സജി ചെറിയാന്റെ മന്ത്രിസ്ഥാനം അനിശ്ചിതാവസ്ഥയില്‍

സജി ചെറിയാന്റെ മന്ത്രിസ്ഥാനം അനിശ്ചിതാവസ്ഥയില്‍


◾സജി ചെറിയാന്റെ മന്ത്രിസ്ഥാനം അനിശ്ചിതാവസ്ഥയില്‍. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കുന്ന കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം ഇന്ന്.  സമയമെടുത്ത് തീരുമാനമെടുത്താല്‍ മതിയെന്ന് ഗവര്‍ണര്‍ക്കു നിയമോപദേശം. ഭരണഘടനയെ അവഹേളിച്ചെന്നു മുഖ്യമന്ത്രിക്കു ബോധ്യപ്പെട്ടതിനാലാണ് രാജിവയ്പിച്ചത്. തെളിവില്ലെന്നു പോലീസ് റിപ്പോര്‍ട്ടു നല്‍കിയെങ്കിലും കോടതി കുറ്റമുക്തനാക്കിയിട്ടില്ലെന്നാണു ഗവര്‍ണര്‍ക്കു ലഭിച്ച നിയമോപദേശം. നാളെ സത്യപ്രതിജ്ഞ നടത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

◾ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ പ്രായപരിധി വരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാതാപിതാക്കളുടെ സമ്മതം വാങ്ങണമെന്നു പുതിയ കരടു നിയമം. വാതുവയ്പ് അനുവദിക്കില്ല. പൊതുജനങ്ങള്‍ക്ക് കരടില്‍ അഭിപ്രായം അറിയിക്കാം. അടുത്ത മാസം അവസാനത്തോടെ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നു മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

◾പട്ടയഭൂമിയില്‍ പാറമട നടത്തുന്നതു സംബന്ധിച്ച കേസിലെ ഹര്‍ജികള്‍ സുപ്രീം കോടതി ജനുവരി മുപ്പതിലേക്കു മാറ്റി. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി സത്യവാങ്മൂലം നല്‍കാന്‍ ക്വാറി ഉടമകള്‍ സാവകാശം ആവശ്യപ്പെട്ടതോടെയാണ് കേസ് മാറ്റിയത്. പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്തു ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ലെന്ന് കേരളം സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. നിയമ ഭേദഗതി കൊണ്ടുവരുമെന്നും അറിയിച്ചിരുന്നു.

◾കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്തില്‍ ഭൂമിയില്‍ അടയാളപ്പെടുത്തിയത് കര്‍ണാടകത്തിന്റെ ബഫര്‍സോണ്‍ അടയാളപ്പെടുത്തലല്ലെന്നു സ്ഥിരീകരിച്ചു. അടയാളപ്പെടുത്താന്‍ പയ്യാവൂരില്‍ എത്തിയവരെ പോലീസ് കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ കളക്ടറേറ്റില്‍ എഡിഎമ്മിനു മുന്നില്‍ ഹാജരാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം ധാതു  സമ്പത്തിനെ കുറിച്ച് പഠിക്കാന്‍ മുംബൈയില്‍നിന്ന് എത്തിയ സ്വകാര്യ ഏജന്‍സി ഉദ്യോഗസ്ഥരാണെന്ന് ഇവര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തെ അറിയിക്കാതെ സര്‍വേ നടത്തിയതാണ് ആശങ്കയ്ക്കിടയാക്കിയത്.

◾സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് ഇന്നു മുതല്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം. എല്ലാ ഓഫീസുകളിലും പഞ്ചിംഗിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ നാളെയാണു പഞ്ചിംഗ് നടപ്പാക്കുക. 

◾സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് ഇന്നു തിരശീല ഉയരും. ജേതാക്കളാകുന്ന ജില്ലയ്ക്കു സമ്മാനിക്കാനുള്ള സ്വര്‍ണക്കപ്പിന് ആവേശോജ്വലമായ സ്വീകരണമാണ് കോഴിക്കോടു ലഭിച്ചത്. കോഴിക്കോട് നഗരത്തിലെ 24 വേദികളില്‍ 239 ഇനങ്ങളിലായി നടക്കുന്ന മല്‍സരങ്ങളില്‍ പതിനാലായിരം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആശാ ശരത് മുഖ്യാതിഥിയാകും. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഇന്നു മുതല്‍ ഈയാഴ്ച വിദ്യാലയങ്ങള്‍ക്ക് അവധിയാണ്. 

