പാസ്റ്റർ കെ.സി.ജോണിനെ പൂർണ്ണ ആരോഗ്യവാനായി കണ്ടതിൽ ഞങ്ങൾക്ക് സന്തോഷം. പഴയ യുവത്വത്തിന്റെ പ്രസരിപ്പിലാണിന്ന്. എന്തിനും ഏതിനും ഇനിയുമൊരു ബാല്യമുണ്ടെന്ന തോന്നൽ നമ്മിൽ ജനിപ്പിക്കുമാറ് ഉഷാറിലാണ് കെ.സി.
നവംമ്പർ മൂന്നിന് യാദൃച്ഛികമായി ഹരിപ്പാട് നിന്നും എടത്വാ വഴി തിരുവല്ലയ്ക്ക് ഒരു യാത്ര പോകേണ്ടി വന്നു. ലണ്ടൻ പ്രെയർ ഗാർഡൻ സഭാ ശുശ്രൂഷകൻ പാസ്റ്റർ. ഓ. ജോഷ്വായെയും ഭാര്യ സാറാമ്മയെയും പാസ്റ്റർ ആലുവിളയെയും ലിസിയെയും കണ്ട് മടങ്ങുകയായിരുന്നു. എടത്വാ കഴിഞ്ഞപ്പോൾ ഈ വഴിയിലാണല്ലോ നെടുമ്പ്രം എന്ന സംശയം ഉണ്ടായി.
എന്റെ സംശയം ഓമനയോട് പങ്കുവച്ച് തീരുന്നതിന് മുമ്പ് നെടുമ്പ്രത്തെത്തി. സുഖമില്ലാതിരിക്കുന്ന കെ.സിയെ കാണാൻ കയറിയാലോ എന്ന എന്റെ അഭിപ്രായത്തിന് ഭാര്യയുടെ പൂർണ്ണ പിന്തുണ.
മണി മൂന്നായിരിക്കുന്നു. ഉച്ചയുറക്കത്തിന്റെ സമയം. അതുകൊണ്ട് വേണ്ടെന്നായി ഞാൻ. ഭാര്യയുടെ കടുംപിടുത്തം. അദ്ദേഹം വയ്യാതിരിക്കയല്ലേ കയറിയിട്ട് പോകാം. ഒടുവിൽ ഞാൻ വഴങ്ങി.
കോളിഗ് ബെല്ലിന്റെ സ്വിച്ചമർത്തി ഞങ്ങൾ പ്രതീക്ഷയർപ്പിച്ച് നിന്നു. കതക് തുറന്നപ്പോൾ സന്താഷമായി. കെ.സി യുടെ ഭാര്യ പ്രയ്‌സ് ജോൺ സുസ്മേരവദനയായി നിൽക്കുന്നു. ഞങ്ങളെ തിരിച്ചറിഞ്ഞപ്പോൾ നിറഞ്ഞ ചിരിയോടെ അകത്തേക്ക് കയറ്റി. പാസ്റ്റർ ഉണ്ടോ എന്ന എന്റെ ചോദ്യത്തിന് ഇരിക്കൂ വിളിക്കാമെന്നായി അവർ. എന്നിട്ട് അകത്തേക്ക് പോയി.
ഭാര്യയുടെ കയ്യ് പിടിച്ച് പരസഹായത്തോടെ വരുന്ന കെ.സിയെയാണ് ഞാൻ മനസിൽ കണ്ടത്. കഴിഞ്ഞ വർഷം പൂവക്കാലയുടെ സഭയിൽ നടന്ന ‘ക്രൈസ്തവ ചിന്ത വി.എം മാത്യു പുരസ്കാരം’ ഇരവിപേരൂർ ആശ്വാസ ഭവൻ ഡയറക്ടർ പ്രിൻസ് പാസ്റ്റർക്ക് സമ്മാനിക്കാൻ വന്ന കെ.സി യാണ് എന്റെ മനസിലുണ്ടായിരുന്നത്.
സ്വയമായി ഒട്ടുംനടക്കാൻ വയ്യാത്ത അദ്ദേഹത്തെ താങ്ങിപ്പിടിച്ചാണ് സ്റ്റേജിൽ കൊണ്ടിരുത്തിയത്. അതുപോലൊരു വരവ് പ്രതീക്ഷിച്ചിരുന്ന എനിക്ക് കെ.സി യുടെ സാമാന്യം വേഗത്തിൽ തനിയെ ചുവട് വച്ചുള്ള വരവിൽ സന്തോഷമായി. പൂർണ്ണ ആരോഗ്യവാൻ.
നിറഞ്ഞ ചിരി. പഴയ സംസാരം. അസുഖങ്ങളൊക്കെ മാറിയിരിക്കുന്നു.പഴയ യുവത്വത്തിന്റെ പ്രസരിപ്പ് ഭാവത്തിലുമുണ്ട്, പ്രവൃത്തിയിലുമുണ്ട്. പവ്വർ വിഷൻ ഓഫീസിലും പോയിത്തുടങ്ങി. കാലവർഷക്കെടുതിയിൽ സ്ഥിരം മുങ്ങി മുങ്ങിപ്പോയിരുന്ന അദ്ദേഹത്തിന്റെ പഴയ വീട് ഇന്നില്ല.
വെള്ളം കയറാത്ത ഉയരത്തിൽ ഒരുനില മാത്രമുള്ള പുതിയവീടും നിർമ്മിച്ചിരിക്കുന്നു. കാപ്പി തന്നു. വിശേഷങ്ങൾ പരസ്പരം പങ്കു വച്ചു. നാളെ ഞാലിയാകുഴി: ഐ.പി.സി ശാലേം ഹാളിൽ നടക്കുന്ന വി.എം മാത്യു പുരസ്കാരം മാക്സി വിശ്വാസ് മേനയ്ക്ക് സമ്മാനിക്കുന്ന വിവരം ഞാൻ പറഞ്ഞപോൾ ‘അറിയാം’ എന്ന് പറഞ്ഞു.
എന്നെക്കൊണ്ട് പ്രാർത്ഥിപ്പിച്ചു. പടിയിറങ്ങുമ്പോൾ പ്രെയ്സി മോൾ ഓമനയോടായി പറഞ്ഞു ‘ഒരു പാട് നാളായി ഒന്ന് കാണണമെന്ന് ആഗ്രഹിച്ചിരിക്കയായിരുന്നു. കണ്ടതിൽ വളരെ സന്തോഷം’ രണ്ട് മനസ്സുകൾക്കും കുളിർമ്മയേകാൻ മറ്റെന്തു വേണം. ആ വാക്കുകളിൽ ആത്മാർത്ഥതയുടെ നിഴലാട്ടം.
-കെ.എന്‍.ആര്‍.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.