പുറത്താക്കാതിരിക്കാന്‍ കാരണം കാണിച്ചു നോട്ടീസ് നല്‍കിയ ഒമ്പതു വിസിമാരോട് ഹിയറിംഗിന് ഹാജരാകണമെന്നു ഗവര്‍ണര്‍

പുറത്താക്കാതിരിക്കാന്‍ കാരണം കാണിച്ചു നോട്ടീസ് നല്‍കിയ ഒമ്പതു വിസിമാരോട് ഹിയറിംഗിന് ഹാജരാകണമെന്നു ഗവര്‍ണര്‍

◾പുറത്താക്കാതിരിക്കാന്‍ കാരണം കാണിച്ചു നോട്ടീസ് നല്‍കിയ ഒമ്പതു വിസിമാരോട് 12 ന് ഹിയറിംഗിന് ഹാജരാകണമെന്നു ഗവര്‍ണര്‍. വിസിമാര്‍ക്കു നേരിട്ടു ഹാജരാകാം അല്ലെങ്കില്‍ അഭിഭാഷകരെ ചുമതലപ്പെടുത്താം. 12 ന് രാവിലെ 11 നു രാജ്ഭവനില്‍ എത്തണമെന്നാണ് നോട്ടീസ്. കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. യുജിസി ചട്ടം ലംഘിച്ചു നിയമിതരായ വിസിമാര്‍ക്കു തുടരാന്‍ യോഗ്യതയില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.

◾വിഴിഞ്ഞം വിഷയത്തില്‍ അനുരഞ്ജന ചര്‍ച്ച. മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലീമിസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറി വി.പി. ജോയി മലങ്കര സഭാധ്യക്ഷന്‍ മാര്‍ ക്ലിമീസും ലത്തീന്‍ ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ നെറ്റോയുമായും സംസാരിച്ചതിനുശേഷമാണ് മാര്‍ ക്ലീമിസ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. പല തട്ടിലുള്ള അനുരഞ്ജന ശ്രമങ്ങളാണു പുരോഗമിക്കുന്നത്. ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ എന്‍. രാധാകൃഷ്ണന്റെ മധ്യസ്ഥതയിലും ഒത്തുതീര്‍പ്പു ചര്‍ച്ചയുണ്ട്. റിട്ടയേഡ് ജസ്റ്റിസ് ഹരിഹരന്‍ നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന്‍ തുടങ്ങിയ പൗരപ്രമുഖരും ഈ അനുരഞ്ജന ശ്രമത്തിനു പിറകിലുണ്ട്.

◾വിഴിഞ്ഞത്തെ സുരക്ഷാ ചുമതലകള്‍ കേന്ദ്രസേനയെ ഏല്‍പിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ തള്ളി  കേന്ദ്ര മന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഒരു നിലപാടും പുറത്ത് മറ്റൊരു നിലപാടുമാണ് പറയുന്നത്. ഇത് തിരുത്തി ഒറ്റ നിലപാട് പ്രഖ്യാപിച്ച ശേഷമേ കേന്ദ്ര സേനയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കൂവെന്ന് മുരളീധരന്‍ പറഞ്ഞു. വിഴിഞ്ഞത്തെ സമരക്കാരെ നേരിടുമെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര വകുപ്പ് പരാജയമെന്നു തുറന്നു സമ്മതിച്ചെങ്കിലേ കേന്ദ്ര സേനയെ അയക്കൂവെന്നും മുരളീധരന്‍.

◾രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള പ്രതികളെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ജയിലുകളിലുള്ള സിപിഎം പ്രദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ള കൊലയാളികളെ വിട്ടയയ്ക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമവിരുദ്ധമായ മന്ത്രിസഭാ തീരുമാനവും ആഭ്യന്തരവകുപ്പിന്റെ ഉത്തരവും റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ്  ആവശ്യപ്പെട്ടു.

