◾കോട്ടയത്തുനിന്ന് ഇടുക്കി കുമളിയിലെ ഉപഭോക്താവിനെ കാണിക്കാനായി കൊണ്ടുപോയ കാറിന്റെ സ്പീഡോ മീറ്ററില്‍ കൃത്രിമം കാണിച്ചതിന് കോട്ടയത്തെ പോപ്പുലര്‍ ഹുണ്ടായി ഡീലര്‍ക്ക് ലക്ഷം രൂപ പിഴ. കുമളിയില്‍നിന്നു മടങ്ങിപ്പോകവേ, മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയിലാണ് കാര്‍ പൂജ്യം കിലോമീറ്റര്‍ ഓടിയതായി കണ്ടെത്തിയത്.
◾ഡിഗ്രി കോഴ്സ് നാലു വര്‍ഷമാക്കുന്നു. നാലു വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്സ് ഡിഗ്രിയാണു നല്‍കുക. നാലാം വര്‍ഷത്തില്‍ ഗവേഷണത്തിനും ഇന്റേണ്‍ഷിപ്പിനുമായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുക. നാലുവര്‍ഷത്തെ ഓണേഴ്സ് ഡിഗ്രി നേടിയവര്‍ക്കു നേരിട്ട് പിജി കോഴ്സില്‍ രണ്ടാം വര്‍ഷത്തില്‍ ലാറ്ററല്‍ എന്‍ട്രി നല്‍കും. വേണമെങ്കില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിക്കു ഡിഗ്രി നല്‍കും. അടുത്ത അധ്യയന വര്‍ഷത്തില്‍ ഇതു നടപ്പിലാക്കാനാണു നീക്കം.
◾വിഴിഞ്ഞത്ത് സമാധാന അന്തരീക്ഷം ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ വിളിച്ചുകൂട്ടിയ സര്‍വകക്ഷി യോഗം ഒരു തീരുമാനവുമെടുക്കാനാകാതെ പിരിഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. മന്ത്രി ജി.ആര്‍ അനില്‍ സമരക്കാരെ നിശിതമായി വിമര്‍ശിച്ചു. കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് വിഴിഞ്ഞത്തുണ്ടായത്. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതിന് 3000 തുറമുഖ വിരുദ്ധ സമിതിക്കാര്‍ക്കെതിരെ വധശ്രമത്തിനു പൊലീസ് കേസെടുത്തു. സ്റ്റേഷന്‍ ആക്രമിച്ച് പൊലീസുകാരെ വധിക്കാനായിരുന്നു ശ്രമമെന്നാണ് എഫ്ഐആര്‍. വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടു പോകണമെന്ന് സര്‍വകക്ഷി യോഗത്തില്‍ സമരസമിതി ഒഴികേയുള്ള എല്ലാ കക്ഷികളും ആവശ്യപ്പെട്ടെന്ന് മന്ത്രി അനില്‍ അവകാശപ്പെട്ടു.
◾സില്‍വര്‍ ലൈന്‍ പദ്ധതിയില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടു പോയിട്ടില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാരാണ് അനുമതി തരാത്തത്. കേരളത്തിന് മെച്ചമായ ഒരു പദ്ധതി വരരുതെന്നാണു കേന്ദ്രത്തിന്റെ നിലപാടെന്നും ബാലഗോപാല്‍.
◾വിഴിഞ്ഞത്ത് സര്‍ക്കാര്‍ പോലീസിനെക്കൊണ്ടു നടത്തിച്ചത് ആസൂത്രിത കലാപമാണെന്നു സമരസമിതി. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ശനിയാഴ്ചയിലെ സംഘര്‍ഷത്തില്‍ അറസ്റ്റിലായ സെല്‍റ്റനെ ജാമ്യത്തിലെടുക്കാന്‍ സ്റ്റേഷനില്‍ എത്തിയ നാലു പേരേയും പോലീസ് അറസ്റ്റു ചെയ്തു. ഇവരെയെല്ലാം ജാമ്യത്തിലെടുക്കാന്‍ വിന്‍സെന്റ് എംഎല്‍എയും രണ്ടു വൈദികരും അടക്കമുള്ള ആറു പേര്‍ സ്റ്റേഷനിലെത്തി. പോലീസ് നടപടികള്‍ വൈകിപ്പിച്ചു. വൈദികരേയും അറസ്റ്റു ചെയ്തെന്ന വ്യാജസന്ദേശം പ്രചരിച്ചു. ഇതോടെ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി. ജനത്തിനു നേരെ ആദ്യം കല്ലെറിഞ്ഞതു പോലീസാണെന്നാണ് ആരോപണം. ലാത്തിച്ചാര്‍ജില്‍ വൈദികര്‍ അടക്കം നൂറിലേറെ പേര്‍ക്കു പരിക്കേറ്റെന്നും സമരസമിതി ആരോപിച്ചു.
