◾ലോക ജനസംഖ്യ 800 കോടിയിലേക്ക്. നവംബര്‍ 15 -ന് ലോക ജനസംഖ്യ 800 കോടിയില്‍ എത്തുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷവും ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് ചൈനയാണ്. അടുത്ത വര്‍ഷം ഇന്ത്യ ചൈനയെ കടത്തിവെട്ടി ഒന്നാം സ്ഥാനത്തെത്തും. 2080 ല്‍ ജനസംഖ്യ 1040 കോടിയില്‍ എത്തുന്നതുവരെ വര്‍ദ്ധന തുടരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്.
◾വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനു ഹൈക്കോടതിയുടെ ചെക്ക്. അന്തിമ ഉത്തരവുവരെ നടപടി പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പത്തു വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടപെടല്‍. ഗവര്‍ണര്‍ ഹിയറിംഗിനു വിളിച്ചാല്‍ പോകണോയെന്നു വൈസ് ചാന്‍സലര്‍മാര്‍ക്കു തീരുമാനിക്കാം. ക്രിമിനല്‍ എന്നു വിളിച്ച ഗവര്‍ണര്‍ക്കു മുന്നില്‍ ഹിയറിംഗിനു പോകാന്‍ താല്പര്യമില്ലെന്നു കണ്ണൂര്‍ വിസി അറിയിച്ചു. കോടതിയില്‍ പരസ്പരം ചെളി വാരിയെറിയാന്‍ ശ്രമിക്കരുതെന്നും ചാന്‍സലറെ അനുസരിക്കേണ്ടിവരുമെന്നും കോടതി. (കൂട്ടക്കുരുതി കുട്ടികളോടോ-
◾വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വില 240 രൂപ വര്‍ധിപ്പിച്ചു. ഡീലര്‍മാര്‍ക്കു നല്‍കിയിരുന്ന ഇന്‍സെന്റീവ് എണ്ണക്കമ്പനികള്‍ പിന്‍വലിച്ചതോടെയാണു വിലവര്‍ധന.
◾കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അട്ടിമറിക്കു ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനക്കും ജനാധിപത്യത്തിനും നേരെയുള്ള കടന്നുകയറ്റമാണ് നടക്കുന്നത്. ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്കുകൂടി അര്‍ഹതപ്പെട്ട പൊതുമേഖല സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ അറിയിക്കാതെ കേന്ദ്രം വിറ്റുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി.
◾ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍നിന്നു മാറ്റാനുള്ള ബില്‍ ഡിംസബറിലെ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെ സഭാ സമ്മേളനം ചേരാന്‍ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും. ഗവര്‍ണര്‍ക്കു പകരം ആരെ ചാന്‍സലര്‍ ആക്കണമെന്നു ധാരണയായിട്ടില്ല. നിയമ സര്‍വകലാശാല ഒഴികെ സംസ്ഥാനത്തെ 15 സര്‍വകലാശാലകളുടേയും ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കാന്‍ ഓരോ സര്‍വകലാശാലയ്ക്കും പ്രത്യേകം ബില്‍ അവതരിപ്പിക്കേണ്ടിവരും.
◾തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന കത്ത് താന്‍ തയാറാക്കിയതല്ലെന്നും തന്റെ ഒപ്പ് സ്‌കാന്‍ ചെയ്ത് വ്യാജമായി മറ്റാരോ തയാറാക്കിയതാണെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴിയിലാണ് ഈ വിവരം. നിയമനത്തിനായി ശുപാര്‍ശ അറിയിക്കാറില്ലെന്നും അങ്ങനെയൊരു കത്ത് നല്‍കാന്‍ ആരോടും നിര്‍ദ്ദേശിച്ചിട്ടില്ലെന്നും മേയര്‍ മൊഴി നല്‍കി.