◾ശശി തരൂരിനു വീട്ടുതടങ്കല്‍ ശിക്ഷിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഐ ഗ്രൂപ്പും ചില ഡിസിസി പ്രസിഡന്റുമാരുമാണ് ശശി തരൂര്‍ പുറത്തിറങ്ങരുതെന്നു വിലക്കുന്നത്. എന്നാല്‍ താന്‍ സംഘടനാ ചട്ടക്കൂടു ലംഘിച്ചിട്ടില്ലെന്നു ശശി തരൂര്‍ എംപി. പാര്‍ട്ടിയുടെ ഭാഗമായ യൂത്ത് കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ പോകും. കോണ്‍ഗ്രസ് ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാനാണു പോകുന്നത്. യോഗവിവരം സംഘാടകരാണ് ഡിസിസിയെ അറിയിക്കേണ്ടത്. താനും അറിയിച്ചിട്ടുണ്ട്. താല്‍പര്യമില്ലാത്തവര്‍ വരേണ്ട. ബിഷപ്പുമാരെ സന്ദര്‍ശിച്ചതില്‍ പ്രത്യേകതയില്ല. എന്തുകൊണ്ടാണ് തന്റെ സന്ദര്‍ശനങ്ങള്‍ വിവാദമാക്കുന്നതെന്ന് അറിയില്ലെന്നും തരൂര്‍.

◾മുഖ്യമന്ത്രി പിണറായി വിജയന്‍ അദാനിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സേനയെ കൊണ്ടുവരുന്ന മുഖ്യമന്ത്രി വിഴിഞ്ഞം സമരത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നല്‍കാത്തത് എന്തുകൊണ്ടാണ്. സ്ഥലത്തില്ലാത്ത രൂപത അധ്യക്ഷനെതിരെ കള്ളക്കേസെടുത്ത നടപടി പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

◾നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. നാടകങ്ങളിലൂടെ അഭിനയ രംഗത്തെത്തിയ കൊച്ചുപ്രേമന്‍ 250ലധികം സിനിമകള്‍ അഭിനയിച്ചിട്ടുണ്ട്.

◾കോഴിക്കോട് കോര്‍പറേഷന്റെ കോടികള്‍ ബാങ്ക് അക്കൗണ്ടില്‍നിന്നു നഷ്ടപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം മേയര്‍ ഭവനില്‍. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അതിക്രമിച്ചു കയറിയെന്ന് മേയര്‍ ഡോ. ബീന ഫിലിപ്പ്. പോലീസില്‍ പരാതി നല്‍കിയതോടെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരേ കേസെടുത്തു. ഔദ്യോഗിക വസതിയില്‍ നടത്തിയ പ്രതിഷേധത്തിനു പിറകില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ലെന്നും മേയര്‍.

◾കോഴിക്കോട് കോര്‍പ്പറേഷന് നഷ്ടമായ പണം പഞ്ചാബ് നാഷണല്‍ ബാങ്ക് തിരിച്ചുതന്നില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ ബാങ്കിന്റെ കോഴിക്കോട് ജില്ലയിലെ ഒരു ശാഖയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍. നഷ്ടപ്പെട്ട പണം ഒരു ചില്ലി കാശുപോലും കുറയാതെ തിരിച്ചുനല്‍കണം. മോഹനന്‍ പറഞ്ഞു.

◾കോടതി പുറത്താക്കിയ കുഫോസ് വിസി റിജി ജോണിനുവേണ്ടി യൂണിവേഴ്സിറ്റിയുടെ ചെലവില്‍ സുപ്രീംകോടതിയില്‍ അഭിഭാഷകനെ നിയോഗിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. ആക്ടിംഗ് വിസിയായി റിജി ജോണിന്റെ ഭാര്യ ഡോ. എം റോസലിന്‍ഡ് ജോര്‍ജിനെയാണു നിയമിച്ചിട്ടുള്ളത്.

◾അയ്യപ്പ ഭക്തര്‍ക്കായി നിലക്കലിലും പമ്പയിലും ആവശ്യത്തിനു കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നു ഹൈക്കോടതി ഉത്തരവ്. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബസുകളില്‍ കയറാന്‍  പൊലീസ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും കോടതി.