◾വിഴിഞ്ഞത്തെ ആക്രമണങ്ങളില്‍ സര്‍ക്കാരാണ് ഉത്തരവാദിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അറസ്റ്റു ചെയ്ത് പ്രകോപനമുണ്ടാക്കിയതു പോലീസാണ്. ജാമ്യത്തിലെടുക്കാന്‍ പോയവരേയും അറസ്റ്റു ചെയ്തത് എന്തിനാണ്. മനപൂര്‍വം കലാപമുണ്ടാക്കുകയാണു സര്‍ക്കാര്‍ ചെയ്തതെന്നും സതീശന്‍ പറഞ്ഞു. കിടപ്പാടം നഷ്ടപ്പെട്ട് സിമന്റ് ഗോഡൗണില്‍ കഴിയുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. മുഖ്യമന്ത്രി രാജാവല്ലെന്നു മറക്കരുതെന്നും സതീശന്‍.
◾സില്‍വര്‍ലൈന്‍ പദ്ധതി പൂട്ടിക്കെട്ടിയ സ്ഥിതിക്ക് ഭൂമിയേറ്റെടുക്കാന്‍ പുറപ്പെടുവിച്ച വിജ്ഞാപനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വിജ്ഞാപനം നിലനില്‍ക്കുന്നതിനാല്‍ പലര്‍ക്കും ഭൂമി ക്രയവിക്രയം ചെയ്യാനോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ ബാങ്ക് വായ്പ ലഭിക്കുന്നതിനോ കഴിയുന്നില്ല. പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
◾വിഴിഞ്ഞം വിഷയത്തില്‍ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധവുമായി എല്‍ഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി. സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കാത്തതാണ് സമരക്കാരെ പ്രകോപിതരാക്കുന്നത്. സ്ഥലത്തില്ലാത്ത ആര്‍ച്ച്ബിഷപ്പിനെതിരേ കേസെടുത്തത് അംഗീകരിക്കാനാവില്ലെന്നും ജോസ് കെ. മാണി.
◾സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. സര്‍ക്കാരിന്റെ പട്ടിക തിരസ്‌കരിച്ച് ഡോ. സിസ തോമസിനെ ഗവര്‍ണര്‍ താല്‍ക്കാലിക വിസിയാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ സര്‍ക്കാര്‍ പട്ടികയില്‍ യോഗ്യതയുളളവര്‍ ഇല്ലായിരുന്നെന്നാണ് ഗവര്‍ണറുടെ നിലപാട്. സീനിയോറിറ്റി അനുസരിച്ച് ഡോ. സിസ തോമസ് നാലാം സ്ഥാനത്താണെന്നും ഗവര്‍ണര്‍ അറിയിച്ചു. വിസി നിയമനത്തിന്റെ പേരിലുള്ള ഏറ്റുമുട്ടല്‍ അനാവശ്യമാണെന്ന് കോടതി പരാമര്‍ശിച്ചു.
◾പന്തീരങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎയും കോടതിയില്‍. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് സംസ്ഥാന പൊലീസും കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മറ്റൊരു കേസില്‍ പ്രതിയാകരുതെന്ന ഉപാധിയോടെയാണ് ജാമ്യം നല്‍കിയിരുന്നത്. കണ്ണൂര്‍ പാലയാട് ലോ കോളേജില്‍ വിദ്യാര്‍ത്ഥികളെ അക്രമിച്ചെന്ന് എസ് എഫ് ഐ നല്‍കിയ പരാതിയില്‍ അലനെതിരെ ധര്‍മ്മടം പോലീസ് കേസെടുത്തിരുന്നു.
