ശശി തരൂരിനെ ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ അറിവിനോട് അസൂയയുണ്ടെന്നും വി.ഡി സതീശന്‍

ശശി തരൂരിനെ ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ അറിവിനോട് അസൂയയുണ്ടെന്നും വി.ഡി സതീശന്‍

◾ശശി തരൂരിനെ ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ അറിവിനോട് തനിക്ക് അസൂയയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശശി തരൂരിനോട് തനിക്ക് ഇഷ്ടവും ബഹുമാനവുമാണ്. അദ്ദേഹവുമായി ഒരു പ്രശ്നവുമില്ല. വിവാദങ്ങളില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്നും സതീശന്‍ കുറ്റപ്പെടുത്തി. പ്രഫഷണല്‍ കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍.

◾വിഴിഞ്ഞത്തു തെരുവുയുദ്ധം. സമരക്കാര്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു. എസ്ഐ അടക്കം 36 പോലീസുകാര്‍ക്കു പരിക്ക്. പോലീസ് പലതവണ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. സ്റ്റേഷന്‍ പരിസരത്തെ നിരവധി വാഹനങ്ങള്‍ തകര്‍ത്തു. സര്‍ക്കാര്‍ വിഴിഞ്ഞം പോലീസിനെക്കൊണ്ടു കള്ളക്കേസുകളെടുപ്പിച്ചെന്ന് ആരോപിച്ചും അറസ്റ്റു ചെയ്ത അഞ്ചു പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുമാണ് തീരവാസികള്‍ സ്റ്റേഷന്‍ വളഞ്ഞത്. അടിച്ചു കാലൊടിച്ച എസ്ഐ ലിജോ പി മണിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. കസ്റ്റഡിയിലെടുത്ത അഞ്ചു പേരുടെ അറസ്റ്റു രേഖപ്പെടുത്തിയെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍ അറിയിച്ചു.

◾വിഴിഞ്ഞത്തു കനത്ത പൊലീസ് സന്നാഹം. സമീപ ജില്ലകളില്‍നിന്നും പൊലീസിനെ എത്തിച്ചിട്ടുണ്ട്. എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കുമാണു ക്രമസമാധാന ചുമതല. സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ സമരസമിതി നേതാക്കളുമായി അനുരഞ്ജന ചര്‍ച്ച നടത്തി. സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു. സമരക്കാരുമായി കൂടിയാലോചന നടത്തിയശേഷം ഇന്നു രാവിലെ വീണ്ടും കളക്ടറുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

◾വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ഗൂഢാലോചന അടക്കമുള്ള കേസുകള്‍ ചുമത്തി. സമരക്കാരേയും നേതൃത്വം നല്‍കുന്ന അതിരൂപതയേയും കേസുകളില്‍ കുടുക്കി സമ്മര്‍ദത്തിലാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സമരത്തിലൂടെ തുറമുഖപദ്ധതിക്കുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍നിന്ന് ഈടാക്കാനും നീക്കമുണ്ട്. സമരക്കാരെ നേരിടാന്‍ കേന്ദ്രസേനയെ തരാമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.

◾സമരം തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ഗൂഡാലോചനയാണു വിഴിഞ്ഞത്തെ സംഘര്‍ഷവും പോലീസ് നടപടികളുമെന്ന് വികാരി ജനറല്‍ മോണ്‍ യൂജിന്‍ പെരേര. സര്‍ക്കാര്‍ മനുഷ്യാവകാശ ധ്വംസനമാണ് നടത്തുന്നത്. ഇക്കാര്യത്തില്‍ സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ടാണെന്നും അദ്ദേഹം ആരോപിച്ചു.

◾വിഴിഞ്ഞം സമരം പൊളിക്കാന്‍ സര്‍ക്കാര്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണം ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി പൊലീസ് കേസെടുത്തത് അംഗീകരിക്കാനാകില്ല. വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന ലത്തീന്‍ അതിരൂപതയുടെ ആരോപണം അന്വേഷിക്കണം. അദാനിക്കുവേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തും ചെയ്യുമെന്ന നിലയിലേക്ക് അധ:പതിച്ചെന്ന് സതീശന്‍ പറഞ്ഞു.

