പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ 86 ലക്ഷം രൂപയുടെ പൊതുമുതല്‍ നഷ്ടമുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ 86 ലക്ഷം രൂപയുടെ പൊതുമുതല്‍ നഷ്ടമുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ 86 ലക്ഷം രൂപയുടെ പൊതുമുതല്‍ നഷ്ടമുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്വകാര്യ വ്യക്തികള്‍ക്ക് 16 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പൊതുമുതലിനുണ്ടായ നഷ്ടം ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരില്‍നിന്ന് ഈടാക്കാനുളള നടപടി തുടങ്ങി. മുന്‍ ജില്ലാ ജഡ്ജി പി.ഡി ശാരംഗധരനെ ക്ലെയിംസ് കമ്മീഷണറായി നിയോഗിച്ചു. 724 പേരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. അക്രമമുണ്ടാക്കിയ എല്ലാവരേയും തിരിച്ചറിഞ്ഞു, മിക്കവരേയും അറസ്റ്റു ചെയ്തെന്നും കോടതിയെ അറിയിച്ചു.

◾പത്തു വൈസ് ചാന്‍സലര്‍മാരേയും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നേരിട്ടു വിളിച്ചുവരുത്തി ഹിയറിംഗ് നടത്തും. പത്തു വൈസ് ചാന്‍സലര്‍മാരും ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. ഹിയറിംഗിനു നേരിട്ടു ഹാജരാകില്ലെന്ന് കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരിച്ചു. അഭിഭാഷകന്‍ ഹാജരാകും. കോടതിയെ അറിയിച്ച കാര്യങ്ങള്‍ തന്നെയാണ് മറുപടിയിലുള്ളത്. ഗവര്‍ണറുടെ നിലപാട് തനിക്കും സര്‍വകലാശാലക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും വിസി ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടേയും കോണ്‍ഗ്രസിന്റേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ താത്കാലികമായി മരവിപ്പിക്കാന്‍ ട്വിറ്ററിനു ബംഗളൂരു കോടതിയുടെ നിര്‍ദേശം. പകര്‍പ്പാവകാശം ലംഘിച്ച് കെജിഎഫ് സിനിമയിലെ സംഗീതം ഉപയോഗിച്ചതിനെതിരേയുള്ള കേസിലാണ് നടപടി.

◾അട്ടപ്പാടി മധുവിന്റേത് കസ്റ്റഡി മരണമല്ലെന്നു മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്. മരിച്ചത് കസ്റ്റഡിയിലാണെങ്കിലും പൊലീസ് മര്‍ദ്ദിച്ചതിന്റെ തെളിവുകളില്ല. പൊലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ മധു അവശനിലയിലായിരുന്നു. മധു ഛര്‍ദ്ദിച്ചപ്പോള്‍ അഗളി ആശുപത്രിയില്‍ എത്തിച്ചത് മൂന്നു പൊലീസുകാരാണ്. മധുവിനെ മര്‍ദ്ദിച്ചത് ആള്‍ക്കൂട്ടമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയതു ചോദ്യം ചെയ്തുളള ഹര്‍ജിയും ഇന്നു പരിഗണിക്കും.

◾ഗവര്‍ണര്‍ നടത്തിയ കെടിയു താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിയമനം നിയമവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വാദം. കേരളത്തിലെ ഏതെങ്കിലും വിസിമാര്‍ക്കു പകരം ചുമതല നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് ഗവര്‍ണര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സിസ തോമസിന് വിസിയുടെ ചുമതല നല്‍കിയത്.

◾കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനു സെര്‍ച്ച് കമ്മിറ്റിക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സെനറ്റംഗമായ എസ് ജയറാമിന്റെ ഹര്‍ജി. സെര്‍ച്ച് കമ്മിറ്റി അംഗത്തെ നാമനിര്‍ദേശം ചെയ്യാന്‍ സെനറ്റിന് നിര്‍ദേശം നല്‍കണമെന്നാണ് ഒരാവശ്യം. സെനറ്റ് അതു ചെയ്യാത്തപക്ഷം തുടര്‍നടപടി കൈക്കൊള്ളാന്‍ ചാന്‍സലറോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

◾രണ്ടു മാധ്യമങ്ങളുടെ ലേഖകരെ വിലക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്. ഗവര്‍ണറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവുമാണെന്നും സിപിഎം സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാജ്ഭവനിലേക്കു ഡിവൈഎഫ്ഐ മാര്‍ച്ച്. മാധ്യമ വിലക്കില്‍ പ്രതിഷേധിച്ച്  കറുത്ത തുണികൊണ്ട് വാ മൂടിക്കെട്ടിയാണ് മാര്‍ച്ച് നടത്തിയത്. പൊലീസ് ബാരിക്കേഡ് കെട്ടി മാര്‍ച്ച് തടഞ്ഞു. ഇതോടെ ഗവര്‍ണര്‍ക്കെതിരായ മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

◾രാജിയില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. രാജി ആവശ്യം വെറും തമാശയാണ്. എല്ലാം പാര്‍ട്ടിയാണു തീരുമാനിക്കുന്നത്. കരാര്‍ നിയമനത്തിന് ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്കു നല്‍കിയ കത്തു പുറത്തായതിന്റെ പേരില്‍ രാജിവയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമരത്തിനിറങ്ങിയിരിക്കേയാണ് രാജിയില്ലെന്ന് വ്യക്തമാക്കിയത്.