◾കല്ലറയില്‍ ഡോക്ടറെ ആക്രമിച്ചതിന് ജാമ്യത്തിലിറങ്ങിയ സൈനികന്‍ സ്ത്രീയെ ആക്രമിച്ചതിന് അറസ്റ്റിലായി. ഭരതന്നൂര്‍ സ്വദേശി വിമല്‍ വേണുവിനെയാണ് പാങ്ങോട് പൊലിസ് അറസ്റ്റു ചെയ്തത്. ഇന്നലെ ഇയാള്‍ മദ്യപിച്ച് ഒരു വീട്ടില്‍ കയറി വീട്ടമ്മയെയും അമ്മയെയും ആക്രമിച്ചെന്ന് ആരോപിച്ചുള്ള കേസിലാണ് അറസ്റ്റ്.
◾സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതയുടെ രഹസ്യങ്ങള്‍ പുറത്തുവിടുമെന്നു ഭയന്നാണ് വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന കള്ളക്കേസ് നല്‍കിയതെന്ന് പ്രതിയായ വിനു കുമാര്‍. സരിതയുടെ മുന്‍ ഡ്രൈവറും സഹായിയുമാണ് വിനു കുമാര്‍. തൊഴില്‍ തട്ടിപ്പുകേസില്‍നിന്നു രക്ഷപ്പെടാനാണ് രോഗമുണ്ടെന്ന നാടകം കളിക്കുന്നത്. മുടി കൊഴിഞ്ഞതല്ല, ബാര്‍ബര്‍ ഷോപ്പില്‍ പോയി മൊട്ടയടിച്ചതാണ്. സോളാര്‍ കേസ് അന്വേഷണത്തിനിടെ പലരില്‍നിന്നും പണം വാങ്ങിയതിന്റെ തെളിവുകളുണ്ടെന്നും വിനു കുമാര്‍ പറഞ്ഞു.
◾സില്‍വര്‍ ലൈന്‍ പദ്ധതി ഇല്ലാതായിട്ടില്ലെന്ന് ഫേസ് ബുക്കിലൂടെ കെ റെയില്‍ പ്രചാരണം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അര്‍ധ അതിവേഗ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. കേന്ദ്രാനുമതി കിട്ടുന്നത് വരെയുള്ള സമയം മാത്രമാണ് ഇനിയുള്ളത്. യാഥാര്‍ത്ഥ്യമാകും കേരളത്തിന്റെ സ്വപ്ന പദ്ധതി. കേരളം കുതിക്കട്ടെ സില്‍വര്‍ലൈനില്‍.’- എന്നാണ് ഫേസ് ബുക്കില്‍ കുറിച്ചത്.
◾വിഴിഞ്ഞം സമരത്തോട് സര്‍ക്കാരിനു നിഷേധാത്മക നിലപാടെന്ന് കെ.സി.ബി.സി. സമരക്കാരെ പ്രകോപിപ്പിക്കാനാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ശ്രമിക്കുന്നത്. സര്‍ക്കാര്‍ വിവേകത്തോടെ പെരുമാറണം. ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത് ദുരുദ്ദേശപരമാണ്. ഇത്തരം കേസുകള്‍ക്കൊണ്ടോ ഭീഷണികൊണ്ടോ സമരത്തെ അടിച്ചമര്‍ത്താനാവില്ല. കെ.സി.ബി.സി പറഞ്ഞു.
◾വിഴിഞ്ഞത്ത് കെഎസ്ആര്‍ടിസി ബസുകള്‍ ആക്രമിച്ചതിനും സമരക്കാര്‍ക്കെതിരേ കേസെടുത്തു. കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസ്. പൊതുഗതാഗതം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസുണ്ട്.
