ഉമ്മന്‍ ചാണ്ടിക്ക്    എണ്‍പതാം പിറന്നാളിനു ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ഉമ്മന്‍ ചാണ്ടിക്ക് എണ്‍പതാം പിറന്നാളിനു ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

◾എണ്‍പതാം പിറന്നാളിനു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സാര്‍ത്ഥം ജര്‍മനിയിലേക്കു പോകാനിരിക്കേ ആലുവയില്‍ തങ്ങുന്ന ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച പിണറായി വിജയന്‍ ആശംസകള്‍ നേര്‍ന്നു. ഉമ്മന്‍ ചാണ്ടിയെ ഷാളണിയിക്കുകയും ചെയ്തു.

◾അരിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. വെള്ള, നീല റേഷന്‍ കാര്‍ഡുടമകള്‍ക്ക് എട്ടു കിലോഗ്രാം അരി 10 രൂപ 90 പൈസ നിരക്കില്‍ നല്‍കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളൂടെ ‘അരിവണ്ടി’ സംസ്ഥാനത്തെ 500 ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കില്‍ അരി വിതരണം ചെയ്യും. ജയ, കുറുവ, മട്ട, പച്ചരി എന്നിവയിലേതെങ്കിലുമാണ് സൗജന്യ നിരക്കില്‍ നല്‍കുക.

◾എം.ടി വാസുദേവന്‍ നായര്‍ക്കു കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എന്‍.എന്‍. പിള്ള, ടി. മാധവ മേനോന്‍, മമ്മൂട്ടി എന്നിവര്‍ കേരള പ്രഭ പുരസ്‌കാരം നേടി. ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരന്‍, വിജയലക്ഷ്മി മുരളീധരന്‍ പിള്ള (വൈക്കം വിജയലക്ഷ്മി) എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി. കേന്ദ്ര സര്‍ക്കാരിന്റെ പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത പുരസ്‌കാരങ്ങളാണു പ്രഖ്യാപിച്ചത്.

◾ഗവര്‍ണറെ കോണ്‍ഗ്രസ് പിന്തുണക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ടെലിഫോണില്‍ സംസാരിക്കവേയാണ് ഖാര്‍ഗെ നിലപാടു വ്യക്തമാക്കിയതെന്ന് സിപിഎം. എന്നാല്‍ വിഷയത്തില്‍ ഖാര്‍ഗെ ഇടപെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍.

◾ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് ജനങ്ങളുടെ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഒത്തുകളിയാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ ധനമന്ത്രിയെ വിമര്‍ശിച്ചത് എന്തിനെന്ന് ഇപ്പോള്‍ മനസിലായി. 75 ലക്ഷം രൂപ ധനമന്ത്രി അനുവദിച്ചുനല്‍കി. നേരത്തേ സംഘപരിവാര്‍ നേതാവിനെ ഗവര്‍ണറുടെ പിഎ ആയി നിയമിച്ചു. ഇതെല്ലാം ഒത്തുകളിയല്ലാതെ വേറെ എന്താണെന്നും ചെന്നിത്തല ചോദിച്ചു.

◾ഗവര്‍ണര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്ന് ആരോപിച്ച് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ രാഷ്ട്രപതിക്കു പരാതി നല്‍കി. രാജ്ഭവനില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ വാര്‍ത്താസമ്മേളനം നടത്തിയതിനെതിരേയും വിമര്‍ശിച്ചുകൊണ്ടാണ് പരാതി.

◾പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതു വയസാക്കിയ സംസ്ഥാന ധനമന്ത്രാലയത്തിന്റെ ഉത്തരവിനെതിരേ പ്രതിഷേധവുമായി എഐവൈഎഫ്. തൊഴിലന്വേഷകരെ വഴിയാധാരമാക്കുന്ന തീരുമാനമാണെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. യൂത്ത് ലീഗ് അടക്കം പ്രതിപക്ഷ യുവജന സംഘടനകളും പ്രതിഷേധിച്ചു. കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോര്‍പ്പറേഷനുകളിലുമാണ് പെന്‍ഷന്‍ പ്രായം അറുപത് വയസാക്കി വര്‍ധിപ്പിച്ചത്.

