◾ഗുജറാത്തിലെ ബിജെപിയുടെ വന്‍ വിജയത്തിന് കളമൊരുക്കിയത് ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ കേജരിവാളുമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കെജരിവാളിന്റെ തലയില്‍ മോദി കൈവച്ച് അനുഗ്രഹിക്കുന്ന ചിത്രം സഹിതമാണ് സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആരോ വ്യാജമായി നിര്‍മിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രമാണു സുധീരന്‍ പോസ്റ്റു ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്.
◾ഗുജറാത്തില്‍ റിക്കാര്‍ഡ് ഭൂരിപക്ഷം നേടിയ ബിജെപിക്കു ഹിമാചല്‍ പ്രദേശില്‍ ഭരണം നഷ്ടമായി. ഹിമാചലില്‍ അട്ടിമറി വിജയം നേടിയ കോണ്‍ഗ്രസ് ഭരണത്തിലേക്ക്. ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയാണു ബിജെപി ഭരണം. ആകെയുള്ള 182 സീറ്റില്‍ 158 സീറ്റുകളും ബിജെപി പിടിച്ചെടുത്തു. കോണ്‍ഗ്രസ് വെറും 16 സീറ്റിലേക്ക് ഒതുങ്ങി. അഞ്ചു സീറ്റുമായി അക്കൗണ്ട് തുടങ്ങിയ ആം ആദ്മി പാര്‍ട്ടി ദേശീയപാര്‍ട്ടി നിലവാരത്തിലേക്ക് ഉയര്‍ന്നു. ഇളക്കി മറിച്ചു പ്രചാരണം നടത്തിയ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കൈക്കലാക്കി. ബിജെപിക്ക് റിക്കാര്‍ഡ് നേട്ടമുണ്ടാകാന്‍ കാരണമിതാണ്. മുഖ്യമന്ത്രിയായി ഭൂപേന്ദ്രഭായ് പട്ടേല്‍ തുടരും. 12 ന് ഉച്ചയ്ക്കു രണ്ടിനാണ് സത്യപ്രതിജ്ഞ.
◾ഹിമാചല്‍ പ്രദേശില്‍ 40 സീറ്റുകളുമായി കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു. ഭരണവിരുദ്ധ വികാരവും വിമതരും ബിജെപിയെ 26 സീറ്റിലൊതുക്കി. മുഖ്യമന്ത്രി ജയറാം താക്കൂര്‍ രാജിവച്ചു. കുതിരക്കച്ചവടം തടയാന്‍ വിജയികളെ കോണ്‍ഗ്രസ് ഛത്തീസ്ഗഡിലെ റിസോര്‍ട്ടിലേക്കു കൊണ്ടുപോകും. 68 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 35 പേരുടെ പിന്തുണ വേണം. ഹിമാചലില്‍ 1985 ന് ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ ബിജെപി 45 സീറ്റാണ് നേടിയത്.
◾കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറെ നിശ്ചയിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനകം സെനറ്റ് നാമനിര്‍ദേശം ചെയ്യണമെന്ന് ഹൈക്കോടതി. ആരെയും നോമിനേറ്റ് ചെയ്തില്ലെങ്കില്‍ ചാന്‍സലര്‍ക്ക് യുജിസി ചട്ടപ്രകാരം വിസി നിയമനത്തിനുള്ള നടപടിയുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സെനറ്റ് അംഗം എസ് ജയറാം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
◾മദ്യത്തിന്റെ വില്‍പന നികുതി നാലു ശതമാനം വര്‍ദ്ധിപ്പിക്കുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പരമാവധി 20 രൂപയേ വില വര്‍ധിക്കൂവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍. ജനങ്ങളില്‍ നികുതി അടിച്ചേല്‍പിച്ച് മദ്യ കമ്പനികള്‍ക്ക് 170 കോടി രൂപ ലാഭമുണ്ടാക്കി കൊടുക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഈ വര്‍ഷം 23 പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
◾സില്‍വല്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ജനങ്ങളോടു യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനങ്ങള്‍ക്കു വേണ്ടാത്ത കെ.റെയില്‍ അടിച്ചേല്‍പ്പിക്കാമെന്നത് മുഖ്യമന്ത്രിയുടെ മൗഢ്യമാണ്. ഇനിയും മഞ്ഞക്കുറ്റിയുമായി ഇറങ്ങിയാല്‍ കോണ്‍ഗ്രസ് പിഴുതെറിയുമെന്നും സുധാകരന്‍ പറഞ്ഞു.
