മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം വിഷയമാക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം വിഷയമാക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം വിഷയമാക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദേശീ വിഷയം ചര്‍ച്ചയാക്കുമെന്ന് അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. കോടതിയില്‍ എത്തിയാല്‍ ഈ വിഷയത്തിലും നടപടി ഉറപ്പാണ്. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു.

◾വൈസ് ചാന്‍സലര്‍ നിയമനം കോടതി കയറുകയും ജീവനക്കാര്‍ പ്രതിഷേധസമരം തുടരുകയും ചെയ്യുന്ന സാങ്കേതിക സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം അവതാളത്തിലായി. താല്‍ക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വ്വകലാശാലയിലെ ജീവനക്കാര്‍ പ്രതിഷേധ സമരത്തിലാണ്. ഇതുമൂലം വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം അടക്കമുള്ള നടപടികള്‍ മുടങ്ങി. എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തേയും ജോലി കണ്ടെത്തലിനേയും ബാധിച്ചുതുടങ്ങി.

◾കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ നശിക്കാതെ നോക്കണമെന്നും യഥാസമയം ഉടമയ്ക്കു വിട്ടുകൊടുക്കണമെന്നും സുപ്രീംകോടതി. ലഹരിക്കേസില്‍ പിടിയിലായ വാഹനങ്ങള്‍ വിട്ടുനല്‍കാനുള്ള അധികാരം മജിസ്ട്രേറ്റ് കോടതികള്‍ക്കില്ലെന്ന ഹൈക്കോടതി ഉത്തരവ് ഇതോടെ റദ്ദാകും. മഞ്ചേരിയില്‍ ലഹരി കേസില്‍ പിടികൂടിയ സ്വിഫറ്റ് കാര്‍ ഉടമയ്ക്കു വിട്ടുകൊടുക്കണമെന്ന് ഉത്തരവിട്ടുകൊണ്ടാണ് സുപ്രീം കോടതിയുടെ നീരീക്ഷണം.

◾മദ്യപിച്ചു ലക്കുകെട്ട മോഡലായ പത്തൊമ്പതുകാരിയെ കാറില്‍ കൂട്ടബലാത്സംഗം ചെയ്ത മൂന്നു യുവാക്കളെയും കൂട്ടുനിന്ന സ്ത്രീയേയും അറസ്റ്റു ചെയ്തു. കൊച്ചിയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണു സംഭവം. ബാറില്‍ ലക്കുകെട്ടു കുഴഞ്ഞുവീണ യുവതിയെ കൂടെയുണ്ടായിരുന്ന മൂന്നു യുവാക്കള്‍ ചേര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. സുരക്ഷിതമായി എത്തിക്കുമെന്നു പറഞ്ഞാണ് കാസര്‍കോട് സ്വദേശിനിയായ യുവതിയെ കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ഒഴിവാക്കിയുള്ള കാര്‍യാത്രക്കിടെയായിരുന്നു കൂട്ടബലാത്സംഗം.

◾കെടിയു താല്‍ക്കാലിക വിസി നിയമനം സുപ്രീം കോടതി വിധിയും യുജിസി മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണെന്ന് ഗവര്‍ണര്‍ ഹൈക്കോടതിയില്‍. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തവരെ വൈസ് ചാന്‍സലറായി നിയമിക്കാന്‍ യുജിസി ചട്ടപ്രകാരം യോഗ്യതകളില്ല. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത് പ്രോ വിസിയേയും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയേയുമാണ്. സര്‍ക്കാരിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും തള്ളണമെന്നും ഗവര്‍ണര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

◾ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരേ കോടതിയലക്ഷ്യ ആക്ഷേപവുമായി ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കെടിയു വൈസ് ചാന്‍സലറെ പുറത്താക്കിയ വിധി സംബന്ധിച്ച് പ്രതികരിച്ച മന്ത്രി സുപ്രീം കോടതിയെ അവഹേളിച്ചെന്ന് ആരോപിച്ച് സുപ്രീം കോടതിയെത്തന്നെ സമീപിച്ചു. സുപ്രീംകോടതി പോലും കേന്ദ്ര നയങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് പിടിമുറുക്കുകയാണെന്നും മന്ത്രി ബിന്ദു പറഞ്ഞെന്ന് ആരോപിച്ചാണ് ഹര്‍ജി.