◾കൊവിഷീല്‍ഡ് വാക്സീന് എതിരെ വിവിധ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന കോവിഷീല്‍ഡ് കമ്പനിയുടെ ആവശ്യം തള്ളി സുപ്രീം കോടതി. കമ്പനിയുടെ സൗകര്യത്തിന് കേസ് മാറ്റാനാകില്ലെന്ന് സുപ്രിം കോടതി പറഞ്ഞു. കുത്തിവയ്പിനു പിന്നാലെ മലയാളി പെണ്‍കുട്ടി മരിച്ചതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലക്കം ഹര്‍ജി നിലനില്‍ക്കുന്നുണ്ട്. ഹര്‍ജി തള്ളിയതോടെ ഇരകള്‍ക്ക് ഹൈക്കോടതികളില്‍ കേസ് തുടരാം.
◾മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനാ വിരുദ്ധമാണ്. ഭീഷണിപ്പെടുത്തിയും വാഗ്ദാനങ്ങള്‍ നല്‍കിയുമുള്ള മതപരിവര്‍ത്തനം തടയാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒന്‍പത് സംസ്ഥാനങ്ങള്‍ പ്രത്യേക നിയമനിര്‍മാണങ്ങള്‍ തന്നെ നടത്തിയെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
◾ഗുജറാത്തില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 89 സീറ്റുകളിലേക്കു വ്യാഴാഴ്ച വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടേയും നേതൃത്വത്തിലായിരുന്നു ബിജെപി പ്രചാരണം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരു ദിവസവും എഐസിസിപ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രണ്ടുദിവസവും തെരഞ്ഞെടുപ്പ് റാലികള്‍ നടത്തി. അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി നാടിളക്കിയാണു പ്രചാരണം നടത്തിയത്.
◾രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പൊട്ടിത്തെറിയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു എഐസിസി പ്രസിഡന്റിനോടു ചോദിക്കൂവെന്നു പ്രതികരിച്ച് രാഹുല്‍ഗാന്ധി. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഭാരത് ജോഡോ യാത്രക്കിടെ വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തര്‍ക്കം ഭാരത് ജോഡോ യാത്രയെ ബാധിക്കില്ലെന്നു രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
◾വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയുടെ സ്ഥാപക പ്രസിഡന്റും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശര്‍മിളയെ തെലങ്കാനയിലെ വാറങ്കലില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരത രാഷ്ട്ര സമിതി പ്രവര്‍ത്തകരുമായി ശര്‍മിളയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
◾നെയ്മറുടെ അഭാവം നിഴലിച്ച മത്സരത്തില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കാസെമിറോയുടെ ഗോളിലൂടെ സ്വിറ്റ്സര്‍ലണ്ടിനെ തോല്‍പിച്ച ബ്രസീല്‍ ആറു പോയിന്റുമായി ഗ്രൂപ്പ് ജിയില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയുടെ അവസാനത്തിലാണ് ആരാധകരുടെ ആശങ്കകള്‍ അകറ്റി കാസെമിറോ ബ്രസീലിന്റെ രക്ഷകനായി അവതരിച്ചത്. പ്രതിരോധം കൊണ്ട് കരുത്തു കാട്ടുകയും ഒറ്റപ്പെട്ട ആക്രമണം കൊണ്ട് വിറപ്പിക്കുകയും ചെയ്ത സ്വിറ്റ്സര്‍ലഡിനെ ഈയൊരൊറ്റ ഗോളിന് മറികടന്നാണ് ബ്രസീല്‍ അവസാന പതിനാറിലെത്തിയത്.
◾യുറുഗ്വായെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലേക്ക്. ഇന്ന് വെളുപ്പിന് നടന്ന മത്സരത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ടഗോളിന്റെ മികവിലാണ് പറങ്കിപ്പട ഗ്രൂപ്പ് എച്ചില്‍ നിന്ന് ആറു പോയിന്റുമായി പ്രീക്വാര്‍ട്ടറിലേക്കെത്തുന്നത്. വിരസമായ ഒന്നാം പകുതിക്കു ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പോര്‍ച്ചുഗല്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ മുന്നിലെത്തി. സമനിലയ്ക്കായ് യുറുഗ്വായ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും കളിയുടെ 90-ാം മിനിറ്റില്‍ യുറുഗ്വായ് ഡിഫന്ററുടെ കയ്യില്‍ തട്ടി കിട്ടിയ പെനാല്‍റ്റി ഗോളാക്കി ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ട ഗോള്‍ നേടി പോര്‍ച്ചുഗലിന്റെ വിജയം ഊട്ടിയുറപ്പിച്ചു.