◾മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 140 അടിയായി. ഡാമിലെ വെള്ളം തുറന്നു വിടുമെന്നു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

◾തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ പള്ളികളില്‍ ഇന്നും ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍. സംഘര്‍ഷം സര്‍ക്കാരും പോലീസും സൃഷ്ടിച്ചതാണെന്നു വിശദീകരിക്കുന്ന സര്‍ക്കുലറില്‍ സംയമനം പാലിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. തുറമുഖ നിര്‍മാണം പൂര്‍ണമായും നിറുത്തിവയ്ക്കണമെന്ന പഴയ നിലപാടില്‍ അയവു വരുത്തിയിട്ടുണ്ട്. തുറമുഖ നിര്‍മാണം പുരോഗമിക്കുംതോറും കൂടുതല്‍ പ്രദേശങ്ങള്‍ കടല്‍ വിഴുങ്ങിക്കൊണ്ടിരിക്കുന്ന പ്രതിഭാസത്തെക്കുറിച്ചു പഠിച്ചശേഷമേ തുറമുഖ നിര്‍മാണം പുനരാരംഭിക്കാവൂവെന്നാണ് ആവശ്യം. ജീവനോപാധിക്കായുള്ള സമരത്തെ രാജ്യദ്രോഹമെന്നും തീവ്രവാദമെന്നും അധിക്ഷേപിച്ച മന്ത്രിമാരുടെ നിലപാടില്‍ ശക്തമായ പ്രതിഷേധവും പ്രകടിപ്പിച്ചിട്ടുണ്ട്.

◾പീഡനക്കേസില്‍ സസ്പെന്‍ഷനിലുള്ള സിഐ എ.വി. സൈജുവിന്റെ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പീഡനത്തിന് ഇരയായ യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന പരാതിയിലാണ് നെടുമങ്ങാട് പോലീസ് കേസെടുത്തത്. സിഐയുടെ വീട്ടില്‍ പരാതി പറയാനെത്തിയപ്പോള്‍ ആക്രമിച്ചെന്നാണ് പരാതി. സിഐ ഒളിവിലാണ്.

◾വയനാട് മേപ്പാടി പോളിടെക്നിക്ക് കോളജിലെ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നാലു വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍. അലന്‍ ആന്റണി, മുഹമ്മദ് ഷിബില്‍, അതുല്‍ കെ ഡി, കിരണ്‍ രാജ് എന്നിവരാണ് റിമാന്‍ഡിലായത്. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവമടക്കമുള്ള കേസുകളില്‍ കണ്ടാലറിയാവുന്ന 40 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. മേപ്പാടി പോളിടെക്നിക്ക് കോളജ് അടച്ചിട്ടു.

◾നാദാപുരത്ത് യുവാവ് കാറിടിച്ചു മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കാസര്‍കോട് സ്വദേശി ശ്രീജിത്ത് മരിച്ച കേസില്‍ കണ്ണൂര്‍ കേളകം സ്വദേശി സമീഷ് ടി ദേവിനെയാണ് നാദാപുരം പൊലീസ് അറസ്റ്റു ചെയ്തത്. ഇരുവരും ബാറില്‍പോയി മദ്യപിച്ചിരുന്നു. കാറില്‍നിന്നിറങ്ങിയ ശ്രീജിത്ത് മദ്യലഹരിയില്‍ ലക്കുകെട്ട് കുഴഞ്ഞു വീണതു കാണാതെ കാര്‍ ശരീരത്തിലൂടെ കയറിയിറക്കുകയായിരുന്നുവെന്നാണ് കേസ്. നാട്ടുകാര്‍ എത്തുന്നതുകണ്ട് സമീഷ് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

◾അരയില്‍ കെട്ടിവച്ച് 1650 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമക്കുന്നതിനിടെ കൊച്ചി വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശി സമദ് കസ്റ്റംസിന്റെ പിടിയിലായി. കോഴിക്കോട് ഇറങ്ങേണ്ട സ്പൈസ് ജെറ്റ് വിമാനം കൊച്ചിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്കു കയറ്റാന്‍ സുരക്ഷാ പരിശോധന നടത്തിയപ്പോഴാണ് 70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ഇയാള്‍ പിടിയിലായത്.

◾2020 ലെ ഡല്‍ഹി കലാപ കേസുകളില്‍ ഉമര്‍ ഖാലിദിനെയും ഖാലിദ് സൈഫിയെയും ഡല്‍ഹി കോടതി വെറുതെ വിട്ടു. തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ഇരുവരും നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

◾അഗ്‌നിവീര്‍ പദ്ധതിയിലൂടെ 341 വനിതാ നാവികരെ നിയമിക്കുന്നു. ഉടനേ നിയമിക്കാന്‍ ഉദ്ദേശിക്കുന്ന മൂവായിരം പേരില്‍ 341 പേര്‍ വനിതകളായിരിക്കും. പത്തു ലക്ഷം അപേക്ഷകരില്‍ 82,000 പേര്‍ വനിതകളായിരുന്നെന്നു നാവികസേനാ മേധാവി ആര്‍. ഹരികുമാര്‍ പറഞ്ഞു.