◾കൊച്ചിയില്‍ തുറന്നിട്ടിരിക്കുന്ന ഓടകളും കാനകളും രണ്ടാഴ്ചയ്ക്കകം മൂടണമെന്നു ഹൈക്കോടതി. കാനയില്‍ വീണ് മൂന്നു വയസുകാരനു പരിക്കേറ്റ സംഭവത്തില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയെ കോടതി വിളിപ്പിച്ചുവരുത്തിയാണ് അന്ത്യശാസനം നല്‍കിയത്. കോടതിയില്‍ ഹാജരായ കോര്‍പ്പറേഷന്‍ സെക്രട്ടറി ക്ഷമ ചോദിച്ചു. പനമ്പള്ളി നഗറില്‍ അമ്മയോടൊപ്പം റോഡില്‍ നടന്ന കുട്ടി കാനയില്‍ വീണ സംഭവത്തിനു പിറകേയാണ് നടപടി.

◾തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറുടെ നിയമന’കത്ത്’ വിവാദത്തിലും സര്‍വകലാശാല നിയമന വിവാദങ്ങളിലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് അതൃപ്തി. നിയമന വിവാദങ്ങള്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. നിയമനങ്ങള്‍ പരിശോധിക്കാനും തീരുമാനം. 

◾മലപ്പുറം താനൂര്‍ താനാളൂരില്‍ നാലു വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. വട്ടത്താണി കുന്നത്തുപറമ്പില്‍ റഷീദിന്റെ മകന്‍ മുഹമ്മദ് റിസ്വാനെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തലയുടെ ഒരു ഭാഗവും മുതുകും നായ്ക്കള്‍ കടിച്ചുകീറി ബോധരഹിതനായ നിലയിലായിരുന്നു കുട്ടി. ശരീരത്തില്‍ നാല്‍പതോളം മുറിവുകളുണ്ട്.

◾കേരളത്തിലെ കോണ്‍ഗ്രസില്‍ ശശി തരൂര്‍ ഗ്രൂപ്പുകൂടി വരുന്നു. നാളെ മുതല്‍ നാലു ദിവസം ശശി തരൂര്‍ മലബാര്‍ പര്യടനത്തിലാണ്. പാണക്കാട് സന്ദര്‍ശനവുമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള ശശി തരൂര്‍ എംപിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് എം കെ രാഘവന്‍ എംപി. തരൂരിനെപോലുള്ള നേതാവിനെ കേരളത്തില്‍ ആവശ്യമുണ്ടെന്നും രാഘവന്‍.

◾സംസ്ഥാനത്തെ ധനകാര്യ വകുപ്പില്‍ ജീവനക്കാര്‍ അധികമാണെന്ന് ഭരണപരിഷ്‌കാര വകുപ്പ്. 17 സെക്ഷനുകളില്‍ ജീവനക്കാര്‍ അധികമുണ്ട്. ഓരോ സെക്ഷനിലും ശരാശരി നാലു ജീവനക്കാര്‍ വീതം അധികമുണ്ടെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

◾എറണാകുളം നഗരത്തിലെ എസ്‌സി എസ്ടി ഹോസ്റ്റലില്‍ പട്ടികജാതി വികസന വകുപ്പ് ഓഫീസ് ഉദ്യോഗസ്ഥരുടെ അതിക്രമമെന്നു പരാതി. ഹോസ്റ്റലില്‍ താമസിക്കുന്ന ഹോക്കി താരവും കണ്ണൂര്‍ സ്വദേശിയുമായ അഭിജിത്തിനെ ഹോസ്റ്റലില്‍നിന്നു പുറത്താക്കി. പുറത്തിറങ്ങിയ തന്നെ വാഹനം ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന് അഭിജിത്ത് പരാതിപ്പെട്ടു. ഓഫീസര്‍ സന്ധ്യയുടെ ഔദ്യോഗിക വാഹനം കാലിലൂടെ കയറ്റിയെന്നാണു പരാതി. പരിശോധനയ്ക്കെത്തിയ തങ്ങളെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞ് ആക്രമിച്ചെന്നാണ് ഓഫീസര്‍ സന്ധ്യയുടെ പരാതി.

◾കൊല്ലം ആര്യങ്കാവ് ഫോറസ്റ്റ് സ്റ്റേഷനില്‍ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. ആര്യങ്കാവ് സ്വദേശി സന്ദീപിനാണ് മര്‍ദ്ദനമേറ്റത്. കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് സന്ദീപ് പറഞ്ഞു. സെല്ലിനകത്ത് രക്തം ഒലിപ്പിച്ച് മുറിവേറ്റ് നില്‍ക്കുന്ന സന്ദീപിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

◾ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ശ്രമം. ഏതോ കേസിന്റെ വിധിയില്‍ എല്ലാ വൈസ് ചാന്‍സലര്‍മാരോടും  ഒഴിയാന്‍ പറയുന്നത് എന്തിനാണെന്നും കാനം ചോദിച്ചു.

