◾ഏകീകൃത സിവില്‍ കോഡ് ബില്‍ രാജ്യസഭയില്‍. ബില്‍ അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് എംപിമാര്‍ സഭയിലുണ്ടായിരുന്നില്ല. ബിജെപി എംപി കിറോഡി ലാല്‍ മീണയാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയത്. 23 നെതിരെ 63 വോട്ടുകള്‍ക്ക് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്കി. ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇല്ലാത്തതില്‍ മുസ്ലീം ലീഗിന്റെ പി വി അബ്ദുള്‍ വഹാബ് രാജ്യസഭയില്‍ പരസ്യമായി പ്രതിഷേധിച്ചു.
◾ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കും. തര്‍ക്കംമൂലം മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിയമസഭാ കക്ഷി യോഗത്തിനു കഴിഞ്ഞില്ല. മുന്‍ പിസിസി അധ്യക്ഷന്‍ സുഖ്വീന്ദര് സിംഗ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണനയിലുള്ളത്. പ്രതിഭാസിംഗ് എംപി കൂടി അവകാശമുന്നയിച്ചതോടെ തീരുമാനം ഹൈക്കമാന്‍ഡിനു വിടാന്‍ തീരുമാനിക്കുകയായിരുന്നു. ഷിംലയില്‍ നടന്ന യോഗത്തില്‍ 40 എംഎല്‍എമാരും പങ്കെടുത്തു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ അടക്കമുള്ള എഐസിസി നിരീക്ഷകരും എത്തിയിരുന്നു.
◾ഉഭയ സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാലേ വിവാഹമോചനത്തിന് അപേക്ഷിക്കാവൂവെന്ന വ്യവസ്ഥ മൗലികാവകാശങ്ങളുടെ ലംഘനവും, ഭരണഘടന വിരുദ്ധവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹമോചന കേസിലാണ് സുപ്രധാനമായ ഈ പരാമര്‍ശം നടത്തിയത്.
◾കേന്ദ്രസര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍മാര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നെന്ന് സിപിഎം എംപി വി ശിവദാസന്‍ രാജ്യസഭയില്‍. ഗവര്‍ണര്‍മാരെ നിയമിക്കുന്ന ചട്ടങ്ങളില്‍ മാറ്റം നിര്‍ദ്ദേശിക്കുന്ന സ്വകാര്യ ബില്ല് അവതരിപ്പിക്കുകയായിരുന്നു വി. ശിവദാസന്‍. കേരളത്തിലും തമിഴ്നാട്ടിലും നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതെ ഗവര്‍ണര്‍മാര്‍ പിടിച്ചു വച്ചിരിക്കുകയാണെന്നും ശിവദാസന്‍ കുറ്റപ്പെടുത്തി.
◾ഷാരോണിനെ കൊലപ്പെടുത്തിയത് താനാണെന്നു സമ്മതിച്ചില്ലെങ്കില്‍ മാതാപിതാക്കളെ പ്രതിയാക്കുമെന്നു പൊലീസ് ഭീഷണിപ്പെടുത്തിയെന്നു പ്രതി ഗ്രീഷ്മ. താന്‍ ഷാരോണിനെ കൊലപ്പെടുത്തിയിട്ടില്ലെന്നും ഗ്രീഷ്മ വാദിച്ചു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹാജരാക്കിയത്. ഗ്രീഷ്മയുടെ റിമാന്‍ഡ് 14 ദിസത്തേക്കുകൂടി നീട്ടി.
