കണ്ണൂരില്‍ നേതാക്കള്‍ തമ്മില്‍ സാമ്പത്തിക ആരോപണങ്ങളോടെ നടത്തിയ പോര്‍വിളി സിപിഎമ്മിനു തലവേദനയായി

കണ്ണൂരില്‍ നേതാക്കള്‍ തമ്മില്‍ സാമ്പത്തിക ആരോപണങ്ങളോടെ നടത്തിയ പോര്‍വിളി സിപിഎമ്മിനു തലവേദനയായി

◾കണ്ണൂരില്‍ നേതാക്കള്‍ തമ്മില്‍ സാമ്പത്തിക ആരോപണങ്ങളോടെ നടത്തിയ പോര്‍വിളി സിപിഎമ്മിനു തലവേദനയായി. മോറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ ഇ.പി. ജയരാജന്റെ ഇടപാടുകള്‍ക്കെതിരേ പി. ജയരാജന്‍ ഉന്നയിച്ച ആരോപണം വിവാദമായിരിക്കുകയാണ്. റിസോര്‍ട്ടിന്റെ  സ്ഥാപക ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ഇ.പി ജയരാജന്റെ മകന്‍ ജയ്സണ്‍. കുന്നിടിച്ചു റിസോട്ട് നിര്‍മിച്ചതിനെതിരേ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തനിക്ക് റിസോട്ടുമായി ഒരു ബന്ധവുമില്ലെന്നും തലശ്ശേരിയിലെ വ്യവസായി രമേഷ് കുമാറിന്റെ റിസോര്‍ട്ടാണെന്നുമാണ് ഇ.പി. ജയരാജന്‍ വിശദീകരിച്ചത്.

◾ബഫര്‍ സോണില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന സത്യവാങ്മൂലം ജനുവരി അഞ്ചിനു സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. കേരളം നല്‍കിയ പുനപരിശോധനാ ഹര്‍ജി 11 നാണു സുപ്രീം കോടതി പരിഗണിക്കുന്നതെങ്കിലും അതിനു മുമ്പേ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടും അതിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ നടത്തുന്ന സര്‍വേയും അടക്കമുള്ള വിവരങ്ങള്‍ കോടതിയെ അറിയിക്കണമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. മരങ്ങള്‍ മറച്ചതിനാല്‍ ഉപഗ്രഹ സര്‍വേയില്‍ വീടുകളും കെട്ടിടങ്ങളും കാണാനായിട്ടില്ലെന്നും ഈ ന്യൂനത പരിഹരിക്കാനുള്ള സര്‍വേയ്ക്കും ജിയോ ടാഗിംഗിനും സാവകാശം വേണമെന്നും കേരളം ആവശ്യപ്പെടും.

◾നെല്ല് സംഭരിച്ചതിനു കര്‍ഷകര്‍ക്കു നല്‍കാനുള്ള 272 കോടി രൂപ അനുവദിച്ചെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. കേന്ദ്രസര്‍ക്കാരിന്റെ വിഹിതമായി ലഭിച്ച തുക തിങ്കളാഴ്ച വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആകെ 484 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ഇതില്‍ 178.75 കോടി രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു.

◾തിരുവനന്തപുരം നഗരസഭയിലെ നിയമനക്കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം അന്വേഷണ കമ്മീഷനെ നിയമിച്ചു. പോലീസ് അന്വേഷണം ഒതുക്കുകയും ബിജെപി ഹര്‍ത്താല്‍ അടക്കം ശക്തമായ സമരത്തിനും ആഹ്വാനം ചെയ്തിരിക്കേയാണ് സിപിഎം അന്വേഷണം. സി ജയന്‍ ബാബു, ഡി കെ മുരളി, ആര്‍ രാമു എന്നിവര്‍ അടങ്ങിയ കമ്മീഷന്‍  കത്ത് വിവാദം അന്വേഷിക്കും.