◾കണ്ണൂര്‍ സര്‍വകലാശാലയില്‍ കൊവിഡിന്റെ മറവില്‍ ഓണ്‍ലൈന്‍ വഴി നടത്തിയ നിയമനങ്ങള്‍ പുനപരിശോധിക്കണമെന്ന്  സര്‍വകലാശാല സെനറ്റ് അംഗം ഡോ ആര്‍ കെ ബിജു. ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

◾വയനാട്ടില്‍ പോക്സോ കേസ് ഇരയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്ഐ ടി.ജി ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി  കോടതിയില്‍. കല്‍പ്പറ്റ പോക്സോ കോടതി ഇന്നു വിധി പറയും. പ്രതി ബാബു ഒളിവിലാണ്.

◾തലശേരിയില്‍ ആറു വയസുകാരനെ ചവിട്ടിവീഴ്ത്തിയ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ആദ്യഘട്ടത്തില്‍ ലോക്കല്‍ പൊലീസ് വീഴ്ച വരുത്തിയ കേസില്‍ റെക്കോഡ് വേഗത്തിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. റിമാന്റില്‍ കഴിയുന്ന പ്രതി മുഹമ്മദ് ഷിഹാദിനെതിരെ നരഹത്യാശ്രമ കുറ്റമാണ് ചുമത്തിയത്.

◾എറണാകുളം കീരംമ്പാറ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ഷീബാ ജോര്‍ജ്ജിനെ അയോഗ്യയാക്കിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സൂപ്രീം കോടതി നോട്ടീസ്. കീരംമ്പാറ ഗ്രാമപഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ഷീബ ജോര്‍ജ് എല്‍ഡിഎഫിന്റെ പിന്തുണയോടെ പ്രസിഡന്റായി. കോണ്‍ഗ്രസ് അംഗം മാമച്ചന്‍ ജോസഫ് തെരഞ്ഞെടുപ്പു കമ്മീഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീബയെ അയോഗ്യയാക്കിയത്. ഇതിനെ ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് ഷീബ സുപ്രീം കോടതിയെ സമീപിച്ചത്.

◾സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനു ജോലി നല്‍കിയ സന്നദ്ധ പ്രസ്ഥാനമായ എച്ച്ആര്‍ഡിഎസ് കേരളം വിടുന്നു. ആദിവാസികള്‍ക്കു സൗജന്യമായി വീടു നിര്‍മിച്ചു നല്‍കുന്ന തങ്ങളെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ ആരോപിച്ചു. എച്ച്ആര്‍ഡിഎസ് ഓഫീസുകളില്‍ നിരന്തരം റെയ്ഡ് നടത്തിയും കേസുകള്‍ ചുമത്തിയും ഉപദ്രവിക്കുകയാണ്. കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാര്‍ഖണ്ഡ് ഉള്‍പ്പടെയുള്ള ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഹൈറേഞ്ച് റൂറല്‍ ഡവലപ്മെന്റ് സൊസൈറ്റി.

◾തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം ചര്‍ച്ചചെയ്യാന്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ യോഗം. പ്രക്ഷുബ്ധ രംഗങ്ങള്‍ക്കു സാധ്യത. പ്രതിപക്ഷമായ ബിജെപി നല്‍കിയ കത്ത് പരിഗണിച്ചാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ചത്.

◾തിരുവനന്തപുരം സംസ്‌കൃത കോളജിനു മുന്നിലെ കവാടത്തില്‍ ഗവര്‍ണറെ അധിക്ഷേപിച്ച് സ്ഥാപിച്ച ബാനറിന്റെ പേരില്‍ എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് നിര്‍ദ്ദേശിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അവര്‍ കുട്ടികളല്ലേ, ‘പഠിച്ചതല്ലേ പാടൂ’ എന്നും ഗവര്‍ണര്‍ പറഞ്ഞു.

◾വടക്കഞ്ചേരി ബസ് അപകടത്തിന് ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയ്ക്കു പുറമേ, കെഎസ്ആര്‍ടിസി ബസിന്റെ പിഴവും കാരണമായെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. അപകടത്തിന് തൊട്ടുമുമ്പ് കെഎസ്ആര്‍ടിസി വേഗത കുറച്ച് യാത്രക്കാരനെ ഇറക്കി. കെഎസ്ആര്‍ടിസിയുടെ വേഗത 10 കിലോമീറ്ററും ടൂറിസ്റ്റ് ബസിന്റേത് 97.72 കിലോമീറ്ററുമായിരുന്നു. സുരക്ഷിതമായ അകലം ടൂറിസ്റ്റ് ബസ് പാലിക്കാത്തതിനാല്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസിയുടെ പിറകില്‍ ഇടിക്കുകയായിരുന്നുവെന്നാണു റിപ്പോര്‍ട്ട്.

