ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന് 35 ലക്ഷം രൂപ മുടക്കി വാങ്ങുന്നത് ബുള്ളറ്റ് പ്രൂഫ് കാറാണോയെന്ന് അറിയില്ലെന്ന് ധനമന്ത്രി

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന് 35 ലക്ഷം രൂപ മുടക്കി വാങ്ങുന്നത് ബുള്ളറ്റ് പ്രൂഫ് കാറാണോയെന്ന് അറിയില്ലെന്ന് ധനമന്ത്രി

◾ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന് 35 ലക്ഷം രൂപ മുടക്കി വാങ്ങുന്നത് ബുള്ളറ്റ് പ്രൂഫ് കാറാണോയെന്ന് അറിയില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധിയുണ്ട്. എന്നാല്‍ മോശമായ വാഹനങ്ങള്‍ മാറ്റിവാങ്ങുന്നതടക്കം അത്യാവശ്യ ചെലവുകള്‍ ചെയ്യേണ്ടിവരുമെന്നും ധനമന്ത്രി പറഞ്ഞു.

◾ഇന്തോനേഷ്യയില്‍ ഭൂചലനത്തില്‍ 162 മരണം. ജാവാ ദ്വീപിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. എഴുന്നൂറിലേറേ പേര്‍ക്കു പരിക്കേറ്റു. തുടര്‍ചലനങ്ങള്‍ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമൂലം ജനങ്ങള്‍ തലസ്ഥാന നഗരത്തില്‍ അഭയം തേടിയിരിക്കുകയാണ്. ഡസനിലേറെ വലിയ കെട്ടിടങ്ങളും നൂറ്റമ്പതോളം വീടുകളും തകര്‍ന്നു. ഇവയ്ക്കടിയില്‍ കുടുങ്ങിയാണ് ഇത്രയും പേര്‍ മരിച്ചത്.

◾കോണ്‍ഗ്രസിലെ കലാപം ഒതുക്കാന്‍ ശശി തരൂര്‍ വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ക്കു കെപിസിസിയുടെ വിലക്ക്. കോണ്‍ഗ്രസിന്റെ കെട്ടുറപ്പിനേയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങള്‍ പാടില്ല. തരൂരിന് കോണ്‍ഗ്രസില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. പാര്‍ട്ടി പരിപാടികളില്‍നിന്ന് തരൂരിനെ തടഞ്ഞെന്ന പ്രചരണം ശരിയല്ലെന്നും കെപിസിസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

◾കോണ്‍ഗ്രസ് വേദിയില്‍ പാര്‍ട്ടി പ്രത്യയ ശാസ്ത്രം പറയുന്നതില്‍ വിലക്കില്ലെന്ന് ശശി തരൂര്‍. വിലക്കുകളില്‍ അത്ഭുതം തോന്നുന്നുവെന്നു പറഞ്ഞ ശശി തരൂര്‍, ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് എം.കെ. രാഘവന്‍ എംപി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതികരിച്ചു.

◾ഫിഷറീസ് സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ വിസി കെ റിജി ജോണിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി സ്റ്റേ അനുവദിച്ചില്ല. എല്ലാ കക്ഷികള്‍ക്കും നോട്ടീസയക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചക്കുശേഷം കേസ് പരിഗണിക്കും. ആക്ടിംഗ് വിസിയെ ചാന്‍സലര്‍ക്കു നിയമിക്കാം.

◾പെണ്‍കെണിയില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത യുട്യൂബ് വ്ളോഗര്‍മാരായ റാഷിദയും നിഷാദും അറസ്റ്റിലായി. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇരുവരും ചേര്‍ന്ന് അറുപത്തെട്ടുകാരനുമായി ചങ്ങാത്തമുണ്ടാക്കിയാണ് തട്ടിപ്പു നടത്തിയത്. ആലുവായിലെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചുവരുത്തി നഗ്‌ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.

◾റേഷന്‍ കടകള്‍ ശനിയാഴ്ച മുതല്‍ അടച്ചിടും. കഴിഞ്ഞ മാസത്തെ കമ്മീഷന്‍ തുക 49 ശതമാനം മാത്രമേ ഇപ്പോള്‍ നല്‍കൂവെന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയതില്‍ പ്രതിഷേധിച്ചാണ് സമരം. കുടിശ്ശിക എന്നു നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നില്ല. അരി അടക്കമുള്ളവയുടെ വില അടിക്കടി വര്‍ധിക്കുന്നതിനിടയിലാണ് റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കേയാണ് റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ പകുതിയാക്കിയത്.

