◾സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിക്കാന്‍ പേരു നിര്‍ദേശിച്ചത് ആരെന്നു ഗവര്‍ണറോട് ഹൈക്കോടതി. ഫോണില്‍ പോലും ആരായാതെയാണു ഗവര്‍ണര്‍ വിസിയെ നിയമിച്ചതെന്നും ചുമതല പ്രോ വിസിക്ക് നല്‍കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍വകലാശാലകളില്‍ ആരെയെങ്കിലും വിസിയായി നിയമിക്കാനാകില്ലെന്നു കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥികളുടെ ഭാവിയില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. (യുവതയെ നാടുകടത്തുമോ… https://youtu.be/NpjDzR02TR4 )
◾സാങ്കേതിക സര്‍വകലാശാലയില്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നാലായിരത്തിലധികം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് താത്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് ഹൈക്കോടതിയില്‍. ജീവനക്കാര്‍ പ്രതിഷേധവും നിസഹകരണ സമരവും നടത്തി ചുമതലകള്‍ തടസപ്പെടുത്തുകയാണ്. സിസ തോമസിനെ വിസിയായി നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
◾വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി എട്ടു മാസങ്ങള്‍ക്കുള്ളില്‍ രണ്ടു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്ന് മന്ത്രി പി രാജീവ്. പദ്ധതി ആരംഭിച്ച് 235 ദിവസം പിന്നിട്ടപ്പോഴേക്കും 5,655.69 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ എത്തിയെന്നും 92,000 സംരംഭങ്ങള്‍ ആരംഭിച്ചെന്നും മന്ത്രി അവകാശപ്പെട്ടു
◾പ്രളയകാലത്ത് കേന്ദ്രം കേരളത്തിന് അധികമായി തന്ന അരിയുടെ വിലയായ 205.81 കോടി രൂപ കേന്ദ്ര സര്‍ക്കാരിനു നല്കാന് തീരുമാനമായി. പണം ആവശ്യപ്പെട്ട് കേന്ദ്രം അന്ത്യശാസനം നല്‍കിയതോടെ ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പിട്ടു.
◾കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 17,000 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കുടിശിക തുകയാണിത്. ജിഎസ്ടി നഷ്ടപരിഹാര കുടിശിക ഉടനേ വേണമെന്ന് കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു.
◾റേഷന്‍ വ്യാപാരികള്‍ ഇന്നു മുതല്‍ നടത്താനിരുന്ന കടയടപ്പു സമരം പിന്‍വലിച്ചു. വെട്ടിക്കുറച്ച കമ്മീഷന് പുനസ്ഥാപിക്കുമെന്ന ഭക്ഷ്യ മന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് സമരത്തില്‍നിന്നു പിന്മാറിയതെന്നു സമര സമിതി വ്യക്തമാക്കി.
◾കര്‍ണാടക സംഗീതത്തിനു പാലാ സി.കെ രാമചന്ദ്രനും രാധാ നമ്പൂതിരിയും മോഹിനിയാട്ടത്തില്‍ നിര്‍മല പണിക്കരും നീന പ്രസാദും കേന്ദ്ര സംഗീത നാടക അക്കാദമി അവര്‍ഡു നേടി. ട്രിവാന്‍ഡ്രം വി സുരേന്ദ്രന് (മൃദംഗം), കലാമണ്ഡലം ഗിരിജ (കൂടിയാട്ടം), ഇഞ്ചക്കാട്ട് രാമചന്ദ്രന് പിള്ളൈ (കഥകളി) എന്നിവരടക്കം 128 കലാകാരന്മാര്ക്കാണ് 2021 വരെയുള്ള മൂന്നു വര്‍ഷത്തെ അവാര്‍ഡുകള്‍.
◾പരിപാടികളില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ എംപിക്കു വിലക്കില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഡിസിസി അടക്കമുള്ള പാര്‍ട്ടി ഘടകങ്ങളെ അറിയിക്കണം. എം.കെ. രാഘവന് എംപിയുടെ പരാതി കിട്ടിയില്ല. അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡിസിസി ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് എഐസിസി അധ്യക്ഷന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നു കോഴിക്കോട് എത്തും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, രമേശ് ചെന്നിത്തല എന്നിവരും പങ്കെടുക്കും.
