ബത്തേരി നഗരത്തിലിറങ്ങിയ കാട്ടാനയെ കാട്ടിലേക്കു തുരത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല

ബത്തേരി നഗരത്തിലിറങ്ങിയ കാട്ടാനയെ കാട്ടിലേക്കു തുരത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല

◾ബത്തേരി നഗരത്തിലിറങ്ങിയ കാട്ടാനയെ കാട്ടിലേക്കു തുരത്താന്‍ കുംകിയാനകളെ ഉപയോഗിച്ചുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. രാത്രി ബത്തേരി നഗരത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ കാവല്‍ ഒരുക്കി. ഉള്‍വനത്തിലേക്ക് തുരത്താന്‍ ഇന്നും ശ്രമിക്കും.

ഗൂഡല്ലൂരില്‍ നിന്നുള്ള വനപാലക സംഘവും വയനാട്ടില്‍ തുടരും. മയക്കുവെടിവയ്ക്കാന്‍ അനുമതി തേടും. കാട്ടാനയുടെ ഭീഷണിമൂലം ബത്തേരി നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

◾ബഫര്‍സോണ്‍ പരിധിയില്‍നിന്നു ഒഴിവാക്കാന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ഇന്ന്. ഇതുവരെ 54,607 പരാതികളാണ് ലഭിച്ചത്. 17,054 പരാതികളില്‍ പരിശോധന പൂര്‍ത്തിയാക്കി. നേരത്തെ ഉപഗ്രഹ സര്‍വേയില്‍ കണ്ടെത്തിയ 49,330 കെട്ടിടങ്ങള്‍ക്കു പുറമേ, പരിസ്ഥിതി ലോല മേഖലയില്‍ 64,000 നിര്‍മിതികള്‍കൂടി ഉണ്ടെന്നു കണ്ടെത്തി.  സെര്‍വര്‍ തകരാറിലാകുന്നതാണ് വിവരങ്ങള്‍ അപ് ലോഡ് ചെയ്യാന്‍ തടസം.

◾ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ 104 ശുപാര്‍ശകള്‍ അംഗീകരിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരേ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. കൊളീജിയത്തിന്റെ ശുപാര്‍ശകളില്‍ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനുള്ള 44 ശുപാര്‍ശകളില്‍ ഇന്നുതന്നെ അംഗീകാരം നല്‍കി സുപ്രീം കോടതിയില്‍ ഹാജരാക്കാമെന്നു സര്‍ക്കാര്‍ സമ്മതിച്ചു. രാജ്യത്തെ നിയമം പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സുപ്രീം കോടതി താക്കീതു നല്‍കി.

◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണകപ്പിനായി ഇഞ്ചോടിഞ്ചു പോരാട്ടം. 874 പോയിന്റുമായി കോഴിക്കോട് മുന്നില്‍. 868 പോടിന്റുമായി കണ്ണൂര്‍ തൊട്ടുപിറകില്‍. പാലക്കാടിന് 859 പോയിന്റ്. സ്‌കൂളുകളില്‍ 149 പോയിന്റുമായി ആലത്തൂര്‍ ഗുരുകുലം സ്‌കൂളാണു മുന്നില്‍. 127 പോയിന്റുമായി തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് പിറകിലുണ്ട്. കോടതി അപ്പീലുമായെത്തിയ 93 വിദ്യാര്‍ത്ഥികളുടെ മത്സരഫലം തടഞ്ഞുവച്ചിരിക്കുകയാണ്. കലോല്‍സവത്തിന് ഇന്നു കൊടിയിറങ്ങും.

◾ലെയിന്‍ ട്രാഫിക് കര്‍ശനമായി നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതിനായി ബോധവല്‍ക്കരണ യജ്ഞം തുടങ്ങി. വാഹനങ്ങള്‍ നിര പാലിച്ച് ഓടിക്കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഓവര്‍ ടേക്കു ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

◾സാങ്കേതിക സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ രജിസ്ട്രാര്‍ ഇറക്കിയ വിജ്ഞാപനം ഗവര്‍ണര്‍ മരവിപ്പിച്ചു. ഗവര്‍ണര്‍ നിയമിച്ച താത്കാലിക വൈസ് ചാന്‍സലറുടെ അനുമതിയില്ലാതെ വിജ്ഞാപനം ഇറക്കിയതാണു കാരണം. മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും വീഴ്ചയുണ്ടെങ്കില്‍ രജിസ്ട്രാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു.