◾ആലത്തൂരില്‍ സ്വകാര്യ ബസ് ഹമ്പ് ചാടിയപ്പോള്‍ അടയ്ക്കാത്ത വാതിലിലൂടെ പുറത്തേക്കു തെറിച്ചുവീണ യാത്രക്കാരന്‍ മരിച്ചു. എരിമയൂര്‍ ചുള്ളിമട തേക്കാനത്ത് വീട്ടില്‍ ടി.പി. ജോണ്‍സനാണ് (54) മരിച്ചത്. 

◾പാലക്കാട് ഏജന്റുമാര്‍ക്കു കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന മാഫിയാ സംഘത്തിലെ രണ്ടുപേര്‍ പൊലീസിന്റെ പിടിയില്‍. പാലക്കാട് കല്ലേപ്പുള്ളി തെക്കുമുറി സ്വദേശികളായ മണിമാരന്‍ മകന്‍ സനോജ് (26), അശോകന്‍ മകന്‍ അജിത് (25) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾ആവശ്യത്തിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ അധ്യാപകരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഒരു മണിക്കൂറോളം തടഞ്ഞുവച്ചു. സ്റ്റാഫ് കൗണ്‍സില്‍ നടക്കുന്ന ഹാളിലാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അധ്യാപകരെ തടഞ്ഞുവച്ചത്. പൊലിസ് വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് സമരം അവസാനിപ്പിച്ചത്.

◾കെട്ടിക്കിടക്കുന്ന കേസുകളില്‍ അതിവേഗം തീര്‍പ്പാക്കാന്‍ സുപ്രീം കോടതിയിലെ 13 ബെഞ്ചുകളും എല്ലാ ദിവസവും വിവാഹ തര്‍ക്ക ട്രാന്‍സ്ഫര്‍ ഹര്‍ജികളും ജാമ്യ ഹര്‍ജികളും പത്തെണ്ണം വീതം കേള്‍ക്കും. ചീഫ് ജസ്റ്റിസ്  ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീംകോടതി ജഡ്ജിമാരുടെ യോഗത്തിലാണു  തീരുമാനം. ശീതകാല അവധിക്കുമുമ്പ് അത്തരം എല്ലാ കേസുകളും ജാമ്യാപേക്ഷകളും പരിഗണിക്കും. വിവാഹ ട്രാന്‍സ്ഫറിനുള്ള മൂവായിരം ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നു ചീഫ് ജസ്റ്റീസ് പറഞ്ഞു.

◾ഡാറ്റ ചോര്‍ച്ചയ്ക്ക് 500 കോടി രൂപ പിഴ ചുമത്തുമെന്ന് ഡിജിറ്റല്‍ വ്യക്തിഗത സംരക്ഷണ ബില്‍. ബില്ലിന്റെ കരടു രേഖയില്‍  ഡിസംബര്‍ 17 വരെ പൊതുജനങ്ങള്‍ക്കു പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്താം. 2019 ല്‍ പുറത്തിറക്കിയ കരട് വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലില്‍ 15 കോടി രൂപ അല്ലെങ്കില്‍ ഒരു സ്ഥാപനത്തിന്റെ ആഗോള വിറ്റുവരവിന്റെ നാലു ശതമാനം പിഴയാണു നിര്‍ദേശിച്ചിരുന്നത്.

◾ഭീമ കൊറേഗാവ് കേസിലെ പ്രതി ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്കു മാറ്റണമെന്ന ഉത്തരവിനെതിരായ എന്‍ഐഎയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. 24 മണിക്കുറിനകം നവ്‌ലാഖയെ വീട്ടു തടങ്കലിലേക്കു മാറ്റണമെന്നും ജസ്റ്റീസുമാരായ കെ.എം ജോസഫ്, ഋഷികേശ് റോയ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉടമസ്ഥതിയലുള്ള സ്ഥലത്തു താമസിക്കാന്‍ അനുവദിക്കരുതെന്ന എന്‍ഐഎയുടെ വാദം തള്ളി. കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്ത് അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണെന്നു കോടതി ചൂണ്ടിക്കാട്ടി.