◾കോട്ടയം ഈരാറ്റുപേട്ടയില്‍ ശശി തരൂരിനെ പങ്കെടുപ്പിച്ചു നടത്തുന്ന മഹാ സമ്മേളനം വിജയിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 38 അംഗ കമ്മിറ്റിയില്‍ ആറുപേരാണ് എതിര്‍പ്പ് ഉന്നയിച്ചത്. ഡിസംബര്‍ മൂന്നിന് ഈരാറ്റുപേട്ടയിലാണ് മഹാ സമ്മേളനം.
◾ഗുരുവായൂര്‍ ഏകാദശി രണ്ടു ദിവസങ്ങളിലായി ആഘോഷിക്കും. ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ ആഘോഷിക്കാനാണ് തന്ത്രിയുടേയും ജ്യോതിഷികളുടേയും തീരുമാനം. ഭരണസമിതി അംഗീകാരവും നല്കി. ഡിസംബര്‍ മൂന്നിന് ഏകാദശി ആഘോഷിക്കാനാണ് നേരത്തെ തീയതി നിശ്ചയിച്ചിരുന്നത്.
◾ഭക്ഷണത്തില്‍ പലതവണയായി വിഷാംശമുള്ള രാസവസ്തു ചേര്‍ത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ നല്കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. മുന്‍ ഡ്രൈവര്‍ വിനുകുമാറിനെതിരേയാണു പരാതി നല്‍കിയത്. നാലു മാസത്തെ പ്രാഥമിക അന്വേഷണത്തിനുശേഷമാണ് കേസെടുത്തത്. കണ്ണിന്റെ കാഴ്ചശേഷി കുറഞ്ഞു, കാലിനു സ്വാധീനക്കുറവുണ്ടായിയെന്നാണു സരിത പറയുന്നത്.
◾വാളയാര്‍ കേസില്‍ സിബിഐ പ്രോസിക്യൂട്ടര്‍ അനൂപ് കെ ആന്റണിയെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരേ സമരസമിതി. കോടതിയില്‍ ഹാജരാകാതിരുന്ന പ്രോസിക്യൂട്ടര്‍ ഒടുവില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. കുട്ടികള്‍ അപമാനഭാരത്താല്‍ ആത്മഹത്യ ചെയ്തെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്ട്ടുതന്നെയാണ് സിബിഐക്കുവേണ്ടി പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാക്കിയത്. റിപ്പോര്‍ട്ടു തള്ളിയ കോടതി വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കേ അതേ പ്രോസിക്യൂട്ടറെ നിയമിച്ചത് അംഗീകരിക്കാനാവില്ലെന്നു സമരസമിതി നേതാക്കള്‍ പറഞ്ഞു.
◾തിരുവനന്തപുരം കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാജു പ്രതിപക്ഷത്തുള്ള യുഡിഎഫിന്റെ വനിതാ കൗണ്‍സിലര്‍മാര്‍ക്കു തുണി പൊക്കിക്കാണിച്ചെന്നു പരാതി. പ്രതിഷേധ സമരത്തിനിടെയാാണ് അതിക്രമം കാണിച്ചതെന്ന് ആരോപിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുഡിഎഫ് പരാതി നല്കി. അസഭ്യം വിളിച്ചെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.
◾കോഴിക്കോട് വാട്ടര്‍ അതോറിറ്റിയുടെ ഓഫീസിനു ജപ്തി നോട്ടീസ്. എറണാകുളം സ്വദേശിയായ കരാറുകാരന് രാജുവിന് ലഭിക്കാനുള്ള 38 ലക്ഷം രൂപ ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരുന്നു. കോഴിക്കോട് സബ് കോടതിയാണ് ഓഫീസ് ജപ്തിചെയ്ത് പണം ഈടാക്കാന്‍ നിര്‍ദ്ദേശിച്ചത്.