◾ചങ്ങനാശേരി ജോയിന്റ് ആര്‍ ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. സീനിയര്‍ ക്ലര്‍ക്ക് സി.എം. ശ്രീജയില്‍നിന്ന് കണക്കില്‍പ്പെടാത്ത 2,600 രൂപ പിടിച്ചെടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കുന്നതിനായി പണവുമായി ഓഫീസിലെത്തിയ രണ്ട് ഏജന്റുമാരെയും പിടികൂടി. ഇരുവരില്‍ നിന്നുമായി 31,600 രൂപ പിടിച്ചെടുത്തു. ചങ്ങനാശ്ശേരി സ്വദേശികളായ വി.വി. ബിജു, പി.പി ജയപാല്‍ എന്നിവരെയാണ് പിടികൂടിയത്.

◾ഇലന്തൂര്‍ നരബലി കേസിലെ ആദ്യ കുറ്റപത്രം ഇന്നു സമര്‍പ്പിക്കും. തമിഴ്നാട് സ്വദേശിനി പദ്മയെ കൊലപ്പെടുത്തിയ കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസില്‍ 150 സാക്ഷികളുണ്ട്. പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവല്‍ സിംഗ് ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.

◾ബ്രൂവറിയില്‍നിന്ന് ആറു കെയ്സ് ബിയര്‍ മോഷ്ടിച്ച കേസില്‍ പാലക്കാട് എക്സൈസ് ഓഫീസര്‍ സി ടി പ്രിജുവിനെ സസ്പെന്‍ഡു ചെയ്തു. പാലക്കാട്ടെ കഞ്ചിക്കോടുള്ള ബ്രൂവറിയിലാണ് മോഷണം നടന്നത്.

◾ബഫര്‍സോണ്‍ വിഷയത്തില്‍ ഒരു നടപടിയും സ്വീകരിക്കാത്ത വനംമന്ത്രി എ.കെ. ശശീന്ദ്രനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അല്ലാത്തപക്ഷം വനംവകുപ്പു ചുമതലയില്‍നിന്നു നീക്കി വിശ്രമവും വിനോദവും എന്ന വകുപ്പിന്റെ ചുമതല നല്‍കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

◾സംസ്ഥാന വ്യാപകമായി 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച പത്തും ലൈസന്‍സില്ലാത്ത ആറും സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 16 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിച്ചു. 162 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

◾തൃശൂര്‍ ആസ്ഥാനമായുള്ള പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യയുടെ പരമാധ്യക്ഷനായി മാര്‍ ഔഗിന്‍ കുര്യാക്കോസിന്റെ സ്ഥാനാരോഹണം നാളെ നടക്കും. തൃശൂര്‍ മാര്‍ത്ത് മറിയം വലിയപള്ളിയില്‍ പാത്രിയാര്‍ക്കിസ് ആവ ത്രിതീയന്‍ മുഖ്യകാര്‍മികനാകും. പ്രായാധിക്യംമൂലം മാര്‍ അപ്രേം മെത്രാപ്പോലീത്ത വിരമിക്കുന്ന ഒഴിവിലാണു നിയമനം. 

