കൊറോണ മനുഷ്യനിര്‍മ്മിത വൈറസാണെന്ന്  വുഹാൻ ലാബിലെ അമേരിക്കന്‍ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍

കൊറോണ മനുഷ്യനിര്‍മ്മിത വൈറസാണെന്ന് വുഹാൻ ലാബിലെ അമേരിക്കന്‍ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍

◾കൊറോണ മനുഷ്യനിര്‍മ്മിത വൈറസാണെന്ന് ചൈനയിലെ വുഹാനിലുള്ള ലാബില്‍ പ്രവര്‍ത്തിച്ചിരുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍. ലാബില്‍നിന്ന് വൈറസ് ചോരുകയായിരുന്നെന്നാണ് ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ് പറയുന്നത്. ഹഫിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് ദിനപത്രമായ ദി സണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

◾വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കാന്‍ മന്ത്രിസഭാ ഉപസമിതിയും സമരസമിതി നേതാക്കളും തമ്മില്‍ ഇന്നു ചര്‍ച്ച. ഇന്നലെ മുഖ്യമന്ത്രി മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തര യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്തിരുന്നു. മധ്യസ്ഥ റോളിലുള്ള കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ഫോണ്‍ മുഖേനെ ആശയവിനിമയം നടത്തി. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍നിന്നു പിന്മാറാന്‍ സമരസമിതി തയാറാണ്. സര്‍ക്കാരിന്റെ ഉറപ്പു പാലിക്കപ്പെടുമോയെന്ന ആശങ്കയാണു സമരസമിതിക്കുള്ളത്. വിഷയം നാളെ ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നതിനു മുമ്പേ തീരുമാനത്തിലെത്താനാണ് ഇരു വിഭാഗത്തിന്റേയും ശ്രമം.

◾നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വിഴിഞ്ഞം സമരത്തില്‍ അടിയന്തിര പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം. ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്‍ സര്‍ക്കാര്‍ നാളെ സഭയില്‍ അവതരിപ്പിക്കും.

◾സംസ്ഥാനത്തു സി.പി.എം സമാന്തര റിക്രൂട്ട്‌മെന്റ് നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ശിപായിമാര്‍ മുതല്‍ വൈസ് ചാന്‍സലര്‍മാര്‍ വരെയുള്ളവരെ പാര്‍ട്ടിയാണു നിയമിക്കുന്നത്. ജോലി ഒഴിവുകള്‍ എപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളിലേക്കു റഫര്‍ ചെയ്യാതെ പാര്‍ട്ടിയുടെ താഴേത്തട്ടു മുതല്‍ സംസ്ഥാന കമ്മിറ്റി വരെ നിയമനത്തട്ടിപ്പു നടത്തുകയാണ്. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചപ്പോഴാണ് അദ്ദേഹം നിയമസഭില്‍ ഇങ്ങനെ പറഞ്ഞത്. 

◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ അഞ്ചു പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. തട്ടിപ്പു കാലത്ത് പ്രതികള്‍ 117 കോടി രൂപയുടെ വ്യാജ വായ്പ തരപ്പെടുത്തിയെന്നു ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മാനേജര്‍ ബിജു കരീം, അക്കൗണ്ടന്റ് ജില്‍സ്, കമ്മീഷന്‍ ഏജന്റ് ബിജോയ്, സൂപ്പര്‍ മാര്‍ക്കറ്റ് ക്യാഷ്യര്‍ റജി. കെ അനില്‍ എന്നിവരുടെ സ്വത്തുക്കളാണു കണ്ടുകെട്ടുക. ഇവര്‍ 2011 മുതല്‍ 2021 വരെ സമ്പാദിച്ച 58 സ്വത്തുക്കളാണ് കണ്ടുകെട്ടുക. ഒന്നാം പ്രതി സുനില്‍കുമാറിന്റെ പേരില്‍ സ്വത്തുക്കളില്ലാത്തതിനാല്‍ കണ്ടുകെട്ടാനാവില്ല.

◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കളക്ഷന്‍ ഏജന്റ് എ.കെ ബിജോയിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. 30.70 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ബാങ്ക് ഭരണ സമിതി അറിയാതെ ബിജോയ് 26.60 കോടി രൂപയുടെ വായ്പ നല്‍കിയെന്ന് കണ്ടെത്തിയിരുന്നു.