◾സജി ചെറിയാനെ മന്ത്രിയാക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സജി ചെറിയാനെതിരെ കേസൊന്നുമില്ല. അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത് ധാര്മ്മികതകൊണ്ടാണ്. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് തങ്ങളാരും പറഞ്ഞിട്ടില്ല. ലീഗ് ജനാധിപത്യ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്ററില്‍ സംസ്ഥാന സെക്രട്ടേറിയേറ്റിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾എറണാകുളം പെരുമ്പാവൂരിനടുത്ത കപ്രിക്കാട്ട് വനം വകുപ്പിന് കീഴിലുള്ള ആഭയാരണ്യത്തില് സംരക്ഷിക്കുന്ന മ്ലാവുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടി ഒന്നരക്കോടി രൂപ തട്ടിയെടുത്തു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ഈ വെട്ടിപ്പ് കണ്ടെത്തിയതും വനം വകുപ്പുുതന്നെയാണ്. സംഭവത്തില്‍ വനം വിജലിന്‍സ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. 134 മ്ലാവുകള്‍ക്കു പകരം റജിസ്റ്ററില്‍ 170 മ്ലാവുകളുണ്ടെന്നു രേഖപ്പെടുത്തി ഓരോ മ്ളാവിനും പ്രതിമാസം 8289 രൂപ വീതം തീറ്റക്കായി ചിലവഴിച്ചെന്നു കണക്കുണ്ടാക്കിയാണു തട്ടിപ്പു നടത്തിയത്.
◾പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് സര്‍ക്കാര്‍ ചെലവില്‍ വിദേശചികിത്സയ്ക്ക് അനുമതി തേടി മുന്‍ സ്പീക്കറും നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാനുമായ പി ശ്രീരാമകൃഷണന്. അപേക്ഷ മന്ത്രിസഭയുടെ പരിഗണനയിലാണ്. മുന്‍ നിയമസഭാംഗങ്ങള്‍ക്ക് വിദേശ ചികിത്സയ്ക്കു സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം അനുവദിക്കാന്‍ വ്യവസ്ഥയില്ല.
◾ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികളായ മൂന്നു മുന്‍ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഈമാസം 15 ലേക്കു മാറ്റി. മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ബി ശ്രീകുമാര്‍, ഐബി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി. എസ് ജയപ്രകാശ്, വി.കെ മൈനി എന്നിവരുടെ ജാമ്യഹര്‍ജിയാണ് മാറ്റിയത്. ഹൈക്കോടതി നേരത്തെ മൂന്നു പേര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നെങ്കിലും സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
◾പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണകേസില്‍ ചോദ്യം ചെയ്യാന്‍ ഡല്‍ഹിയില്‍ ഹാജരാകണമെന്ന എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സിനെതിരെ പാലക്കാട് അലനെല്ലൂര്‍ സ്വദേശി എന്‍ ഉസ്മാന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഭാഷ അറിയില്ലെന്നും കേരളത്തിലെ ഇഡി ഓഫീസില്‍ ഹാജരായി മൊഴി നല്കാമെന്നുമുള്ള ഉസ്മാന്റെ നിലപാടാണ് കോടതി തള്ളിയത്.
◾നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വകാര്യ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കുള്ള ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഇന്നു വൈകുന്നേരം അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലിനു നാല്പതിനായിരം ചതുരശ്രയടി വിസ്തീര്‍ണമുണ്ട്.
◾ഗവര്‍ണറെ സര്‍വകലാശാകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റാനുള്ള ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് മലക്കം മറിഞ്ഞത് മുസ്ലിംലീഗിനെ ഭയന്നാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ലീഗാണ് യുഡിഎഫിനെ നിയന്ത്രിക്കുന്നതെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സുരേന്ദ്രന്.
◾ചലച്ചിത്ര മേളകളെ ചിലര്‍ സങ്കുചിത ചിന്തകള്‍ പ്രചരിപ്പിക്കാനുള്ള വേദിയാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്തു രാജ്യാന്തര ചലചിത്രമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭയരഹിതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുന്ന വേദികളാകണം ചലച്ചിത്ര മേളകളെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇറാനിയന്‍ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുറിച്ച മുടി ഉയര്‍ത്തിക്കാണിച്ച് ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരി ഇറാനിലെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമാണ് ഗ്രീക്ക് ചലച്ചിത്രകാരി പിന്തുണ നല്‍കിയത്.
