മൊസൂള്‍: കനത്ത അക്രമണം വിതച്ച ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിർഭാവത്തിന് ശേഷം ഇറാഖിലെ മൊസൂളിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള കൽദായ കത്തോലിക്ക കത്തീഡ്രൽ ദേവാലയത്തില്‍ ആദ്യമായി മണി മുഴങ്ങി.
തീവ്രവാദികള്‍ മൊസൂൾ കീഴടക്കിയപ്പോൾ ഒരു മുസ്ലിം കുടുംബമാണ് ഈ മണി ഒരു സുരക്ഷിത സ്ഥലത്ത് രഹസ്യമായി സൂക്ഷിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ പതിമൂന്നാം തീയതി, മണിമുഴങ്ങുന്നത് കേൾക്കാനും, തിരുകർമ്മങ്ങളിൽ പങ്കെടുക്കാനും കത്തീഡ്രൽ ദേവാലയത്തിലേക്ക് നിനവേ പ്രവിശ്യയിലെ ക്രൈസ്തവർ എത്തിച്ചേർന്നിരുന്നു. മൊസൂളിന്റെയും, അക്രയുടെയും കൽദായ ആർച്ച് ബിഷപ്പ് നജീബ് മൈക്കിൾ മണിമുഴക്കുന്നതിന് മുന്‍പ് ദേവാലയത്തിന്റെ പുറത്ത് സ്ഥിതി ചെയ്യുന്ന മാതാവിന്റെ ഗ്രോട്ടോയിലേക്ക് നടന്ന പ്രദക്ഷിണത്തിന് നേതൃത്വം നൽകി.

ഹൃദയങ്ങൾ ഒന്നാകാനും, അക്രമത്തെയും, യുദ്ധത്തെയും അപലപിക്കുവാനുമുള്ള ക്ഷണമാണ് മണികളുടെ ശബ്ദമെന്ന് എസി.ഐ. മെനാ എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
2014 മുതൽ 2017 വരെ നീണ്ടു നിന്ന ഇസ്ലാമിക് സ്റ്റേറ്റ് അതിക്രമങ്ങളുടെ നാളുകളിൽ നാശനഷ്ടം സംഭവിച്ച കത്തീഡ്രൽ ദേവാലയം 2019 ലാണ് വീണ്ടും തുറക്കുന്നത്. കഴിഞ്ഞവർഷം ഫ്രാൻസിസ് മാർപാപ്പ ചരിത്രം കുറിച്ച് ഇറാഖിലേക്ക് നടത്തിയ സന്ദർശന വേളയിൽ വ്യാപക നാശനഷ്ടം സംഭവിച്ച മൊസൂളിലെ ദേവാലയങ്ങളുടെ മദ്ധ്യേ നിന്നാണ് പ്രാർത്ഥിച്ചത്. അന്നു കൽദായ ക്രമത്തിലുള്ള വിശുദ്ധ കുർബാനയും പാപ്പ അർപ്പിച്ചു.
ഇക്കഴിഞ്ഞ നവംബർ പത്താം തീയതി ജോർദ്ദാന്റെ അബ്ദുള്ള രണ്ടാമൻ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയിൽ മദ്ധ്യേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം നിലനിർത്തുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ഫ്രാൻസിസ് മാർപാപ്പ ചര്‍ച്ച ചെയ്തിരിന്നു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിർഭാവത്തിന് മുന്‍പ് ഇറാഖിലെ ക്രൈസ്തവ വിശ്വാസികളിലെ മൂന്നിൽ രണ്ടുപേർ കൽദായ സഭയിലെ അംഗങ്ങളായിരുന്നു. രണ്ട് പതിറ്റാണ്ടിന് മുന്‍പ് 15 ലക്ഷത്തോളം ക്രൈസ്തവരാണ് മൊസൂളിലും, ക്വാരഘോഷിലും, നിനവേയിലെ മറ്റ് പട്ടണങ്ങളിലും ജീവിച്ചിരുന്നത്. 2004 ലെ അമേരിക്കൻ അധിനിവേശത്തിനും, 2014ലെ ഇസ്ലാമിക് സ്റ്റേറ്റ് ആവിർഭാവത്തിനും ശേഷം ക്രൈസ്തവരുടെ എണ്ണം മൂന്നു ലക്ഷമായി ചുരുങ്ങിയിട്ടുണ്ട്.

-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.