◾പ്രശസ്ത ഗായകന്‍ എംജി ശ്രീകുമാര്‍ കായല്‍ കയ്യേറി വീടു നിര്‍മ്മിച്ചെന്ന പരാതിയില്‍ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. അഴിമതി നിരോധന നിയമ പ്രകാരമാണ് കേസ്. മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോള്‍ഗാട്ടി പാലസിന് സമീപമുള്ള ബോട്ടു ജെട്ടിക്കടുത്താണ് എംജി ശ്രീകുമാര്‍ വീടു പണിതത്.
◾വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണ സുരക്ഷയ്ക്കു ഹൈക്കോടതി വഴി കേന്ദ്രസേനയെ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രസേന അദാനി ഗ്രൂപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു സംരക്ഷണം നല്‍കുമെന്ന പ്രതീക്ഷയാണ് പിണറായി സര്‍ക്കാരിന്. വിഴിഞ്ഞത്തു കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ പോലീസിനെക്കൊണ്ടു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത് ഇതിനുവേണ്ടിയാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
◾വിഴിഞ്ഞം പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് രാഷ്ട്രീയ – സാംസ്‌കാരിക- സാമൂഹിക മണ്ഡലങ്ങളിലെ 113 പ്രമുഖര്‍. വിഴിഞ്ഞത്തെ സംഘര്‍ഷം സര്‍ക്കാരും പോലീസും ആസൂത്രണം ചെയ്തതാണെന്ന് ആരോപിച്ചിട്ടുമുണ്ട്. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണം. കള്ളക്കേസുകള്‍ പിന്‍വലിക്കണം. നവംബര്‍ 26 ന് തുറമുഖത്തേക്കുള്ള ലോറികള്‍ സമരക്കാര്‍ തടഞ്ഞു. തുറമുഖത്തെ അനുകൂലിക്കുന്നവര്‍ കല്ലേറു നടത്തി. പോലീസ് ഇടപെട്ടില്ല. പിറ്റേന്ന് നവംബര്‍ 27 ന് ഒരാളെ അറസ്റ്റു ചെയ്തു. അന്വേഷിക്കാന്‍ പോയവരെയും അറസ്റ്റു ചെയ്തു. ഭര്‍ത്താവിന്റെ അറസ്റ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് സ്റ്റേഷനില്‍ പോയ സ്ത്രീയെ മര്‍ദ്ദിച്ചു. സംഭവമറിഞ്ഞ് സ്റ്റേഷന്‍ പരിസരത്തെത്തിയ സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ജനക്കൂട്ടത്തെ പൊലീസ് ആക്രമിച്ചതാണ് സ്റ്റേഷന്‍ ആക്രമണത്തിനു കാരണമെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ബിആര്‍പി ഭാസ്‌കര്‍, എംകെ മുനീര്‍ എംഎല്‍എ, കവി കെജിഎസ്, കെ അജിത, എംഎന്‍ കാരശേരി, ഇവി രാമകൃഷ്ണന്‍, അംബികാസുതന്‍ മാങ്ങാട്, സംവിധായകന്‍ ജിയോ ബേബി, മുന്‍ എംപി തമ്പാന്‍ തോമസ്, റിയാസ് കോമു, കല്‍പ്പറ്റ നാരായണന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം, സിആര്‍ നീലകണ്ഠന്‍ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്.
◾ശബരിമലയില്‍ വീണ്ടും നിയമപ്രശ്നം. ഹൈക്കോടതിയില്‍ ഇന്നു പ്രത്യേക സിറ്റിംഗ്. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരാകാന്‍ കേരളത്തില്‍ ജനിച്ച മലയാളി ബ്രാഹ്‌മണനാകണമെന്ന വ്യവസ്ഥയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് പരിഗണിക്കുക. ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ഈ നിര്‍ദേശം ഭരണഘടനയിലെ മൗലികാവകാശ ലംഘനമാണെന്ന് ആരോപിച്ചാണു ഹര്‍ജി.
നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
ksfe.com/offers/ksfe-bhadratha-smart-chits-2022
◾കാസര്‍കോട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പളപ്പള്ളിയിലെ കിഷോര്‍ എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീലേശ്വരം ചോയംകോട് മഞ്ഞളംകാട് രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. വടകരയിലേക്ക് ചെങ്കല്ലു കൊണ്ടുപോകുകയായിരുന്ന ലോറിയും യുവാക്കള്‍ സഞ്ചരിച്ച ആള്‍ട്ടോ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
◾മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്. ഇരുനില കെട്ടിടമായ ക്ലിഫ് ഹൗസില്‍ ഇതാദ്യമായാണ് ലിഫ്റ്റ് പണിയുന്നത്. ക്ലിഫ് ഹൗസില്‍ ചുറ്റുമതിലും കാലിത്തൊഴുത്തും നിര്‍മ്മിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ചത് ഏതാനും മാസങ്ങള്‍ക്കു മുമ്പായിരുന്നു.
◾ജിദ്ദയില്‍നിന്നും കോഴിക്കോട്ടേക്കുള്ള സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാര്‍മൂലം കൊച്ചിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. മൂന്നു തവണ ശ്രമിച്ച ശേഷമാണ് വിമാനം റണ്‍വേയില്‍ ഇറക്കാനായത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.
ജോയ്ആലുക്കാസ് വിശേഷങ്ങള്‍
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിക്കു ഗവര്‍ണര്‍ നല്‍കിയ ശുപാര്‍ശ ഒന്നരവര്‍ഷം പൂഴ്ത്തിവച്ച ശേഷമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തു വിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്തിനാണ് ഗവര്‍ണറുടെ കത്ത് ഇത്രയും കാലം ഒളിപ്പിച്ചുവച്ചത്? ഇതുവരേയും ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ നടക്കുകയായിരുന്നുവെന്നും സതീശന്‍.
◾മുഖ്യമന്ത്രി പിണറായി വിജയന്‍ മാസ് ഡയലോഗുകള്‍ അവസാനിപ്പിച്ച് ക്രമസമാധാനപാലം ഉറപ്പാക്കണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. വിഴിഞ്ഞത്ത് ജനങ്ങളും പൊലീസും ആക്രമിക്കപ്പെട്ടു. ഇരുന്നൂറ് കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് കമ്പനി പറയുന്നു. ഇതുവരേയും മാളത്തിലിരുന്ന മുഖ്യമന്ത്രി മാസ് ഡയലോഗുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
◾വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നുവെന്നും വൈദികരുടെ വര്‍ഗീയ പ്രചാരണവും കലാപാഹ്വാനവും ജനം തള്ളിക്കളയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിഴിഞ്ഞം സമരത്തെയല്ല, സമരത്തിന്റെ മറവില്‍ ചിലര്‍ നടത്തുന്ന കലാപാഹ്വാനത്തെയാണ് തള്ളുന്നതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
◾വിഴിഞ്ഞത്ത് കേന്ദ്രസേനയെ എത്തിക്കാന്‍ സര്‍ക്കാരും പോലീസും ആസൂത്രണം ചെയ്ത കലാപത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വിഴിഞ്ഞം സമരസമിതി നേതാക്കള്‍. തുറമുഖം പണിയുന്നതുമൂലം കിടപ്പാടവും ജീവിതവും കടലെടുത്തു വഴിയാധാരമായവരെ അധികാര ഹുങ്കോടെ അധിക്ഷേപിക്കുന്നവരാണു യഥാര്‍ത്ഥ കലാപകാരികളെന്ന് സമരസമിതി നേതാവ് ഫാ. തിയോഡേഷ്യസ് പറഞ്ഞു.
◾തക്കാളിക്കു വില ഒരു രൂപ. വിലത്തകര്‍ച്ചമൂലം ദുരിതത്തിലായ പാലക്കാട്ടെ കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ കിലോയ്ക്കു 15 രൂപ നിരക്കില്‍ തക്കാളി സംഭരിക്കും. സഹകരണ വകുപ്പു മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചതാണ് ഇക്കാര്യം.
