ഗവർണർക്കെതിരായ പ്രതിഷേധം: രാജ്ഭവനിലേക്ക് കൂറ്റൻ മാർച്ച്, പങ്കെടുത്ത് പതിനായിരങ്ങൾ

ഗവർണർക്കെതിരായ പ്രതിഷേധം: രാജ്ഭവനിലേക്ക് കൂറ്റൻ മാർച്ച്, പങ്കെടുത്ത് പതിനായിരങ്ങൾ

തിരുവനന്തപുരം: ഗവർണർക്കെതിരായ എൽഡിഎഫിന്റെ ആഭിമുഖ്യത്തിലുള്ള രാജ്ഭവൻ മാർച്ച് തുടങ്ങി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാർച്ച് ഉദ്ഘാടനം ചെയ്തു. ഡിഎംകെ നേതാവ്‌ തിരുച്ചി ശിവ എംപി അടക്കമുള്ള ദേശീയ നേതാക്കളും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എൽഡിഎഫ്‌ കൺവീനർ ഇ.പി ജയരാജൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജോസ്‌ കെ.മാണി, മാത്യു ടി.തോമസ്‌, പി.സി.ചാക്കോ, വർഗീസ്‌ ജോർജ്‌, രാമചന്ദ്രൻ കടന്നപ്പള്ളി, പി.സി.ജോസഫ്‌, കെ.ബി.ഗണേഷ്‌കുമാർ, ബിനോയ്‌ ജോസഫ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയാണ് പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കുന്നത്. രാജ്‌ഭവനു മുന്നിൽ ലക്ഷം പേരും ജില്ലാ ആസ്ഥാനങ്ങളിൽ നടക്കുന്ന കൂട്ടായ്‌മകളിൽ പതിനായിരങ്ങളും അണിനിരക്കും. വിദ്യാഭ്യാസ പ്രവർത്തകരും അധ്യാപകരും രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും മാർച്ചിൽ അണിനിരക്കും. കർഷകരുടെയും തൊഴിലാളികളുടെയും വിദ്യാർഥികളുടെയും സംഘടനകൾ അടക്കം പിന്തുണയറിയിച്ചിട്ടുണ്ട്‌.

◾പാല്‍വില ലിറ്ററിന് ഒമ്പതു രൂപയോളം വര്‍ധിപ്പിക്കണമെന്നു മില്‍മ. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് ഈ മാസം അവസാനത്തോട വില വര്‍ധിപ്പിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. ഇപ്പോള്‍ ലിറ്ററിന് അമ്പതു രൂപയാണു വില. പാല്‍ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണിയും വ്യക്തമാക്കി.

◾ലോക ജനസംഖ്യ എണ്ണൂറു കോടി. ഐക്യരാഷ്ട്രസഭയാണ് ഇക്കാര്യം വെളിപെടുത്തിയത്. 145.2 കോടി ജനങ്ങളുമായി ചൈനതന്നെ ഒന്നാം സ്ഥാനത്ത്. തൊട്ടു പിറകില്‍ 141.2 കോടി ജനങ്ങളുമായി ഇന്ത്യ.

◾ഇന്നു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു. സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കളെ അറസ്റ്റു ചെയ്തു ജയിലിലടച്ചതില്‍ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തത്. പോലീസിന്റെ ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെ രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. കൊടി ചുറ്റിയ മുളവടികള്‍ പൊലീസിനുനേരെ എറിഞ്ഞു. കല്ലേറുമുണ്ടായി. ഇതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഒടുവിലാണ് കൂട്ട അറസ്റ്റുണ്ടായത്.

◾കുഫോസ് വൈസ് ചാന്‍സലര്‍ ഡോ റിജി ജോണിന്റെ നിയമം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ നിമയനം നടത്തിയ ഗവര്‍ണര്‍ക്കും വിമര്‍ശനം. യുജിസി പ്രതിനിധി ഇല്ലാത്ത കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചത് തെറ്റാണ്. വിസി സ്ഥാനത്തേക്ക് ഒരാളെ മാത്രം നിശ്ചയിച്ച സെലക്ഷന്‍ കമ്മിറ്റി നടപടിയും നിയമവവിരുദ്ധമാണ്. സര്‍വകലാശാലയില്‍ പ്രൊഫസറായി 10 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് ഏഴു വര്‍ഷത്തെ അധ്യാപന പരിചയമേയുള്ളൂ. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒമ്പതംഗ ചുരുക്ക പട്ടികയിലുണ്ടായിരുന്ന ഡോ. കെ.കെ വിജയന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

◾കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഇഷ്ടക്കാരെ സര്‍വകലാശാലകളുടെ പ്രധാന പദവികളില്‍ നിയമിച്ചതെന്നും സുധാകരന്‍.

