ഐ എസിലേക്ക് പോയവര്‍ എല്ലാം മുജാഹിദ് പ്രസ്ഥാനങ്ങളില്‍ നിന്നാണെന്ന് സമസ്ത

ഐ എസിലേക്ക് പോയവര്‍ എല്ലാം മുജാഹിദ് പ്രസ്ഥാനങ്ങളില്‍ നിന്നാണെന്ന് സമസ്ത

◾ഐ എസിലേക്ക് പോയവര്‍ എല്ലാം മുജാഹിദ് പ്രസ്ഥാനങ്ങളില്‍ നിന്നാണെന്ന് സമസ്തĺ. പാണക്കാട് കുടുംബം യഥാര്‍ത്ഥ സുന്നികളാണെന്നും അവര്‍ മുജാഹിദ് പരിപാടിയില്‍ പോവില്ലെന്നും അതിന് സമസ്തയെ ദുര്‍വാശിക്കാരെന്ന് വിളിച്ചിട്ട് കാര്യമില്ലെന്നും ജിഫ്രിക്കോയ തങ്ങള്‍ പറഞ്ഞു. ചങ്കൂറ്റം ഉളളവര്‍ സമസ്തയില്‍ ഉണ്ട് എന്ന് മറക്കേണ്ടന്നും സമസ്തയൊട് ആര് കളിച്ചാലും അത് നാശത്തിനാണെന്ന് ഓര്‍ക്കണമെന്നും ജിഫ്രിക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

◾സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പെന്‍ഷനില്‍ പ്രതിസന്ധി. സ്ഥിരം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ പെന്‍ഷന്‍ വിതരണം നിര്‍ത്തുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. കേന്ദ്രനിയമപ്രകാരം 18വയസ്സിന് മുകളിലുള്ളവര്‍ക്കെ സ്ഥിര ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ എന്നിരിക്കെ ആയിരക്കണക്കിന് ഭിന്നശേഷി കുട്ടികള്‍ക്ക് ഈ നയം പ്രതികൂലമായി ബാധിക്കും.

◾പട്ടിണികിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്ന് കായികമന്ത്രി വി.അബ്ദുറഹ്‌മാന്‍. കാര്യവട്ടത്ത് ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെക്കുറിച്ചാണ് മന്ത്രിയുടെ  വിവാദ പരാമര്‍ശം. കഴിഞ്ഞതവണത്തെ അഞ്ച് ശതമാനം വിനോദ നികുതി 12 ശതമാനമായി ഉയര്‍ത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉയരുമ്പോള്‍ ആണ് കായികമന്ത്രിയുടെ വിചിത്ര ന്യായീകരണം. കഴിഞ്ഞതവണ കുറഞ്ഞ നികുതിയായിട്ടും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി കാണികള്‍ക്ക് ഗുണം കിട്ടാതെ ബിസിസിഐയും കെസിഎയുമാണ് നേട്ടം കൊയ്തതെന്നും കായികമന്ത്രി കുറ്റപ്പെടുത്തി.

◾ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്‍ തുടരുമെന്ന പ്രകാശ് ജാവ്ഡേക്കറുടെ പ്രസ്താവന  പാര്‍ട്ടി പത്രമായ ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ചില്ല. കാരണം പരിശോധിക്കുമെന്നറിയിച്ച് ജന്മഭൂമി എം ഡി. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ജന്മഭൂമിയുടെ നടപടി സുരേന്ദ്രനോടുള്ള എതിര്‍പ്പിന്റെ സൂചനയായാണ് വിലയിരുത്തല്‍. മറ്റു മാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കിയപ്പോള്‍ സുരേന്ദ്രനുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം ജന്മഭൂമി പ്രാധാന്യം കുറച്ചുനല്‍കുന്നുവെന്ന പരാതിക്കിടയില്‍ ഈ വാര്‍ത്തയും മുക്കിയതിന്റെ ഞെട്ടലിലാണ് ബി ജെ പി നേതൃത്വം.

◾ഹോണ്‍ അടിച്ചെന്നാരോപിച്ച്  മന്ത്രി ജി ആര്‍ അനിലിന്റെ ഔദ്യോഗിക വാഹനത്തിന്റെ ബോണറ്റില്‍ അടിച്ച കനകനഗര്‍ സ്വദേശി സൈനുദീനെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.

◾കാസര്‍കോട് സ്വദേശി അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. അഞ്ജുശ്രീയുടെ മരണ കാരണത്തെ കുറിച്ച് ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കാസര്‍ഗോഡ് എസ് പി അറിയിച്ചു. മരണകാരണം ഉറപ്പാക്കാനായി രാസപരിശോധനാ വേണം. അതിനായി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. വിശദമായ രാസ പരിശോധനാ ഫലം വന്ന ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വിശദീകരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് രശ്മി രാജ് എന്ന യുവതി മരിച്ച സംഭവത്തില്‍, പാര്‍ക്ക് ഹോട്ടലിലെ മുഖ്യപാചകക്കാരന്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനാണ് പിടിയിലായത്. പൊലീസ് നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. മലപ്പുറം കാടാമ്പുഴയില്‍ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ  രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

◾പത്തനംതിട്ട കൊടുമണ്‍ കാരമല്‍ സ്റ്റോറീസ് ഹോട്ടലില്‍ നിന്ന് ബിരിയാണി വരുത്തിച്ച് കഴിച്ച പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയില്‍ സ്‌കൂളിലെ  13 കുട്ടികള്‍ക്കും ഒരു അധ്യാപികക്കും ഭക്ഷ്യവിഷബാധ.  ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി.

