വരനും കൂട്ടുകാരും കല്യാണത്തിനു കോയമ്പത്തൂരില്‍നിന്ന് ഗുരുവായൂരിലേക്കു വന്നത് സൈക്കിളില്‍

വരനും കൂട്ടുകാരും കല്യാണത്തിനു കോയമ്പത്തൂരില്‍നിന്ന് ഗുരുവായൂരിലേക്കു വന്നത് സൈക്കിളില്‍

◾വരനും കൂട്ടുകാരും കല്യാണത്തിനു കോയമ്പത്തൂരില്‍നിന്ന് ഗുരുവായൂരിലേക്കു വന്നത് സൈക്കിളില്‍. ‘റൈഡ് ടു മാര്യേജ്’- കോയമ്പത്തൂര്‍ ടു ഗുരുവായൂര്‍’ എന്നെഴുതിയ ബോര്‍ഡുമായാണ് 140 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി വിവാഹസംഘം എത്തിയത്. ശനിയാഴ്ച രാവിലെ പുറപ്പെട്ട സംഘം വൈകുന്നേരം അഞ്ചോടെ ഗുരുവായൂരിലെത്തി. കോയമ്പത്തൂര്‍ സ്വദേശിയായ വരന്‍ ശിവസൂര്യ ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തി വധു കണ്ണൂര്‍ സ്വദേശിനി അഞ്ജനയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഗുജറാത്തില്‍ എന്‍ജിനീയറാണ് ശിവസൂര്യ. അഹമ്മദാബാദില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ് അഞ്ജന.

◾കെഎസ്ആര്‍ടിസി ബസിനു ചുറ്റും മരച്ചില്ലകള്‍ വച്ചുകെട്ടി നടത്തിയ ‘പറക്കുംതളിക’ മോഡല്‍ കല്യാണ ഓട്ടം പുലിവാലായി. കേസെടുത്ത മോട്ടാര്‍ വാഹന വകുപ്പ് ബസ് വീണ്ടും സര്‍വീസിന് അയക്കരുതെന്ന് കെഎസ്ആര്‍ടിസി കോതമംഗലം ഡിപ്പോ അധികൃതരോട് ആവശ്യപ്പെട്ടു. ഡ്രൈവറോട് ഇന്നു രാവിലെ 11 ന് ഹാജരാകാന്‍ ജോയിന്റ് അര്‍ടിഒ നിര്‍ദേശം നല്‍കി. ‘പറക്കും തളിക’യിലെ ‘താമരാക്ഷന്‍ പിള്ള’ ബസിനെ അനുകരിച്ച് ഇന്നലെ രാവിലെയാണ് ‘ബസ് കല്യാണ ഓട്ടം നടത്തിയത്.

◾നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ആലോചിച്ച് തീരുമാനമെടുക്കും. ഏതറ്റംവരേയും പോകുമെന്നും അദ്ദേഹം പറഞ്ഞു.

◾തിരുവനന്തപുരം കോര്‍പറേഷനില്‍ നിയമനത്തട്ടിപ്പു കത്തു തയാറാക്കി പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. ക്ളിഫ് ഹൗസില്‍ ഡിജിപിയുടെ സാന്നിധ്യത്തിലാണ് പരാതി നല്‍കിയത്. കത്ത് താന്‍ തയാറാക്കിയിട്ടില്ലെന്നും ഒപ്പുവച്ചിട്ടില്ലെന്നും മേയര്‍.

◾കോര്‍പറേഷനില്‍ താത്കാലിക നിയമനത്തിന് പാര്‍ട്ടിക്കാരുടെ പട്ടിക തേടി കത്തു നല്‍കുന്ന ഏര്‍പ്പാട് സിപിഎമ്മില്‍ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മേയര്‍ക്കെതിരേ നടപടിയില്ല. കത്ത് വ്യാജമെന്ന് മേയര്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്തെഴുതിയവരെ കണ്ടുപിടിക്കുമെന്നും ഗോവിന്ദന്‍.

◾പുറത്താക്കാതിരിക്കാന്‍ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് അനുവദിച്ച സമയപരിധി ഇന്നു തീരും. ഏഴു വിസിമാര്‍ വിശദീകരണം നല്‍കി. കണ്ണൂര്‍, കാലിക്കറ്റ്, കുസാറ്റ് വിസിമാര്‍ ഇന്നു മറുപടി നല്‍കിയേക്കും. ഹിയറിംഗ് നടത്തിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഗവര്‍ണറുടെ നീക്കം.