◾മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നൂറ്റഞ്ചാം ജന്മദിനമായ ഇന്ന് സമാധി സ്ഥലമായ ശക്തിസ്ഥലില്‍ പ്രാര്‍ത്ഥനയും, അനുസ്മരണവും നടക്കും. എഐസിസി യിലും അനുസ്മരണ ചടങ്ങുണ്ട്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ വനിതാ പദയാത്രികരെ അണി നിരത്തും. വനിത എംപിമാര്‍, എംഎല്‍എമാര്‍, മഹിള കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ യാത്രയുടെ ഭാഗമാകും. മഹാരാഷ്ട്രയിലാണ് ഭാരത് ജോഡോയാത്ര.

◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥിനും വധഭീഷണി. ഭാരത് ജോഡോ യാത്ര ഇന്‍ഡോറില്‍ പ്രവേശിക്കുന്ന ദിവസം ബോംബ് സ്ഫോടനത്തിലൂടെ വധിക്കുമെന്നാണ് ഭീഷണിക്കത്ത്. ഇന്‍ഡോറിലെ ഒരു ബേക്കറിയിലേക്കു തപാല്‍മാര്‍ഗം വന്ന കത്ത് പോലീസിനു കൈമാറി.

◾ഗുജറാത്ത് ഹൈക്കോടതിയിലെ മലയാളി ന്യായാധിപന്‍ ജസ്റ്റിസ് നിഖില്‍ കരിയേലിനെ പാറ്റ്നയിലേക്കു സ്ഥലം മാറ്റിയതിനെതിരേ അഭിഭാഷകരുടെ പ്രതിഷേധം. ഹൈക്കോടതിയിലെ അഭിഭാഷകര്‍ കോടതി നടപടികള്‍ ബഹിഷ്‌കരിച്ചു. അനിശ്ചിതകാല പണിമുടക്കുമൂലം കോടതികള്‍ അടച്ചു. സുപ്രീംകോടതി കൊളീജിയമാണു സ്ഥലം മാറ്റിയത്. പ്രതിസന്ധി പരിഹരിക്കാന്‍ അഭിഭാഷക പ്രതിനിധികളുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇന്നു രാവിലെ കൂടിക്കാഴ്ച നടത്തും.

◾പബ്ലിസിറ്റിക്കുവേണ്ടി സുപ്രീം കോടതിയിലേക്കു ഹര്‍ജിയുമായി വരരുതെന്ന താക്കീതുമായി സുപ്രീം കോടതി ജഡ്ജിമാര്‍.  ജനന നിയന്ത്രണത്തിന് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജി രൂക്ഷ വിമര്‍ശനത്തോടെ കോടതി തള്ളി. വിഷയം സര്‍ക്കാരിനോട് ഉന്നയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

◾ഹൈദരാബാദ് കസ്തൂര്‍ബ ഗവണ്‍മെന്റ് കോളജിലെ ലാബില്‍ രാസവാതക ചോര്‍ച്ചയെത്തുടര്‍ന്ന് 24 വിദ്യാര്‍ത്ഥികള്‍ കുഴഞ്ഞുവീണു. ബോധംകെട്ട് വീണ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം 2021 ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി. ആര്‍ക്കെതിരെയും നടപടി പാടില്ലെന്ന് കോടതി ഉത്തരവിട്ടു. മതം മാറാന്‍ ആഗ്രഹിക്കുന്നയാള്‍ ജില്ലാ ഭരണകൂടത്തെ 60 ദിവസം മുമ്പ് അറിയിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണ്. നിയമത്തില്‍നിന്നു മിശ്രവിവാഹിതരെ ഒഴിവാക്കണമെന്ന ആവശ്യവുമായി എത്തിയ ഹര്‍ജികളിലാണ് കോടതി ഉത്തരവ്.

◾റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്ന്‍ നഗരത്തില്‍ നടന്ന ഭയാനകമായ സ്ഫോടന ദൃശ്യം വൈറലായി. ഉക്രെയിന്‍ പ്രതിരോധ മന്ത്രാലയമാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കിട്ടത്. ഡിനിപ്രോ നഗരത്തിലാണ് റഷ്യന്‍ മിസൈല്‍ ആക്രമണമുണ്ടായത്.

◾ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയെ പുറത്താക്കി ബി.സി.സി.ഐ. സാധാരണഗതിയില്‍ നാല് വര്‍ഷമാണ് കാലാവധിയെങ്കിലും 2020 ഡിസംബറില്‍ തെരഞ്ഞെടുക്കപ്പെട്ട സമിതിയെ പ്രധാന ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ടീം തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് പുറത്താക്കി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!