◾ഗവര്‍ണറെ പന പോലെ വളര്‍ത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചട്ട വിരുദ്ധമായി വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ പട്ടിക നല്‍കിയ സംസ്ഥാന സര്‍ക്കാരിനൊപ്പം ഒത്തുകളിച്ച് നിയമനം നടത്തിയ ഗവര്‍ണര്‍ ഒത്തുകളിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍നിന്നു ഓടിരക്ഷപ്പെടുകയാണ്. കേരളത്തില്‍ ‘ബ്രയിന്‍ ഡ്രയിനാണ് ‘ നടക്കുന്നത്. സതീശന്‍ പറഞ്ഞു.

◾തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ പ്രതിയായ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി ആര്‍ സുനുവിനെ അറസ്റ്റു ചെയ്യാന്‍ വേണ്ടത്ര തെളിവുകളില്ലെന്നു പൊലീസ്. കൊച്ചി കമ്മീഷണര്‍ സി എച്ച് നാഗരാജുവാണ് ഇങ്ങനെ പ്രതികരിച്ചത്. ഒളിവില്‍ പോകാതിരിക്കാനാണ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. കേസില്‍ കൂടുതല്‍ ആളുകളെ തെരയുന്നുണ്ട്.

◾എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാല്‍സംഗ കേസിന്റെ ആദ്യ പരാതിയില്‍ ലൈംഗിക പീഡനം ആരോപിച്ചിരുന്നോയെന്നു ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്നാണ് ആദ്യമൊഴിയില്‍ മനസിലാകുന്നത്. മാനസികമായും അല്ലാതെയും അടുപ്പത്തിലായിരുന്നെന്ന് മൊഴിയില്‍ ഉണ്ട്. ബലാത്സംഗം പോലെ ക്രൂരമാണ് സിനിമാക്കഥ പോലുള്ള വ്യാജ ആരോപണം. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്.

◾എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ പീഡന കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ച കേസില്‍ അഭിഭാഷകരെ പ്രതി ചേര്‍ത്ത പൊലീസ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അഭിഭാഷകരായ ജോസ് ജെ ചെരുവില്‍, അലക്സ് എം സക്കറിയ, പിഎസ് സുനീര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

◾ചിലരുടെ തെറ്റിന് കേരളത്തിലെ മുഴുവന്‍ പൊലീസും ചീത്ത കേള്‍ക്കേണ്ടി വരുന്നുവെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. പൊലീസ് ജനങ്ങളുടെ സേവകരാകണമെന്നും തിരുവനന്തപുരത്ത് പൊലീസ് അസോസിയേഷന്‍ യോഗത്തിനിടെ സ്പീക്കര്‍ പറഞ്ഞു.

◾എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍, ഹാജര്‍ ഉറപ്പു നല്‍കി ഉദ്യോഗസ്ഥരെ രംഗത്തിറക്കുന്നതിനെതിരേ നടപടി ആവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയില്‍. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഹര്‍ജിക്കാരന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഗവര്‍ണര്‍ക്കെതിരെ സമരരംഗത്തിറക്കാന്‍ ശ്രമമെന്ന് ഹര്‍ജിയില്‍ പറയുന്നു.

◾ഇന്നത്തെ രാജ്ഭവന്‍ മാര്‍ച്ചോടെ കേരളത്തിന്റെ മനസ് ഗവര്‍ണര്‍ക്ക് മനസിലാകുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ഓര്‍ഡിനന്‍സില്‍ നിയമപരമായി ഒപ്പിട്ടേ മതിയാകൂവെന്നും ഗോവിന്ദന്‍ പറഞ്ഞു.

◾ജവഹര്‍ലാല്‍ നെഹ്റുവിന്റെ മഹത്തായ ജനാധിപത്യബോധത്തെ ഉയര്‍ത്തിക്കാട്ടാനാണ് താന്‍ ശ്രമിച്ചതെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കണ്ണൂര്‍ ഡിസിസി നടത്തിയ നവോത്ഥാന സദസിലെ പ്രസംഗമാണു വിവാദമായത്. എതിര്‍ ശബ്ദങ്ങളെപ്പോലും കേള്‍ക്കാനും പരിഗണിക്കാനുമുള്ള ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ രാഷ്ട്രീയ സഹിഷ്ണുതയെ ഉയര്‍ത്തിക്കാട്ടാനാണ് ശ്രമിച്ചതെന്നു സുധാകരന്‍.

