേ. ശശി തരൂര്‍ കേരളത്തില്‍ സജീവമാകുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ പുറത്താക്കി. അന്വഷണ കമീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.
◾കേരള സര്‍വകലാശാല അധ്യാപകന്‍ ഡോ. അരുണ്‍ കുമാറിനെതിരേ കലോല്‍സവത്തിനിടെ ജാതി വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കേരള സര്‍വകലാശാലയോട് യുജിസി റിപ്പോര്‍ട്ടു തേടി. പഴയിടം മോഹനന്‍ നമ്പൂതിരിയെ കുറിച്ചുള്ള പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഡോ. അരുണ്‍ കുമാറിനെതിരെ യുജിസി അന്വേഷിക്കുന്നത്.
◾കൊല്ലം ജില്ല സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ ജില്ലയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ഒരു വര്‍ഷം കൊണ്ടാണ് ജില്ലയിലെ ഏഴു ലക്ഷം കുടുംബങ്ങളെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിച്ചത്. ജില്ലാ പഞ്ചായത്തും കിലയും ചേര്‍ന്നാണ് പത്തു വയസിനു മുകളിലുള്ള എല്ലാവരേയും ഭരണഘടയുടെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിച്ചത്.
◾സീറോ മലബാര്‍ സഭയുടെ മെല്‍ബണ്‍ രൂപതയുടെ പുതിയ ബിഷപ്പായി സിഎംഐ വൈദികനായ ഫാ. ജോണ്‍ പനന്തോട്ടത്തിലിനെ നിയമിച്ചു. തലശേരി രൂപതയിലെ പേരാവൂര്‍ ഇടവകാംഗമാണ്. മെല്‍ബണിലെ പ്രഥമ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ 75 വയസായതോടെ നല്‍കിയ രാജി സ്വീകരിച്ചാണ് പുതിയ നിയമനം നടത്തിയത്.
◾എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതര്‍ മറൈന്‍ ഡ്രൈവിലേക്ക് ഇന്നു വൈകുന്നേരം അഞ്ചിനു വിശ്വാസ പ്രഖ്യാപന റാലി നടത്തും. അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിനും ഫാ. ആന്റണി പൂതവേലിനും എതിരേ നടപടി ആവശ്യപ്പെട്ടാണ് വിമത സമരം.
◾കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി. ഓരോ സെമസ്റ്ററിലും രണ്ടു ശതമാനം അധിക അവധി ലഭിക്കും. 75 ശതമാനം ഹാജരിനു പകരം 73 ശതമാനം ഹാജരുണ്ടായാല്‍ മതി. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം വൈസ് ചാന്‍സലര്‍ക്ക് അപേക്ഷ നല്‍കിയാല്‍ ഇളവ് അനുവദിക്കും.
◾തൃശൂര്‍ പുഴക്കലിലെ ഫ്ളാറ്റില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന അഭിഭാഷക മരിച്ച നിലയില്‍. അഡ്വ നമിത ശോഭനയാണ് മരിച്ചത്. 42 വയസായിരുന്നു. ചൊവ്വാഴ്ച മുതല്‍ നമിതയെ കാണാനില്ലായിരുന്നു. വിവാഹ മോചിതയാണ് നമിത.
◾ആലപ്പുഴയില്‍ റോഡ് മുറിച്ചുകടക്കവേ കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. പനക്കല്‍ മസ്ജിദിന് സമീപം കോഴിപ്പറമ്പില്‍ സിയാദ് – സഫീല ദമ്പതികളുടെ മകള്‍ സഫ്ന സിയാദ് (15) ആണ് മരിച്ചത്.
◾വടക്കഞ്ചേരിയില്‍ സിമന്റ് തൊട്ടിയില്‍ വീണ് മൂന്നു വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കാഞ്ഞിരം കൊല്ലി തുരുത്തിക്കാട് ജോജോ – റിന്‍സി ദമ്പതികളുടെ മകന്‍ ഡിബിന്‍ മാര്‍ട്ടിനാണ് മരിച്ചത്.
◾മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിക്കു വധഭീഷണി. നാഗ്പൂരിലെ ഓഫീസിലേക്കു ഫോണിലൂടെ രണ്ടു തവണ അജ്ഞാതന്റെ ഭീഷണി സന്ദേശമെത്തി. ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമാണെന്നും പണം നല്‍കിയില്ലെങ്കില്‍ ഗഡ്കരിയെ വധിക്കുമെന്നുമായിരുന്നു ഭീഷണി.
◾തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പൂനെ റെയില്‍വേ കണ്‍ട്രോള്‍ റൂമിലേക്കു വ്യാജ ഫോണ്‍ സന്ദേശം. സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി. സന്ദേശം വ്യാജമായിരുന്നെന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
◾ബിജെപിക്കെതിരേ മൂന്നാം മുന്നണി സ്വപ്നവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ബുധനാഴ്ച നടത്തുന്ന റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ഖമ്മത്ത് നടത്തുന്ന റാലിയില്‍ നാലു മുഖ്യമന്ത്രിമാരും പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളും പങ്കെടുക്കും. കോണ്‍ഗ്രസിനു ക്ഷണമില്ല.
◾സിബിഐ വീണ്ടും തന്റെ ഓഫീസിലെത്തി റെയ്ഡ് നടത്തിയെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എന്നാല്‍, ആരോപണം അന്വേഷണ ഏജന്‍സി നിഷേധിച്ചു.
◾തമിഴ്‌നാട്ടില്‍ ആണ്‍സുഹൃത്തിനെ കത്തിമുനയില്‍ നിര്‍ത്തി കോളജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. കാഞ്ചീപുരം ജില്ലയിലെ വിജനമായ സ്ഥലത്തായിരുന്നു സംഭവം. മദ്യപിച്ചെത്തിയ രണ്ടുപേരാണ് ആദ്യം യുവതിയെ ആക്രമിച്ചത്. അഞ്ചു പേരെ അറസ്റ്റു ചെയ്തു.
◾ഹാരി രാജകുമാരന്റെ പുസ്തകം ‘സ്പെയറി’ലെ വിശേഷങ്ങള്‍ വായിച്ച് ലോകം അമ്പരന്നിരിക്കേ, രണ്ടാമതൊരു പുസ്തകം പുറത്തിറക്കാവുന്നത്രയും വിസ്മയകരമായ വിശേഷങ്ങള്‍ ഇനിയും ഉണ്ടെന്ന് ഹാരി രാജകുമാരന്‍. ഇനിയും കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ അച്ഛന്‍ ചാള്‍സ് രാജാവും കിരീടാവകാശി വില്യം രാജകുമാരനും ഒരിക്കലും പൊറുക്കില്ലെന്നും ഹാരി രാജകുമാരന്‍ പ്രതികരിച്ചു.
◾ചൈനയില്‍ കോവിഡ് ബാധിച്ച് 35 ദിവസത്തിനിടെ 60,000 പേര്‍ മരിച്ചു. ചൈന തന്നെയാണു കണക്കുകള്‍ പുറത്തുവിട്ടത്.
◾ശ്രീലങ്കക്കെതിരായ അവസാനത്തേയും മൂന്നാമത്തേയും ഏകദിനത്തിനായ് ടീം ഇന്ത്യ ഇന്ന് കാര്യവട്ടം സ്റ്റേഡിയത്തില്‍ പാഡണിയും. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരുകയായെന്ന ലക്ഷ്യത്തോടെയായിരിക്കും ഇന്ന് കളത്തിലിറങ്ങുക.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.