◾മലയിന്‍കീഴില്‍ ഡിവൈഎഫ്ഐ നേതാവും സംഘവും ബലാത്സംഗം ചെയ്ത പതിനാറുകാരി കേരളം വിടുന്നു. അമ്മൂമ്മയുടെ നാടായ പോണ്ടിച്ചേരിയിലേക്ക് പോകുകയാണെന്ന് വീട്ടുകാര്‍ പോലീസിനെ അറിയിച്ചു. കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ വിളവൂര്‍ക്കല്‍ പ്രസിഡന്റ് ജിനേഷ് ജയന്റെ ലഹരി ഇടപാടുകളില്‍ തെളിവില്ലാത്തതിനാല്‍ ലഹരിക്കേസ് എടുത്തില്ല.
◾മൊബൈല്‍ ഫോണിലൂടെ ഒന്‍പതാം ക്ലാസുകാരിയോട് അശ്ലീലം സംസാരിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. കണ്ണൂര്‍ കണ്ണവം ഡിവൈഎഫ്ഐ മേഖല ട്രഷററായ കെ കെ വിഷ്ണുവിനെയാണ് അറസ്റ്റു ചെയ്തത്.
◾കാസര്‍കോട് ബദിയടുക്കയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി അബ്ദുല്‍ ലത്തീഫാണ് (43) പിടിയിലായ കാമുകന്. പതിനഞ്ചും പതിനേഴും വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.
◾ഇലന്തൂരില്‍ നരബലിക്കിരയായ റോസിലിയുടെ മകളുടെ ഭര്‍ത്താവ് ജീവനൊടുക്കി. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജു (44)വടക്കാഞ്ചേരി എങ്കക്കാട് നമ്പീശന് റോഡിലെ വാടകവീട്ടില്‍ ജീവനൊടുക്കുകയായിരുന്നു. ഭാര്യ മഞ്ജു വര്‍ഗീസ് എറണാകുളത്തേക്കു മകനുമായി പോയതായിരുന്നു.
◾സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കു നഴ്സുമാരെ നിയമിക്കുന്നു. ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം.
◾മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. ദേശീയ വനിതാ കമ്മീഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. മുസ്ലിം വ്യക്തിനിയമ പ്രകാരം 18 വയസിനു താഴെയുള്ള മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം സാധുവാണെന്ന് വിവിധ ഹൈക്കോടതികള്‍ ഉത്തരവിട്ട സാഹചര്യത്തിലാണ് ഹര്‍ജി.
◾യൂട്യൂബില്‍നിന്ന് 75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയയാള്‍ക്കു സുപ്രീം കോടതി 25,000 രൂപ പിഴ ചുമത്തിക്കൊണ്ട് ഹര്‍ജി തള്ളി. യുട്യൂബിലെ പരസ്യങ്ങള്‍ കാരണം ശ്രദ്ധ വ്യതിചലിച്ചെന്നും മത്സര പരീക്ഷയില്‍ തോറ്റെന്നും പറഞ്ഞ് മധ്യപ്രദേശ് സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പിഴ ചുമത്തിക്കൊണ്ടു തള്ളിയത്.