◾വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി  പെരുമാറിയെന്നു പരാതി ഉയര്‍ന്ന നേമത്തെ ഡിവൈഎഫ്ഐ നേതാവ് കെ.കെ. അഭിജിത്തിനു സിപിഎമ്മില്‍നിന്നു സസ്പെന്‍ഡു ചെയ്തു. കഴിഞ്ഞ ദിവസം തരംതാഴ്ത്തപ്പെട്ട അഭിജിത്ത് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. എസ്എഫ്ഐ നേതാവാകാന്‍ പ്രായം കുറച്ച് പറയാന്‍ ഉപദേശിച്ചെന്ന ആരോപണം ആനാവൂര്‍ നാഗപ്പന്‍  തള്ളി. ശബ്ദരേഖയെപ്പറ്റി അയാളോട് തന്നെ ചോദിക്കണമെന്നും ആനാവൂര്‍ പ്രതികരിച്ചു.

◾സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ഇനി ശനിയാഴ്ച അവധി. നിലവില്‍ ആഴ്ചയില്‍ ആറു ദിവസങ്ങളിലും വിഎച്ച്എസ്ഇ സ്‌കൂളുകളില്‍ അധ്യയനം നടന്നിരുന്നു.

◾പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ വീണ്ടും അറസ്റ്റ്. മുഹമ്മദ് ഹക്കീം എന്നയാളെയാണ് ഗൂഢാലോചനാക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. കേസില്‍ ഇതുവരെ 43 പേര്‍ അറസ്റ്റിലായി.

◾സിക്കിമില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ മൃതദേഹം ഇന്നു ജന്മനാടായ പാലക്കാട് മാത്തൂരില്‍ എത്തിക്കും. ഗാങ്ടോക്കില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍  വൈശാഖിന്റെ വീട്ടിലെത്തി.  ചുങ്കമന്നം എയുപി സ്‌കൂളിലാണ് പൊതുദര്‍ശനത്തിനു വയ്ക്കുക.

◾സമൂഹത്തിലെ ജീര്‍ണതകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരസ്‌കരിക്കണമെന്ന് സിപിഎം പിബി അംഗം എ.വിജയരാഘവന്‍.  പൊതുസമൂഹത്തിനു മുന്നില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കു മികവാര്‍ന്ന വ്യക്തിത്വവും ഉന്നതമായ മൂല്യബോധവും  സ്വീകാര്യതയും വേണം. വിജയരാഘവന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും ഗുണദോഷിച്ചിരുന്നു. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരേ അനധികൃത പണസമ്പാദനം, മദ്യപാനം, പീഡനം തുടങ്ങിയ ആരോപണങ്ങളും കേസുകളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ പ്രതികരണം.

◾തന്നെ ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കം ചെയ്തുകൊണ്ടു നിയമസഭ പാസാക്കിയ ബില്‍ കണ്ടിട്ടില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലിലെ ഉള്ളടക്കം പഠിക്കാതെ അഭിപ്രായം പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ബില്‍ മൂന്നു ദിവസം മുമ്പ് രാജ്ഭവനില്‍ എത്തിച്ചെന്നാണു പൊതുഭരണ വകുപ്പു പറയുന്നത്.

◾പിഴവുമൂലം എക്കൗണ്ടില്‍ എത്തിയ രണ്ടര കോടി രൂപ ആഘോഷമായി ധൂര്‍ത്തടിച്ച രണ്ടു യുവാക്കള്‍ പോലീസിന്റെ പിടിയില്‍. തൃശൂര്‍ വെളുത്തൂര്‍ സ്വദേശികളായ രണ്ടു യുവാക്കളുടെ പുതുതലമുറ ബാങ്ക് എക്കൗണ്ടില്‍ 2.44 കോടി രൂപയാണ് എത്തിയത്. മറ്റൊരു ബാങ്കുമായി ലയന പ്രക്രിയ പുരോഗമിക്കുന്നതിനിടെ അബദ്ധത്തില്‍ യുവാക്കളുടെ അക്കൗണ്ടിലേക്കുപോയ പണം വീണ്ടെടുക്കാന്‍ നല്‍കിയ പരാതിയിലാണു യുവാക്കള്‍ കസ്റ്റഡിയിലായത്. കടബാധ്യതകള്‍ തീര്‍ക്കാനും വിലകൂടിയ ഫോണുകള്‍ വാങ്ങാനും ക്രിപ്റ്റോ കറന്‍സി ഇടപാടിനുള്ള നിക്ഷേപത്തിനും മറ്റുമായി 171 ഇടപാടുകള്‍ നടത്തിയെന്നാണു പോലീസ് കണ്ടെത്തിയിരിക്കുന്നത്. അനര്‍ഹമായ പണം അക്കൗണ്ടില്‍ എത്തിയാല്‍ ബാങ്ക് മേധാവികളെ അറിയിക്കണമെന്നു പോലീസ്.