◾കാറില്‍ ചാരിയതിന് കുഞ്ഞിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ പൊലീസ് രക്ഷിക്കാന്‍ ശ്രമിച്ചെന്നു വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പൊലീസ് സിപിഎമ്മിന്റെ അടിമകളും ക്രിമിനലുകളുമായി മാറിയെന്നും സുധാകരന്‍ ആരോപിച്ചു. സിപിഎം നേതാക്കന്മാര്‍ ഇടപെട്ടെന്നും പാര്‍ട്ടിയില്‍നിന്നു പോലും പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് നടപടിയെടുത്തതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

◾പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ഇരുചക്രവാഹനങ്ങള്‍ മോഷ്ടിക്കുന്ന സംഘം പിടിയില്‍. മോഷണത്തിന് നേതൃത്വം നല്‍കിയ മൂന്നു പേര്‍ അടക്കമുള്ള സംഘത്തെയാണ് വര്‍ക്കല പൊലീസ് അറസ്റ്റു ചെയ്തത്. വര്‍ക്കല പുത്തന്‍ചന്ത സ്വദേശി സുരേഷ് (58), വെട്ടൂര്‍ അന്‍സില്‍ (18), കല്ലമ്പലം അബ്ദുല്‍ ഒഫൂര്‍ (52) എന്നിവരാണു പിടിയിലായത്.

◾ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ വീട്ടില്‍ തെളിവെടുപ്പു നടത്തി. കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിന്റേതെന്ന് സംശയിക്കുന്ന പൊടിയും കണ്ടെത്തിയെന്നു പോലീസ്.

◾കേരളത്തിലെ ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ പ്രതികരിക്കാനില്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പ്രതികരണങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

◾കരിപ്പൂരില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരില്‍നിന്നു പോലീസ് അരക്കിലോ സ്വര്‍ണം പിടികൂടി. ഷൂവിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയ കോഴിക്കോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷയെയും വായ്ക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി അബ്ദുല്‍ അഫ്സലിനേയുമാണു പിടികൂടിയത്.

◾സമുദ്രാതിര്‍ത്തി ലംഘിച്ചതിന് എക്വറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കപ്പെട്ട മൂന്നു മലയാളികള്‍ അടക്കം 16 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു സിപിഎം എംപിമാര്‍. വിദേശകാര്യ മന്ത്രാലയത്തിന് സിപിഎം എംപിമാരായ വി ശിവദാസന്‍, എ എ റഹീം എന്നിവരാണ് കത്തു നല്‍കിയത്.

◾വിഴിഞ്ഞം തുറമുഖ കവാടത്തില്‍ സംഘര്‍ഷാവസ്ഥ. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന മല്‍സ്യത്തൊഴിലാളി സമരത്തിനെത്തിയവരില്‍ ചിലര്‍ അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തിയെന്നു നാട്ടുകാരുടെ ജനകീയ കൂട്ടായ്മ പ്രവര്‍ത്തകരുടെ പരാതി. ഇരുകൂട്ടരും സംഘടിച്ചെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. കൂടുതല്‍ പോലീസ് എത്തി ഇരുകൂട്ടരേയും പിരിച്ചുവിട്ടു.

◾’വാച്ച് യുവര്‍ നെയ്ബര്‍’ എന്ന പേരില്‍ പദ്ധതികളില്ലെന്ന് കേരളാ പൊലീസ്. ‘വാച്ച് യുവര്‍ നെയ്ബര്‍’ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് വിശദീകരണം. ‘സേ ഹലോ റ്റു യുവര്‍ നെയ്ബര്‍’ എന്ന പദ്ധതി കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്നുണ്ട്. അയല്‍വാസികളുമായുള്ള മികച്ച ബന്ധത്തിലൂടെ പൊതുസുരക്ഷ ശക്തിപ്പെടുത്താമെന്ന പദ്ധതിയാണിതെന്നു പോലീസ്.

◾കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് നീക്കം ചെയ്യേണ്ടതില്ലെന്ന് പി ടി എ റഹീം എംഎല്‍എ. കട്ടൗട്ടുകള്‍ സ്ഥാപിച്ച സ്ഥലം ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെയും കൊടുവള്ളി നഗരസഭയുടെയും അതിര്‍ത്തിയിലാണെങ്കിലും രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധികാരപരിധിയിലല്ലെന്നാണു റിപ്പോര്‍ട്ട്.

