ഇന്ത്യയ്ക്കെതിരെ ചൈനയുടെ ചാരപ്പണി;ചൈനീസ് ചാര വനിതയെ ബിഹാറിൽ പിടികൂടി

ഇന്ത്യയ്ക്കെതിരെ ചൈനയുടെ ചാരപ്പണി;
ചൈനീസ് ചാര വനിതയെ ബിഹാറിൽ പിടികൂടി

◾ചൈനീസ് ചാരവനിതയെ ബിഹാറില്‍ പിടികൂടി. ദലൈലാമയുടെ ചടങ്ങ് നടക്കാനിരിക്കെ ഗയയില്‍ സംശയാസ്പദമായ സാഹചര്യത്തിലാണ് വനിതയെ കണ്ടത്. യുവതിയെ ബിഹാര്‍ പൊലീസും കേന്ദ്ര ഏജന്‍സികളും ചോദ്യം ചെയ്യുകയാണ്.

◾ഫുട്ബോള്‍ രാജാവ് പെലെ അന്തരിച്ചു. 82 വയസായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹം ഒരു മാസമായി സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പാലിയേറ്റീവ് കെയറിലേക്കു മാറ്റിയിരുന്നു. ബ്രസീലിനായി കൂടുതല്‍ ഗോള്‍ നേടിയ താരമാണ്. 1958, 1962, 1970 എന്നീ വര്‍ഷങ്ങളില്‍ പെലെയുടെ ഫുട്ബോള്‍ ഇന്ദ്രജാലമാണ് ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്തത്. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീലിനായി പെലെ നേടിയത്.

◾പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ നടത്തിയ റെയ്ഡുകളില്‍ നാലു പേര്‍ അറസ്റ്റിലായി. തിരുവനന്തപുരത്ത് മൂന്ന് പേരെയും കൊച്ചിയില്‍ ഒരാളേയുമാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. മുന്‍ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുല്‍ഫി, സഹോദരന്‍ സുധീര്‍, സുധീറിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരന്‍ സലീം എന്നിവരും കൊച്ചിയില്‍ എടവനക്കാട് സ്വദേശി മുബാറക്കുമാണ് പിടിയിലായത്. സംസ്ഥാനത്ത് 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.

◾സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 21 നും പ്ലസ് ടു പരീക്ഷ ഏപ്രില്‍ അഞ്ചിനും അവസാനിക്കും. രാവിലെ പത്തര മുതലാണു പരീക്ഷ.

◾കൊറിയന്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണവുമായി കൊറിയന്‍ എംബസി അധികൃതര്‍ കോഴിക്കോടെത്തി. യുവതി കഴിയുന്ന കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തി ഉദ്യോഗസ്ഥര്‍ യുവതിയുമായി സംസാരിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പീഡിപ്പിക്കപ്പെട്ടെന്നാണ് യുവതിയുടെ പരാതി. യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ട യുവതി ഡോക്ടറോടാണ് പീഡനവിവരം പറഞ്ഞത്.

◾നഗരസഭകളുടെ സേവനം പൂര്‍ണമായും ഓണ്‍ലൈനാക്കുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ്. മേയേഴ്സ് കൗണ്‍സിലും ചെയര്‍മാന്‍ ചേംബറും കിലയും കെ.എം.സി.എസ്.യുവും ചേര്‍ന്ന് സംഘടിപ്പിച്ച നവ കേരളം നവനഗരസഭ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമത്തിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നോട്ടീസ് ലഭിച്ചിട്ടും ഗവര്‍ണര്‍ അഭിഭാഷകനെ നിയോഗിച്ചില്ല. എന്നാല്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ അഭിഭാഷകന്‍ നാലാഴ്ചത്തെ സാവകാശം തേടിയിട്ടുണ്ട്. പുനര്‍നിയമനത്തിന് യുജിസി ചട്ടങ്ങള്‍ ബാധകമല്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

◾സുപ്രീം കോടതിയിലെ ബഫര്‍സോണ്‍ കേസില്‍ കേരളം കക്ഷി ചേരാനുള്ള വിവരങ്ങള്‍ അഡ്വക്കറ്റ് ജനറലിനു കൈമാറി. വനം മേധാവിയുടെ സത്യവാങ്മൂലവും കൈമാറി. അഞ്ചാം തീയതി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യാനാണു ധാരണ.

◾സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത്. ഇ.പി. ജയരാജനെതിരേ ഉയര്‍ന്ന ആരോപണവും തൃക്കാക്കര തെരഞ്ഞെടുപ്പിലെ തോല്‍വിക്കു എറണാകുളം ജില്ലയിലെ നേതാക്കളെ പഴിച്ചുകൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ടും ചര്‍ച്ചയാകും.

◾പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള മോക് ഡ്രില്ലിനിടെ മണിമലയാറ്റില്‍ വീണ യുവാവ് മുങ്ങിമരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി വെണ്ണിക്കുളം പടുതോടു പാലത്തിനരികില്‍ ആറ്റില്‍ ഇറങ്ങിനിന്ന സന്നദ്ധ പ്രവര്‍ത്തകന്‍ ബിനു സോമന്‍ എന്ന 34 കാരനാണ് കാല്‍തെന്നി പുഴയിലേക്കു വീണുപോയത്. ദുരന്ത പ്രതികരണസേനയും ഫയര്‍ഫോഴ്സും ബിനു സോമനെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

◾പുതുവത്സരാഘോഷത്തിനായി എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ കത്തിക്കാന്‍ ഒരുക്കുന്ന 60 അടി ഉയരമുള്ള ഭീമന്‍ പാപ്പാഞ്ഞിക്കു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖച്ഛായയെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പോലീസ് എത്തിയാണു പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. ആര്‍ക്കും പരാതിയില്ലാത്ത പാപ്പാഞ്ഞിയെ ഒരുക്കുമെന്നു കാര്‍ണിവല്‍ കമ്മിറ്റി വ്യക്തമാക്കി.

