വിശ്വപൗരനായ ശശി തരൂര്‍ കേരളത്തില്‍ തമ്പടിച്ച് കറങ്ങുകയാണ്. പാര്‍ലമെന്റ് മെമ്പറായ അദ്ദേഹത്തിന് ഡല്‍ഹിയില്‍ ഒന്നും ചെയ്യാനില്ലെ.
പ്രതിപക്ഷത്തെ ഒരുമിച്ച് നിര്‍ത്തി ഡല്‍ഹിയില്‍ മോദി വിരുദ്ധ തരംഗം സൃഷ്ടിക്കാനല്ലെ അദ്ദേഹം ശ്രമിക്കേണ്ടത്. യു.എന്നില്‍ ഡപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് പേരെടുത്ത ഒരു അച്ചടക്കമുള്ള ബ്യൂറോക്രാറ്റായിരുന്നു അദ്ദേഹം. ഒരു പോളിസി മേക്കറല്ല. ഇംഗ്ലീഷ് ഭാഷാനൈപുണ്യവും പ്രസംഗചാതുര്യവും പ്രശസ്തമായ എഴുത്തുകളും കൂടിയായപ്പോള്‍ അദ്ദേഹം വിശ്വപൗരനായി. ഏതോ മാധ്യമം ചാര്‍ത്തിക്കൊടുത്ത പേരാണത്.
ലോക രാജ്യങ്ങളുടെ സംഘടനയില്‍ ഉദ്ദോഗസ്ഥനായിരുന്ന് ജോലി ചെയ്ത് ശമ്പളം പറ്റിയിരുന്ന ഒരു വ്യക്തി എങ്ങനെ വിശ്വപരനായി. ലോക പൗരന്‍ എന്ന വാക്കിന്റെ അര്‍ത്ഥം പിടികിട്ടുന്നില്ല. ഏബ്രഹാം ലിങ്കനെയും നെല്‍സണ്‍ മണ്ടേലയേയും ഇന്ദിരാ ഗാന്ധിയെയും തരൂരിനൊപ്പം ചേര്‍ത്തു വച്ചാണോ വിശ്വപൗരന്‍ എന്ന നാമം ചാര്‍ത്തിയിരിക്കുന്നത്. എങ്കില്‍ അത് ഇത്തിരി കടന്ന കൈ തന്നെയാണ്.

‘ ഉപദേശിമാരുടെ’ പണിയല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത ഒരു സംഘടനയാണ് ഐക്യരാഷ്ട്ര സംഭ. രാജ്യങ്ങള്‍ തമ്മില്‍ യുദ്ധമോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ ഉണ്ടായാല്‍ രണ്ടു കൂട്ടരെയും വിളിച്ച് വരുത്തി പ്രശ്‌നപരിഹാരത്തിനായി ഒരു ചര്‍ച്ചയ്ക്ക് അവസരമൊരുക്കുന്ന പണിയാണ് യുഎന്നിന്റേത്. ഈ ലോക രാജ്യ സംഘടന ഉണ്ടായിട്ടും രാജ്യങ്ങള്‍ തമ്മില്‍ എത്രയോ വര്‍ഷങ്ങള്‍ നീണ്ട് നിന്ന യുദ്ധങ്ങള്‍ നടന്നു. ഇന്നും നടക്കുന്നു.

പരിസ്ഥിതിരംഗത്തും വിദ്യാഭ്യാസരംഗത്തും മെഡിക്കല്‍ രംഗത്തുമൊക്കെ യു എന്‍ ചെയ്യുന്ന സേവനങ്ങള്‍ മാത്രമാണ് ആകെ ആശ്വാസമായുള്ളത്. ന്യൂയോര്‍ക്കില്‍ യു.എന്‍ ആസ്ഥാനത്ത് ഒരു ഉദ്യോഗസ്ഥനായിരുന്ന ശശി തരൂരിനെ എന്നു മുതലാണ് ഇന്ത്യന്‍ ജനതയും വിശേഷിച്ച് കേരള ജനതയും അറിഞ്ഞു തുടങ്ങിയത്. കേരള ജനതയെയും ഭാരത ഗ്രമങ്ങളെയും തൊട്ടറിഞ്ഞിട്ടില്ലാത്ത ശശി തരൂരിനെ കോണ്‍ഗ്രസ് എം.പി യാക്കി ഡല്‍ഹിക്കയച്ചതിന്റെ ദുരന്തമാണ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