◾തായ്‌ലന്‍ഡുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ഹൈദരാബാദ് സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസറും സ്‌കൂള്‍ ഓഫ് ഹ്യുമാനിറ്റീസിലെ ഹിന്ദി വിഭാഗം ഫാക്കല്‍റ്റിയുമായ രവി രഞ്ജന്‍ (62) അറസ്റ്റിലായി. പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി കവാടത്തില്‍ പ്രതിഷേധിച്ചിരുന്നു.

◾ഖത്തര്‍ ലോകകപ്പിന്റെ അവസാന എട്ടില്‍ ഇടം പിടിച്ച് അര്‍ജന്റീനയും നെതര്‍ലണ്ട്‌സും. പൊരുതി കളിച്ച ആസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് അര്‍ജന്റീന ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യു.എസ്.എ യെ തോല്‍പിച്ചാണ് നെതര്‍ലണ്ട്‌സ് ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന നെതര്‍ലണ്ട്സുമായി ഏറ്റുമുട്ടും.

◾മെസ്സി ദൈവമൊന്നുമല്ലല്ലോയെന്ന് അധിക്ഷേപിച്ച ആസ്ട്രേലിയന്‍ കോച്ചിനേയും ആസ്ട്രേലിയയേയും അന്ധാളിപ്പിച്ച് സൂചിയില്‍ നൂല്‍ കോര്‍ക്കും പോലെ പന്ത് പായിച്ചാണ് മെസിയും അര്‍ജന്റീനയും കളിയുടെ 35-ാം മിനിറ്റില്‍ സ്‌കോറിങ് തുടങ്ങിയത്. 57-ാം മിനിറ്റില്‍ ജൂലിയസ് അല്‍വാരസിലൂടെ അര്‍ജന്റീന ലീഡ് രണ്ടാക്കി ഉയര്‍ത്തി. 77-ാം മിനിറ്റിലെ ആസ്ട്രേലിയന്‍ മുന്നേറ്റം അര്‍ജന്റീനയുടെ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്റെ മുഖത്ത് തട്ടി സെല്‍ഫ് ഗോളായി. ലോട്ടെറോ മാര്‍ട്ടിനസ് ഏതാനും അവസരങ്ങള്‍ പാഴാക്കിയിരുന്നില്ലെങ്കില്‍ അര്‍ജന്റീനയുടെ വിജയം ഇതിലും വലിയ മാര്‍ജിനില്‍ ആവുമായിരുന്നു. അവസരങ്ങള്‍ എണ്ണിയെണ്ണി തുലച്ചെങ്കിലും ഓസ്ട്രേലിയയെ ഒന്നിനെതിരേ രണ്ട് ഗോളിന് ആധികാരികമായി തന്നെ തോല്‍പിച്ചാണ് അര്‍ജന്റീനയുടെ ക്വാര്‍ട്ടറിലേക്കുള്ള മുന്നേറ്റം.

◾കളിയുടെ പത്താം മിനിറ്റില്‍ തന്നെ യു.എസ്.എ യുടെ ഗോള്‍ വല കുലുക്കിയാണ് നെതര്‍ലണ്ട്സ് തുടങ്ങിയത്. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കി രണ്ടാമതൊരു ഗോളടിച്ച് നെതര്‍ലണ്ട്സ് കളിയില്‍ ആധിപത്യം സ്ഥാപിച്ചു. 76-ാം മിനിറ്റില്‍ യുഎസ് ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും 81-ാം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടിയ നെതര്‍ലന്‍ഡ്‌സ് അവസാന എട്ടില്‍ ആധികാരികമായി ഇടം പിടിക്കുകയായിരുന്നു. തുല്യ ശക്തികളുടെ പോരാട്ടം കണ്ട മത്സരത്തില്‍ ഇരു ടീമിലെയും ഗോള്‍കീപ്പര്‍മാരുടെ പ്രകടനമാണ് നിര്‍ണായകമായത്. ഫിനിഷിങ്ങില്‍ യുഎസിനേക്കാള്‍ മികവ് പുലര്‍ത്തിയ നെതര്‍ലന്‍ഡ്‌സ് മത്സരം സ്വന്തമാക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!