◾തീപ്പൊരി പാറിയ മത്സരത്തില്‍ പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ മൂന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച് ഘാന. ദക്ഷിണ കൊറിയ തുടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തിന്റെ ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഘാന മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ദക്ഷിണ കൊറിയയുടെ ചോ ഗ്യു സങ് മത്സരത്തിന് തീപിടിപ്പിച്ചു. സമനിലപിടിച്ചതിന്റെ ആഘോഷം അലയടിക്കുന്നതിനിടയില്‍ ഘാന മുഹമ്മദ് കുഡൂസിന്റെ രണ്ടാമത്തെ ഗോളിലൂടെ ലീഡ് തിരിച്ചു പിടിച്ചു. പോരാട്ടവീര്യം ഒട്ടും ചോരാതെ ദക്ഷിണകൊറിയ വീണ്ടും സമനില ഗോളിനായി പൊരുതിയെങ്കിലും അവയെല്ലാം ഘാനയുടെ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു.
◾തോറ്റാല്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകുമായിരുന്ന മത്സരത്തില്‍ കാമറൂണും സെര്‍ബിയയും ആവേശം വാനോളം ഉയര്‍ത്തി മൂന്ന് ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. മത്സരത്തിന്റെ ആദ്യപകുതിയില്‍ ആദ്യം ഗോളടിച്ചത് കാമറൂണായിരുന്നു. എന്നാല്‍ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ രണ്ട് ഗോളടിച്ച് സെര്‍ബിയ ലീഡെടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഒരു ഗോള്‍ കൂടെ അടിച്ച് സെര്‍ബിയ കാമറൂണിനെ തളര്‍ത്താന്‍ ശ്രമിച്ചു. അതേസമയം വര്‍ദ്ധിതവീര്യത്തോടെ തിരിച്ചടിച്ച കാമറൂണ്‍ രണ്ടു ഗോളുകള്‍ കൂടി നേടി സമനിലയിലെത്തി. നാലാമതൊരു ഗോളിനായ് കാമറൂണ്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും സെര്‍ബിയന്‍ പ്രതിരോധത്തില്‍ തട്ടി ആക്രമണങ്ങളെല്ലാം നിഷ്ഫലമായി.
◾ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് തലത്തിലെ മൂന്നാം ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് മുതല്‍ 3.30 നും 6.30 നും മത്സരങ്ങളുണ്ടാകില്ല, പകരം രാത്രി 8.30 നും ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 നും രണ്ട് കളികള്‍ വീതം. ഇന്ന് രാത്രി 8.30 ന് ഗ്രൂപ്പ് എയില്‍ നിന്നുള്ള മത്സരങ്ങളാണ്. ഒരു മത്സരത്തില്‍ നാല് പോയിന്റുള്ള ഇക്വഡോറും മൂന്ന് പോയിന്റുള്ള സെനഗലും ഏറ്റുമുട്ടുമ്പോള്‍ മറ്റൊരു മത്സരത്തില്‍ നാല് പോയിന്റുള്ള നെതര്‍ലണ്ട്സും പോയിന്റൊന്നുമില്ലാത്ത ഖത്തറും ഏറ്റുമുട്ടും. വെളുപ്പിന് 12.30 ന് നടക്കുന്ന മത്സരങ്ങള്‍ ഗ്രൂപ്പ് ബിയിലുള്ള ടീമുകള്‍ തമ്മിലാണ്. ഒരു മത്സരത്തില്‍ മൂന്ന് പോയിന്റുള്ള ഇറാനും രണ്ട് പോയിന്റുള്ള യുഎസ്എയും ഏറ്റുമുട്ടുമ്പോള്‍ മറ്റൊരു മത്സരത്തില്‍ നാല് പോയിന്റുള്ള ഇംഗ്ലണ്ടും ഒരു പോയിന്റ് മാത്രമുള്ള വെയില്‍സും തമ്മില്‍ ഏറ്റുമുട്ടും.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.