സുനിക് ഋഷിയോടുള്ള ബിജെപി യുടെ സമീപനം സോണിയാ ഗാന്ധിയോട് കാട്ടിയോ ?

സുനിക് ഋഷിയോടുള്ള ബിജെപി യുടെ സമീപനം സോണിയാ ഗാന്ധിയോട് കാട്ടിയോ ?

ഇന്ത്യൻ വംശജനായ 42 കാരൻ സുനിക് ഋഷി ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റിട്ട് അധിക ദിവസങ്ങൾ ആയില്ല. അതിൽ ഇന്ത്യ ആത്മാഭിമാനം കൊണ്ട് എന്തെന്നില്ലാത്ത സന്തോഷത്തിലാണിപ്പോൾ. ഈ ആഘോഷത്തിൽ നമ്മളൊന്നു ചിന്തിക്കണം ഇന്ത്യയിൽ ഇങ്ങനെ നടക്കുമോ? ഏയ് ഇല്ല, ഇനി ഏത് മാനവികത പറഞ്ഞാലും ഇവിടെ അതോന്നും നടക്കില്ല.

ക്രിസ്ത്യൻ ഭൂരിപക്ഷ മുള്ള രാജ്യമാണ് ബ്രിട്ടൺ. വെറും 7% ഹിന്ദുക്കൾ മാത്രമേ അവിടെയുള്ളൂ. ആ സ്ഥലത്താണ് ഒരു പാരമ്പര്യ ഹിന്ദു വിശ്വാസിയായ വ്യക്തിയെ ഭരണ ചുമതലയുടെ തലപ്പത്ത് അവരോധിക്കുന്നത്.

മറ്റൊരു വംശജനും, ഹിന്ദുവല്ലാത്തതുമായ മറ്റൊരാളിനെ പ്രധാനമന്ത്രി ആക്കാൻ ഇന്ത്യയിലെ നേതാക്കന്മാർ അനുവദിക്കുമോ? എന്നിട്ടാണ് നമ്മുടെ ആഘോഷം. അങ്ങനെ ഒരു തീരുമാനം വന്നാൽ ഇന്ത്യയുടെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ.
ഒരു കാലഘട്ടത്തിൽ ഡോണിയഗാന്ധിയെ പ്രധാനമന്ത്രി ആക്കില്ല എന്ന് പ്രഖ്യാപനം നടത്തി അതിനുള്ള കാരണങ്ങൾ നിരത്തിയിട്ടാണ് ബിജെപി ക്കാർ ഇപ്പോൾ അഭിമാനിച്ചു രോമാഞ്ചം അണിയുന്നത്.

ഇറ്റലിക്കാരിയും ക്രിസ്തീയ വിശ്വസിയുമായ സോണിയ കഴിഞ്ഞ എത്രയോ വർഷമായി ഇന്ത്യക്കാരിയാണ്. അവരെ പ്രധാനമന്ത്രിയാക്കാൻ കോൺഗ്രസ്സ് തീരുമാനിച്ചു കഴിഞ്ഞപ്പോൾ എന്തൊരു പുകിലായിരുന്നു ഇവിടെ.

സോണിയ പ്രധാനമന്ത്രി ആയാൽ താൻ തല മുണ്ഡനം ചെയ്ത് നിരത്തിലിറങ്ങുമെന്ന് അന്തരിച്ച സുഷമ സ്വരാജ് അന്ന് പ്രഖ്യാപിച്ചു. പിന്നെയും അവരുടെ ഭീഷണിയുടെ സ്വരം കടുപ്പിച്ചു. “തലമൊട്ടയടിച്ച് സിന്ദൂരം ഉപേക്ഷിച്ച് വെള്ളവസ്ത്രം മാത്രം ധരിച്ച് കടല മാത്രം ആഹാരമാക്കി കട്ടിലുപേക്ഷിച്ച്‌ നിലത്തു കിടന്നുറങ്ങും. ഒരു ഹിന്ദു വിധവയെ പോലെ ജീവിക്കും.” 2004 ൽ കോൺഗ്രസ് വിജയിക്കുകയും സോണിയ പ്രധാനമന്ത്രി ആകുവാനുള്ള സാധ്യത ഉയർന്നുവന്നപ്പോൾ ആണ് അവരിത്തരത്തിലുള്ള ഒരു പ്രസ്ഥാവന നടത്തിയത്.