◾ഇരിങ്ങാലക്കുട മുരിയാട് എംപറര്‍ ഇമ്മാനുവല്‍ വിശ്വാസ സമൂഹകേന്ദ്രത്തിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് അറസ്റ്റിലായ പതിനൊന്ന് സ്ത്രീകളെ റിമാന്‍ഡു ചെയ്തു. എംപറര്‍ ഇമ്മാനുവല്‍ വിശ്വാസികളാണ് ഇവര്‍. സഭാബന്ധം ഉപേക്ഷിച്ച മുരിയാട് സ്വദേശി ഷാജിയെ സ്ത്രീകളുടെ സംഘം മര്‍ദിച്ചിരുന്നു. ആള്‍ക്കൂട്ട മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായിരുന്നു. കാറില്‍ സഞ്ചരിക്കുകയായിരുന്ന മുരിയാട് പ്ലാട്ടോത്തത്തില്‍ ഷാജി, മകന്‍ സാജന്‍, ഭാര്യ ആഷ്ലിന്‍, ബന്ധുക്കളായ എഡ്വിന്‍, അന്‍വിന്‍ തുടങ്ങിയവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

◾മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനു പരിക്ക്. പനമരം സ്റ്റേഷനിലെ പോലീസുകാരന്‍ ഇടിച്ചു തെറുപ്പിച്ചശേഷം നിര്‍ത്താതെ പോയെന്ന് കമ്പളക്കാട് പുലര്‍വീട്ടില്‍ സിയാദ് (38) കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

◾ഗോവയില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍നിന്നു വന്‍ലാഭം വാഗ്ദാനം നല്‍കി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതികളെ പൊലീസ് പിടികൂടി. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആയിരക്കണക്കിന് ആളുകളെ ചേര്‍ത്ത്  തട്ടിപ്പു നടത്തിയ പൊന്‍മള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ്(32), ഭാര്യ മാവണ്ടിയൂര്‍ സ്വദേശിനി  പട്ടന്‍മാര്‍തൊടിക റംലത്ത് (24)എന്നിവരാണ് മങ്കട പോലീസിന്റെ പിടിയിലായത്.

◾തൃശൂര്‍ മച്ചാട് വനത്തില്‍ വനം കൊള്ളക്കാര്‍ 22 ചന്ദന മരങ്ങള്‍ മുറിച്ചു കടത്തി. മൂപ്പെത്താത്ത മരമായതിനാല്‍ മിക്കതും മുറിച്ചശേഷം ഉപേക്ഷിച്ചു. മരം മുറിക്ക് പിന്നില്‍ കഴിഞ്ഞ മാസം അറസ്റ്റിലായ സേലം സ്വദേശികളെന്നാണ് സംശയം. വിറക് ശേഖരിക്കാന്‍ പോയ നാട്ടുകാരാണ് മരം മുറിച്ചു കടത്തിയ വിവരം വനംവകുപ്പിനെ അറിയിച്ചത്.

◾വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു പരിക്കേല്‍പിച്ച അധ്യാപകനെതിരേ കേസ്. കോഴിക്കോട് കൊടിയത്തൂര്‍ പിടിഎംഎച്ച് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മാഹിനാണ് പരിക്കേറ്റത്. അറബിക് അധ്യാപകന്‍ കമറുദ്ദീനെതിരെ മുക്കം പോലീസ് കേസെടുത്തു.

◾അയോധ്യയിലെ രാമക്ഷേത്രം അടുത്ത വര്‍ഷം തുറക്കുമെന്നു പ്രഖ്യാപിക്കാന്‍ അമിത് ഷാ ആരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. ക്ഷേത്ര ഭാരവാഹികള്‍ പ്രഖ്യാപിക്കേണ്ട ജോലി ആഭ്യന്തര മന്ത്രിയാണോ ചെയ്യുന്നത്. അഭ്യന്തര മന്ത്രി അദ്ദേഹത്തിന്റെ ജോലി ചെയ്യണം. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്ന ജോലി ചെയ്യൂവെന്നും ഖാര്‍ഗെ പറഞ്ഞു.

◾ഡല്‍ഹി കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് മുന്‍പ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത പത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്തിയതിനെതിരെ ആപ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു ബഹളം വച്ചതോടെ യോഗം സംഘര്‍ഷത്തില്‍ കലാശിച്ചതോടെയാണ് മേയര്‍ തെരഞ്ഞെടുപ്പു മാറ്റിവച്ചത്.