സി.പി.എമ്മിന്റെ നെറികെട്ട പക്ഷാഭേദ രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വി.ഡി സതീശനും കെ.സുധാകാരനും മതി. അതിന് തരൂര്‍ വേണ്ട. ഡല്‍ഹിയില്‍ ക്ലച്ച് പിടിക്കുന്നില്ലെന്ന് തോന്നിയപ്പോള്‍ കേരളത്തിലെത്തി ‘ ഭാവി മുഖ്യമന്ത്രി’ ചമയുകയാണ് അദ്ദേഹം.
കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഭാവന എന്താണ് ? കോണ്‍ഗ്രസ് കേരളത്തിലും വിശേഷിച്ച് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പിടിച്ച് നില്‍ക്കാന്‍ നന്നേ വിയര്‍പ്പൊഴുക്കുകയാണെന്ന സത്യം മറക്കുന്നില്ല. ബി.ജെ.പിയെ തളയ്ക്കാനും കോണ്‍ഗ്രസിനാകുന്നില്ല. തരൂര്‍ ഒരേ സമയം മോഡിയെയും പിണറായിയെയും വാഴ്ത്തുന്ന അവസരവാദ രാഷ്ട്രീയത്തിന്റെ വക്താവല്ലേ. ഡല്‍ഹി വിട്ട് കേരളത്തില്‍ വന്നതെന്തിനാണ്. ഹിന്ദുത്വത്തില്‍ നിന്നും ഭാരത ജനതയെ മതേതര കാഴ്ചപ്പടുള്ളവരാക്കി മാറ്റാന്‍ ശ്രമിക്കുകയല്ലായിരുന്നോ വേണ്ടത്.

നിരക്ഷരരായ ഭാരത ഗ്രാമീണ ജനതയെ അന്ധവിശ്വാസത്തില്‍ നിന്നും അനാചാരത്തില്‍ നിന്നും രക്ഷിക്കാന്‍ ഈ ഹൈടെക് പൗരന് എന്തെങ്കിലും പയ്‌ക്കേജുകള്‍ ഉണ്ടോ? ഇല്ല. ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരീസ്, ഹോങ്കോങ്ങ് വാസിയായിരുന്ന ഇദ്ദേഹത്തിന്, അഴിമതിയില്ലാത്തതും യൂറോപ്പ് പോലെയോ അമേരിക്കപോലയോ ഒരു വികസിത രാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ പറ്റുന്ന നൂതന ഭരണ സംവിധാനം എന്തെങ്കിലും രൂപപ്പെടുത്തി ഭാരത ജനതയ്ക്കു മുമ്പില്‍ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടോ ?
ഡല്‍ഹി ചെങ്കോട്ടയിലെ മോഹം അസ്തമിച്ചപ്പോള്‍ കേരളത്തിലെത്തി ‘കുളം കലക്കി ‘ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണ്. ഇവിടെ കോണ്‍ഗ്രസിനകത്ത് മുഖ്യമന്ത്രിയാകാന്‍ പ്രാപ്തരായ നിരവധി നേതാക്കളുണ്ട്. അതില്‍ സ്വാതന്ത്ര സമര സേനാനികളുടെ മക്കളുണ്ട്, സി.പി.എം ഗുണ്ടകളുടെ മര്‍ദ്ദനമേറ്റവര്‍ ഉണ്ട്, നാടിന് വേണ്ടി സമരം ചെയ്തവരുണ്ട് , കോണ്‍ഗ്രസിനായി ജീവത്യാഗം ചെയ്ത നേതാക്കളുടെ പിന്‍തുടര്‍ച്ചക്കാര്‍ ഉണ്ട്. പിണറായിക്ക് ശേഷം അവരാരെങ്കിലും മുഖ്യമന്ത്രി ആയിക്കോളും. ഇവിടെ തരൂരിനെന്ത് കാര്യം?.
ശശി തരൂര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ തനിക്ക് ഇപ്പോള്‍ ഉള്ള പ്രതിച്ഛായയെ തകര്‍ക്കും എന്നതിന് സംശയം വേണ്ട. ഒരുവിധം കരകയറി വന്ന കോണ്‍ഗ്രസിനെ നാശത്തിലേക്ക് തള്ളിവിടുകയാണ് തരൂര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. താമസിയാതെ അദ്ദേഹം മോദിയുടെ ക്യാബിനറ്റില്‍ ഒരു മന്ത്രിയായി തിരുവനന്തപുരത്ത് വിമാനമിറങ്ങാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.

കെ.എന്‍. റസ്സല്‍























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.