◾വിഴിഞ്ഞത്തെ സമരപ്പന്തലില്‍ സമാധാന ദൗത്യ സംഘം. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കണമെന്നും സര്‍വമത നേതാക്കളടങ്ങുന്ന ദൗത്യ സംഘം. അതേസമയം, തുറമുഖം വേണമെന്ന് ആവശ്യപ്പെട്ടു സമരം നടത്തുന്ന പ്രാദേശിക ജനകീയ കൂട്ടായ്മ സമാധാന ദൗത്യസംഘം ഏകപക്ഷീയമാണെന്ന് ആരോപിച്ചു. തങ്ങളെ ആക്രമിച്ചവരെ അറസ്റ്റു ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബിഷപ്പ് ഡോ. സൂസപാക്യം,  ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്.

◾വിഴിഞ്ഞം വിഷയത്തില്‍ സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് ഖേദകരമെന്ന് കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ്. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളോട് ചര്‍ച്ചയിലൂടെ സമവായത്തിലെത്താതെ സര്‍ക്കാര്‍ ഏകപക്ഷീയമായി ഉത്തരവുകള്‍ ഇറക്കുകയും കേസുകളെടുക്കുകയുമാണ്. ആവശ്യങ്ങളെല്ലാം അംഗീകരിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. മത്സ്യത്തൊഴിലാളികളുടെ നീതി സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസേനയെ വിളിക്കാനുള്ള നീക്കം ആശങ്കാജനകമാണെന്നും കെസിബിസി.

◾എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ഏകീകൃത കുര്‍ബാനയെച്ചൊല്ലി തര്‍ക്കമുന്നയിക്കുന്ന വിമത വിഭാഗത്തില്‍നിന്ന് ജീവനു ഭീഷണിയുണ്ടെന്ന് ബിഷപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

◾കളമശ്ശേരി നഗരസഭയില്‍ എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തി യുഡിഎഫ് ഭരണം നിലനിര്‍ത്തി.  വോട്ടെടുപ്പില്‍നിന്ന് യുഡിഎഫും ബിജെപിയും വിട്ടുനിന്നതാണ് അവിശ്വാസം പരാജപ്പെടാന്‍ കാരണം. ഒരൊറ്റ അംഗത്തിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് ഭരണം. യുഡിഎഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്രനെ അടര്‍ത്തി എടുത്താണ് എല്‍എഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

◾അനുമതിയില്ലാതെ ഇടുക്കി രാമക്കല്‍മേടിലേക്കു വിനോദയാത്രയുമായി വന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ടൂറിസ്റ്റ് ബസ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. നിലമ്പൂരില്‍നിന്ന് കൊടൈക്കനാലിലേക്കു പോകുകയായിരുന്ന ബസാണ് പിടിച്ചത്.

◾കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനം പഠിക്കാന്‍ ഫിന്‍ലാന്‍ഡ് വിദ്യാഭ്യാസ സംഘം തിരുവന്തപുരത്ത്. സംസ്ഥാന കായികോത്സവ മേളയുടെ പവലിയനില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുമായി സംഘാംഗങ്ങള്‍ സംസാരിച്ചു. മുഖ്യമന്ത്രിയും സംഘവും ഫിന്‍ലന്‍ഡ് സന്ദര്‍ശിച്ചതിന്റെ ഭാഗമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്കായിട്ടാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്. എട്ടാം തീയ്യതി വരെ സംഘം സംസ്ഥാനത്തുണ്ടാകും.

◾ആസാമിലെ ജയിലിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം നല്‍കിയ ഹര്‍ജിയില്‍ കേരള, ആസാം സര്‍ക്കാരുകള്‍ക്കു സുപ്രീം കോടതി നോട്ടീസ്. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണം.

◾അവയവ മാറ്റത്തിനു വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ ഏകോപിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് സുപ്രീംകോടതി. കേന്ദ്ര നിയമവുമായി ബന്ധപ്പെടുത്തി സംസ്ഥാന ചട്ടങ്ങളും ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് നടപടി.

◾മത പരിവര്‍ത്തന വിരുദ്ധ നിയമങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. നിര്‍ബന്ധിച്ചോ സ്വാധീനിച്ചോ നടത്തുന്ന മതപരിവര്‍ത്തനം നടത്തുന്നത് തെറ്റാണെന്ന് സുപ്രീംകോടതി. ദാനത്തിലൂടെ മതപരിവര്‍ത്തനം പാടില്ല. കേസ് ഡിസംബര്‍ 12 ന് പരിഗണിക്കും.