◾ഡല്‍ഹി കോര്‍പറേഷനിലേക്ക് പത്ത് അംഗങ്ങളെ ഗവര്‍ണറല്ല, ഡല്‍ഹി സര്‍ക്കാരാണു നാമനിര്‍ദേശം ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ജനവിധി ഗവര്‍ണര്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേജ്രിവാള്‍ ഗവര്‍ണര്‍ക്കു കത്തയച്ചു.

◾ബംഗളുരു വിമാനത്താവള പാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി. ഒമ്പതു വാഹനങ്ങള്‍ തകര്‍ന്നു. ലോഡുമായി അമിതവേഗതയില്‍ വന്ന ട്രക്ക് നിയന്ത്രണം വിട്ടതാണ് അപകടത്തിനു കാരണം.

◾ന്യൂയോര്‍ക്ക്- ഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്ര വ്യവസായിയല്ല, അമേരിക്കന്‍ കമ്പനിയിലെ വൈസ് പ്രസിഡന്റാണ്. അവധിയെടുത്ത ഇയാളെ കമ്പനി പുറത്താക്കി. ഇയാളെ ബംഗളൂരുവില്‍ പോലീസ് തെരയുന്നു.

◾വിമാനത്തില്‍ മോശമായി പെരുമാറുന്ന യാത്രക്കാരെ വേണ്ടിവന്നാല്‍ വിമാനത്തില്‍ കെട്ടിയിടാമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനക്കമ്പനികള്‍ക്കു നല്‍കിയ സര്‍ക്കുലറിലാണ് ഈ നിര്‍ദേശം.

◾ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പെണ്‍മക്കള്‍ സുപ്രീം കോടതിയില്‍. ഭിന്നശേഷിക്കാരായ രണ്ടു ദത്തുപുത്രികളുമായാണ് ചീഫ് ജസ്റ്റിസ് ഇന്നലെ കോടതിയില്‍ എത്തിയത്. കോടതിയും കോടതി നടപടികളും കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ദത്തുമക്കളായ പ്രിയങ്ക (20), മഹി (16) എന്നിവരെ കൊണ്ടുവന്ന് കോടതി സംവിധാനം കാണിച്ചുകൊടുത്തത്.

◾ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സിക്ക് വിജയം. നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗളൂരു ജയം സ്വന്തമാക്കിയത്.

◾ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാമത്തെ മത്സരം ശ്രീലങ്കക്കൊപ്പമായിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്.

◾ഒരു പ്രഖ്യാപനം നടത്തിയത് പിന്നാലെ ഒറ്റ ദിവസം കൊണ്ട് തന്റെ ആസ്തിയില്‍ നിന്ന് 675 ദശലക്ഷം ഡോളര്‍ നഷ്ടപ്പെടുത്തി ആമസോണ്‍ സ്ഥാപകനും ലോകകോടീശ്വരനുമായ ജെഫ് ബെസോസ്. ആമസോണ്‍ കമ്പനിയില്‍ നിന്ന് 18,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഇ-കൊമേഴ്‌സ് ഭീമന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വമ്പന്‍ തിരിച്ചടിയുണ്ടായത്. ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിന് ശേഷം ആമസോണിന്റെ ഓഹരികള്‍ കൂപ്പുകുത്തുകുയായിരുന്നു. പിന്നാലെ, ലോകത്തിലെ ആറാമത്തെ ഏറ്റവും വലിയ ധനികനായ ബെസോസിന്റെ ആസ്തി 106 ബില്യണ്‍ ഡോളറായി കുറയുകയും ചെയ്തു. 2022ല്‍ ആമസോണിന് വിപണി മൂലധനത്തില്‍ 834 ബില്യണ്‍ ഡോളറാണ് നഷ്ടമായത്. സമീപ മാസങ്ങളിലായി സമ്പന്നരുടെ പട്ടികയില്‍ ബെസോസ് നിരവധി സ്ഥാനങ്ങള്‍ പിന്നോട്ട് പോവുകയുണ്ടായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യന്‍ വ്യവസായിയും രാജ്യത്തെ ഏറ്റവും വലിയ ധനികനുമായ ഗൗതം അദാനി ആമസോണിന്റെ ബെസോസിനെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി മാറിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!