◾ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവനിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച്. രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്കു രണ്ടു വര്‍ഷംമുമ്പ് എഴുതിയ കത്ത് പുറത്തുവിട്ടതിനു പിറകേയാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. രാജ്ഭവനു മുന്നില്‍ പൊലീസ് ബാരിക്കേഡ് കെട്ടി മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

◾അനുവദിക്കപ്പെട്ടതിനേക്കാള്‍ ഒരാളെ പോലും നിയമിച്ചിട്ടില്ലെന്ന് രാജ്ഭവന്‍. 23 വര്‍ഷമായി രാജ്ഭവനില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തയാളെ സ്ഥിരമാക്കാന്‍ ആവശ്യപ്പെട്ടതിനാണ് 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെന്നു പ്രചാരണം നടത്തുന്നതെന്നും രാജ്ഭവന്‍.

◾മംഗലാപുരത്തെ പ്രഷര്‍ കുക്കര്‍ ബോംബ് സ്ഫോടനക്കേസില്‍ അന്വേഷണം കേരളത്തിലേക്കും. സ്ഫോടനത്തില്‍ പരിക്കേറ്റ ഷാരിഖ് ആലുവയില്‍ എത്തിയിരുന്നു. ബോംബുണ്ടാക്കാന്‍ വേണ്ട ചില സാമഗ്രികള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതാണ്. ആലുവയിലാണ് ഷാരിഖ് അവ കൈപ്പറ്റിയതെന്നാണു റിപ്പോര്‍ട്ട്.

◾ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ച് കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്ത് പലരില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.കെ. രവിശങ്കറിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

◾പൊതുമരാമത്തു പണികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന പരിശോധന നടത്തുമെന്നും മൊബൈല്‍ പരിശോധനാ സംവിധാനം വരുമെന്നും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചിലയിടങ്ങളിലെ റോഡ് നിര്‍മ്മാണത്തില്‍ പരാതികളുണ്ടെന്നും മന്ത്രി പറഞ്ഞു. കൊല്ലം ജില്ലയിലെ റോഡുകളിലെ പരിശോധനയ്ക്കും അവലോകന യോഗത്തിനും ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.

◾തലാഖ് ചൊല്ലിയ ഭര്‍ത്താവ് ഭാര്യക്ക് 31,98,000 രൂപ ജീവനാംശം നല്‍കണമെന്നു ഹൈക്കോടതി ഉത്തരവ്. എറണാകുളം പള്ളിക്കര സ്വദേശി ഷിഹാബ് നഷ്ടപരിഹാരം നല്‍കണമെന്ന കളമശേരി മജിസ്ട്രേറ്റ് കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. വിദേശത്തു രണ്ടു ലക്ഷം രൂപ ശമ്പളമുള്ള ഭര്‍ത്താവില്‍നിന്ന് അതിനനുസ്വതമായ നഷ്ടപരിഹാരം വേണമെന്നായിരുന്നു ഭാര്യയുടെ ആവശ്യം.

◾ലഹരി വിരുദ്ധ സന്ദേശവുമായി ഖത്തറിലെ ലോകകപ്പ് വേദിയിലേക്ക് ബോബി ചെമ്മണൂരിന്റെ യാത്ര. മറഡോണയുടെ സ്വര്‍ണ ശില്‍പമേന്തിയുള്ള യാത്ര തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്തു.

◾സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് സുപ്രീം കോടതി ജസ്റ്റിസ് ഋഷികേശ് റോയ് പിന്മാറി. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ് ചെയര്‍മാനും പ്രമുഖ അഭിഭാഷകനുമായ വി.കെ. ബീരാനാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.

◾മെഡിക്കല്‍ പി ജി പ്രവേശനത്തിന് സര്‍ക്കാര്‍ സര്‍വ്വീസിലുഉള്ളവരുടെ ക്വാട്ടയിലേക്ക് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടെ കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ഭരണ സമിതി അധ്യക്ഷന്‍ മുഖ്യമന്ത്രിയാണ്. പാലക്കാട് മെഡിക്കല്‍ കോളജിലെ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെടുത്തത്.

◾കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ആരാധാകനാണ് താനെന്ന് സ്പിക്കര്‍ എ.എന്‍ ഷംസീര്‍. ശശി തരൂരിനെ വേദിയിലിരുത്തിയാണു പ്രശംസ. ശശി തരൂര്‍ പ്രയോഗിക്കുന്ന ചില വാക്കുകളുടെ അര്‍ത്ഥത്തിനായി ഡിക്ഷണറി തേടാറുണ്ട്. വൊക്കാബുലറിയും വാക്ചാതുര്യവും പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു.

◾അമിത വേഗത്തില്‍ ഓവര്‍ ടേക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്വകാര്യ സ്‌കൂള്‍ അധ്യാപിക മരിച്ചു. കായംകുളം എസ്എന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധ്യാപികയായ ഭഗവതിപടിയില്‍ വാടകക്കു താമസിക്കുന്ന ഓച്ചിറ തെക്ക് കൊച്ചുമുറി സരോജ് ഭവനത്തില്‍ സുമമാണ് മരിച്ചത്.