◾തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ പാര്‍ട്ടിക്കാര്‍ക്കു പങ്കുണ്ടോ എന്നതടക്കം എല്ലാം അന്വേഷിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഒന്നും ഒളിച്ചുവെക്കാനില്ല. ആരു തെറ്റു ചെയ്താലും നടപടിയെടുക്കുമെന്നും ആനാവൂര്‍ പറഞ്ഞു.

◾തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന കാന്‍സര്‍ രോഗമായ റെറ്റിനോ ബ്ലാസ്റ്റോമയ്ക്കുള്ള ചികിത്സയും ന്യൂറോ സര്‍ജിക്കല്‍ ഓങ്കോളജി സംവിധാനവും ആരംഭിച്ചു. തിരുവനന്തപുരം ആര്‍സിസിയില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ലുട്ടീഷ്യം ചികിത്സ ആരംഭിച്ചു.

◾ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി അനില്‍ കുമാറിനു വധഭീഷണി. വിദേശത്തുനിന്നു രാത്രി ഒന്‍പതരക്ക് ‘ശവപ്പെട്ടി തയ്യാറാക്കിവച്ചോളു’ എന്നായിരുന്നു ഫോണിലൂടെ ഭീഷണി. പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റു ചെയ്തതിനാണ് ഭീഷണി.

◾ശ്രീനിവാസന്‍ കൊലക്കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് അന്‍സാര്‍, അഷറഫ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഒളിവിലായിരുന്നു.

◾സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫീസുകളിലും ഒഴിവുകള്‍ നികത്തുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. പി എസ് സിയുടെ പരിധിയില്‍ വരുന്ന താല്‍ക്കാലിക ഒഴിവുകളും പി എസ് സിയുടെ പരിധിയില്‍ വരാത്ത സ്ഥിര – താത്കാലിക ഒഴിവുകളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നികത്തുന്നതെന്നും ശിവന്‍കുട്ടി അവകാശപ്പെട്ടു.

◾പാറശാല ഷാരോണ്‍ വധക്കേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് ഉചിതമെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാല്‍ കുറ്റപത്രം നല്‍കുമ്പോള്‍ പ്രതി ഭാഗം കോടതിയില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

◾ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെയുംകൊണ്ട് അന്വേഷണ സംഘം തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തും. ഷാരോണും ഗ്രീഷ്മയും താമസിച്ചെന്നു പറയുന്ന തൃപ്പരപ്പിലെ റിസോര്‍ട്ടിലും ഇരുവരും ഒന്നിച്ചുപോയ മാര്‍ത്താണ്ഡത്തും തെളിവെടുപ്പ് നടത്തും. വീട്ടിലും വെട്ടുകാട് പള്ളിയിലും ഇന്നലെ തെളിവെടുപ്പു നടത്തിയിരുന്നു.

◾റഷ്യയില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം നല്‍കി പണം തട്ടിയെന്ന കേസില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി പിടിയില്‍. റഷ്യയില്‍ എംബിബിഎസിനു പഠിക്കുന്ന തിരുവനന്തപുരം നേമം എസ്വി സദനം വീട്ടില്‍ എസ്.വി. അനുവിനെയാണ് റാന്നി പൊലീസ് അറസ്റ്റു ചെയ്തത്. റാന്നി സ്വദേശിനിയില്‍ നിന്ന് ഏഴുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.

◾തലശേരിയില്‍ കാറില്‍ ചാരിയതിന് മര്‍ദ്ദനമേറ്റ ആറു വയസുകാരന്‍ ആശുപത്രി വിട്ടു. കുഞ്ഞിനെയും അമ്മയെയും മഹിളാ മന്ദിരത്തിലേക്ക് മാറ്റി. പ്രതി മുഹമ്മദ് ഷിഹാദിനെ തലശേരി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

◾വിസ്മയ കേസിലെ ശിക്ഷാ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരണും ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിസ്മയയുടെ പിതാവും നല്‍കിയ അപ്പീലുകളില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. പത്തുവര്‍ഷ തടവു ശിക്ഷ റദ്ദാക്കണമെന്നാണ് ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ആവശ്യം. ഹര്‍ജികള്‍ വിധി പറയുന്നതിനായി കോടതി മാറ്റിവെച്ചു.