◾ജര്‍മനിയില്‍ ലേസര്‍ ശസ്ത്രക്രിയക്കു വിധേയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉന്മേഷവാനായി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത്. ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡര്‍ പര്‍വതാനേനി ഹരീഷ് ഇന്നലെ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു.

◾എറണാകുളത്ത് സ്വിഗ്ഗി വിതരണക്കാരുടെ സമരം തുടരും. സ്വിഗ്ഗി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നാലു കിലോമീറ്ററിനുള്ളിലെ വിതരണ നിരക്ക് 20 രൂപയില്‍ നിന്ന് 35 രൂപയാക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം.

◾സിപിഎം പ്രവര്‍ത്തകനായ ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കസില്‍ ആര്‍എസ്എസുകാരായ 11 പ്രതികള്‍ക്കും ജീവപര്യന്തം തടവ്. മൂന്നു പ്രതികള്‍ ഒരു ലക്ഷം രൂപ വീതവും രണ്ടുപ്രതികള്‍ അമ്പതിനായിരം രൂപ വീതവും പിഴയൊടുക്കണം. ഒന്നാം പ്രതി രാജേഷ്, രണ്ടാം പ്രതി അനില്‍, നാലാം പ്രതി ഗിരീഷ് കുമാര്‍ എന്നിവര്‍ക്കാണ് നെയ്യാറ്റിന്‍കര കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചത്.

◾നെഹ്റു വര്‍ഗീയതയോടു സന്ധിചെയ്തെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന അപകടകരമാണെന്നു സിപിഎം. സുധാകരന്‍ നെഹ്‌റുവിനെ പോലും വര്‍ഗീയ ഫാസിസ്റ്റായി ചിത്രീകരിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസിനെ ബിജെപിയാക്കി മാറ്റാനാണു ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

◾വിഭജനത്തിനു ശേഷം ഇന്ത്യയെ കലാപഭൂമിയാകാതെ സംരക്ഷിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണ നൈപുണ്യമാണെന്ന് എ.കെ. ആന്റണി. മതാധിഷ്ഠിത രാഷ്ട്രമാകണമെന്ന വാദത്തെ അദ്ദേഹം ചെറുത്തു. ഇന്ത്യയെ ജനാധിപത്യ രാജ്യമായി ശക്തിപ്പെടുത്തുന്നതില്‍ നെഹ്‌റു വഹിച്ച പങ്ക് വളരെ വലുതാണെന്നും ആന്റണി ചൂണ്ടികാട്ടി. കെപിസിസി ആസ്ഥാനത്ത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു ആന്റണി.

◾കുട്ടികള്‍ വലിയ സ്വപ്നങ്ങള്‍ കാണണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യന്‍ സംസ്‌കാരത്തിനൊപ്പം നില്‍ക്കണം. മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണ് കുട്ടിക്കാലം. കുട്ടികളുടെ വിശുദ്ധിയും നിഷ്‌കളങ്കതയുമാണ് ഇന്ന് ആഘോഷിക്കുന്നതെന്നും ഇന്നലെ നല്‍കിയ ശിശുദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.

◾മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സെപ്റ്റംബറിലെ 10.70 ശതമാനത്തില്‍നിന്ന് ഒക്ടോബറില്‍ 8.39 ശതമാനമായി കുറഞ്ഞു.

◾രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതരായ നാലു ശ്രീലങ്കന്‍ സ്വദേശികളെ ശ്രീലങ്കയിലേക്ക് തിരിച്ചയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ട്രിച്ചിയിലെ ഡിറ്റെന്‍ഷന്‍ ക്യാമ്പില്‍ കഴിയുന്ന ഇവരെ 10 ദിവസത്തിനകം തിരിച്ചയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ട്രിച്ചി കളക്ടര്‍ പ്രദീപ് കുമാര്‍ പറഞ്ഞു. മോചിതരായ മുരുകന്‍, ശാന്തന്‍, റോബര്‍ട് പയസ്, ജയകുമാര്‍ എന്നിവരെയാണ് ശ്രീലങ്കയിലേക്ക് തിരിച്ചയക്കുക. ഭര്‍ത്താവ് മുരുകനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് അപേക്ഷിക്കുമെന്നു നളിനി പറഞ്ഞിരുന്നു.