◾ഡോ. എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശലയുടെ താത്കാലിക വൈസ് ചാന്‍സലറായി വിദ്യാഭ്യാസ വകുപ്പു സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സിസി തോമസിനെ ഗവര്‍ണര്‍ നിയമിച്ചതു സ്റ്റേ ചെയ്യില്ലെന്നു ഹൈക്കോടതി. ഇടക്കാല ഉത്തരവും ഇല്ല. യുജിസിയെ കക്ഷി ചേര്‍ക്കും. ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഇങ്ങനെ നിലപാടെടുത്തത്.
◾സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയ കെഎസ്ആര്‍ടിസി പാറശാല ഡിപ്പോയില്‍ വരുമാന വര്‍ധനയെന്ന് കെഎസ്ആര്‍ടിസി. ദിവസേന ശരാശരി 80,000- 90,000 രൂപ വരെ വരുമാനം വര്‍ധിച്ചെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരായ ഹര്‍ജിയിലാണ് കെഎസ്ആര്‍ടിസി വിശദീകരണം നല്‍കിയത്.
◾സ്‌കോട്ട്ലന്‍ഡ്യാഡിനെ വെല്ലുന്ന കേരള പൊലീസ് എ.കെ.ജി സെന്ററില്‍ അടിമപ്പണിക്കാരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമനങ്ങള്‍ സിപിഎമ്മിനു വിട്ടുകൊടുത്തതിനെതിരെ പ്രതിഷേധിക്കുന്നവരെ ആക്രമിക്കാന്‍ ഡി.വൈ.എഫ്‌ഐയും സി.പി.എമ്മും ഇറങ്ങിയിരിക്കുകയാണ്. പാര്‍ട്ടി തന്നെ കോടതിയും പൊലീസും പബ്ലിക് സര്‍വീസ് കമ്മിഷനും എംപ്ലോയ്‌മെന്റ് എക്‌സേഞ്ചും ആയിരിക്കുകയാണ്. പോലീസിന്റെ ഒത്താശയോടെയാണ് പ്രിന്‍സിപ്പലിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതെന്നും സതീശന്‍ കുറ്റപ്പെടുത്തി.
◾ഇ ചന്ദ്രശേഖരനും പി.പി സുനീറും സിപിഐ അസിസ്റ്റന്റ് സെക്രട്ടറിമാര്‍. 21 അംഗ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. ആര്‍ രാജേന്ദ്രന്‍, ജി.ആര്‍ അനില്‍, കെ.കെ അഷ്റഫ്, കമല സദാനന്ദന്‍ സി.കെ ശശിധരന്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങള്‍.
◾സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ മൂന്നു പേരെ ഒഴിവാക്കിയും പകരം മൂന്നു പേരെ ഉള്‍പ്പെടുത്തിയും അഴിച്ചുപണി. സംസ്ഥാന കമ്മറ്റി അംഗങ്ങളായ വത്സന്‍ പനോളി, പി ശശി, എന്‍ ചന്ദ്രന്‍ എന്നിവരെയാണ് ജില്ലാകമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയത്. കെ.വി സക്കീര്‍ ഹുസൈന്‍, കെ.പി സുധാകരന്‍, ടി ചന്ദ്രന്‍ എന്നിവരെയാണ് ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.വി സുമേഷിനെയും സി സത്യപാലനെയും ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി.
◾തിരുവനന്തപുരം മേയര്‍ക്കെതിരേ വീടിനു മുന്നില്‍ കരിങ്കൊടി കാണിച്ച മൂന്നു കെഎസ്യു പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദിച്ചു. സമീപത്തുണ്ടായിരുന്ന പൊലീസ് ഇടപെടുന്നതിനു മുമ്പേയായിരുന്നു മേയര്‍ക്കു സംരക്ഷണം നല്‍കാനെത്തിയ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചത്. പിന്നീട് പൊലീസ് കെഎസ്യുക്കാരെ അറസ്റ്റു ചെയ്തു.
◾ഈ മാസം 19 ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്. യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്നവരെ വേട്ടയാടുന്നെന്ന് ആരോപിച്ച് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണു പണിമുടക്ക് പ്രഖ്യാപിച്ചത്.