◾ഇന്ത്യ അമേരിക്കയുടെ വെറും സഖ്യകക്ഷിയല്ലെന്നും മറിച്ച് മറ്റൊരു വലിയ ശക്തിയാണെന്നും വൈറ്റ് ഹൗസ് വക്താവ്. ആസ്പെന്‍ സെക്യൂരിറ്റി ഫോറം യോഗത്തില്‍ ഇന്ത്യയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് വൈറ്റ് ഹൗസ് ഏഷ്യ കോഓര്‍ഡിനേറ്റര്‍ കുര്‍ട്ട് കാംബെല്‍ ഇങ്ങനെ പറഞ്ഞത്. 21-ാം നൂറ്റാണ്ടില്‍ യുഎസിന് ഏറ്റവും പ്രധാനപ്പെട്ട ഉഭയകക്ഷി ബന്ധമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
◾ബ്രസീലിനെ കണ്ണീരിലാഴ്ത്തിച്ച ഫുട്ബോള്‍ ദൈവം അര്‍ജന്റീനയെ ആഹ്ലാദത്തിലാറാടിച്ചു. ആദ്യത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ തോല്പിച്ച ക്രൊയേഷ്യ സെമിയില്‍. ഷൂട്ടൗട്ടിലേക്ക് നീണ്ട രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലണ്ട്സിനെ തോല്പിച്ച അര്‍ജന്റീനയും സെമിയിലേക്ക് കടന്നു. ഡിസംബര്‍ 14 ബുധനാഴ്ച ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് നടക്കുന്ന സെമി ഫൈനലില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും.
◾ആവേശക്കൊടുമുടി കയറിയ വാശിയേറിയ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെ തോല്പിച്ച് അര്‍ജന്റീന സെമി ഫൈനലിലേക്ക്. ഗോളി എമിലിയാനോ മാര്‍ട്ടിനെസിന്റെ മികവില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്സിനെ തോല്പിച്ചാണ് അര്‍ജന്റീന സെമിയിലെത്തിയത്. ഷൂട്ടൗട്ടില്‍ നെതര്‍ലണ്ട്സിന്റെ രണ്ട് കിക്കുകള്‍ തടുത്താണ് എമിലിയാനോ മാര്‍ട്ടിനെസ് കളിയിലെ താരമായത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്. എക്സ്ട്രാ ടൈമിലും ഗോളുകള്‍ നേടാനാവാതെയായതോടെയാണ്് കളി ഷൂട്ടൗട്ടിലെത്തിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ അവസാനത്തെ മിനിറ്റില്‍ അര്‍ജന്റീന ജയം ഉറപ്പിച്ച നിമിഷത്തിലായിരുന്നു നെതര്‍ലണ്ട്സ് സമനില ഗോളടിച്ച് അര്‍ജന്റീനയേയും അര്‍ജന്റീന ആരാധകരേയും ഞെട്ടിച്ചത്. കളിയുടെ 35-ാം മിനിറ്റിലായിരുന്നു നെതര്‍ലണ്ട് പ്രതിരോധത്തെ തകര്‍ത്ത് മെസി നല്കിയ ലോകോത്തര പാസിലൂടെ നഹ്വല്‍ മൊളീന അര്‍ജന്റീനക്കു വേണ്ടി ആദ്യ ഗോളടിച്ചത്. 71-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഗോളാക്കി മെസി അര്‍ജന്റീനയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി സെമി പ്രവേശനം ഉറപ്പിച്ചു. രണ്ട് ഗോളടിച്ചതോടെ ആഘോഷം പരകോടിയിലെത്തിയ അര്‍ജന്റീനയെ ഞെട്ടിച്ച് 83-ാം മിനിറ്റില്‍ വെര്‍ഗോസ്റ്റ് നെതര്ലണ്ടസിനായ് ഗോളടിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്‍ഡില്‍ അര്‍ജന്റീന സെമി പ്രവേശനം ഉറപ്പിച്ച സമയത്ത് ലഭിച്ച സമനില ഗോളിലൂടെ അര്‍ജന്റീനയെ വീണ്ടും വെര്‍ഗോസ്റ്റ് നടുക്കി കളഞ്ഞു. തുടര്‍ന്നാണ് എക്സ്ട്രാ ടൈമും എമിലിയാനോ മാര്‍ട്ടിനെസിന്റെ മികച്ച പ്രകടനത്തിലൂടെ ഷൂട്ടൗട്ടില്‍ നെതര്‍ലണ്ട്സിനെ മുട്ടു കുത്തിച്ച് അര്‍ജന്റീന സെമിയിലെത്തിയതും.