◾വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തില്‍ സര്‍ക്കാരിനും പൊലീസിനും എതിരെ കെസിബിസി. കേസുകള്‍ പിന്‍വലിക്കണമെന്ന് കെസിബിസി പ്രസിഡന്റ് മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. ചര്‍ച്ചയിലൂടെ പ്രശ്ന പരിഹാരമുണ്ടാക്കണമെന്ന് കേരള കാത്തലിക്‌സ് ബിഷപ്പ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. വിഴിഞ്ഞം സമരത്തെ പ്രതികാര നടപടികളിലൂടെ ഇല്ലാതാക്കാമെന്നു സര്‍ക്കാര്‍ കരുതരുതെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. സര്‍ക്കാര്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾വിഴിഞ്ഞം പ്രദേശത്തു മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം ഏഴു ദിവസത്തേക്കു നിരോധിച്ചു. ഡിസംബര്‍ നാലു വരെ മദ്യം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

◾വിഴിഞ്ഞത്തെ കലാപത്തിനു കാരണം സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. വേണ്ടത്ര പോലീസിനെ നിയോഗിച്ച് സമരക്കാരെ നേരിടാതെ സര്‍ക്കാര്‍ ഒത്താശ ചെയ്തെന്നാണു സുരേന്ദ്രന്റെ ആരോപണം.

◾സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസില്‍ അടൂര്‍ പ്രകാശ് എംപിക്കെതിരേ തെളിവില്ലെന്നു സിബിഐ. പരാതിക്ക് അടിസ്ഥാനമില്ലെന്ന് സിബിഐ തിരുവനന്തപുരം കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. പരാതിക്കാരിക്കെതിരെ വിമര്‍ശനങ്ങളോടെയാണു റിപ്പോര്‍ട്ട്. നേരത്തെ ഹൈബി ഈഡന്‍ എംപിക്കെതിരേയും തെളിവില്ലെന്നു സിബിഐ കോടതിയെ ബോധിപ്പിച്ചിരുന്നു.

◾സംസ്ഥാനത്തു കൊല്ലം ജില്ലയിലെ കൊട്ടിയത്ത് തടങ്കല്‍ പാളയം ആരംഭിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഈ മാസം 21 നാണ് ആരംഭിച്ചത്. 20 പേരെ പാര്‍പ്പിക്കാനുള്ള തടങ്കല്‍ പാളയമാണിത്. വിസ, പാസ്പോര്‍ട്ട്, പൗരത്വ നിയമലംഘനം നടത്തുന്ന വിദേശികള്‍ക്കായാണ് ഈ തടങ്കല്‍ പാളയം. സാമൂഹ്യനീതി വകുപ്പാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

◾ശശി തരൂരിന്റെ കഴിവുകള്‍ കോണ്‍ഗ്രസ് പ്രയോജനപ്പെടുത്തണമെന്ന് ഹൈബി ഈഡന്‍ എംപി. തരൂരിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ്. ഗ്ലോബല്‍ കമ്യൂണിറ്റി കാതോര്‍ക്കുന്ന വ്യക്തിത്വമാണ് ശശി തരൂര്‍. ശശി തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രൊഫഷണല്‍ കോണ്‍ഗ്രസ് വേദിയില്‍ ഹൈബി ഈഡന്‍ പറഞ്ഞു.

◾പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് ശംഖുവാരത്തോട് സ്വദേശി കാജാ ഹുസൈന്‍ എന്ന റോബര്‍ട്ട് കാജയെ അറസ്റ്റു ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് മുന്‍ ഏരിയാ റിപ്പോര്‍ട്ടറാണ് ഇയാള്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 40 ആയി.

◾ഭൂനിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയില്‍ ഇന്നു യുഡിഎഫ് ഹര്‍ത്താല്‍. കെട്ടിട നിര്‍മാണ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാണ് പ്രധാന ആവശ്യം.

◾കേരളത്തില്‍ ഇന്നു മഴയ്ക്കു സാധ്യത. 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണു മഴ മുന്നറിയിപ്പ്.

◾ലഹരിക്കേസുകളിലെ സ്ഥിരം കുറ്റിവാളികളായ 161 പേരെ ഒരു വര്‍ഷത്തേക്കു കരുതല്‍ തടങ്കലില്‍ വയ്ക്കും. 115 പേരുടെ സ്വത്തു കണ്ടുകെട്ടാനും സംസ്ഥാന ആഭ്യന്തര വകുപ്പു നിര്‍ദേശം നല്‍കി.

◾കിളിക്കൊല്ലൂരില്‍ സൈനികനായ വിഷ്ണുവിനെയും സഹോദരന്‍ വിഘ്നേഷിനെയും പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് വിചിത്രമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദിച്ചത് ആരെന്ന് അറിയില്ലെന്നു പൊലീസ് കമ്മീഷണര്‍ പറഞ്ഞത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സുരേന്ദ്രന്‍ പറഞ്ഞു.

◾ശശി തരൂരിനെതിരെയുളള നീക്കത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. കോഴിക്കോട്ടെ ചിന്തന്‍ ശിവിറില്‍ ശശി തരൂരിനെ വിലക്കാന്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.