◾കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൂടി കീഴടങ്ങി. ആറാം പ്രതി നിഖില്‍ സോമന്‍, ഏഴാം പ്രതി ജിതിന്‍ ലാല്‍ എന്നിവരാണ് പോലീസില്‍ കീഴടങ്ങിയത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ നേരത്തെ കീഴടങ്ങിയിരുന്നു.
◾കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങളെ കായികമായി നേരിടാനാണ് സിപിഎമ്മിന്റെ തീരുമാനമെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മേയര്‍ക്കു കരിങ്കൊടി കാണിച്ച കെ എസ് യു പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ മര്‍ദിച്ചതിനു പൊലീസ് കൂട്ടുനിന്നു. കെഎസ്യു പ്രവര്‍ത്തകരെ കയ്യാമംവച്ച പൊലീസ് അക്രമികളായ സിപിഎമ്മുകാരെ അറസ്റ്റു ചെയ്തില്ലെന്നും സുധാകരന്‍ പറഞ്ഞു.
◾കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ സ്ഥാപിച്ച മെസി, നെയ്മര്‍, റൊണാള്‍ഡോ കട്ടൗട്ടുകള്‍ ഫിഫ ട്വീറ്റ് ചെയ്തു. ഫുട്ബോള്‍ ആവേശത്തെ പുകഴ്ത്തിയുള്ള ഫിഫയുടെ ട്വീറ്റിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുഴയില്‍ ആരാധകപ്പോരിന് ഇടയാക്കിയ കട്ടൗട്ടുകള്‍ ഫിഫ ഷെയര്‍ ചെയ്തതിന്റെ ആവേശത്തിലാണ് പുള്ളാവൂരിലെ ഫുട്ബോള്‍ ആരാധകര്‍.
◾മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയില്‍ എത്തിയതോടെ തമിഴ്നാട് ആദ്യ മുന്നറിയിപ്പു നല്‍കി. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. സെക്കന്റില്‍ 1544 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് എത്തുന്നത്. 525 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
◾വര്‍ക്കല പാപനാശം ബീച്ചില്‍ ബലി മണ്ഡപത്തിനുസമീപം കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞു. തിരമാലകള്‍ ഇല്ലാതാകുകയും ചെയ്തു. ഇതൊരു പ്രാദേശിക പ്രതിഭാസം മാത്രമാണെന്നാണ് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് വ്യക്തമാക്കിയത്. പ്രാദേശികമായ കാറ്റുകൊണ്ടോ ചന്ദ്രഗ്രഹണം കൊണ്ടോ ആകാം ഈ പ്രതിഭാസമെന്നും അധികൃതര്‍ വ്യക്തമാക്കി.
◾സ്വന്തം പ്രീതിയനുസരിച്ചുള്ള ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതമെന്ന് ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍. സര്‍ക്കാരിന്റെയും മന്ത്രിസഭയുടെയും ഉപദേശമനുസരിച്ചാണു ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അഭിഭാഷക സംഘടന നടത്തിയ സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗല്‍ അഡൈ്വസറും സ്റ്റാന്‍ഡിംഗ് കോണ്‍സലും രാജിവച്ചു. അഡ്വ. ജയ്ജുബാബുവും ഭാര്യ അഡ്വ. ലക്ഷ്മിയുമാണ് രാജിവച്ചത്. വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി വിലക്കി ഹൈക്കോടതി ഉത്തരവിട്ടതിനു പിറകേയാണ് രാജിവച്ചത്.
◾ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി വ്യാഴാഴ്ച വരെ നീട്ടി. എംഎല്‍എയെ ചോദ്യം ചെയ്യാനും കൂടുതല്‍ തെളിവെടുപ്പിനും കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ഉത്തരവ്.
◾സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, തോമസ് ഐസക്, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ഇന്നു ഡിജിപി ഓഫീസിലേക്കു മാര്‍ച്ച് നടത്തുമെന്നു സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം പി അറിയിച്ചു.
◾കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ നാലു മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്.
