പൊലീസിന് ഏകീകൃത യൂണിഫോം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശത്തിനെതിരേ വിമര്‍ശനങ്ങള്‍

പൊലീസിന് ഏകീകൃത യൂണിഫോം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശത്തിനെതിരേ വിമര്‍ശനങ്ങള്‍

◾പൊലീസിന് ഏകീകൃത യൂണിഫോം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശത്തിനെതിരേ വിമര്‍ശനങ്ങള്‍. യൂണിഫോമില്‍ തുടങ്ങുന്ന ഏകീകരണം, പോലീസ് സേനയെ കേന്ദ്ര സേനയാക്കി മാറ്റുന്നതില്‍ കലാശിക്കുമോയെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആശങ്ക. ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ പ്രസംഗിക്കവേയാണ് പ്രധാനമന്ത്രി ഈ ആശയം മുന്നോട്ടുവച്ചത്. ക്രമസമാധാനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് പ്രധാനമന്ത്രി ആഭ്യന്തര മന്ത്രിമാരെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തിരുന്നു.

◾റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 162 കോടി രൂപയുടെ വന്‍ നികുതി വെട്ടിപ്പ്. ജിഎസ്ടി വകുപ്പാണു നികുതി വെട്ടിപ്പു കണ്ടെത്തിയത്. 703 കോടി രൂപയുടെ വരുമാനത്തിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ ജിഎസ്ടി അടച്ചില്ലെന്നാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ 15 റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരാണ് ഇത്രയും രൂപ നികുതി ഇനത്തില്‍ വെട്ടിച്ചത്.

◾സാമൂഹിക മാധ്യമങ്ങളിലെ പരാതി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമിതി രൂപീകരിക്കും. ഇതടക്കമുള്ള വ്യവസ്ഥകളുമായി കേന്ദ്ര സര്‍ക്കാര്‍ ഐടി ചട്ടം ഭേദഗതി ചെയ്തു.

◾നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ദിലീപും കൂട്ടുപ്രതി ശരത്തും നല്‍കിയ ഹര്‍ജി കോടതി തള്ളി. തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച സെഷന്‍സ് ജഡ്ജ് ഹണി എം. വര്‍ഗീസ് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ ദിലീപും ശരത്തും തിങ്കളാഴ്ച ഹാജരാകണമെന്ന് ഉത്തരവിട്ടു. വിചാരണ നവംബര്‍ 10 ന് തുടങ്ങും.

◾കാസര്‍കോട് ജില്ലയിലെ 34 നഴ്സിംഗ് ഓഫീസര്‍മാരെ സര്‍ക്കാര്‍ ഒറ്റയടിക്കു സ്ഥലം മാറ്റി. പകരം ഒരാളെപോലും നിയമിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം തേടി ആഴ്ചകളോളം നിരാഹര സമരം നടത്തിയ സാമൂഹിക പ്രവര്‍ത്തക ദയാ ബായിയ്ക്കു മന്ത്രിമാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചുകൊണ്ടാണു കൂട്ടസ്ഥലംമാറ്റം. ഇതോടെ കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി.

◾തുലാവര്‍ഷം കേരളത്തില്‍ നാളെയെത്തും. ആദ്യം വടക്കന്‍ തമിഴ്നാട്ടിലാണ് തുലാവര്‍ഷം എത്തുക. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

◾കെഎസ് യു സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യറിനെ നിയമിച്ചു. അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ട മുഹമ്മദ് ഷമ്മാസ്, ആന്‍ സെബാസ്റ്റ്യന്‍ എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്റുമാരാക്കി. കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്തിനെ എന്‍എസ്യുഐ ദേശീയ ജനറല്‍ സെക്രട്ടറിയായി  നിയമിച്ചു. പുനഃസംഘടനയില്‍ രമേശ് ചെന്നിത്തല വിഭാഗം അതൃപ്തി പ്രകടിപ്പിച്ചു.

◾ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിളളി എംഎല്‍എയുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഹര്‍ജിയില്‍ സര്‍ക്കാര്‍ ആരോപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!