◾തുടര്‍ ഭരണത്തിന്റെ ധാര്‍ഷ്ട്യത്തിലാണ് അനുമതിയില്ലാത്ത സില്‍വര്‍ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു വാക്കൗട്ടിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈന്‍ വിജ്ഞാപനം റദ്ദാക്കണമെന്നും കേന്ദ്രാനുമതിയുമായി വന്നാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
◾കേസില്‍നിന്ന് കോടതിയും പോലീസും ഒഴിവാക്കിയതോടെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ സാധ്യത. ഭരണഘടനയെ അപമാനിക്കുന്ന വിധത്തില്‍ പ്രസംഗിച്ചെന്ന കേസില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി കോടതി തള്ളിയിരുന്നു. തെളിവില്ലെന്നു പറഞ്ഞ് പോലീസ് കേസന്വേഷണം അവസാനിപ്പിച്ചു കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്ന കാര്യം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്യും.
◾സാങ്കേതിക സര്‍വകലാശാല താല്‍കാലിക വിസി നിയമനം അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരേ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍. ഡോ. സിസ തോമസിനെ താല്‍കാലിക വിസിയായി നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെയുള്ള സര്‍ക്കാരിന്റെ ഹര്‍ജി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു.
◾അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിനെ കാട്ടില്‍നിന്ന് പിടിച്ചു കൊണ്ടുവന്നതായി എഫ്ഐആറില്‍ പറയുന്ന ഏഴുപേര്‍ കാട്ടില്‍ പോയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍. പ്രതിഭാഗത്തിന്റെ വിസ്താരത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഗളി മുന്‍ ഡിവൈഎസ്പി ടി.കെ.സുബ്രഹ്‌മണ്യനെ വിസ്തരിച്ചപ്പോഴാണ് ഈ മൊഴിയുണ്ടായത്. മധുവിനെ കസ്റ്റഡിയിലെടുത്ത അഡീഷനല്‍ എസ്ഐ പ്രസാദ് വര്‍ക്കി എഴുതിയത് കളവാണെന്ന് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു.
◾ലോക്സഭാ തെരഞ്ഞെടുപ്പിലെ അതേ ഫലമാണ് ഗുജറാത്തിലേതെന്ന് മുസ്ലിം ലീഗ്. എന്‍ഡിഎ വിരുദ്ധര്‍ ഭിന്നിച്ചതാണ് കാരണമെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കേജരിവാള്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചു. മുഴുവന്‍ ജനപ്രതിനിധികളെയും വിലക്ക് വാങ്ങുന്ന ബിജെപിയുടെ രാഷ്ട്രീയ കുതിരക്കച്ചവടം തടയണം. ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷ സഖ്യം അനിവാര്യമാണമെന്നും പിഎംഎ സലാം പറഞ്ഞു.
◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജനുവരി മൂന്നു മുതല്‍ ഏഴു വരെ കോഴിക്കോടാണു കലോല്‍സവം. 239 ഇനങ്ങളിലായി ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌ക്കൂള്‍ വിഭാഗങ്ങളിലെ 14000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
◾സംസ്ഥാനത്ത് എട്ടു മാസംകൊണ്ട് 1,01,353 എംഎസ്എംഇ സംരംഭങ്ങള്‍ തുടങ്ങിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിയമസഭയില്‍ അറിയിച്ചു. ഇതിലൂടെ 6,282 കോടി രൂപയുടെ ആഭ്യന്തര നിക്ഷേപം കേരളത്തിലെത്തി. 2,20,500 പേര്‍ക്കു തൊഴില്‍ ലഭിച്ചെന്നും അവകാശപ്പെട്ടു. മലപ്പുറം, എറണാകുളം ജില്ലകളില്‍ മാത്രം പതിനായിരത്തില്‍ അധികം സംരംഭങ്ങളാണ് തുടങ്ങിയത്. ഒരു വര്‍ഷം കൊണ്ട് കൈവരിക്കാന്‍ ലക്ഷ്യമിട്ട കാര്യമാണ് വ്യവസായ വകുപ്പ് എട്ട് മാസം കൊണ്ട് യാഥാര്‍ത്ഥ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.