◾കോഴിക്കോട് കോതിയില്‍ മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ സമരത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിന് ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് ചെമ്മങ്ങാട് പൊലീസ് കേസെടുത്തു.
◾കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യത്തൊഴിലാളികള്‍ക്കും അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. ബോട്ടുടമയ്ക്കുള്ള നഷ്ടപരിഹാര തുകയായ രണ്ടു കോടി രൂപയില്‍നിന്ന് ഈ തുക നല്‍കണം. ബാക്കിയുള്ള 1.45 കോടി രൂപ ബോട്ടുടമയ്ക്കു കൈമാറണം. ഇറ്റാലിയന്‍ നാവികര്‍ 2012 ലാണ് രണ്ടു മത്സ്യതൊഴിലാളികളെ വെടിവച്ചു കൊന്നത്. കോടതി വിധിയനുസരിച്ച് കെട്ടിവച്ച പത്തു കോടി രൂപയില്‍ നാലു കോടി രൂപ വീതം മരിച്ച മല്‍സ്യത്തൊഴിലാളികളുടെ കുടുംബത്തിനു നല്‍കിയിരുന്നു.
◾കൊച്ചി കോര്‍പ്പറേഷന്റെ ബ്രഹ്മപുരം മാലിന്യ പ്ലാന്റ് നടത്തിപ്പ് കരാറില്‍ അഴിമതി ആരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. മേയര്‍ എം അനില്‍ കുമാര്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോയി. കരാറില്‍ വിജിലന്‍സ് കോടതി നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ ത്വരിതാന്വേഷണത്തിനാണ് ഉത്തരവ്.
◾തനിക്കെതിരെ രാജ്ഭവനിലേക്ക് എല്‍ഡിഎഫ് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വിഷയത്തില്‍ രാജ്ഭവനു പരാതി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയതേയുള്ളൂ. ഇക്കാര്യത്തില്‍ തനിക്കു വ്യക്തിപരമായ താല്പര്യമില്ലെന്നും ഗവര്‍ണര്‍.
◾രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ നടപടിയില്‍ സന്തോഷമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെസുരേന്ദ്രന്. റജിസ്റ്ററില്‍ ഒപ്പിട്ടു ശമ്പളവും വാങ്ങി പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുന്നത് അംഗീകരിക്കാനാവില്ല. അഞ്ചു ലക്ഷം ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുകയാണ്. ഇതവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾കൊച്ചിയില്‍ പത്തൊമ്പതുകാരി മോഡലിനെ കൂട്ട ബലാല്‍സംഘം ചെയ്ത കേസില്‍ പ്രതിക്കുവേണ്ടി വക്കാലത്തില്ലാതെ ഹാജരായ അഡ്വ. ബി.എ. ആളൂരിനെതിരേ ബാര്‍ കൗണ്‍സില്‍ നോട്ടീസ്. പ്രതി ഡിമ്പിളിനുവേണ്ടി ഹാജരായ ആളൂരും ഡിമ്പിളിന്റെ അഭിഭാഷകന് അഫ്സലും തമ്മില്‍ കോടതിയില്‍ വാക്കേറ്റമുണ്ടായി. ജഡ്ജി ഇടപെട്ടാണ് തര്‍ക്കം അവസാനിപ്പിച്ചത്. ബാര്‍ കൗണ്‍സില്‍ ആറ് അഭിഭാഷകരില്‍നിന്ന് വിശദീകരണം തേടും.
◾പ്രായപൂര്‍ത്തിയാകാത്ത മലയാളി വിദ്യാര്‍ത്ഥിയെ ലിംഗമാറ്റ ശസ്ത്രക്രിയക്കു പ്രേരിപ്പിച്ച് പണപ്പിരിവു നടത്തിയെന്ന കേസില്‍ കേരള പൊലീസ് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ച യുപി സ്വദേശിനിക്കെതിരായ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്ത് കേരളത്തിനു നോട്ടീസ് അയച്ചു. പ്രതിയായ ഇരുപത്തിനാലുകാരിയുടെ ഹര്‍ജിയിലാണ് നടപടി. പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ് കേരള പൊലീസ് കേസെടുത്തത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിയെ സഹായിക്കാനാണു ശ്രമിച്ചതെന്നും പണമിടപാടുകള്‍ നടത്തിയിട്ടില്ലെന്നും യുവതി പറഞ്ഞു.