◾ഡോ. അലക്സാണ്ടര്‍ മാളിയേക്കല്‍ ജോണ്‍, യുഎഇ വ്യവസായി സിദ്ദാര്‍ത്ഥ് ബാലചന്ദ്രന്‍, ഫെഡ്എക്സ് സിഇഒ രാജേഷ് സുബ്രഹ്‌മണ്യം എന്നിവരടക്കം  27 പേര്‍ക്ക് പ്രവാസി ഭാരതീയ പുരസ്‌കാരം. ഈ മാസം പത്തിന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

◾ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ജനുവരി അഞ്ചുവരെ തുടരുമെന്ന സര്‍ക്കാര്‍ ഉത്തരവു പിന്‍വലിച്ചു. ഡിസംബറിലെ റേഷന്‍ വിതരണം അവസാനിപ്പിച്ചതായി മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പുതുക്കിയതിനാലാണ് ഡിസംബറിലെ വിതരണം വേഗം അവസാനിപ്പിക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

◾കണ്ണൂര്‍ എസ്എന്‍ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രാര്‍ത്ഥനാ ഗാനമായി ശ്രീനാരായണ കീര്‍ത്തനം ആലപിച്ചപ്പോള്‍ എഴുന്നേല്‍ക്കാതെ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടെയുണ്ടായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയും ചെയ്തു. മുഖ്യമന്ത്രി ശ്രീനാരായണ കീര്‍ത്തനത്തേയും ഗുരുവിനെയും അപമാനിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചു. എന്തിനാണ് ഇത്ര ധാര്‍ഷ്ട്യമെന്നും  സുധാകരന്‍ ചോദിച്ചു.

◾ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ഉമ്മന്‍ ചാണ്ടിയെ ശശി തരൂര്‍ എംപി സന്ദര്‍ശിച്ചു. എം.കെ രാഘവന്‍ എംപിയും ഒപ്പമുണ്ടായിരുന്നു. ജര്‍മ്മനിയിലെ ചികിത്സ കഴിഞ്ഞ് ഇന്നലെ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഉമ്മന്‍ ചാണ്ടിയെ ജഗതിയിലെ വീട്ടിലെത്തിയാണ് തരൂര്‍ കണ്ടത്.

◾കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിക്കു മാര്‍ത്തോമ സഭയുടെ വേദിയിലേക്കും ക്ഷണം. ഫെബ്രുവരി 18 ന് മാരാമണ്‍ കണ്‍വന്‍ഷന്റെ യുവവേദിയിലാണ് തരൂര്‍ സംസാരിക്കുക. മാര്‍ത്തോമ സഭ യുവജന സഖ്യമാണ് ശശി തരൂരിനെ ക്ഷണിച്ചത്. എന്‍എസ്എസിന്റെ ക്ഷണം സ്വീകരിച്ച് മന്നം ജയന്തി പരിപാടിയില്‍ പ്രസംഗിച്ചതിനു പിറകേയാണ് മറ്റൊരു സാമുദായിക വേദിയില്‍കൂടി ശശി തരൂര്‍ എത്തുന്നത്.

◾നോട്ടു നിരോധനം ശരിവച്ച സുപ്രീം കോടതി വിധിയില്‍ പ്രത്യേകതയില്ലെന്നു മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. നോട്ട് റദ്ദാക്കിയതുമൂലം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച താഴേക്ക് പോയി. 15 ലക്ഷം കോടി രൂപയുടെ വരുമാനം ഇല്ലാതായി. 52 ദിവസം സമയം നല്‍കിയെന്ന വാദം അസംബന്ധമാണെന്നും തോമസ് ഐസക്.

◾ബിജെപിയുമായി രഹസ്യമായി ബന്ധമുണ്ടാക്കുകയും പരസ്യമായി വിമര്‍ശിക്കുകയും ചെയ്യുന്നയാളാണു  മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ബന്ധമുണ്ടാക്കി. സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെല്ലാം അവസാനിപ്പിച്ചത് ബിജെപി നേതാക്കള്‍ പ്രതികളായ കൊടകര കുഴല്‍പണ കേസ് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചതുകൊണ്ടാണെന്നും സതീശന്‍ ആരോപിച്ചു.

◾ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂര്‍ സ്വദേശിനി രശ്മി (33) ആണ് മരിച്ചത്. ഹോട്ടലില്‍നിന്നു വാങ്ങിക്കഴിച്ച അല്‍ഫാമില്‍നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണു റിപ്പോര്‍ട്ട്.