◾തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നു വൈകിട്ട് നാലു മുതല്‍ രാത്രി ഒമ്പതുവരെ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ചാണ് അഞ്ചു മണിക്കൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നത്.

◾തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്നു യെല്ലോ അലര്‍ട്ട്. ബംഗാള്‍ ഉള്‍കടലിനു മുകളിലും തെക്കേ ഇന്ത്യക്കു മുകളിലുമായി വടക്കുകിഴക്കന്‍ കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ തീരത്തിനു മുകളില്‍ ചക്രവാതചുഴിയും ഉള്ളതിനാല്‍ കേരളത്തിനു മുകളില്‍ ന്യുന മര്‍ദ്ദ പാത്തി ഉടലെടുത്തിട്ടുണ്ട്.

◾ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവന്‍ നിര്‍മല്‍കുമാറിനെയും കേസില്‍ പ്രതിചേര്‍ത്തു. തെളിവ് നശിപ്പിച്ചെന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം. ഇരുവരും കസ്റ്റഡിയിലാണ്. ആത്മഹത്യക്കു ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.

◾ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ടു വനിതാ പൊലീസുകാര്‍ക്കു സസ്പെന്‍ഷന്‍. നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നീ പൊലീസുകാരെയാണ് സസ്പെന്‍ഡു ചെയ്തത്.

◾അട്ടപ്പാടി മധുകൊലക്കേസില്‍ കൂറുമാറിയ എട്ടു സാക്ഷികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ മണ്ണാര്‍ക്കാട് കോടതിയില്‍ ഹര്‍ജി നല്‍കി. കൂറുമാറിയ പതിനെട്ടാം സാക്ഷി കാളി മുപ്പന്‍, പത്തൊമ്പതാം സാക്ഷി കക്കി എന്നിവരെ പുനര്‍ വിസ്തരിച്ചപ്പോള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിരുന്നു.

◾വൈപ്പിനില്‍ വനിതാ ഗ്യാസ് ഏജന്‍സി ഉടമയെ സിഐടിയു നേതാവ് ഭീഷണിപ്പെടുത്തിയ കേസില്‍ ക്രമസമാധാന പ്രശ്നങ്ങളില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചര്‍ച്ചയ്ക്കായി ലേബര്‍ കമ്മീഷണറെ നിയോഗിച്ചിട്ടുണ്ട്. തര്‍ക്കം ഉടന്‍ പരിഹരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പൊലീസ് സംരക്ഷണം തേടി ഗ്യാസ് ഏജന്‍സി ഉടമ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

◾തൃശൂര്‍ മഹാരാജാസ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രിന്‍സിപ്പലിന്റെ കാലു തല്ലിയൊടിക്കുമെന്നു ഭീഷണിപ്പെടുത്തിയ എസ്എഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി അസം മുബാറക്കിനെതിരെ കേസെടുത്തു. ആറു പേര്‍ക്കെതിരെയാണ് കേസ്. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോക്ടര്‍ ദിലീപിന്റെ പരാതിയിലാണ് കേസെടുത്തത്.

◾മൂന്നാര്‍ ടൗണില്‍ സി പി ഐ – കോണ്‍ഗ്രസ് കൂട്ടത്തല്ലില്‍ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ 35 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മൂന്നാര്‍ പൊലീസ് കേസെടുത്തു. ഒരാളെ അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് മൂന്നാര്‍ ടൗണില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സിപിഐ പഞ്ചായത്ത് അംഗം കോണ്‍ഗ്രസിലേക്കു കൂറുമാറിയതാണു പ്രകോപനത്തിനു കാരണം.

◾കൊല്ലം ചവറ ഉപജില്ലാ സ്‌കൂള്‍ കായികമേളയ്ക്കിടെ ഹാമര്‍ വീണ് മത്സരാര്‍ത്ഥിയുടെ അമ്മയുടെ തലയ്ക്കു ഗുരുതര പരുക്ക്. മൈനാഗപ്പളളി സ്വദേശിനി മാജിദയ്ക്കാണ് പരിക്കേറ്റത്. ശാസ്താംകോട്ട ഡിബി കോളജ് മൈതാനത്ത് ഇന്നലെ വൈകീട്ട് ഹാമര്‍ ത്രോ മത്സരത്തിനിടെയായിരുന്നു അപകടം.