◾സിപിഎം തിരുവനന്തപുരം ജില്ലാ  സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. പ്രായം കുറച്ചു പറയാന്‍ നിര്‍ദേശിച്ചെന്ന എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. അഭിജിത്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാണ് ആവശ്യം.

◾മലയാറ്റൂരില്‍ മണപ്പാട്ട് ചിറയിലേക്കു നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ഇടുക്കി സ്വദേശികളായ മൂന്നുമുകളേല്‍ വീട്ടില്‍ ബിനു (41), പീരുമേട് കല്ലറത്തില്‍ വീട്ടില്‍ ശ്രീനിവാസന്‍ (42) എന്നിവരാണു മരിച്ചത്. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. 

◾മുതലാളി ചമഞ്ഞ് ജ്വല്ലറികളില്‍നിന്നു സ്വര്‍ണകോയിനുകള്‍ തട്ടിയെടുത്ത വിരുതന്‍ തൃശൂരില്‍ പിടിയില്‍. കോഴിക്കോട് തിക്കോടി സ്വദേശി വടക്കെപുരയില്‍ വീട്ടില്‍ റാഹില്‍ (28) ആണ് പിടിയിലായത്. ജ്വല്ലറികളിലേക്കു ഫോണില്‍ ചെയ്ത് വലിയ കമ്പനിയുടെ എംഡിയാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ജീവനക്കാര്‍ക്കു സമ്മാനമായി നല്‍കാന്‍ ഒരോ പവന്‍ വീതമുള്ള സ്വര്‍ണകോയിനുകള്‍ ഓര്‍ഡര്‍ ചെയ്യും. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് അവ എത്തിക്കാന്‍ ആവശ്യപ്പെട്ട് കോയിനുകള്‍ തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ രീതി.

◾കുര്‍ബാന തര്‍ക്കത്തില്‍ പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്ന് ആരോപിച്ച് ജനാഭിമുഖ കുര്‍ബാന പക്ഷക്കാര്‍ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. വൈദികരടക്കമുള്ള നൂറോളം പ്രതിഷേധക്കാര്‍ അരമണിക്കൂറോളം റോഡ് ഉപരോധിച്ചു.

◾കൊയിലാണ്ടിയില്‍ പത്തൊന്‍പതുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മയുടെ അച്ഛന്‍ അറസ്റ്റിലായി. കൊയിലാണ്ടി കാപ്പാട് സ്വദേശിയായ അറുപത്തിരണ്ടുകാരനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ, ആത്മഹത്യാപ്രേരണ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.

◾ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ ക്രിസ്തുവിന്റെ മനുഷ്യസ്നേഹം പ്രചോദനമാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. ദൈവത്തിന്റെ മഹത്വമോതിയും ഭൂമിയില്‍ സമാധാനസന്ദേശം പകര്‍ന്നുമുള്ള ക്രിസ്മസ് സമൂഹത്തില്‍ ഒരുമയും കൂട്ടായ്മയും വളര്‍ത്തട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു.

◾തിരുവനന്തപുരത്ത് ലുലു മാളിലെ ക്രിസ്മസ് പാപ്പമാര്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍. 163 പേരാണ് സാന്താക്ലോസുമാരായി സംഘനൃത്തം ചെയ്തു റിക്കാര്‍ഡിട്ടത്.

