സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്നു ഹൈക്കോടതി

സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്നു ഹൈക്കോടതി


◾സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്നു ഹൈക്കോടതി. സ്‌ക്രീനിംഗ് കമ്മിറ്റി യോഗ്യത വിലയിരുത്തിയത് എങ്ങനെയാണെന്ന് കണ്ണൂര്‍ സര്‍വകലാശാലയോട് കോടതി ചോദിച്ചു. റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫ. ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണു കോടതി പരാമര്‍ശം. പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് യു ജിസി കോടതിയെ അറിയിച്ചത്. ഹര്‍ജിയില്‍ ഇന്നും ഹൈക്കോടതി വാദം കേള്‍ക്കും.

◾മ്യാന്മറില്‍ സായുധ സംഘം തടവിലാക്കിയിരുന്ന നാലു മലയാളികള്‍ കൂടി മോചിതരായി. ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഹിജാസ്, തിരുവനന്തപുരം സ്വദേശികളായ നിധീഷ് ബാബു, ജുനൈദ് എന്നിവരാണ് മോചിതരായത്. തിരുവന്തപുരം വിഴിഞ്ഞം സ്വദേശി ജുനൈദ് ഇന്നലെ രാത്രി ഡല്‍ഹിയിലെത്തി. ഒപ്പം എട്ടു തമിഴ്നാട്ടുകാരും എത്തി. മൂന്നു മലയാളികള്‍ നാളെ കൊല്‍ക്കത്തയില്‍ വിമാനമിറങ്ങും. 32 ഇന്ത്യക്കാരുടെ സംഘമാണ് കൊല്‍ക്കത്തയില്‍ എത്തുക.

◾കേരളത്തിലെ മൂന്നരക്കോടി ജനങ്ങളില്‍ 25,000 പേര്‍ മാത്രമാണു രാജ്ഭവന്‍ ഉപരോധത്തില്‍ പങ്കെടുത്തതെന്നു പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും തനിക്കൊപ്പമാണ്. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

◾ഗവര്‍ണര്‍ റബര്‍ സ്റ്റാമ്പല്ലെന്നു തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. കേരള ലോകായുക്ത സംഘടിപ്പിച്ച ലോകായുക്ത ദിന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ നിയമ മന്ത്രി പി രാജീവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വേദി പങ്കിട്ടു. തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരുമായി കേരളത്തിലേതുപോലെ അങ്കം നയിക്കുന്ന ഗവര്‍ണറാണ് ആര്‍.എന്‍.രവി. കേരളത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് നടന്ന അതേ ദിവസമാണ് തമിഴ്നാട് ഗവര്‍ണറുമായി വേദി പങ്കിട്ടത്.

◾പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവു പുനപരിശോധിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കേരളത്തിലെ എംപിമാരുടെ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. കൃഷിയിടങ്ങളും ജനവാസ പ്രദേശങ്ങളും ബഫര്‍സോണില്‍നിന്ന് ഒഴിവാക്കണമെന്നാണു കേരളത്തിന്റെ ആവശ്യം.

◾ഓര്‍ത്തഡോക്സ്- യാക്കോബായ സഭകള്‍ തമ്മിലുള്ള സ്വത്തുതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ഇനി ചര്‍ച്ചയില്ലെന്ന് ഓര്‍ത്തഡോക്സ് വിഭാഗം. നിയമ നിര്‍മ്മാണം വേണമെന്ന യാക്കോബായ സഭയുടെ ആവശ്യം തള്ളി.

◾മാണി സി കാപ്പന്‍ എംഎല്‍എയ്ക്കെതിരായ വഞ്ചന കേസ് നാലു മാസത്തിനകം തീര്‍പ്പാക്കാന്‍ സുപ്രീം കോടതി ഹൈക്കോടതിക്കു നിര്‍ദേശം നല്‍കി. ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ പരാതിക്കാരന്‍ മുംബൈ വ്യവസായി ദിനേഷ് മേനോനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം ചെയ്ത് മാണി സി. കാപ്പന്‍ മൂന്നേകാല്‍ കോടി രൂപ തട്ടിയെന്നാണ് ദിനേശ് മേനോന്റെ പരാതി.

◾നെഹ്റുവിനെക്കുറിച്ചു കെപിസിസി പ്രസഡന്റ് കെ.സുധാകരന്റെ വിവാദ പ്രസ്താവനയില്‍ എഐസിസി വിശദീകരണം തേടി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. നാക്കുപിഴയാണെന്നു വിശദീകരിച്ച സുധാകരന്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ വിഷയം ഗൗരവമാക്കുന്നില്ലെന്നു താരീഖ് അന്‍വര്‍ വ്യക്തമാക്കി.