◾ജയിലില്‍ കഴിയുന്ന പിഎഫ്ഐ സ്ഥാപക ചെയര്‍മാന്‍ അബൂബക്കറിനെ എയിംസിലേക്കു മാറ്റും. എന്‍ഐഎ ഡല്‍ഹി പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. അര്‍ബുദ രോഗബാധിതനായ അബൂബക്കര്‍ 54 ദിവസമായി തിഹാര്‍ ജയിലിലാണ്. അബൂബക്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

◾ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് അക്രമവുമായി നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മുതിര്‍ന്ന നേതാവ് ഭരത്സിങ് സോളങ്കിയുടെ പോസ്റ്ററുകള്‍ കത്തിച്ചു. സിറ്റിയിലെ ജമാല്‍പൂര്‍ ഖാദിയ സീറ്റില്‍ സിറ്റിംഗ് എംഎല്‍എ ഇമ്രാന്‍ ഖേദാവാലയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

◾ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, 11 പ്രാദേശിക ബിജെപി നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. രോഹിണിയിലെ 53 ാം വാര്‍ഡില്‍ നിന്നുള്ള 11 ബിജെപി നേതാക്കളാണ് ആം ആദ്മി പാര്‍ട്ടിയിലേക്ക് ചുവടുമാറിയത്.

◾അമ്പതു ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട ട്വിറ്റര്‍ 4,400 കരാര്‍ തൊഴിലാളികളെകൂടി പിരിച്ചുവിട്ടു. ഇലോണ്‍ മസ്‌ക് ഏറ്റെടുത്തശേഷം 3,800 ജീവനക്കാരെ ഒറ്റയടിക്കു പിരിച്ചു വിട്ടിരുന്നു.

◾ഒളിംപ്യന്മാരായ എം.സി മേരി കോം, പി.വി സിന്ധു, ശിവ കേശവന്‍ എന്നിവരുള്‍പ്പെടെ 10 പ്രമുഖ കായികതാരങ്ങള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ അത്‌ലറ്റ്‌സ് കമ്മീഷന്‍ അംഗങ്ങളായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മീരാഭായ് ചാനു, ഗഗന്‍ നാരംഗ്, അചന്ത ശരത് കമാല്‍, റാണി രാംപാല്‍, ഭവാനി ദേവി, ബജ്‌റംഗ് ലാല്‍, ഓം പ്രകാശ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

◾ഖത്തര്‍ ലോകകപ്പിന് എത്തുന്നവര്‍ക്ക് ആഡംബര താമസ സൗകര്യങ്ങളുമായി ക്രൂയ്സ് ഷിപ്പുകളും. എംഎസ് സി യൂറോപ്പയുടെ മൂന്നു ആഡംബര കപ്പലുകളാണ് ദോഹ തുറമുഖത്തുള്ളത്. 22 നിലകളുള്ള കപ്പലില്‍ 6,762 യാത്രക്കാര്‍ക്കു താമസിക്കാം. ആറ് നീന്തല്‍ക്കുളങ്ങളും 13 റെസ്റ്റോറന്റുകളും ഗെയിം സ്റ്റേഷനുകളുമുണ്ട്. ഇംഗ്ലണ്ട് താരങ്ങളുടെ ഭാര്യമാര്‍ ഈ കപ്പലില്‍ റൂമുകള്‍ ബുക്കു ചെയ്തു. 28,000 രൂപയാണ് ഒരുദിവസത്തെ മുറിവാടക. ലക്ഷ്വറി സ്യൂട്ടുകള്‍ക്ക് എണ്‍പതിനായിരം രൂപ.

◾രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് കുറഞ്ഞു. ഒക്ടോബറില്‍ 8.39 ശതമാനമായാണ് കുറഞ്ഞത്. 10.70 ശതമാനമായിരുന്നു സെപ്റ്റംബറിലെ പണപ്പെരുപ്പനിരക്ക്. 2021 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് പണപ്പെരുപ്പനിരക്ക്. ഒരു ഘട്ടത്തില്‍ പണപ്പെരുപ്പനിരക്ക് 15.88 ശതമാനം വരെയായി ഉയര്‍ന്നിരുന്നു. മെയ് മാസത്തിലാണ് റെക്കോര്‍ഡ് ഉയരത്തില്‍ പണപ്പെരുപ്പനിരക്ക് എത്തിയത്. ധാതു എണ്ണയുടെയും ലോഹങ്ങളുടെയും അടക്കം വില കുറഞ്ഞതാണ് ഒക്ടോബറിലെ പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. ഭക്ഷ്യവിലപ്പെരുപ്പം സെപ്റ്റംബറില്‍ 8.08 ശതമാനത്തില്‍ നിന്ന് ഒക്ടോബറില്‍ 6.48 ശതമാനമായി കുറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!