◾പെരുമ്പാവൂര്‍ ജിഷാ കൊലക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതി അമീറുള്‍ ഇസ്ലാമിനെ ആസാമിലെ ജയിലിലേക്കു മാറ്റാനാവില്ലെന്നു സുപ്രീം കോടതി. കേരളത്തിലെ ജയില്‍ചട്ട പ്രകാരം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളിക്കു ജയില്‍മാറ്റം അനുവദിക്കാനാകില്ല. ഈ വ്യവസ്ഥ ഭേദഗതി ചെയ്യാതെ ആസാമിലേക്കു മാറ്റാനാവില്ലെന്നു കോടതി നിരീക്ഷിച്ചു.
◾കൊച്ചിയില്‍ പങ്കാളിയെ നടുറോഡില്‍വച്ചു കുത്തിയ ട്രാന്‍സ്ജെന്‍ഡറെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് സ്വദേശിയായ മുരുകേശനാണ് കുത്തേറ്റത്. ചെന്നൈ സ്വദേശി രേഷ്മയെന്ന ട്രാന്സ്ജെന്ററെയാണ് അറസ്റ്റു ചെയ്തത്. ഇരുവരും കൊച്ചിയില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. മുരുകേശന്റെ ഭാര്യ സ്ഥലത്തെത്തി കലഹിച്ചതോടെ രേഷ്മ കത്തികൊണ്ട് കുത്തുകയായിരുന്നു.
◾ഡോക്ടറായ മകനെ കമ്പനി ഡയറക്ടറാക്കാമെന്നു വാഗ്ദാനം നല്കി പള്ളി ഇമാമില്‍നിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ തിരുര്‍ക്കാട് എസ് ടി ആര് യാസിന് തങ്ങളാണ് കളമശേരി പൊലീസിന്റെ പിടിയിലായത്. കളമശേരി സ്വദേശിയുടെ പരാതിയില്‍ പ്രതിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലാണ് പ്രതി പിടിയിലായത്.
◾ഹിമാചല്‍പ്രദേശിലെ മണാലിയില്‍ ബൈക്ക് താഴ്ചയിലേക്കു മറിഞ്ഞ് മലയാളി ഡോക്ടര്‍ അടക്കം രണ്ടുപേര്‍ മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് മരിച്ചത്.
◾അയല്‍വാസിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പത്തനംതിട്ട കൊടുമണ്‍ എരിത്വാക്കുന്ന് സ്വദേശി ഷിബുവാണ് അറസ്റ്റിലായത്. പൊള്ളലേറ്റ അയല്‍വാസി ലതയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ഡല്‍ഹി മദ്യനയക്കേസില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മലയാളി വ്യവസായിയും ആംആദ്മി പാര്‍ട്ടി നേതാവുമായ വിജയ് നായര്‍ ഉള്‍പ്പെടെയുള്ള ഏഴു പ്രതികള്‍. മലയാളിയായ അരുണ്‍ ആര് പിള്ള, രണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ എന്നിവരും പ്രതികളാണ്. സിബിഐ നിരവധി തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതിപ്പട്ടികയില്‍ ഇല്ല.