◾യമനില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിനു നവംബര്‍ ഒമ്പതിന് ദുബായില്‍ യോഗം വിളിച്ചിട്ടുണ്ടെന്നു വ്യവസായിയും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ എം.എ യൂസഫലി. കൊല്ലപെട്ടയാളുടെ കുടുംബാംഗങ്ങളെല്ലാം മാപ്പപേക്ഷയ്ക്ക് അനുമതി നല്‍കണമെന്നതിനാലാണ് മോചനം വൈകുന്നത്. യൂസഫലി അറിയിച്ചു.

◾ഇലന്തൂര്‍ നരബലിക്കേസില്‍ റോസ്ലിനെ കൊല്ലാന്‍ ഉപയോഗിച്ച രണ്ടു കത്തികള്‍ വീട്ടിലെ അടുക്കളയില്‍ നിന്ന് കണ്ടെടുത്തു. ഇലന്തൂര്‍ ജംഗ്ഷനിലെ പണമിടപാട് സ്ഥാപനത്തില്‍ ഭഗവല്‍ സിംഗ് പണയംവച്ച റോസ്ലിന്റെ ഏഴ് ഗ്രാം തൂക്കമുള്ള മോതിരവും കണ്ടെത്തി. പ്രതികളായ ഷാഫിയെയും ലൈലയെയും ഭഗവല്‍ സിങ്ങിനെയും വീണ്ടും ഇലന്തൂരിലെ വീട്ടില്‍ എത്തിച്ചു തെളിവെടുത്തു.

◾നരബലി കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യ ഹര്‍ജിയില്‍ കോടതി ഇന്നു വിധി പറയും. കൊലപാതകത്തില്‍ തനിക്കു പങ്കില്ലെന്നും പൊലീസ് കെട്ടിച്ചമച്ച കഥകളാണന്നും ഹര്‍ജിയില്‍ ലൈല ആരോപിച്ചു.

◾എന്‍ഫോഴ്സ്മെന്റ് കേസില്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലക്നോ ജില്ലാ കോടതി തള്ളി. യുഎപിഎ കേസില്‍ കാപ്പന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഹാത്രസിലേക്കുപോകവേ യുപി സര്‍ക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പന് കഴിഞ്ഞ മാസം ഒന്‍പതിനാണ് സുപ്രീംകോടതി യുഎപിഎ കേസില്‍ ജാമ്യം അനുവദിച്ചത്.

◾മജിസ്ട്രേട്ടിനു മാത്രമല്ല, ചില അടിയന്തര ഘട്ടങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥനും മരണമൊഴി രേഖപ്പെടുത്താമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇങ്ങനെ നിരീക്ഷിച്ചത്. ജാര്‍ഖണ്ഡില്‍ നിന്നുള്ള ബലാത്സംഗ കേസ് പരിഗണിക്കവേയാണ് നിരീക്ഷണം.

◾തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിനെ ദേശീയ പാര്‍ട്ടിയാക്കി പ്രഖ്യാപിച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ദേശീയപാര്‍ട്ടിയില്‍ ഒതുക്കാതെ ആഗോള പാര്‍ട്ടിയാക്കി ചൈനയിലും യുകെയിലും പോയി മല്‍സരിക്കൂവെന്നു രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസില്ലാത്ത പ്രതിപക്ഷസഖ്യ നീക്കത്തിന് ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് ഒരു സഖ്യത്തിനുമില്ലെന്നും രാഹുല്‍ പറഞ്ഞു.

◾ഹിമാചല്‍ പ്രദേശ് തരഞ്ഞെടുപ്പില്‍ ബിജെപിയില്‍ വിമത ശല്യം. മുന്‍ എംഎല്‍എമാരടക്കം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഭീഷണിയുമായി ബിജെപി നേതാക്കള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തെത്തി. അഞ്ചു വിമതരെ ബിജെപി പുറത്താക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!