◾ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആരു പ്രധാനമന്ത്രിയാകണമെന്ന് ജനം തീരുമാനിക്കും. രാജസ്ഥാനിലെ തര്‍ക്കം രമ്യമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾ജമ്മു കാഷ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ നിരോധിത ഇസ്ലാമിസ്റ്റ് സംഘടനയായ ജമ്മുകാഷ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ 90 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഇരുന്നൂറോളം സ്വത്തുക്കളാണു കണ്ടെത്തിയത്.

◾സംരംഭകനായ ഇരുപത്തൊന്നുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്ത ഡല്‍ഹിയിലെ യൂട്യൂബര്‍മാരായ ദമ്പതികളെ പോലീസ് തെരയുന്നു. പരസ്യ ഏജന്‍സി നടത്തുന്ന യുവാവാണ് തട്ടിപ്പിനിരയായത്. ഷാലിമാര്‍ബാഗ് നിവാസിയായ നാംറ ഖാദിര്‍ എന്ന സ്ത്രീ അടക്കമുള്ള പ്രതികള്‍ ഒളിവിലാണ്.

◾ആസാം – മേഘാലയ അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിച്ചതോടെ മേഖലയിലെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. കഴിഞ്ഞ ആഴ്ച അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.

◾ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷയായി പി.ടി ഉഷ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ പത്തിനേ ഉണ്ടാകൂ.

◾ആരാധകലക്ഷങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന ജര്‍മനി സ്പെയിന്‍ പോരാട്ടം ആവേശകരമായ സമനിലയില്‍ പിരിഞ്ഞു. അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ ഇന്ന് വെളുപ്പിന് നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ആക്രമണവും പ്രത്യാക്രമണവും പരസ്പരം പോരാടിയ മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം ആദ്യ ഗോള്‍ നേടിയത് സ്പെയിനായിരുന്നു. ഒരു ഘട്ടത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന ജര്‍മനി അവസാന മിനിറ്റുകളില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് സമനില പിടിച്ചെടുക്കുകയായിരുന്നു.

◾തകര്‍പ്പന്‍ ജയവുമായി ക്രൊയേഷ്യ. ലോകകപ്പിലെ ഇന്നലെ നടന്ന മൂന്നാമത്തെ മത്സരത്തില്‍ കാനഡയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ച് പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി ക്രൊയേഷ്യ. ക്രൊയേഷ്യയെ വിറപ്പിച്ച് കളിയുടെ തുടക്കത്തില്‍ തന്നെ ആദ്യ ഗോള്‍ നേടിയത് കാനഡയായിരുന്നു. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിനു മുന്നേ തന്നേ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ക്രൊയേഷ്യ ഉയിര്‍ത്തെഴുന്നേറ്റു. രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി അടിച്ച് കാനഡയെ നിലംപരിശാക്കി. ഇരട്ട ഗോളുകള്‍ നേടി കളിയിലെ താരമായ ആന്ദ്രെ ക്രാമറിച്ചാണ് ക്രൊയേഷ്യയുടെ വിജയം ഗംഭീരമാക്കിയത്.

◾ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോക്ക് അട്ടിമറി വിജയം. ലോക രണ്ടാം നമ്പറുകാരായ ബെല്‍ജിയത്തെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് മൊറോക്കോ അട്ടിമറി വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ കരുത്തരായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച മൊറോക്കോ ഇതോടെ രണ്ട് കളികളില്‍ നിന്ന് നാലു പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാമതായി.

◾ജര്‍മനിയെ അട്ടിമറിച്ച ജപ്പാന് പക്ഷെ കോസ്റ്റാറിക്കക്കെതിരെ ജയിക്കാനായില്ല. ഖത്തര്‍ ലോകകപ്പില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ കോസ്റ്റാറിക്കക്ക് ജപ്പാനെതിരെ ഒരു ഗോളിന്റെ വിജയം. കളിയുടെ ഒഴുക്കിനെ തകിടം മറിച്ച് 81-ാം മിനിറ്റില്‍ കെയ്ഷര്‍ ഫാളര്‍ നേടിയ ഒറ്റ ഗോളിന്റെ പിന്‍ബലത്തിലാണ് കോസ്റ്ററിക്ക ജയിച്ചു കയറിയത്.

◾ബ്രസീലിനും പോര്‍ച്ചുഗലിനും ഇന്ന് രണ്ടാം ഘട്ട മത്സരം. രാത്രി 9.30 ന് നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്സര്‍ലണ്ടാണ് ബ്രസീലിന്റെ എതിരാളി. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് നടക്കുന്ന മത്സരത്തില്‍ യുറുഗ്വായാണ് പോര്‍ച്ചുഗലിന്റെ എതിരാളി. ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന മത്സരത്തില്‍ കാമറൂണ്‍ സെര്‍ബിയയേയും വൈകുന്നേരം 6.30 ന് നടക്കുന്ന മത്സരത്തില്‍ സൗത്ത് കൊറിയ ഘാനയുമായും ഏറ്റുമുട്ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!