ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും ജുഡീഷ്യറിക്കും മുകളിലാണെന്ന ഭാവത്തിലാണെന്നു മുഖ്യമന്ത്രി

ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും ജുഡീഷ്യറിക്കും മുകളിലാണെന്ന ഭാവത്തിലാണെന്നു മുഖ്യമന്ത്രി

◾ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും ജുഡീഷ്യറിക്കും മുകളിലാണെന്ന ഭാവത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കാനാണു ശ്രമം. ഇല്ലാത്ത അധികാരങ്ങളാണു പ്രയോഗിക്കുന്നത്. നിയമസഭ പാസാക്കിയ നിയമങ്ങള്‍ ഒപ്പുവയ്ക്കാതെ മാറ്റിവച്ചതു നിയമവിരുദ്ധമാണ്. പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരേയുള്ള ജനകീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി. കാരണം കാണിക്കല്‍ നോട്ടീസിനെതിരെ ഏഴു വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ചാന്‍സലര്‍ അടക്കമുള്ള എതിര്‍ കക്ഷികളോട് ഹൈക്കോടതി വിശദീകരണം തേടി. കേസ് ഇന്നു വീണ്ടും പരിഗണിക്കും.

◾കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ നിശ്ചയിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി അംഗത്തെ നാളത്തെ സെനറ്റ് യോഗത്തില്‍ പരിഗണിക്കില്ലെന്ന് സര്‍വകലാശാല ഹൈക്കോടതിയില്‍. വൈസ് ചാന്‍സലറില്ലാതെ സര്‍വ്വകലാശാലയ്ക്ക് മുന്നോട്ട് പോകാന്‍ ആകില്ലെന്നു കോടതി. 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയതിനെതിരേ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി ഗവര്‍ണര്‍ക്കെതിരെ സെനറ്റ് പ്രമേയം പാസാക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ചു.

◾ലോകകപ്പിനു മുന്നോടിയായി സംസ്ഥാനത്തെ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്കു ഫുട്‌ബോള്‍ പരിശീലനത്തിനു ‘വണ്‍ മില്യണ്‍ ഗോള്‍’ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. പത്തിനും 12 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പത്തു ദിവസത്തെ ഫുട്ബോള്‍ പരിശീലനം നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു തുടര്‍ പരിശീലനവും ഉണ്ടാകും.

◾വിഴിഞ്ഞം സമരം രാജ്യവിരുദ്ധമെന്ന് മന്ത്രി അബ്ദുറഹിമാന്‍. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവക്കുന്നത് രാജ്യത്തെ ബാധിക്കുന്ന പ്രശ്നമാണ്. വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാധ്യതകളാണുള്ളതെന്നും മന്ത്രി പറഞ്ഞു.

◾സമരം രാജ്യവിരുദ്ധമെന്നു പറഞ്ഞ ഫിഷറീസ് മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവന മന്ത്രിസഭയുടെ അഭിപ്രായമാണോയെന്ന് അറിയില്ലെന്ന് ലത്തീന്‍ അതിരൂപത. ചര്‍ച്ചകള്‍ ഇനിയും നടക്കും. മത്സ്യത്തൊഴിലാളി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടു.

◾ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനു കേരള യൂണിവേഴ്സിറ്റിയില്‍നിന്നു വിരമിച്ച വൈസ് ചാന്‍സലര്‍ ഡോ. വി പി മഹാദേവന്‍ പിള്ള മറുപടി നല്‍കി. വിസിയാകാനുള്ള യോഗ്യത ഉണ്ടെന്നും ചട്ടപ്രകാരമാണ് വിസി സ്ഥാനത്തെത്തിയതെന്നുമാണ് വിശദീകരണം. ഒക്ടോബര്‍ 24 നാണു ഡോ. വി പി മഹാദേവന്‍പിള്ള വിരമിച്ചത്.

◾പാലക്കാട് കൊല്ലങ്കോട് സിപിഎം വിഭാഗീയതയില്‍ അഞ്ചു ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആറു പേരെ സസ്പെന്‍ഡു ചെയ്തു. നാലു വനിതാ അംഗങ്ങളടക്കം എട്ടു പേര്‍ക്കു താക്കീത്. കൊടുവായൂര്‍ ലോക്കല്‍ കമ്മിറ്റിയിലാണ് നടപടി.

◾പൊതു സ്ഥലങ്ങളിലെ ചാര്‍ജിംഗ് കേബിളുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജു ചെയ്യമ്പോള്‍ സൈബര്‍ തട്ടിപ്പിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ‘ജ്യൂസ് ജാക്കിംഗ്’ എന്നറിയപ്പെടുന്ന ഇത്തരം തട്ടിപ്പിന്റെ പൂര്‍ണ വിവരങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലുകളും വിശദീകരിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

◾തിരുവനന്തപുരം മ്യൂസിയത്തിനരികില്‍ ലൈംഗികാതിക്രമവും കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയും ചെയ്ത് അറസ്റ്റിലായ സന്തോഷിനെ ജലവിഭവ മന്ത്രിയുടെ പി എസിന്റെ താത്കാലിക ഡ്രൈവര്‍ തസ്തികയില്‍നിന്ന് പിരിച്ചുവിട്ടു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇതേസമയം, താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും ഭാര്യയെ പോലീസ് ഭീഷണിപ്പെടുത്തി കള്ളക്കേസില്‍ കുടുക്കിയതാണെന്നും സന്തോഷ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

◾വൈപ്പിനിലെ വനിതാ ഗ്യാസ് ഏജന്‍സി ഉടമയ്ക്കെതിരേ ഭീഷണി മുഴക്കിയ സിഐടിയു നേതാവ് അനില്‍കുമാര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊച്ചി ഹിന്ദുസ്ഥാന്‍ പെട്രോളിയം ജനറല്‍ മാനേജറെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

◾റീട്ടെയില്‍ ഉപയോക്താക്കള്‍ക്കുള്ള ഡിജിറ്റല്‍ രൂപ ഈ മാസം പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മൊത്തവിപണിയില്‍ ഡിജിറ്റല്‍ കറന്‍സി പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരുന്നു. ആദ്യ ദിനമായിരുന്ന ചൊവ്വാഴ്ച ബാങ്കുകള്‍ 275 കോടി രൂപയുടെ ബോണ്ടുകള്‍ ട്രേഡ് ചെയ്തു.

◾പ്രയപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ പരസ്പരം സ്‌നേഹിക്കുന്നത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്ന പോക്‌സോ നിയമപ്രകാരം ‘ലൈംഗിക അതിക്രമം’ ആകില്ലെന്ന് മേഘാലയ ഹൈക്കോടതി. പോക്‌സോ കേസില്‍ കുറ്റാരോപിതനായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ കേസ് റദ്ദാക്കിയുള്ള വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പത്തു മാസം ജയിലിലടച്ച ആണ്‍കുട്ടിയെ മോചിപ്പിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!