◾കേരളത്തില്‍നിന്ന് 32000 സ്ത്രീകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിദേശത്ത് തീവ്രവാദ സംഘടനകളില്‍ ചേര്‍ത്തെന്നു പ്രചരിപ്പിക്കുന്ന ഹിന്ദി സിനിമയ്ക്കെതിരേ കേസ്. ആദാ ശര്‍മ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കേരളാ സ്റ്റോറി’ എന്ന സിനിമക്കെതിരേയാണു പരാതി. സിനിമ ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണു റിപ്പോര്‍ട്ട്. കേരളത്തെപ്പറ്റി വ്യാജപ്രചരണം നടത്തുന്നു എന്നാരോപിച്ച് തമിഴ്നാട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് നടപടി.
◾ഇടുക്കി ശാന്തന്‍പാറയില്‍ സിപിഎം പ്രവര്‍ത്തകരായ അച്ഛനും മകനും വെട്ടേറ്റു. കൂന്തപ്പനതേരി സ്വദേശികളായ പരമശിവനും മകന്‍ കുമാര്‍ എന്ന കുട്ടനുമാണ് വെട്ടേറ്റത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സിപിഎം.
◾വിദ്യാര്‍ഥിനികളെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് മാള പുത്തന്‍ചിറ സ്വദേശി സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം സരിത്തിനെതിരേ കേസ്. സിപിഎം പൊരുമ്പകുന്നു ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.
◾എക്വറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കപ്പെട്ട മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ക്ക് ഇന്ത്യന്‍ എംബസി അധികൃതര്‍ ഭക്ഷണവും വെള്ളവും എത്തിച്ചു. ജീവനക്കാരെ കാണാന്‍ എംബസി അധികൃതരെ സൈന്യം അനുവദിച്ചില്ല. ഏകദേശം പതിനൊന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് ഇവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും ലഭിച്ചത്.
◾ജി 20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന ഇന്ത്യ താമരയും വസുധൈവ കുടുംബകവും ഉള്‍പെടുത്തി പുതിയ ലോഗോയും വെബ് സൈറ്റും പുറത്തിറക്കി. ലോഗോ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തു. വസുധൈവ കുടുംബകം ലോകത്തോടുള്ള ഇന്ത്യയുടെ അനുകമ്പയേയും താമര ലോകത്തെ ഐക്യപ്പെടുത്തുന്നതിനേയുമാണു സൂചിപ്പിക്കുന്നതെന്നു മോദി പറഞ്ഞു.
◾സാമ്പത്തിക സംവരണം ശരിവച്ചുള്ള സുപ്രീം കോടതി വിധിക്കെതിരേ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്നു തമിഴ്നാട് സര്‍ക്കാര്‍. വിധി പരിശോധിക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചു. സംവരണം തുടരണോ എന്ന് പരിശോധിക്കണമെന്ന സുപ്രീം കോടതി നീരീക്ഷണങ്ങള്‍ ചോദ്യം ചെയ്യണമെന്നു പിന്നാക്ക വിഭാഗ സംഘടനകള്‍ തീരുമാനിച്ചു.
◾ഡല്‍ഹിയില്‍ ഭൂചലനം. പുലര്‍ച്ചെ രണ്ട് മണിയോടെ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാളാണെന്നു നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി.
◾കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള സിവില്‍ കോടതി ഉത്തരവ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. പകര്‍പ്പവകാശ പരാതി ഉയര്‍ന്ന വീഡിയോകള്‍ കോണ്‍ഗ്രസ്തന്നെ പിന്‍വലിച്ചതിനാലാണ് ഹൈക്കോടതി ഉത്തരവ്.
◾ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു. സേവാദള്‍ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ പാണ്ഡെയാണ് മരിച്ചത്. ജോഡെ യാത്രയ്ക്കിടെ മുംബൈയിലായിരുന്നു അന്ത്യം.
◾ഗിനിയയില്‍ തടവിലാക്കപ്പെട്ട കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ നടപടികള്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം പി കേന്ദ്ര തുറമുഖ വകുപ്പുമന്ത്രിക്കു കത്ത് നല്‍കി.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.