ക്രൈസ്തവചിന്ത വായനക്കാർ സഹായമായി നൽകിയത് 5,94,500 രൂപ;  ജോർജ്ജ് കുട്ടിക്ക്‌ കാൽ ഭേദമായി; വീടും ലഭിച്ചു

ക്രൈസ്തവചിന്ത വായനക്കാർ സഹായമായി നൽകിയത് 5,94,500 രൂപ;  ജോർജ്ജ് കുട്ടിക്ക്‌ കാൽ ഭേദമായി; വീടും ലഭിച്ചു

വാട്സാപ്പിൽ വന്ന ആ കാലിന്റെ പടം ഒന്ന് നോക്കാനേ എന്നെ കൊണ്ടായുള്ളു.  കണ്ണിൽ ഇരുട്ട് കയറുന്നതു പോലൊരു തോന്നൽ. നടക്കുമ്പോഴും ഇരിക്കുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും ആ കാൽ പേടിപ്പെടുത്തിക്കൊണ്ടിരുന്നു.

ആൻഡമാൻസിൽ ശുശ്രൂഷയിലായിരുന്ന നിരണം സ്വദേശിയായ  പാസ്റ്റർ ജോർജ്ജ് കുട്ടി ഇന്ന് ഉല്ലാസവാനാണ്, സന്തോഷവാനാണ്. കാൽ മുറിക്കേണ്ടി വന്നെങ്കിലും ഇന്ന് കൃത്രിമക്കാലിൽ സുഖമായി നടക്കാം. വൃണമെല്ലാം കരിഞ്ഞുണങ്ങിയിരിക്കുന്നു. ചികിത്സ കഴിഞ്ഞ് മിച്ചം വന്ന പണം കൊണ്ട് രണ്ടു മുറികളുള്ള ഒരു മനോഹര വീടും താൻ പണിതെടുത്തു.

പുതിയ വീട്

കുറെ മാസങ്ങൾക്ക് മുമ്പാണ് പാസ്റ്റർ ജോർജ്ജ്കുട്ടിയുടെ ദയനീയ കഥ ഞങ്ങൾ അറിയുന്നത്.  അത് അറിയിച്ചത് തന്റെ കൂടെ ബൈബിൾ സ്കൂളിൽ പഠിച്ച ഗൂഢലൂർ സ്വദേശിയായ പൗലോസാണ്. കുറച്ച് നാൾ ജോർജ്ജുകുട്ടി വയനാട്ടിൽ അയ്യംകൊല്ലിയിൽ  ഐ.പി.സി ശുശ്രൂഷകനായും സേവനമനുഷ്ഠിച്ചിരുന്നു.

അതിന് ശേഷമാണ് അദ്ദേഹം രണ്ട് കുട്ടികളുമായി കുടുംബ സമേതം ആൻഡമാൻസിലേക്ക് പോയത്. അവിടെ ചെല്ലുമ്പോഴേക്കും നേരത്തെ, തന്നെ അലട്ടിയിരുന്ന വെരിക്കോസ് വെയിനിന്റെ അസുഖം രൂക്ഷമായി. വലത്തെ കാലിലെ തടിച്ച് നിന്നിരുന്ന രക്തക്കുഴലുകളിലൂടെ രക്തം വമിക്കാൻ തുടങ്ങി. അത് കാലിലെ അൾസറായി മാറി. മുറിവ് കരിയാതെയായി. കാൽ കറുത്ത് വികൃതമായി. വൃണം കരിയാൻ സാദ്ധ്യതയില്ലെന്ന് വന്നതോടെ മുറിച്ചു കളയണമെന്ന് ഡേക്ടർമാർ വിധിച്ചു. വാടകവീട്ടിലെ താമസവും സഭകൾ കൊറോണയുടെ ഭീഷണയിലായതും കാരണം ജോർജുകുട്ടിയുടെ കാൽ മുറിക്കൽ നീണ്ടു.

ജോർജ് കുട്ടിയുടെ കാൽ മുറിച്ച് മാറ്റുന്നതിന് മുമ്പ്

ഒടുവിൽ ഈ വിഷയങ്ങൾ ക്രൈസ്തവചിന്ത വായനക്കാരുടെ മുമ്പിൽ ഞങ്ങൾ വിശദീകരിച്ചെഴുതി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ക്രൈസ്തവചിന്തയുടെ ബോർഡംഗങ്ങൾക്ക് ആകാംക്ഷയായി. “വല്ലതും അയാൾക്ക് കിട്ടിയോ ഓപ്പറേഷൻ നടത്താൻ കഴിത്തോ ” ഒരു വിവരവും കിട്ടിയില്ല. ജോർജ്ജ് കുട്ടിയെ വിളിക്കണ്ട എന്നും ഞങ്ങൾ തീരുമാനിച്ചു. ഒടുവിൽ ഇദ്ദേഹത്തിന്റെ കദന കഥ ഞങ്ങളോടു പറഞ്ഞ പൗലോസിനെ വിളിച്ച് വിവരങ്ങൾ തെരക്കി. അന്ന് തന്നെ ജോർജ്ജു കുട്ടി പാസ്റ്ററുടെ കോൾ വന്നു. ” രണ്ട് ലക്ഷം കിട്ടി ഓപ്പറേഷനും ആശുപത്രിച്ചെലവുകൾക്കും ഇത് തികയും. ”  അത് പറഞ്ഞപ്പോൾ ഞങ്ങളുടെ സന്തോഷത്തിനും അതിരില്ലാതായി.

പിന്നെയും മാസങ്ങൾ കടന്നുപോയി. ഇന്നലെ ജോർജുകുട്ടിയുടെ ഒരു അപ്രതീക്ഷിത കോൾ എത്തി. ” പിന്നെയും 3,95,400 രൂപ കൂടി കിട്ടി. (മൊത്തം 5,94,500) അതുകൊണ്ട് രണ്ടു മുറികളുള്ള ഒരു കൊച്ചു വീടും പണിതു . പണം തന്ന ദൈവമക്കളോട് നന്ദി പറയണം ” ഇതായിരുന്നു അദ്ദേഹത്തിന്റെ വിളിയുടെ ലക്ഷ്യം.. ജോർജ്ജ് കുട്ടിയുടെ കാൽ മുറിച്ച് മാറ്റിയിടത്ത്  പുത്തൻ കൃത്രിമ കാൽ ലഭിക്കാനും പുതിയവീട് പണിയാനും പണം കൊടുത്ത ക്രൈസ്തചിന്ത വായനക്കാരോടുള്ള നിസ്സീമമായ നന്ദിയെ അറിയിക്കുന്നു.

ദരിദ്രരെ കുറിച്ച് എഴുതിയിട്ട് അവിടെ ചെന്ന് അതിന്റെ വിഹിതം പറ്റാൻ ശ്രമിക്കുന്നവരോട് ഒരു വാക്ക്.  എഴുതിയതിന് ശേഷം അത് നിങ്ങൾ മറന്ന് കളയുക. നിങ്ങളുടെ മക്കളെ ദൈവം പോറ്റും. ദൈവം ആർക്കും കടക്കാരനല്ല.

കെ.എൻ. റസ്സൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!