◾ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 59.98 ശതമാനത്തോളം പോളിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടരമണിക്കൂര്‍ റോഡ് ഷോ നടത്തിയാണ് വോട്ട് ചെയ്യാനെത്തിയതെന്നു പരാതി ഉയര്‍ന്നു. ചട്ട ലംഘനത്തില്‍  തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയില്ലെന്നു കോണ്‍ഗ്രസ് ആരോപിച്ചു. വ്യാഴാഴ്ചയാണു വോട്ടെണ്ണല്‍. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപിതന്നെ അധികാരത്തിലെത്തുമെന്നാണു എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.

◾പൊതു-സ്വകാര്യ മേഖലകളില്‍ ജോലിചെയ്യന്ന ഭിന്നശേഷിക്കാര്‍ക്കു വീട്ടിലിരുന്ന് ജോലിചെയ്യാന്‍ അവസരം നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോട് അനുബന്ധിച്ചാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

◾സാമ്പത്തിക സംവരണം ശരിവച്ച സുപ്രീംകോടതി വിധിക്കെതിരെ ഡിഎംകെ പുനഃപരിശോധന ഹര്‍ജി നല്‍കി. നേരത്തെ കോണ്‍ഗ്രസ് നേതാവ് ജയ താക്കൂറും ഹര്‍ജി നല്‍കിയിരുന്നു.

◾ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. സിംഗപ്പൂരിലാണ് ശസ്ത്രക്രിയ നടന്നത്. വൃക്ക ദാനം ചെയ്ത മകള്‍ രോഹിണി ആചാര്യയുടെ ആരോഗ്യനിലയും തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍.

◾കൊടും തണുപ്പില്‍ ജാക്കറ്റു ധരിക്കാതെ ഭാരത് ജോഡോ യാത്ര നയിച്ച് രാഹുല്‍ ഗാന്ധി. രാവിലെ ആറേകാലിനു 13 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ളപ്പോഴാണ് ഹാഫ് സ്ലീവ് ടീ ഷര്‍ട്ടു ധരിച്ച് രാഹുല്‍ നടന്നത്. രാജസ്ഥാനിലെ പര്യടനത്തിനു മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും യാത്രയില്‍ പങ്കെടുത്തു.

◾ബംഗാള്‍ ഉള്‍ക്കടലില്‍ 5.1 തീവ്രതയുള്ള ഭൂകമ്പം. കൊല്‍ക്കത്തയില്‍ നിന്ന് 409 കിലോമീറ്റര്‍ തെക്ക് കിഴക്കു ഭാഗത്തായിരുന്നു ഭൂകമ്പം. തീരമേഖലയില്‍ പ്രളയ സാധ്യതയോ സുനാമി മുന്നറിയിപ്പോ ഇല്ല.

◾കൂടുതല്‍ നിക്ഷേപം നടത്തണമെന്നും അടിസ്ഥാന സൗകര്യ വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നും ഇന്ത്യയോട് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. താലിബാന്റെ നഗരവികസന-ഭവന മന്ത്രി ഹംദുല്ല നൊമാനി അഫ്ഗാനിലെ ഇന്ത്യയുടെ സാങ്കേതിക ടീം തലവന്‍ ഭരത് കുമാറിനോടാണ് ആവശ്യം ഉന്നയിച്ചത്.

◾ദക്ഷിണാഫ്രിക്കയിലെ ജൊഹനാസ്ബര്‍ഗില്‍ പ്രളയത്തില്‍ 14 പേര്‍ മരിച്ചു. ജുക്സ്‌കെയ് നദീ തീരത്താണ് ദുരന്തമുണ്ടായത്.

◾ബംഗ്ലാദേശിനെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ മാച്ച് ഫീയുടെ 80 ശതമാനം പിഴ ചുമത്തി. നിശ്ചിത സമയത്ത് നാലോവര്‍ കുറച്ചാണ് ഇന്ത്യ എറിഞ്ഞിരുന്നത്. പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴ. അതേസമയം തോല്‍വിക്ക് പിന്നാലെ രാഹുല്‍ ദ്രാവിഡിനെ ടി20 ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ബിസിസിഐ ഗൗരവമായി പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍.

◾ഖത്തര്‍ ലോകകപ്പിലെ ഏഷ്യന്‍ കുതിപ്പ് അവസാനിച്ചു. ദക്ഷിണ കൊറിയയെ തകര്‍ത്ത് ബ്രസീല്‍ ക്വാര്‍ട്ടറില്‍. ജപ്പാനെ ടൈബ്രേക്കറില്‍ കീഴടക്കി ക്രൊയേഷ്യയും ക്വാര്‍ട്ടറിലെത്തി. ഡിസംബര്‍ 9 ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും.