◾റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നു പരാതിയുമായി 38 പേര്‍. എറണാകുളം എക്സൈസ് റേഞ്ചിലെ സിവില്‍ ഓഫീസര്‍ വടക്കന്‍ പറവൂര്‍ സ്വദേശി എംജി അനീഷിനെതിരെയാണ് പരാതി. 66 പേരില്‍ നിന്ന് രണ്ടര കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് എറണാകുളം പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുള്ളത്. റഷ്യയിലെ ഇമ്മാനുവല്‍ എന്ന യുവാവാണ് ജോലി വാഗ്ദാനം ചെയ്ത് അനീഷിനെ സമീപിക്കാന്‍ നിര്‍ദേശിച്ചത്. രണ്ടു ലക്ഷം മുതല്‍ ഒമ്പതു ലക്ഷം രൂപ വരെ അനീഷ് വാങ്ങിയെന്നാണു പരാതി.
◾നെടുങ്കണ്ടം മയിലാടുംപാറ ആട്ടുപാറയില്‍ ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ ശരീരത്തിലേക്കു വീണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു.
◾കരിപ്പൂരില്‍നിന്നു റിയാദിലേക്കുള്ള വിമാനത്തില്‍ പാസ്‌പോര്‍ട്ട് മറന്നുവച്ച മലയാളി യാത്രക്കാരി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 321-ാം നമ്പര്‍ വിമാനത്താവളത്തില്‍ റിയാദിലേക്കു യാത്ര ചെയ്ത മലപ്പുറം ചെമ്മാട് വെളിമുക്ക് സ്വദേശി സക്കീനാ അഹമ്മദാണ് പാസ്‌പോര്‍ട്ട് വിമാനത്തില്‍ മറന്നുവച്ചത്.
◾പതിനാറു കാരവനുകളിലായി കേരളം സന്ദര്‍ശിക്കാനെത്തിയ 31 വിദേശ സഞ്ചാരികളെ സ്വീകരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിന്റെ കാരവന്‍ ടൂറിസത്തെക്കുറിച്ചു മനസിലാക്കി യാത്രയുടെ റൂട്ട് മാറ്റിയാണ് ഇവര്‍ കേരളത്തിലെത്തിയതെന്ന് ഫേസ്ബുക്കില്‍ മന്ത്രി കുറിച്ചു. ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് 16 കാരവനുകളിലായി വിനോദസഞ്ചാരികള്‍.
◾ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തെ വിമര്‍ശിക്കുന്നതിനെതിരേ കേന്ദ്ര സര്‍ക്കാരിനു സുപ്രീം കോടതിയുടെ താക്കീത്. കൊളീജിയം ഈ രാജ്യത്തിന്റെ നിയമമാണ്. വിമര്‍ശനങ്ങളെ അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാരിനെ ഉപദേശിക്കണമെന്ന് അറ്റോര്‍ണി ജനറലിനോട് കോടതി നിര്‍ദേശിച്ചു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ കൊളീജിയം സംവിധാനത്തെ വിമര്‍ശിച്ചതിനോടു പ്രതികരിക്കുകയായിരുന്നു സുപ്രീം കോടതി.
◾ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സാധാരണമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുനന്‍ ഖര്‍ഗെ. ഗുജറാത്തിലെ തിരിച്ചടിയില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചു ഭരണം നല്‍കിയ ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ചു.
◾ഏഴാം തവണയും തുടര്‍ഭരണം തന്ന ഗുജറാത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ശക്തിയെ നമിക്കുന്നു. വികസന രാഷ്ട്രീയത്തെ ജനങ്ങള്‍ അനുഗ്രഹിച്ചെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മോദി ട്വീറ്റ് ചെയ്തു.
◾ഗുജറാത്തില്‍ 12 ശതമാനം വോട്ടോടെ അക്കൗണ്ട് തുടങ്ങിയ ആം ആദ്മി പാര്‍ട്ടിക്കു ദേശീയ പാര്‍ട്ടി പദവി. ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനമാണ് ആംആദ്മി പാര്‍ട്ടിക്ക്. ഡല്‍ഹിയിലും പഞ്ചാബിലും ഭരണം പിടിച്ച ആം ആദ്മി പാര്‍ട്ടി ഗോവയില്‍ ആറ് ശതമാനം വോട്ടോടെ രണ്ടു സീറ്റു നേടിയിരുന്നു. നാലു സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ട് നേടിയാല്‍ ദേശീയ പാര്‍ട്ടി പദവി നേടാമെന്നാണു വ്യവസ്ഥ. ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാന്‍ ഗാഡ്വി 18,000 വോട്ടിനു പരാജയപ്പെട്ടു. മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ ഗാഡ്വിയുടെ അഴിമതി വിരുദ്ധ വാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടിയാണ് എഎപി പ്രചാരണം നടത്തിയിരുന്നത്.