◾ഒമ്പതു ദിവസം നിര്‍ത്തിവച്ചിരുന്ന ഭാരത് ജോഡോ യാത്ര ഇന്നു പുനരാരംഭിക്കും. അതിശൈത്യമുള്ള ഡല്‍ഹിയില്‍നിന്ന് രാവിലെ പത്തിന് ആരംഭിക്കുന്ന യാത്ര ഉച്ചയോടെ ഹനുമാന്‍ മന്ദിര്‍, ലോണി ബോര്‍ഡല്‍ വഴി ഉത്തര്‍പ്രദേശിലേക്കു പ്രവേശിക്കും. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയില്‍ പങ്കെടുക്കണമെന്ന് എല്ലാ പ്രതിപക്ഷ നേതാക്കളേയും എഐസിസി ക്ഷണിച്ചിരുന്നു.

◾പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം 31 ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിനു ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി പത്തിന് അവസാനിക്കും. ഇടവേളയ്ക്കുശേഷം ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മാര്‍ച്ച് ആറിന് ആരംഭിക്കും.

◾പഞ്ചാബില്‍ മുഖ്യമന്ത്രിയുടെ വസതിക്കു സമീപം ബോംബിനു സമാനമായ സ്ഫോടകവസ്തു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി നിര്‍വീര്യമാക്കി. ഹരിയാന മുഖ്യമന്ത്രിയുടെ വസതിയിലേക്കും ഇവിടെ നിന്ന് വലിയ ദൂരമില്ല. ഒരു കുഴല്‍ക്കിണര്‍ പണിക്കാരനാണ് ഹെലിപാഡിനടുത്തുള്ള മാവിന്‍തോട്ടത്തില്‍ സ്ഫോടകവസ്തു കണ്ടത്. ഉടനേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പോലീസിനു പുറമേ, സൈന്യവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

◾മത്സ്യ ബന്ധനത്തിനിടെ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ബ്രിട്ടീഷ് അധീനതയിലുള്ള സലോമന്‍ ദ്വീപില്‍ അകപ്പെട്ട തമിഴ്നാട്ടുകാരായ 14 മത്സ്യത്തൊഴിലാളികളെ ബ്രിട്ടീഷ് ബോട്ട് രക്ഷപ്പെടുത്തി വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡിനു കൈമാറി. തമിഴ്നാട് തേങ്ങാപട്ടണത്ത് നിന്ന് മത്സ്യബന്ധനത്തിനു പോയ തമിഴ്നാട് സ്വദേശി വര്‍ഗീസിന്റെ ക്രിഷമോള്‍ എന്ന ബോട്ടും അതിലെ ഉടമ അടക്കമുള്ള 14 മത്സ്യത്തൊഴിലാളികളുമാണ് എന്‍ജിന്‍ തകരാര്‍മൂലം കടലില്‍ കുടുങ്ങിയത്.

◾ഡല്‍ഹിയില്‍ കാറിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ സുല്‍ത്താന്‍ പുരി പൊലീസ് സ്റ്റേഷന്‍ വളഞ്ഞു. സ്ത്രീകള്‍ അടക്കമുള്ളവരാണ് സമരത്തിനെത്തിയത്. പൊലീസ് വാഹനം തടഞ്ഞിടുകയും ചെയ്തു. പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെങ്കിലും നീതി നടപ്പാക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടെന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

◾നോട്ടു നിരോധനത്തിനെതിരേ പ്രചാരണം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മാപ്പു പറയണമെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്. സുപ്രീം കോടതി നോട്ടു നിരോധനത്തെ ശരിവച്ചതോടെയാണ് ബിജെപിയുടെ ആവശ്യം.

◾2023 ല്‍ ലോകത്തെ മൂന്നിലൊന്നു രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലിന ജോര്‍ജീവ. കഴിഞ്ഞ വര്‍ഷം അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലും ചൈനയിലും ആരംഭിച്ച സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രാജ്യങ്ങളിലേക്കു വ്യാപിക്കുമെന്ന് അവര്‍ പറഞ്ഞു.

◾സൗദി അറേബ്യയില്‍ കനത്ത മഴ. ജിദ്ദ നഗരത്തിലെ അടിപ്പാതകള്‍ അടച്ചു. വ്യാഴാഴ്ച കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനിടയിലാണ് വീണ്ടും മഴ കനത്തത്.

◾ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ ഈ മാസം 5 നും 7നുമാണ്. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് ഇന്നത്തെ മത്സരം. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നവരില്ലാതെ ഇറങ്ങുന്ന ടീം ഇന്ത്യയെ നയിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!