◾നെയ്മര്‍ തിരിച്ചെത്തി, ഒപ്പം ബ്രസീലും. കാമറൂണിനെതിരെ നിറം മങ്ങിയ കളി കാഴ്ച വെച്ച ബ്രസീലിനെയായിരുന്നില്ല കൊറിയക്കെതിരെ കണ്ടത്. പരിക്കില്‍ നിന്ന് മോചിതനായ സൂപ്പര്‍ താരം നെയ്മറിന്റെ തിരിച്ചു വരവില്‍ ആവേശം കൊണ്ട ബ്രസീല്‍ വെറും മുപ്പത്തിയാറ് മിനിറ്റിനുള്ളില്‍ നാല് ഗോളുകളടിച്ച് അട്ടിമറി സ്വപ്നവുമായെത്തിയ ദക്ഷിണ കൊറിയയെ നിലംപരിശാക്കി. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ വലകുലുക്കി. പിന്നാലെ ലഭിച്ച പെനാല്‍റ്റി സൂപ്പര്‍താരം നെയ്മര്‍ ഗോളാക്കി മാറ്റി. 29-ാ മിനിറ്റില്‍ റിച്ചാര്‍ലിസണ്‍ നേടിയ മനോഹരമായ ഗോളിലൂടെ ബ്രസീല്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. 36-ാം മിനിറ്റില്‍ ലൂക്കാസ് പക്വെറ്റയിലൂടെ നാലാം ഗോള്‍ കൂടി നേടിയതോടെ മഞ്ഞപ്പട ആവേശത്തിമര്‍പ്പിലാറാടി. ആശ്വാസഗോള്‍ കണ്ടെത്താനുള്ള ദക്ഷിണ കൊറിയയുടെ ശ്രമത്തിനൊടുവില്‍ 76- ാം മിനിറ്റില്‍ വെടിയുതിര്‍ക്കും പോലൊരു ഷോട്ടിലൂടെ ദക്ഷിണകൊറിയ ഗോള്‍ നേടി. പിന്നാലെ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബ്രസീല്‍ ഗോള്‍വല കുലുക്കാന്‍ കൊറിയയ്ക്ക് സാധിച്ചില്ല. ഇതോടെ മത്സരം അനായാസം ബ്രസീല്‍ സ്വന്തമാക്കി.

◾ടൈബ്രേക്കറിലേക്ക് നീണ്ട ജപ്പാന്‍ – ക്രൊയേഷ്യ മത്സരത്തില്‍ വിജയിച്ച ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.  നിശ്ചിത സമയത്ത് 1-1 എന്ന നിലയില്‍ സമനില പാലിച്ച മത്സരം എക്സ്ട്രാ ടൈമിലും സമനിലയിലായി. തുടര്‍ന്നാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറില്‍ ജപ്പാന്റെ മൂന്ന് കിക്കുകള്‍ തടുത്ത ക്രൊയേഷ്യന്‍ ഗോളി ഡൊമിനിക് ലിവാകോവിച്ച് ക്വാര്‍ട്ടറിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. 3-1 എന്ന സ്‌കോറിനായിരുന്നു ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയുടെ ജയം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ക്രൊയേഷ്യയെ ഞെട്ടിച്ചുകൊണ്ട് ജപ്പാന്‍ ആദ്യ ഗോളടിച്ചു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ക്രൊയേഷ്യ തിരിച്ചടിച്ചു. പിന്നീട് നിരവധി ആക്രമണ പ്രത്യാക്രമണങ്ങള്‍ ഇരുകൂട്ടരും നടത്തിയെങ്കിലും സമനില പൂട്ടു പൊളിക്കാന്‍ ആ ആക്രമണങ്ങള്‍ക്കായില്ല. അധിക സമയത്തും മത്സരം സമനിലപാലിച്ചതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്.

◾ഖത്തര്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടറില്‍ സ്പെയിനിനും പോര്‍ച്ചുഗലിനും ഇന്ന് മത്സരങ്ങള്‍. ഇന്ന് രാത്രി 8.30ന് സ്പെയിന്‍ മൊറോക്കോയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലാണ്ടുമായി ഏറ്റുമുട്ടും. ഇന്നത്തോടെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിക്കും. നാളെ ലോകകപ്പില്‍ മത്സരങ്ങളില്ല. വെള്ളിയാഴ്ച മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!