◾സുപ്രീം കോടതി മോചിപ്പിച്ചെങ്കിലും ഒമ്പതു ലക്ഷം രൂപ പിഴയടയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ കുപ്പണ മദ്യദുരന്ത കേസിലെ പ്രതി തമ്പി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനു നോട്ടീസയച്ചു. രണ്ടാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം. 25 വര്‍ഷമായി ജയിലില്‍ കഴിയുന്ന തമ്പിയെ കല്ലുവാതുക്കല്‍ മദ്യദുരന്തകേസിലെ പ്രതി മണിച്ചനൊപ്പം ശിക്ഷാ ഇളവ് വിധിച്ചിരുന്നു. പിഴത്തുക ഒഴിവാക്കി കഴിഞ്ഞമാസം മണിച്ചന്‍ ജയില്‍ മോചിതനായിരുന്നു.

◾വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എന്‍ഐഎ കേസ് തടവുകാരനില്‍നിന്നു സിംകാര്‍ഡില്ലാത്ത ഫോണ്‍ പിടിച്ചു. കനകമല കേസില്‍ ശിക്ഷ അനുഭവിക്കുന്ന മന്‍ഷീദ് മുഹമ്മദില്‍ നിന്നാണ് പഴയ നോക്കിയ ഫോണ്‍ പിടികൂടിയത്.

◾മലപ്പുറം ജില്ലയില്‍ മൂന്നിടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിന്റെ പെരുമ്പടപ്പ് ഡിവിഷന്‍ സെക്രട്ടറിയായിരുന്ന മുഹമ്മദ് അസ്ലമിന്റെ വീട്ടിലും തറവാട്ടിലും ട്രാവല്‍സിലുമാണ് ഒരേ സമയം റെയ്ഡ് നടന്നത്. ഡിജിറ്റല്‍ ഉപകരണങ്ങള്‍, രേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തെന്ന് എന്‍ഐഎ.

◾സമുദ്രാതിര്‍ത്തി ലംഘിച്ചതിന് തടവിലാക്കപ്പെട്ട ഹീറോയിക് ഐഡം കപ്പലിലെ മലയാളി ഓഫീസര്‍ സനു ജോസിനെ അറസ്റ്റു ചെയ്ത് ഗിനി നാവികസേനാ കപ്പലിലേക്കു മാറ്റി. ഇതേസമയം, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ മോചനത്തിനു ഹൈക്കമ്മീഷനുമായി ചേര്‍ന്ന് ശ്രമം തുടരുകയാണെന്ന് എക്വിറ്റോറിയല്‍ ഗിനിയിലെ ഇന്ത്യന്‍ എംബസി. കപ്പല്‍ നൈജീരിയക്കു കൈമാറുമെന്ന് എക്വറ്റോറിയല്‍ ഗിനി വൈസ് പ്രസിഡന്റ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

◾കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സംവരണത്തെ ശരിവച്ച സുപ്രീം കോടതി ഉത്തരവിനോടു സമ്മിശ്ര പ്രതികരണം. വരുമാന പരിധിയായ എട്ടു ലക്ഷം രൂപ വളരെ കൂടുതലാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മൂന്നര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കേ സാമ്പത്തിക സംവരണ ആനുകൂല്യം നല്‍കാവൂ. ഭൂപരിധിയുടെ കാര്യത്തിലും ഇത് ബാധകമാണെന്നു യെച്ചൂരി. സാമ്പത്തിക സംവരണം ശരിവച്ച സുപ്രീംകോടതി വിധിയെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ സ്വാഗതം ചെയ്തു. നിരാശയുണ്ടാക്കുന്ന വിധിയെന്ന് മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും.

◾ട്വിറ്റര്‍ ഇന്ത്യയിലെ 90 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടു. ട്വിറ്ററിന്റെ ഇന്ത്യയിലെ ഓഫീസില്‍ 200  ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ഒരു ഡസനോളം ജീവനക്കാര്‍ മാത്രമേ ശേഷിക്കുന്നുള്ളൂ.

◾ചൈനയും പാകിസ്ഥാനും ചേര്‍ന്ന് പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ രഹസ്യകേന്ദ്രത്തില്‍ അതിമാരക ജൈവായുധം നിര്‍മിക്കുന്നുണ്ടെന്ന് ജിയോ പോളിറ്റിക്സിന്റെ റിപ്പോര്‍ട്ട്. വുഹാന്‍ വൈറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിതിയാണ് സാര്‍സ് കൊവിഡ് 19 വൈറസ് എന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ റിപ്പോര്‍ട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!