കൊച്ചി: പുതുവത്സരം ആഘോഷിക്കാനായി ഫോര്‍ട്ടുകൊച്ചിയിലേക്ക് ജനങ്ങള്‍ ഇരച്ചെത്തിയപ്പോള്‍, ഭാഗ്യം കൊണ്ടു മാത്രമാണ് തിക്കും തിരക്കും മൂലമുള്ള വന്‍ ദുരന്തം ഒഴിവായത്.
പുതുവര്‍ഷം ആഘോഷിക്കാനായി അഞ്ചുലക്ഷത്തോളം പേര്‍ ഫോര്‍ട്ടുകൊച്ചിയിലേക്ക് എത്തിയെന്നാണ് ഏകദേശ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ അധികൃതര്‍ ഒരുക്കിയിരുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
വന്‍ദുരന്തം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊച്ചിന്‍ കാര്‍ണിവലില്‍ അര്‍ധരാത്രി പപ്പാഞ്ഞി കത്തിക്കല്‍ ചടങ്ങ് കഴിഞ്ഞയുടനെ വന്‍ തിക്കും തിരക്കും ഉണ്ടായി. പരേഡ് മൈതാനത്തുനിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു.
ശ്വാസം മുട്ടല്‍, ഛര്‍ദി തുടങ്ങിയ ശാരീരിക അസ്വാസ്ഥതകളെത്തുടര്‍ന്ന് പൊലീസുകാര്‍ അടക്കം നൂറുകണക്കിന് പേരാണ് ആശുപത്രിയിലെത്തിയത്. കൂടുതല്‍ പേരെത്തിയ ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രിയില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് കുറേപ്പേര്‍ ചികിത്സ കിട്ടാതെ മടങ്ങിയതായും ആക്ഷേപമുണ്ട്.
കാര്‍ണിവല്‍ നടന്ന സ്ഥലത്തും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ തക്ക ആരോഗ്യ സേവനങ്ങള്‍ ഒന്നും സജ്ജമാക്കിയിരുന്നില്ല. ആകെയുണ്ടായിരുന്ന മൂന്ന് ആംബുലന്‍സുകള്‍ക്കുമായി ഒരു ഡോക്ടറാണ് ഉണ്ടായിരുന്നത്. പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായി തിരക്കില്‍പ്പെട്ട് ആളുകള്‍ക്ക് പരിക്കുണ്ടാകുന്നത് ആദ്യ സംഭവമാണെന്നും നാട്ടുകാര്‍ പറയുന്നു.
ഫോര്‍ട്ടുകൊച്ചിയിലേക്കും തിരിച്ചും രണ്ട് റോറോ സര്‍വീസുകള്‍ നടത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഒരു ജങ്കാര്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. ഒറ്റ ജങ്കാറില്‍ പതിനായിരക്കണക്കിന് പേരാണ് അഴിമുഖം കടന്നത്. ഫോര്‍ട്ട്‌കൊച്ചിയിലേക്ക് ഏറ്റവും കൂടുതല്‍ ആളുകളെത്തിയത് വൈപ്പിന്‍ ഫെറി വഴിയായിരുന്നു. ആളുകളെ നിയന്ത്രിക്കാന്‍ കഴിയാതെ ജങ്കാര്‍ ജീവനക്കാരും നട്ടം തിരിഞ്ഞു.
ജങ്കാര്‍ കാത്തുനില്‍ക്കുന്ന സ്ഥലത്തും വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഉന്തും തള്ളലുമുണ്ടായി. തിരക്കിനിടയില്‍ രണ്ട് പെണ്‍കുട്ടികള്‍ കായലിലേക്ക് വീണു. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഫോര്‍ട്ടുകൊച്ചിയിലേക്ക് രാത്രി പ്രത്യേക ബസ് സര്‍വീസ് ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞെങ്കിലും ബസുകള്‍ സന്ധ്യയോടെ തന്നെ സര്‍വീസുകള്‍ അവസാനിപ്പിച്ചിരുന്നു. ഇതോടെ ആഘോഷം കഴിഞ്ഞവര്‍ക്ക് തിരികെ പോകാനാകാതെ തെരുവില്‍ കഴിയേണ്ടി വന്നു. കുറേപ്പേര്‍ രാവിലെയാണ് തിരികെ പോയത്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.