◾ഹിമാചല്‍ പ്രദേശില്‍ ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിക്കസേരയ്ക്കായി അടിപിടി തുടങ്ങി. മുന്‍ പിസിസി അധ്യക്ഷന്‍ സുഖ്വിന്ദര്‍ സിംഗ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി, പിസിസി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയും ലോക്സഭാംഗവുമായ പ്രതിഭ സിംഗ് എന്നിവരാണു ചരടുവലികളുമായി രംഗത്തുള്ളത്.
◾ഹിമാചല്‍ പ്രദേശില്‍ ഭരണം നഷ്ടപ്പെട്ടതോടെ ബിജെപി ഒറ്റയ്ക്കു ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം പതിനൊന്നായി കുറഞ്ഞു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, കര്‍ണാടക, ആസാം, ത്രിപുര, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് ഒറ്റയ്ക്കു ഭരണമുള്ളത്. മഹാരാഷ്ട്ര, സിക്കിം, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ ബിജെപിയുടെ എന്‍ഡിഎ സഖ്യമാണ് ഭരിക്കുന്നത്.
◾ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം 30 വര്‍ഷത്തെ വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള പ്രശ്നങ്ങള്‍ ഹിന്ദുത്വ പ്രചാരണത്തിലൂടെ ബിജെപി മറികടന്നു. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേടിയ വിജയം ബിജെപിക്ക് കനത്ത തിരിച്ചടിയാണെന്നും സിപിഎം വിലയിരുത്തി.
◾സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പു നടന്ന ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോകസഭാ സീറ്റില്‍ അദ്ദേഹത്തിന്റെ മരുമകളായ ഡിംപിള്‍ യാദവ് രണ്ടരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു.
◾ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളുടെ പേരില്‍ ഇറാനില്‍ ആദ്യത്തെ വധശിക്ഷ. ദൈവവിരോധം ആരോപിച്ച് മൊഹ്‌സിന്‍ ഷെകാരി എന്ന യുവാവിനെയാണ് തൂക്കിലേറ്റിയത്. കലാപങ്ങള്‍ക്കിടെ ടെഹ്റാനിലെ പ്രധാനപാത ഉപരോധിച്ചതിനും, സൈനികനെ കുത്തിയതിനുമാണ് മൊഹ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തത്.
◾കുവൈറ്റില്‍ സ്ത്രീ വേഷം ധരിച്ച് മസാജ് പാര്‍ലറുകളില്‍ ജോലി ചെയ്തിരുന്ന 3,000 പ്രവാസികളെ പിടികൂടി നാടുകടത്തി. ഇവരില്‍ ചിലര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണ്.
◾പോര്‍ച്ചുഗല്‍ ടീമിനുള്ളില്‍ പടലപ്പിണക്കമാണെന്ന ആരോപണങ്ങളെ തള്ളി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ട്വിറ്റര്‍ പോസ്റ്റ്. ബാഹ്യശക്തികള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്തത്ര വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ടീമിലുള്ളതെന്നും അവസാനം വരെ സ്വപ്നത്തിനായി പോര്‍ച്ചുഗല്‍ പോരാടുമെന്നും റൊണാള്‍ഡോ ട്വീറ്റ് ചെയ്തു.
◾ഡിസംബര്‍ 14 ന് ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് ഖത്തറിലെ ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ പന്തുരുളുമ്പോള്‍ അര്‍ജന്റീനയുടെ ലയണല്‍ മെസിയും ബ്രസീലിന്റെ നെയ്മറും നേര്‍ക്കു നേര്‍ വരുമോയെന്ന് ഇന്നറിയാം. ഖത്തര്‍ ലോകകപ്പിലെ ആദ്യ രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ഇന്ന്. ഇന്ന് രാത്രി 8.30 ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ക്രൊയേഷ്യയുമായും ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് നടക്കുന്ന രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന നെതര്‍ലണ്ട്സുമായി ഏറ്റുട്ടും. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യു.എസ്.എ യെ തോല്‍പിച്ചാണ് നെതര്‍ലണ്ട്സ് ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ ആസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ചാണ് അര്‍ജന്റീന ക്വാര്‍ട്ടറിലെത്തിയത്. ജപ്പാനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ച്് ക്രൊയേഷ്യ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ സൗത്ത് കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയത്. അര്‍ജന്റീന – ബ്രസീല്‍ സ്വപ്ന സെമി ഫൈനലിനായ് കാത്തിരിക്കുന്നവരാണ് ഫുട്ബോള്‍ പ്രേമികളില്‍ ഭൂരിപക്ഷവും.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.