◾തന്റെ മനസ് ബിജെപിക്കൊപ്പമാണെന്ന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവര്‍ ഇപ്പോഴും ചിരി നിര്‍ത്തിക്കാണില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. നല്ല കോണ്‍ഗ്രസുകാര്‍ ജീവനുണ്ടെങ്കില്‍ ബിജെപിയില്‍ ചേരില്ല. എകെജി സെന്ററില്‍നിന്നാണ് സുരേന്ദ്രനും പ്രസ്താവനകള്‍ എഴുതി നല്‍കുന്നതെന്നു മനസിലായി. കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കി തീര്‍ത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്താവനകളെന്നും സുധാകരന്‍.

◾രാജ്ഭവന്‍ മാര്‍ച്ചു സംബന്ധിച്ച തന്റെ പരാതി പരിശോധിക്കാന്‍ ഹൈക്കോടതി ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മാര്‍ച്ച് തടയണമെന്നു താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതു തടയണമെന്നാണ് ആവശ്യപ്പെട്ടത്. സുരേന്ദ്രന്‍ പറഞ്ഞു.

◾ഗവര്‍ണറാകാന്‍ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്ന അധിക്ഷേപവുമായി സിപിഎം നേതാവ് എം സ്വരാജ്. എംഎല്‍എ, എംപി സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് സ്ഥിരബുദ്ധി വേണമെന്നു ഭരണഘടനയിലുണ്ട്. 35 വയസുള്ള ഏതൊരാള്‍ക്കും ഗവര്‍ണറാകാമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായി എല്‍ഡിഎഫ് കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്വരാജ്.

◾കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ മൂന്നു മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയ വാഹനം വാങ്ങാന്‍ ഒരു കോടി മുപ്പതു ലക്ഷം രൂപ അനുവദിച്ചു. മന്ത്രിമാരായ ജി.ആര്‍ അനില്‍, വി.എന്‍ വാസവന്‍, വി അബ്ദുറഹിമാന്‍, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് എന്നിവര്‍ക്കു പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാനാണ് തുക അനുവദിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കഴിഞ്ഞ വര്‍ഷം ആറര കോടി രൂപ ചെലവഴിച്ച് 18 പുതിയ കാറുകള്‍ വാങ്ങിയിരുന്നു.

◾പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനെ സഹായിച്ച ഐജി ജി. ലക്ഷ്മണിന്റെ സസ്പെന്‍ഷന്‍ 90 ദിവസത്തേക്കുകൂടി നീട്ടി. കഴിഞ്ഞ വര്‍ഷം നവംബര്‍ 10 നാണ് ലക്ഷ്ണിനെ സസ്പെന്‍ഡു ചെയ്തത്.

◾വിവാഹ വിരുന്നിലെ ഗാനമേളക്കിടെ ഗായികയെ ആക്രമിച്ച പ്രതി അറസ്റ്റില്‍. കായംകുളം മികാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ യുവതിയുടെ ടോപ്പ് വലിച്ചു കീറിയ കായംകുളം മുറിയില്‍ കൃഷണ കൃപ പുതിയിടം വീട്ടില്‍ പ്രകാശ് മകന്‍ ദേവനാരായണന്‍ (29) ആണ് പിടിയിലായത്.

◾ഇലന്തൂരിലെ ഇരട്ട നരബലി നടന്ന ഭഗവല്‍ സിംഗിന്റെയും ലൈലയുടെയും വീട്ടിലേക്ക് സന്ദര്‍ശക പ്രവാഹം. നൂറുകണക്കിന് ആളുകളാണ് നരബലി വീടു കാണാന്‍ എത്തുന്നത്. വീടിന്റെ ഗേറ്റ് തുറന്നു കിടക്കുകയാണ്. തെളിവെടുപ്പ് അവസാനിച്ചതോടെ പോലീസ് കാവലും ഇല്ല.

◾തെലങ്കാനയില്‍ കോടികള്‍ കോഴ നല്‍കി എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസിലെ അന്വേഷണം തെലങ്കാന ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തിലാക്കി. അന്വേഷണ പുരോഗതി മുദ്രവച്ച കവറില്‍ സിംഗിള്‍ ജഡ്ജിക്ക് നല്‍കണം. അന്വേഷണ വിവരങ്ങള്‍ പുറത്തു പോകരുത്. ഭരണ -രാഷ്ട്രീയ നേതൃത്വങ്ങളുമായി പങ്കുവയ്ക്കരുത്. പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കേണ്ടത്. ബി.ജെ.പി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

◾രാജ്യത്തെ ഏക അന്താരാഷ്ട്ര സര്‍വകലാശാലയായ ഡല്‍ഹി സൗത്ത് ഏഷ്യന്‍ സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സമരം. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രക്ഷോഭം നടത്തുന്നത്. നിരാഹാര സമരം ചെയ്ത അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കി. ഇപ്പോള്‍ എട്ടു വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരത്തിലാണ്.