◾ഭക്ഷ്യസുരക്ഷ പരിശോധനയില്‍ പത്തനംതിട്ടയിലെ രണ്ട് ഹോട്ടലുകള്‍ അടച്ചുപൂട്ടി. അഞ്ച് ഹോട്ടലുകള്‍ക്ക് പിഴച്ചുമത്തി. ഒരാഴ്ചയ്ക്കിടെ രണ്ട് പേര്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.

◾ഇടുക്കി അടിമാലിയില്‍ വഴിയില്‍ കിടന്ന മദ്യം കഴിച്ച മൂന്ന് യുവാക്കളെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ പൂര്‍ണമായും അപകടനില തരണം ചെയ്തു അതേസമയം ഒരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

◾കളിക്കുന്നതിനിടയില്‍ തൊഴുത്തിന്റെ തൂണ്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ അഞ്ചു വയസുകാരന്‍ മരിച്ചു.  മാന്നാര്‍ കുരട്ടിശേരി കോലടത്ത് വീട്ടില്‍ ഗൗരിശങ്കറാണ് മരിച്ചത്. തൂണില്‍ കെട്ടിയിരുന്ന അയയില്‍  വലിച്ചു കളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് തൂണ് ഒടിഞ്ഞു വീഴുകയായിരുന്നു.

◾വയനാട് ബത്തേരിയിലിറങ്ങിയ പാലക്കാട് ടസ്‌കര്‍ ഏഴാമനെ (പിടി സെവന്‍) പിടികൂടുന്നതിന്റെ ഭാഗമായുള്ള  നിരീക്ഷണം തുടരുന്നു. ധോണിയില്‍ ക്യാമ്പ് ചെയ്യുന്ന ദൗത്യ സംഘത്തിനും വയനാട്ടില്‍ നിന്നെത്തിയ ദൗത്യസംഘത്തിനും പുറമെ, ഒലവക്കോട്  ആര്‍ആര്‍ടിയും നിരീക്ഷണത്തിന് ഒപ്പം പോകുന്നുണ്ട്.  കൊമ്പന്‍ ഏഴാമന്‍ ഇറങ്ങുന്ന സ്ഥലം, കാടു കയറുന്ന സ്ഥലം, ഒടുവിലത്തെ പോക്കുവരവ് എന്നിവയാണ് നിരീക്ഷിക്കുന്നത്. കുങ്കിയാനകളും സജ്ജമാണ് .

◾ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതിക്കാത്തതില്‍  മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതായി പരാതി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. ചെന്നൈ എസ്ആര്‍എം കോളജിലെ റെസ്പേറ്ററി തെറാപ്പി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ആനിഖ്. നാളെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവമുണ്ടായത്. പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

◾മൂവാറ്റുപുഴ കോട്ടയം റൂട്ടില്‍ എംസി റോഡില്‍ കൂത്താട്ടുകുളം ചോരക്കുഴിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ആലീസ് (64) ആണ് മരിച്ചത്. ആലീസിന്റെ ഭര്‍ത്താവ് കുര്യന്‍ ഓടിച്ചിരുന്ന കാര്‍ വിടിജെക്ക് സമീപം മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾അനധികൃത മദ്യ വില്പന നടത്തിയ ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. വീടിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 14 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത  വിദേശമദ്യവും എക്സൈസ് സംഘം പിടികൂടി.മുതുകുളം ഫ്ലവര്‍ജഗ്ഷന് പടിഞ്ഞാറ്  വിശ്വഭവനത്തില്‍ ഓമനക്കുട്ടനെ (51) ആണ്  അറസ്റ്റ് ചെയ്തത്.  ഒരു മാസമായി എക്സൈസ് ഇന്റലിജന്‍സ്  സംഘത്തിന്റെ  രഹസ്യനിരീക്ഷണത്തിലായിരുന്നു ഇയാള്‍. 

◾മെഡിക്കല്‍ കോളേജില്‍ നഴ്സിനെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് നഴ്സുമാരുടെ സംഘടന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്തു.  മെഡിക്കല്‍ കോളേജില്‍ വാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രസീതയ്ക്കാണ് മര്‍ദ്ദനമേറ്റത്. പ്രതി പൂവാര്‍ സ്വദേശി അനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

◾കര്‍ണാടകയിലെ ബെലഗാവിയില്‍ ശ്രീരാമസേന നേതാവിനെതിരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. വെടിവെപ്പില്‍ ശ്രീരാമ സേന ജില്ലാ പ്രസിഡന്റ് രവികുമാര്‍ കോകിത്കറിന് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. സംഭവത്തെ അപലപിച്ച സംഘടനാ തലവന്‍ പ്രമോദ് മുത്തലിക്  ശ്രീരാമസേനയുടെ പ്രവര്‍ത്തകര്‍ ഹിന്ദുത്വത്തിനുവേണ്ടി നിലകൊള്ളുന്നവരാണെന്നും ഇത്തരം ആക്രമണങ്ങളില്‍ ഭയക്കില്ലെന്നും പറഞ്ഞു.