◾പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്കു കേരള പോലീസിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരം. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറില്‍ നിന്ന് പോലീസ് ആസ്ഥാനത്തെ എസ്പി ഡോ. നവനീത് ശര്‍മ്മ അവാര്‍ഡ് സ്വീകരിച്ചു. തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും പുരസ്‌കാരം നേടി.

◾കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. പിറവം മണ്ഡലം കമ്മിറ്റി യോഗത്തിനിടെയാണ് സംഭവം. സര്‍ക്കാരിനെതിരായ സമരം ആലോചിക്കാനാണു യോഗം ചേര്‍ന്നത്. മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാര്‍ സാബു ജേക്കബിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടിയത്.

◾കലോല്‍സവത്തിനു പോയി മടങ്ങുന്നതിനിടെ തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചെന്ന വിവരം മറച്ചുവച്ചതിനു പ്രിന്‍സിപ്പല്‍ അടക്കം മൂന്നു പേര്‍ കൂടി അറസ്റ്റില്‍. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. അധ്യാപകന്‍ കിരണ്‍ നേരത്തെ അറസ്റ്റിലായിരുന്നു.

◾ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. കൊച്ചി ചിറ്റൂര്‍ റോഡില്‍ വൈഎംസിഎയ്ക്കു സമീപം വച്ചായിരുന്നു അപകടം. എറണാകുളത്തു നിന്നും തിരുവനന്തപുരം കളിയക്കാവിളയിലേക്കു പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.

◾കേന്ദ്ര ബജറ്റിനു മുന്നോടിയായുള്ള കൂടിയാലോചനകള്‍ക്കു ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടക്കമിട്ടു. സാമ്പത്തിക വിദഗ്ധരുമായും വ്യവസായ പ്രമുഖരുമായും നേരിട്ടും വെര്‍ച്വല്‍ യോഗങ്ങളിലൂടേയും ആശയവിനിമയം നടത്തും. 2023-24 ബജറ്റ് നിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ തേടാനാണ് ചര്‍ച്ച.

◾ക്രിമിനല്‍ നടപടി ചട്ടത്തിലെ 64-ാം വകുപ്പ് വിവേചനപരമായതിനാല്‍ ഭേദഗതി ചെയ്യണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. സമന്‍സിലെ വിലാസക്കാരന്‍ സ്ഥലത്തില്ലെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന പുരുഷന്‍ കൈപ്പറ്റണമെന്ന വ്യവസ്ഥ സ്ത്രീകളോടുള്ള വിവേചനമാണെന്നും കുടുംബത്തിലെ മുതിര്‍ന്ന വനിതയ്ക്കും തുല്യ പ്രാധാന്യം വേണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

◾കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചെന്നു സ്വയം സാക്ഷ്യപ്പെടുത്തുന്ന ‘എയര്‍ സുവിധ’ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കി. ഇന്ത്യയിലേക്കു വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നു.

◾യുപിയിലെ മഥുരയില്‍ യമുന എക്‌സ്പ്രസ് വേയില്‍ സ്യൂട്ട്‌കേസില്‍ 22 കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊല. യുവതിയുടെ അച്ഛനും അമ്മയും അറസ്റ്റിലായി. ആയുഷി ചൗധരിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. താഴ്ന്ന ജാതിയിലുള്ളയാളെ വിവാഹം ചെയ്തതിനു അച്ഛന്‍ വെടിവച്ചുകൊന്ന് മൃതദേഹം സ്യൂട്ട്‌കേസില്‍ പൊതിഞ്ഞ് ഹൈവേയില്‍ തള്ളുകയായിരുന്നു. ഡല്‍ഹിയിലെ ബദര്‍പൂരിലെ വസതിയില്‍ കൊലപ്പെടുത്തിയശേഷം 150 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം തള്ളിയത്.

◾ഖത്തര്‍ ലോകകപ്പില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് ഇറാനെ തകര്‍ത്ത് ഇംഗ്ലണ്ട്. ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. ജൂഡ് ബെല്ലിംഗ്ഹാം, ബുക്കായോ സാക്ക, സ്റ്റെര്‍ലിംഗ്, റാഷ്ഫോര്‍ഡ്, ഗ്രീലീഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്. ഇറാന്റെ രണ്ട് ഗോളുകളും നേടിയത് മെഹദി തരൈമിയായിരുന്നു.

◾ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ദേശീയ ഗാനം ആലപിക്കാന്‍ തയ്യാറാകാതെ ഇറാന്‍ ടീം. ഇറാനില്‍ ഹിജാബിനെതിരായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് താരങ്ങള്‍ ദേശീയ ഗാനം ആലപിക്കാതിരുന്നത്. ദേശീയ ഗാനം ആലപിക്കാതിരുന്നത് കൂട്ടായ തീരുമാനം ആയിരുന്നുവെന്ന് ഇറാന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!