◾കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ തടവുപുള്ളി ആത്മഹത്യക്കു ശ്രമിച്ചു. പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് പ്രതി വിനീഷ് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. പൊലീസുകാരന്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 21 കാരിയായ ദൃശ്യയെ കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് വിനീഷ് വീട്ടില്‍ കയറി വെട്ടിക്കൊന്നത്.

◾തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കരിങ്കൊടി പ്രതിഷേധം. സെക്രട്ടറിയേറ്റില്‍നിന്നും മടങ്ങുമ്പോഴാണ് ബൈക്കിലെത്തിയ നാലു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആര്യാ രാജേന്ദ്രനെതിരെ കരിങ്കൊടി വീശിയത്.

◾പാലക്കാട് പട്ടാമ്പി ഉപജില്ലാ കായികോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കൊപ്പം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് അടിയുണ്ടായത്.

◾കടുവ ആക്രമണത്തിനെതിരേ നാട്ടുകാര്‍ തെരുവിലിറങ്ങി. വയനാട് പൂതാടി പഞ്ചായത്തിലും മീനങ്ങാടി പഞ്ചായത്തിലുമാണ് നാട്ടുകാര്‍ കടുവ ആക്രമിച്ച ആടുമാടുകളുടെ ജഡങ്ങളുമായി റോഡ് ഉപരോധിച്ചത്. കടുവയെ പിടിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

◾ആറു സംസ്ഥാനങ്ങളിലെ ഏഴു നിയമസഭ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാലിടത്തു ബിജെപിക്കു മുന്നേറ്റം. തെലങ്കാനയിലെ മുനുകോഡ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി തെലങ്കാന രാഷ്ട്രസമിതി. സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസിനു കെട്ടിവെച്ച കാശു നഷ്ടമായി.

◾രാജ്യത്തെ ജനങ്ങളുടെ കൈയില്‍ 30.88 ലക്ഷം കോടി രൂപയുടെ കറന്‍സികള്‍. കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ നോട്ടു നിരോധിച്ചതിന്റെ ആറാം വാര്‍ഷികത്തില്‍ അന്നത്തേതിന്റെ 71.84 ശതമാനം അധികം കറന്‍സിയാണ് ജനങ്ങളുടെ കൈകളില്‍ ഇപ്പോഴുള്ളത്. നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ 2016 നവംബര്‍ നാലിന് 17.7 ലക്ഷം കോടി രൂപയുടെ കറന്‍സിയായിരുന്നു ജനങ്ങളുടെ കൈവശം ഉണ്ടായിരുന്നത്.

◾തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്ത് രണ്ടര ലക്ഷം കോടി രൂപയായി വര്‍ധിച്ചു. പത്തേകാല്‍ ടണ്‍ സ്വര്‍ണം ഉള്‍പെടെയാണ് ഈ ആസ്തി. തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രം ഭരിക്കുന്ന ടിടി ദേവസ്വമാണു വിവരം പുറത്തുവിട്ടത്.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഐശ്വര്യം കൊണ്ടാണോ 138 പേരുടെ മരണത്തിനിടയാക്കിയ മോര്‍ബി പാലം തകര്‍ന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഗുജറാത്തിലെ മോര്‍ബി പാലം രണ്ടു കോടി രൂപ മുടക്കി നവീകരിച്ചതിന്റെ ക്രെഡിറ്റ് മോദിക്കാണ്. അഞ്ചു ദിവസത്തിനകം പാലം തകര്‍ന്ന് 138 പേര്‍ കൊല്ലപ്പെട്ടത് മോദിയുടെ ഐശ്വര്യം കൊണ്ടാണോയെന്ന് അറിയില്ല. ഉത്തരവാദിത്തം ഏറ്റെടുത്ത് മോദി രാജിവക്കണമെന്നും ഖാര്‍ഗെ ബംഗളൂരുവില്‍ ആവശ്യപ്പെട്ടു.

◾ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയുവെന്ന് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച ഗുലാം നബി ആസാദ്. ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയുടെ മാത്രം പാര്‍ട്ടിയാണെന്നും ഗുലാം നബി പറഞ്ഞു. കോണ്‍ഗ്രസിനെ പുകഴ്ത്തിയ ഗുലാം നബിയുടെ പ്രസ്താവന രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

◾ടാന്‍സാനിയന്‍ യാത്ര വിമാനം തടാകത്തില്‍ തകര്‍ന്ന് വീണ് 19 പേര്‍ മരിച്ചു. വിമാനത്തില്‍ 43 പേരാണ് ഉണ്ടായിരുന്നത്. 26 പേരെ രക്ഷിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!