◾ജനസംഖ്യാ വര്‍ദ്ധനവിന് കാരണം സ്ത്രീകള്‍ക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കാത്തതിനാലും പുരുഷന്‍മാരുടെ അശ്രദ്ധ  മൂലവുമാണെന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവന വിവാദത്തില്‍. അശ്ലീലം പറയുകയും സംസ്ഥാനത്തിന്റെ പ്രതിച്ഛായ മോശമാക്കുകയും ചെയ്‌തെന്നാണ് ബിഹാര്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരായ പ്രതിപക്ഷ ആരോപണം.

◾എയര്‍ഇന്ത്യ വിമാനത്തിലെ അതിക്രമത്തില്‍ ഖേദം പ്രകടിപ്പിച്ച് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്നും വിഷയത്തില്‍ അടിയന്തര ഇടപെടല്‍ എയര്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നും ചന്ദ്രശേഖരന്‍ സമ്മതിച്ചു. 

◾ദുബൈയില്‍ പൊതുസ്ഥലത്തു നിന്ന് ലഭിച്ച വന്‍തുക പൊലീസില്‍ ഏല്‍പ്പിച്ച് സത്യസന്ധത കാട്ടിയ ഇന്ത്യക്കാരന് ദുബൈ പോലീസിന്റെ ആദരവ്. ഉപേന്ദ്രനാഥ് ചതുര്‍വേദി എന്ന ഇന്ത്യക്കാരന് ലഭിച്ചത് 1,34,930 ദിര്‍ഹം (30 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ)ആണ് .  ഉടനെ തന്നെ ചതുര്‍വേദി പണവുമായി അല്‍ റഫ പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞ് പണം അവിടെ ഏല്‍പ്പിക്കുകയായിരുന്നു.ഉപേന്ദ്രനാഥിന്റെ സത്യസന്ധതയെ അഭിനന്ദിച്ച അല്‍ റഫ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ അദ്ദേഹത്തിന്റെ അനുമോദനമായി സര്‍ട്ടിഫിക്കറ്റും കൈമാറി.

◾കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ   പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ നടത്തിയ  33 പ്രവാസികളെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.പിടിയിലായവരെയെല്ലാം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്.

◾ഹൃദയസംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ തായ്‌ലന്‍ഡ് രാജകുമാരി ബജ്രകിത്യഭ മൂന്നാഴ്ചയിലേറെയായി അബോധാവസ്ഥയില്‍ തുടരുന്നു. അടുത്ത കിരീടാവകാശിയാണ് 44കാരിയായ ബജ്രകിത്യഭ.  ഡിസംബര്‍ 15നാണ് കുഴഞ്ഞുവീണത്.  മൈകോപ്ലാസ്മ അണുബാധയെ തുടര്‍ന്നുള്ള വീക്കം മൂലമാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായി രാജകുമാരിക്ക് ബോധം നഷ്ടപ്പെട്ടതെന്ന് കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

◾കോവിഡ് കേസുകള്‍ കൂടുന്നതിനിടയില്‍ നിയന്ത്രണങ്ങളില്ലാതെ രാജ്യാന്തര യാത്രക്കാരെ അനുവദിച്ച് ചൈന. വിദേശയാത്രക്കാര്‍ക്കുണ്ടായിരുന്ന വിലക്കു ചൈന പൂര്‍ണമായും പിന്‍വലിച്ചു. വീസ വിതരണം പുനരാരംഭിച്ചു.

◾റോക്കറ്റ് ആക്രമണത്തില്‍ 600 യുക്രെയ്ന്‍ സൈനികരെ വധിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം. യുക്രെയ്നില്‍ റഷ്യ പ്രഖ്യാപിച്ചിരുന്ന 36 മണിക്കൂര്‍ ക്രിസ്മസ് വെടിനിര്‍ത്തല്‍ അവസാനിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. കിഴക്കന്‍ യുക്രെയ്നിലെ ക്രമറ്റോര്‍സ്‌കില്‍ യുക്രെയ്ന്‍ സൈനികര്‍ താമസിച്ചിരുന്ന രണ്ടു കെട്ടിടങ്ങള്‍ക്കു നേരെയായിരുന്നു റോക്കറ്റ് ആക്രമണം.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ നാണം കെടുത്തി മുംബൈ സിറ്റി എഫ് സി. എതിരില്ലാത്ത നാല് ഗോളിനാണ് മുംബൈ സിറ്റി മഞ്ഞപ്പടയെ തകര്‍ത്ത് വിട്ടത്. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത മുംബൈ സിറ്റ്ി ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ ഹൈദരാബാദിനെ മറികടന്ന് ഒന്നാമതെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!