◾ബ്രസീലിനെ കണ്ണീരിലാഴ്ത്തിയ ഷൂട്ടൗട്ട്. ഷൂട്ടൗട്ടില്‍ ബ്രസീലിനെ 4-2 ന് വീഴ്ത്തിയ ക്രൊയേഷ്യ സെമിയില്‍. നെയ്മര്‍ എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ നേടിയ ഗോളിലൂടെ വിജയമുറപ്പിച്ച ബ്രസീലിനെതിരെ എക്സ്ട്രാ ടൈം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ സമനില ഗോള്‍ നേടി മത്സരം ഷൂട്ടൗട്ടിലേക്ക് തള്ളിവിട്ടാണ് ക്രൊയേഷ്യ ബ്രസീലില്‍ നിന്ന് വിജയം തട്ടിയെടുത്തത്. ആദ്യപകുതിയുടെ തുടക്കത്തില്‍ ബ്രസീലിനെ വിറപ്പിക്കുന്ന പ്രകടനവുമായി കളംനിറഞ്ഞത് ക്രൊയേഷ്യയായിരുന്നു. പിന്നീട് പന്തടക്കത്തിലും ആക്രമണത്തിലും ഏറെ മുന്നിലായ ബ്രസീലിന് നിരവധി ഗോളവസരങ്ങള്‍ ലഭിച്ചിട്ടും നിശ്ചിത സമയത്ത് ഗോളടിക്കാനായില്ല. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ ആദ്യ പകുതിയില്‍ സാക്ഷാല്‍ സുല്‍ത്താന്‍ നെയ്മര്‍ ക്രൊയേഷ്യന്‍ പ്രതിരോധം തകര്‍ത്ത് പോസ്റ്റിലേക്ക് നിറയൊഴിച്ച് വലകുലുക്കി. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ വിജയാഘോഷം തുടങ്ങിയ ബ്രസീല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ക്രൊയേഷ്യയുടെ ബ്രൂണോ പെറ്റ്കോവിച്ചിന്റെ ഗോളിലൂടെ മത്സരം സമനിലയിലായി. ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ നാല് കിക്കുകള്‍ ഗോളാക്കി മാറ്റിയപ്പോള്‍ ബ്രസീലിന് രണ്ട് കിക്കുകള്‍ മാത്രമേ ഗോളാക്കാന്‍ സാധിച്ചുള്ളു. ആദ്യ കിക്ക് ക്രൊയേഷ്യന്‍ ഗോളി തട്ടിയകറ്റിയപ്പോള്‍ നാലാമത്തെ കിക്ക് പോസ്റ്റില്‍ തട്ടി പുറത്തേക്ക് തെറിച്ചു. അതോടെ ആരാധക ലക്ഷങ്ങളുടെ നെഞ്ചകം തകര്‍ത്ത് ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. ക്രൊയേഷ്യ സെമിയിലേക്കും.
◾ഖത്തര്‍ ലോകകപ്പിലെ മൂന്നാമത്തേയും നാലാമത്തേയും ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ഇന്ന്. സ്പെയിനിനെ അട്ടിമറിച്ച് ക്വാര്‍ട്ടറിലെത്തിയ മൊറാക്കോയാണ് ഇന്ന് രാത്രി 8.30 ന് നടക്കുന്ന മൂന്നാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗലിന്റെ എതിരാളി. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സ്വിറ്റ്സര്ലണ്ടിനെ ആധികാരികമായി തോല്പിച്ചാണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് നടക്കുന്ന ഫ്രാന്‍സ് – ഇംഗ്ലണ്ട് മത്സരം തുല്യ ശക്തികളുടെ പോരാട്ടമാകും. ഫുട്ബോള്‍ വിദഗ്ദര്‍ ഏറ്റവും കൂടുതല്‍ കിരീടസാധ്യത കല്പിക്കപ്പെട്ടിട്ടുള്ള ടീമുകളാണ് ഫ്രാന്‍സും ഇംഗ്ലണ്ടും.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.