മാത്രമല്ല ഒരു വിദേശി പ്രധാനമന്ത്രി ആകുന്നതിനെതിരെ ദേശ വ്യാപകമായി സമരം നടത്താൻ ബിജെപി നിശ്ചയിച്ചു. സോണിയ ആ പദവിയിലെത്തിയാൽ ബിജെപി രണ്ടാം സ്വാതന്ത്ര്യ സമരം നടത്തുമെന്ന് അന്നത്തെ ബിജെപി വൈസ് പ്രസിഡന്റ് ബാബുലാൽ മറണ്ടി പ്രഖ്യാപിച്ചു. കലാപങ്ങൾ ഉണ്ടാക്കി പ്രശ്‌നം രൂക്ഷമാക്കാതെ ആത്മാഭിമാനമുള്ള സോണിയാഗാന്ധി അതിനൊന്നും വഴിയുണ്ടാക്കാതെ പ്രധാനമന്ത്രി സ്ഥാനം നിരസിച്ചു. അധികാര നിരാകരണത്തിലൂടെ അഭിമാനത്തിന്റെ യെശസ്സ്‌ ഉയർത്തിപ്പിടിച്ച സോണിയാഗാന്ധി യഥാർത്ഥ ഇന്ത്യക്കാരി തന്നെയാണ്.

വർഷങ്ങൾക്ക് ശേഷം സുഷമ സ്വരാജ് അന്തരിച്ചപ്പോൾ സോണിയഗാന്ധിയും മകൻ രാഹുൽഗാന്ധിയും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. സുഷമയുടെ മൃതശരീരത്തിന്റെ അരികിൽ ആദരവോടെ കൈകൾ കൂപ്പി അവരിരുവരും ആദരാഞ്ജലികൾ അർപ്പിച്ചു.

ഋഷി പ്രധാനമന്ത്രി ആയപ്പോൾ സന്തോഷിക്കുന്ന ബിജെപി ഉൾപ്പടെയുള്ള ഭാരതീയർ തന്നെയാണ് സോണിയയെ ഇറ്റലിക്കാരി മദാമ്മയെന്നു പറഞ്ഞ് ആക്ഷേപിക്കുന്നത്. മദാമ്മയുടെ തുണി അലക്കുകരാണ് കോൺഗ്രസ്സ് നേതാക്കന്മാരെന്നു പറഞ്ഞ ബിജെപി ക്കാർക്ക് ഇപ്പോൾ എന്തുപറ്റി ഇത്രയും ആഘോഷിക്കാൻ. ശരിയാണ് ആ പയർ നമ്മുടെ കലത്തിൽ വേകില്ല അല്ലെ.

ഒരു കാലത്ത് ബ്രിട്ടൻകാർ താഴ്ന്നവരായി കണ്ട ഒരു വംശക്കാരനാണ് ഇന്ന് അവരുടെ പ്രധാനമന്ത്രി. വംശാധിപത്യത്തിന്റെ എന്തല്ലാം മോശം ചരിത്രം ഉണ്ടായിട്ടും അതിൽനിന്നും പാഠം പഠിച്ച ബ്രിട്ടൺ അന്യജാതിക്കാരനായ ഇന്ത്യൻ വംശനെ പ്രധാനമന്ത്രി ആക്കിയിരിക്കുന്നു. അതിൽ അവരെ അംഗീകരിക്കണം. അതാണ് ഇൻഡ്യയും ബ്രിട്ടനും തമ്മിലുള്ള അന്തരം.

നമ്മുടെ ഈ ആഘോഷത്തിൽ നാം പഠിക്കേണ്ട ഒരു പാഠം ഉണ്ട്. മാനവികബോധം ഉള്ള രാജ്യക്കാരനുമാത്രമേ ഇങ്ങനെയുള്ള പ്രവർത്തി ചെയ്യുവാൻ പറ്റൂ.


-ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!