◾രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ മേഖല കേരളത്തിലേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പത്തു ലക്ഷത്തോളം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ എത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഊരൂട്ടമ്പലം യുപി സ്‌കൂളിന്റെ പേര് അയ്യങ്കാളി – പഞ്ചമി സ്മാരക സ്‌കൂള്‍ എന്നാക്കി മാറ്റുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
◾കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടില്‍നിന്നു തട്ടിയെടുത്ത 15 കോടിയിലധികം രൂപ ബാങ്ക് മാനേജര്‍ റജില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിനും ഓഹരി നിക്ഷേപത്തിനും വിനിയോഗിച്ചെന്ന് സൂചന. തട്ടിയെടുത്ത പണത്തിലേറെയും പിതാവിന്റെ അക്കൗണ്ടിലേക്കാണു മാറ്റിയത്. എന്നാല്‍ റെജില്‍തന്നെ കൈകാര്യം ചെയ്തിരുന്ന ഈ അക്കൗണ്ടിലും ഇപ്പോള്‍ കാര്യമായ ബാലന്‍സില്ല.
◾കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് മേയര്‍ ബീന ഫിലിപ്പ്. എംപി, എംഎല്‍എ ഫണ്ടിനു പുറമേ, കുടുംബശ്രീ ഫണ്ടില്‍നിന്ന് 10 കോടിയിലേറെ രൂപയും നഷ്ടപ്പെട്ടു. മൂന്നു ദിവസത്തിനകം പണം തിരികെ തരുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഉറപ്പ് നല്‍കിയെന്നും മേയര്‍ പറഞ്ഞു.
◾പയ്യന്നൂരില്‍ രണ്ടു കോടി രൂപയുടെ സിപിഎം പാര്‍ട്ടി ഫണ്ട് തിരിമറി ചൂണ്ടിക്കാണിച്ചതിന് നടപടി നേരിട്ട മുന്‍ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ സിപിഎമ്മില്‍ തിരിച്ചെത്തിക്കാന്‍ വീണ്ടും ശ്രമം. കുഞ്ഞികൃഷ്ണന്‍ മടങ്ങിയെത്തുമെന്നു ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. എന്നാല്‍ ഫണ്ട് തിരിമറി നടത്തിയ പയ്യന്നൂരിലെ ടി.ഐ മധുസൂധന്‍ എംഎല്‍എക്കെതിരെ നടപടി ഇല്ലാതെ നിലപാട് മാറ്റില്ലെന്നു കുഞ്ഞികൃഷ്ണന്‍ അറിയിച്ചു.
◾അഴിമതിക്കാരിയായ തിരുവനന്തപുരം മേയര്‍ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ യുഡിഎഫ് നടത്തുന്ന സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരായ പോരാട്ടം കോണ്‍ഗ്രസ് ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
◾പതിനേഴുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ സഹോദരന് മൂന്നു ജീവപര്യന്തം കഠിന തടവു ശിക്ഷ വിധിച്ച് കോടതി. പ്രതി ജീവിതകാലം മുഴുവന്‍ കഠിന തടവിനു വിധേയമാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഒന്നരലക്ഷം രൂപ പിഴയടയ്ക്കണം. പിഴത്തുകയില്‍നിന്ന് ഒരു ലക്ഷം രൂപ അതിജീവിതയ്ക്കു നല്‍കണമെന്നും ഉത്തരവിട്ടു.
◾രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുടരും. ഒരാള്‍ക്ക് ഒരു പദവി എന്ന ചിന്തന്‍ ശിബിര്‍ തീരുമാനമനുസരിച്ച് പ്രതിപക്ഷ നേതൃ പദവി ഖര്‍ഗെ രാജിവച്ചാണ് എഐസിസി അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിച്ചത്. പകരം ആരെന്നു തീരുമാനമാകാത്തതിനാലാണ് തത്കാലം ഖര്‍ഗെ തുടരാന്‍ ധാരണയായത്.
