തെഹ്റാന്‍: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇറാനില്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെയാളെ പരസ്യമായി തൂക്കിലേറ്റി.
രണ്ട് സുരക്ഷാസേനാംഗങ്ങളെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ട മജീദ്‍റിസ റഹ്നവര്‍ദിന്റെ (23) വധശിക്ഷയാണ് തിങ്കളാഴ്ച നടപ്പാക്കിയത്. വസ്ത്രധാരണ മര്യാദ പാലിച്ചില്ലെന്നാരോപിച്ച് ധാര്‍മിക പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനിയുടെ മരണത്തിനുശേഷം വ്യാപിച്ച പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 11 പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.
ഇതില്‍ രണ്ടാമത്തേതാണ് നടപ്പാക്കിയത്. പ്രക്ഷോഭത്തിനിടെ സൈനികരെ വടിവാള്‍ കൊണ്ട് പരിക്കേല്‍പിച്ച കേസില്‍ വ്യാഴാഴ്ച മുഹ്സിന്‍ ശികാരിയെന്ന യുവാവിനെ തൂക്കിലേറ്റിയിരുന്നു. അറസ്റ്റ് ചെയ്ത് ഒരുമാസത്തിനകം വിചാരണനടപടികള്‍ പൂര്‍ത്തിയാക്കിയാണ് റഹ്നവര്‍ദിനെ തൂക്കിലേറ്റിയത്. നിര്‍ത്തിയിട്ട ബൈക്കിനരികെ വീണുകിടക്കുന്നയാളെ ഒരാള്‍ കുത്തുന്ന ദൃശ്യം ദേശീയ ടെലിവിഷന്‍ സംപ്രേഷണം ചെയ്തിരുന്നു. ഇത് രഹ്നവര്‍ദ് ആണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാലുപേരെ കൂടി കുത്തിയതായി കുറ്റപത്രത്തിലുണ്ട്. നിയമവ്യവസ്ഥയെയും സുരക്ഷയെയും വെല്ലുവിളിക്കുന്ന കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നത് സമൂഹത്തിന്റെ ആവശ്യമാണെന്ന് ടെലിവിഷനില്‍ ജുഡീഷ്യറി വക്താവ് മസൂദ് സിതായിഷി പറഞ്ഞു.
അതിനിടെ വധശിക്ഷക്കെതിരെ തിങ്കളാഴ്ചയും രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വിചാരണ പ്രഹസനത്തിലൂടെ പൗരന്മാര്‍ക്ക് തൂക്കുകയര്‍ ഒരുക്കി എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി. പാശ്ചാത്യന്‍ രാജ്യങ്ങളും ഇറാനെതിരെ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.