◾പുതുവത്സരാഘോഷം കൈവിട്ടു പോകരുതെന്ന് പോലീസ്. ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഡിജിപി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കും. ലഹരി ഇടപാടുകള്‍, സ്പിരിറ്റ് കടത്ത് തുടങ്ങിയവ കണ്ടുപിടിക്കാന്‍ വാഹനപരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കി.

◾കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ് എം  സിപിഎമ്മിനു വിട്ടുകൊടുക്കും. കേരള കോണ്‍ഗ്രസ് എം പ്രതിനിധി നിര്‍മല ജിമ്മി അടുത്ത ദിവസം രാജിവയ്ക്കും. ഇടതുമുന്നണി ധാരണയനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അടുത്ത രണ്ടു വര്‍ഷം സിപിഎമ്മിനാണ്.

◾റിപ്പബ്ലിക് ദിന പരേഡില്‍ ഇക്കുറി കേരളത്തിന്റെ ഫ്ളോട്ടിന് അനുമതി. സ്ത്രീ ശാക്തീകരണമാണു കേരളം വിഷയമാക്കുന്നത്. കഴിഞ്ഞ തവണ കേരളത്തിന് അവതരണാനുമതി ലഭിച്ചിരുന്നില്ല. 16 സംസ്ഥാനങ്ങള്‍ക്കാണ് ഇക്കുറി അനുമതി കിട്ടിയത്.

◾വായ്പാ തിരിച്ചടവ് മുടങ്ങിയതു പിരിച്ചെടുക്കാന്‍ ബാങ്ക് നിയോഗിച്ച ഗുണ്ടാസംഘം വീട് അടിച്ചു തകര്‍ക്കുകയും തടയാന്‍ ശ്രമിച്ച യുവാവിന്റെ കൈവിരല്‍ വെട്ടുകയും ചെയ്തു. കോട്ടയം വിജയപുരത്തിനടുത്ത് ആനത്താനത്ത് രഞ്ജിത്തിന്റെ വീട്ടിലാണ് ആക്രമണമുണ്ടായത്. ഇസാഫ് ബാങ്കിന്റെ മണര്‍കാട് ശാഖ നിയോഗിച്ച അക്രമികളാണെന്നാണ് രഞ്ജിത്തിന്റെ പരാതി.

◾മാവൂരില്‍ മോക്ഡ്രില്ലിനുശേഷം വീട്ടിലേക്കു മടങ്ങിയ വിദ്യാര്‍ത്ഥിയെ പഞ്ചായത്തംഗം പീഡിപ്പിച്ചു. മാവൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

◾വടകരയിലെ വ്യാപാരിയെ കൊലപ്പെടുത്തിയവരക്കുറിച്ചു തുമ്പില്ലാതെ പൊലീസ്. പ്രതിയെന്നു സംശയിക്കുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തു വിട്ടു. സമീപത്തെ കടകളിലുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

◾ചെലവു ചുരുക്കാന്‍ പാര്‍ട്ടി ചെലവിലുള്ള വിമാനയാത്രകള്‍ കുറയ്ക്കണമെന്ന് എഐസിസി. 1,400 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്കു ട്രെയിന്‍ ടിക്കറ്റിന്റെ പണമേ തരൂവെന്ന് എഐസിസി സെക്രട്ടറിമാര്‍ക്കു നല്‍കിയ സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്.  മാസം രണ്ടു തവണ മാത്രമേ വിമാന ടിക്കറ്റ് അനുവദിക്കു. എംപി മാര്‍ സര്‍ക്കാരിന്റെ വിമാനയാത്ര സൗകര്യം പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

◾രാഹുല്‍ഗാന്ധി 2020 മുതല്‍ 113 തവണ സുരക്ഷ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് സിആര്‍പിഎഫ്. ഭാരത് ജോഡോ യാത്രയുടെ ഡല്‍ഹി പര്യടനത്തില്‍ സുരക്ഷ വീഴ്ചയുണ്ടെന്ന എഐസിസിയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അവര്‍. സിആര്‍പിഫ്. പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് രാഹുല്‍ ഗാന്ധിയാണ്. സിആര്‍പിഎഫ് വിശദീകരിച്ചു.

◾ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ പാലിയ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ജോഗേന്ദ്ര സിംഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയേയുംകൊണ്ട് ഒളിച്ചോടി. പെണ്‍കുട്ടിയുടെ അച്ഛനായ ചെറുകിട കച്ചവടക്കാരന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. മൂന്നു ദിവസമായി പെണ്‍കുട്ടിയുമായി ഇയാള്‍ മുങ്ങിയിരിക്കുകയാണ്.

◾യുക്രെയിനിലെ കീവ് അടക്കമുള്ള നഗരങ്ങളില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം. റഷ്യ തൊടുത്ത 54 മിസൈലുകളെ തങ്ങള്‍ തകര്‍ത്തെന്നു യുക്രെയിന്‍ പട്ടാളം അവകാശപ്പെട്ടു. റഷ്യന്‍ വ്യോമതാവളങ്ങളില്‍ യുക്രെയിന്‍ കഴിഞ്ഞ ദിവസം ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!