◾ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം സംവിധാനം ഏറ്റവും സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീംകോടതി. കൊളീജിയത്തെ അവതാളത്തിലാക്കരുത്. കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ജസ്റ്റീസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
◾ആന്ധ്രാപ്രദേശ് സംസ്ഥാന സര്‍ക്കാര്‍ 1,400 ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കും. 1,060 ക്ഷേത്രങ്ങളുടെ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ നടത്തുമെന്ന് ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ പറഞ്ഞു. രാജ്യത്തെ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ക്ഷേത്രത്തിന്റെ സഹായത്തോടെ ഗ്രാമങ്ങളിലാണു ക്ഷേത്രങ്ങള്‍ നിര്‍മിക്കുക. സംഘപരിവാര്‍ ബന്ധമുള്ള സമരസത സേവാ ഫൗണ്ടേഷന്‍ 330 ക്ഷേത്രങ്ങളുടെ നിര്‍മ്മാണം ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ഇന്‍ഡോറിലെ സര്‍ക്കാര്‍ ലോ കോളേജിലെ ആറു പ്രഫസര്‍മാരെ എബിവിപിയുടെ പരാതിയെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തു. കോളജില്‍ മാംസാഹാരവും ലൗ ജിഹാദും പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ചാണ് അധ്യാപകര്‍ക്കെതിരെ പരാതിപ്പെട്ടത്.
◾നിരപരാധിയെ പോക്സോ കേസില്‍ അറസ്റ്റുചെയ്ത് ഒരു വര്‍ഷത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചതിന് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ അഞ്ചു ലക്ഷം രൂപ പിഴയടക്കണമെന്ന് മംഗലാപുരം കോടതി. കേസില്‍ കുറ്റവിമുക്തനാക്കിയ നവീന്‍ സെക്വീരയ്ക്ക് സബ് ഇന്‍സ്പെക്ടര്‍ പി.പി റോസമ്മ, ഇന്‍സ്പെക്ടര്‍ രേവതി എന്നിവര്‍ അടയ്ക്കുന്ന പിഴത്തുക നഷ്ടപരിഹാരമായി നല്‍കണം. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഉത്തരവിട്ടു.
◾കര്‍ണാടകത്തില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കു ഹിജാബ് ധരിക്കാവുന്ന പത്ത് സ്‌കൂളുകളും കോളജുകളും തുറക്കാന്‍ കര്‍ണാടക ഖഖഫ് ബോര്‍ഡിന് അനുമതി നല്‍കിയെന്ന പ്രചാരണം അസംബന്ധമാണെന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
◾കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെയും നേതാവ് സുനില്‍ ജാക്കറെയും ബിജെപി ദേശീയ എക്സിക്യുട്ടീവില്‍ ഉള്‍പ്പെടുത്തി.
◾ട്രെയിനിലെ വിന്‍ഡോ സീറ്റിലിരുന്നു യാത്ര ചെയ്യവേ പുറത്തുനിന്ന് ഇരുമ്പ് കമ്പി ജനലിലൂടെ കഴുത്തില്‍ തുളച്ചുകയറി യാത്രക്കാരന്‍ മരിച്ചു. ഹിതേഷ് കുമാര്‍ എന്ന യാത്രക്കാരനാണ് മരിച്ചത്. ഡല്‍ഹിയില്‍നിന്ന് കാണ്‍പൂരിലേക്ക് പോവുകയായിരുന്ന നിലാഞ്ചല്‍ എക്‌സ്പ്രസിലാണ് സംഭവം.
◾ഫൈവ് ജി വികസനത്തിനായി വോഡഫോണ്‍ ഐഡിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് പതിനയ്യായിരം കോടി രൂപ വായ്പയെടുക്കും. ഒരു മാസത്തിലേറെയായി ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നാണു റിപ്പോര്‍ട്ട്.
◾ഖത്തര്‍ ലോകകപ്പില്‍ അട്ടിമറികള്‍ തുടരുന്നു. അവസാനം ബ്രസീലും വീണു. ഇന്ന് വെളുപ്പിന് ജി ഗ്രൂപ്പില്‍ നടന്ന മത്സരത്തില്‍ കാമറൂണ്‍ നേരത്തെ തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ബ്രസീലിനെ അട്ടിമറിച്ചു. മറ്റൊരു ത്രില്ലര്‍ പോരാട്ടത്തില്‍ സ്വിറ്റ്സര്‍ലണ്ട് സെര്‍ബിയയെ തോല്‍പിച്ച് പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.