◾കാമുകിയെ കൊന്ന് 35 കഷണങ്ങളാക്കി വിവിധയിടങ്ങളില്‍ വലിച്ചെറിഞ്ഞ അഫ്താബ് അമീന്‍ പൂനാവാല കൊലയ്ക്കുശേഷം പുതിയ കാമുകിയെ അപ്പാര്‍ട്ട്‌മെന്റിലേക്കു കൊണ്ടുവന്നെന്ന് പോലീസ്. ഡേറ്റിംഗ് ആപ്പായ ബംബിള്‍ വഴിയാണ് ഇയാള്‍ പെണ്‍സുഹൃത്തുക്കളെ കണ്ടെത്തിയത്. ഡല്‍ഹിയിലെ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന ഫുഡ് ബ്ലോഗറായിരുന്നു 28 കാരനായ അഫ്താബ്. പ്രണയവും കൊലപാതകവും ലവ് ജിഹാദാണെന്നും പ്രതിക്കു വധശിക്ഷ നല്‍കണമെന്നും കൊല്ലപ്പെട്ട ശ്രദ്ധയുടെ പിതാവ് വികാസ് വാക്കര്‍.

◾കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന നയമാണ് പിന്തുടരുന്നതെന്നും പ്രധാനമന്ത്രിയുടെ നുണകള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 16 വര്‍ഷം താമസിച്ച തീന്‍ മൂര്‍ത്തി ഭവനില്‍ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ കോണ്‍ഗ്രസിനെ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

◾ശിവസേനയുടെ പേരും തെരഞ്ഞെടുപ്പു ചിഹ്നവും മരവിപ്പിച്ച തെരഞ്ഞെടുപ്പു കമ്മീഷന്റെ ഇടക്കാല ഉത്തരവിനെതിരെ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ശിവസേനയുടെ വില്ലും അമ്പും ചിഹ്നവും പേരും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി ശരിവച്ചു.

◾സുകാഷ് ചന്ദ്രശേഖര്‍, നടി ലീന മരിയ പോള്‍ എന്നിവര്‍ ഉള്‍പെട്ട ഇരുന്നൂറു കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടിനു ഡല്‍ഹി പാട്യാല കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ഇനി കസ്റ്റഡിയില്‍ ആവശ്യമില്ലെന്നു കാണിച്ചാണ് ജാക്വിലിന്‍ ജാമ്യാപേക്ഷ നല്‍കിയത്.

◾രാജസ്ഥാനിലെ ഭില്‍വാര ജില്ലയില്‍ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ എടിഎം പിഴുതെടുത്ത് കൊണ്ടുപോയി 27 ലക്ഷം രൂപ കൊള്ളയടിച്ചു. എടിഎം ഒരു എസ്യുവിയില്‍ കെട്ടിവലിച്ചാണ് പിഴുതെടുത്തത്. സിസിടിവികളെ വിദഗ്ധമായി മറച്ചാണ് കൊള്ള നടന്നത്.

◾രണ്ടാം ലോകമഹായുദ്ധകാലത്തെ വിനാശം ഓര്‍മ്മിപ്പിച്ചും റഷ്യ – യുക്രെയിന്‍ യുദ്ധം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് നിര്‍ദേശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാസവള ദൗര്‍ലഭ്യം ഭക്ഷ്യക്ഷാമത്തിനു കാരണമാകുമെന്നും മോദി ചൂണ്ടിക്കാട്ടി. കൊവിഡ് കാലത്തെ ഇന്ത്യയുടെ നേട്ടങ്ങളും വിവരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയവരുമായി മോദി കൂടിക്കാഴ്ച നടത്തി.

◾ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്തേക്ക്. അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയാണു ബിനീഷ്. നിലവിലെ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പ്രസിഡന്റായി തുടരും. വിനോദ് എസ് കുമാറാണ് പുതിയ കെസിഎ സെക്രട്ടറി. പി ചന്ദ്രശേഖരനാണ് വൈസ് പ്രസിഡന്റ്. കെ എം അബ്ദുള്‍ റഹിമാന്‍ ട്രഷററായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!