◾സ്‌കൂട്ടര്‍ റോഡിലെ കുഴിയില്‍ ചാടി യുവതി ലോറി കയറി മരിച്ച സംഭവത്തില്‍ ജലഅതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ ബിനോജ് കുമാറിനെതിരെ കേസെടുത്തതായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ലോറി ഡ്രൈവര്‍ക്കെതിരെയും കേസെടുത്തു. കോട്ടൂളിയില്‍ 2019 ഓഗസ്റ്റിലാണ് അപകടമുണ്ടായത്.
മരിച്ച യുവതിയുടെ ഭര്‍ത്താവ് കെ.സി.അനൂപ് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്റെ ഉത്തരവനുസരിച്ചാണു കേസ്.

◾മാണി സി കാപ്പന്‍ എംഎല്‍എയുടെ ഡ്രൈവര്‍ രാഹുല്‍ മരിച്ച ഏറ്റുമാനൂരിലെ വാഹനാപകടത്തില്‍ കാറില്‍നിന്ന്  എംഡിഎംഎ കണ്ടെടുത്തു. അഞ്ചു മില്ലി ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. രാഹുലിനൊപ്പം കാറിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ നിലവില്‍ പരിക്കേറ്റ് ചികിത്സയിലാണ്.

◾കേന്ദ്രത്തില്‍ ഭരണത്തിലുള്ളത് മോദി സര്‍ക്കാരല്ലെന്നും അംബാനി – അദാനി സര്‍ക്കാരാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചെങ്കോട്ടയില്‍ ഭാരത് ജോഡോ യാത്ര സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ബാങ്കുകള്‍ വായ്പ നല്‍കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു. സോണിയാ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസനും ഇന്നലെ യാത്രയില്‍ ചേര്‍ന്നു.

◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഒമ്പതു ദിവസത്തേക്കു നിര്‍ത്തിവച്ചു. ഇനി ജനുവരി മൂന്നിനാണു യാത്ര പുനരാരംഭിക്കുക.

◾ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക് ഫേസ് ബുക്ക് പോസ്റ്റില്‍. പോസ്റ്റിന് താഴെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.

◾ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ട്രോംഗ് റൂമിലേക്കു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍നിന്നു തുരങ്കമുണ്ടാക്കി കവര്‍ച്ചാ സംഘം ഒരു കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചു. ഗ്യസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ തകര്‍ത്തത്. പത്തടി നീളമുള്ള തുരങ്കത്തിലൂടെയാണ് കവര്‍ച്ചാ സംഘം അകത്തു പ്രവേശിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.

◾അമേരിക്കയില്‍ അതിശൈത്യത്തെ തുടര്‍ന്നുള്ള ശീത കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 19 ആയി. രണ്ടു കോടിയോളം പേരെ ഇതുവരെ ശൈത്യം ബാധിച്ചു. വൈദ്യുതി വിതരണം താറുമാറായതോടെ 15 ലക്ഷത്തോളം വീടുകള്‍ ഇരുട്ടിലാണ്. നിരവധി വിമാനങ്ങള്‍ റദ്ദാക്കി.

◾വിമാനത്തിന്റെ വീല്‍ ബേയില്‍ മരിച്ച നിലയില്‍ ഒരാള്‍. ഗാംബിയയില്‍നിന്ന് ബ്രിട്ടനിലേക്ക് വന്ന ടിയുഐ എയര്‍വേയ്‌സിന്റെ ജെറ്റിലാണു പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

◾ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയിക്കാന്‍ 145 റണ്‍സ് വേണമായിരുന്ന ഇന്ത്യ പതറുന്നു. 45 റണ്‍സ് നേടുന്നതിനിടയില്‍ ഇന്ത്യയുടെ നാല് വിലപ്പെട്ട വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ആറ് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ ഇനി 100 റണ്‍സ് കൂടി വേണം. ഇന്നലെ രണ്ടാമിന്നിംഗ്സില്‍ ബംഗ്ലാദേശ് 231 റണ്‍സിന് പുറത്തായതോടെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 145 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ രണ്ടാമിന്നിംഗ്സ് ആരംഭിച്ച ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ പിഴുതെടുത്ത് പ്രതിസന്ധിയിലാക്കിയത് ബംഗ്ലാദേശിന്റെ മെഹിദി ഹസനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!