◾ഭിമ കൊറേഗാവ് കേസില്‍ ജയിലിലുള്ള ഐഐടി പ്രൊഫസര്‍ ആനന്ദ് തെല്‍തുംബഡെയ്ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി നടപടിയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
◾സുപ്രീംകോടതി ലൈവ് സംപ്രേഷണത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ ദുരുപയോഗിക്കുമോയെന്ന് ആശങ്കയുണ്ടെന്ന് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്. മുന്‍കൂട്ടി അപേക്ഷ നല്കുന്ന അര്‍ഹര്‍ക്കു മാത്രമേ ലൈവ് സംപ്രേക്ഷണത്തിലേക്കു പ്രവേശനം അനുവദിക്കൂ. ഗവേഷകര്‍, ഹര്‍ജിക്കാര്‍, അഭിഭാഷകര്‍ എന്നിവര്‍ക്കായിരിക്കും അനുമതിയെന്നു ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
◾പാര്‍ട്ടിയുടെ പേരിലും കൊടിയിലും മതചിഹ്നവും മതപേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ മുസ്ലിം ലീഗിനെ കക്ഷി ചേര്‍ക്കാന്‍ സുപ്രീം കോടതി അനുമതി നല്കി. മറുപടി സത്യവാങ്മൂലത്തിനു മൂന്നാഴ്ച സമയവും നല്കി. വിദ്വേഷ കേസിലെ പ്രതിയാണ് ലീഗിനെ നിരോധിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് ലീഗിന്റെ അഭിഭാഷകന് വാദിച്ചു.
◾നിര്‍മ്മാണത്തിനു ചെലവായ തുകയെക്കാള്‍ ടോള്‍ പിരിക്കാന്‍ അനുവദിക്കുന്നതിന് എതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി സര്‍ക്കാരിനു നോട്ടീസയച്ചു. വിശദമായി പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മധ്യപ്രദേശില്‍ നിന്നുള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിനാണു നോട്ടീസ് നല്‍കിയത്.
◾സുപ്രീംകോടതി ജഡ്ജിയെ ഭീകരനെന്നു വിശേഷിപ്പിച്ച പരാതിക്കാരനെതിരെ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ അപേക്ഷയിലാണ് പരാതിക്കാരന് ജഡ്ജിയെ ഭീകരനെന്നു വിശേഷിപ്പിച്ചത്. നടപടി എടുക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് ഹര്‍ജിക്കാരനു നോട്ടീസ് നല്കാന് സുപ്രീംകോടതി രജിസ്ട്രിക്കു നിര്‍ദേശം നല്കി.
◾ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ ഡോ. സി വി ആനന്ദബോസിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബിജെപി നേതാക്കളും കോണ്‍ഗ്രസും ബഹിഷ്കരിച്ചു. ക്ഷണിച്ചിട്ടും അവര്‍ എത്തിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. ചടങ്ങിനെത്തിയ സിപിഎം നേതാവ് ബിമന്‍ ബോസിന് നന്ദിയെന്നും മമത പറഞ്ഞു. മുന്‍ നിരയില്‍ സീറ്റ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചത്.
◾ബംഗളൂരുവില്‍ 67 കാരനായ ബിസിനസുകാരന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്നു പോലീസ്. വീട്ടുജോലിക്കാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണു മരിച്ചതാണെന്നാണ് പോലീസ് പറയുന്നത്. ജെപി നഗറിലെ പുത്തനഹള്ളിയിലുള്ള ബാലസുബ്രഹ്മണ്യന്റെ മരണമാണ് ഇങ്ങനെ വിവാദമായത്. മുപ്പത്തഞ്ചുകാരിയായ വീട്ടുജോലിക്കാരിയുടെ വീട്ടിലാണു മരണം സംഭവിച്ചത്. ഭയന്ന വീട്ടുജോലിക്കാരി ഭര്‍ത്താവിന്റേയും സഹോദരന്റേയും സഹായത്തോടെയാണു മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചത്.
◾ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍ ഇറക്കി പതിനായിരം കോടി രൂപ സമാഹരിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതില്‍ 5,000 കോടി രൂപയുടെ ഗ്രീന്‍ഷൂ ഓപ്ഷനും ഉള്‍പ്പെടുമെന്ന് ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ധനസമാഹരണം പരിഗണിക്കുന്നതിനായി സെന്‍ട്രല്‍ ബോര്‍ഡിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി 29 ന് യോഗം ചേരും.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.