ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ശുംഭനെന്ന് വിശേഷിപ്പിച്ചും ഗവര്‍ണര്‍ക്കുള്ള പ്രീതി പിന്‍വലിച്ചെന്നു പരിഹസിച്ചും കാനം രാജേന്ദ്രന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ശുംഭനെന്ന് വിശേഷിപ്പിച്ചും ഗവര്‍ണര്‍ക്കുള്ള പ്രീതി പിന്‍വലിച്ചെന്നു പരിഹസിച്ചും കാനം രാജേന്ദ്രന്‍

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ശുംഭനെന്ന് വിശേഷിപ്പിച്ചും ഗവര്‍ണര്‍ക്കുള്ള പ്രീതി പിന്‍വലിച്ചെന്നു പരിഹസിച്ചും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലോകത്തിലെ എല്ലാ അധികാരങ്ങളും തന്റേതാണെന്ന് ഏതെങ്കിലുമൊരു ശുംഭന്‍ വിചാരിച്ചാല്‍ എന്തു ചെയ്യുമെന്നാണു കാനത്തിന്റെ പരിഹാസം. ധനമന്ത്രി കെ എന്‍ ബാലഗോപാലിലുള്ള പ്രീതി പിന്‍വലിച്ച ഗവര്‍ണറിലുള്ള പ്രീതി തങ്ങളും പിന്‍വലിച്ചെന്നും കാനം ആലപ്പുഴയില്‍ പറഞ്ഞു.

◾ദേശീയ അന്വേഷണ ഏജന്‍സിയെ കൂടുതല്‍ അധികാരങ്ങളോടെ ശക്തിപ്പെടുത്തുമെന്നും രണ്ടു വര്‍ഷത്തിനകം എല്ലാ സംസ്ഥാനങ്ങളിലും ബ്രാഞ്ചുകള്‍ തുടങ്ങുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവര്‍ത്തിക്കണം. അമിത് ഷാ ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പു മന്ത്രിമാരുടേയും ഡിജിപിമാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര സുരക്ഷ, മയക്കുമരുന്ന് കടത്ത്, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനാണ് കേന്ദ്രം യോഗം വിളിച്ചത്.

◾മോശമായി പെരുമാറുന്ന പോലീസിനെതിരേ നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് ഹൈക്കോടതി. പൊലീസ് പെരുമാറ്റച്ചട്ട റിപ്പോര്‍ട്ടില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി വീണ്ടും റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയാല്‍ മാത്രം പോരാ, ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.

◾കോണ്‍ഗ്രസ് പുനഃസംഘടനയെക്കുറിച്ചു പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുന്നു. ഉദയ്പൂര്‍ പ്രഖ്യാപനങ്ങള്‍ക്കു വിധേയമായി കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കാനാണ് ശ്രമം. 47 അംഗ സ്റ്റിംയറിംഗ് കമ്മിറ്റിയില്‍ നിന്നാകും സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുക.

◾കേരളത്തിലെ ജനമൈത്രീ പൊലീസ് സംവിധാനം മികച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തരമന്ത്രിമാരുടെ ചിന്തന്‍ ശിബിറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസൗഹൃദ പൊലീസാണെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി പൊലീസ് സേനയുടെ നവീകരണത്തിന് കൂടുതല്‍ കേന്ദ്രസഹായം തേടി. കസ്റ്റഡി അതിക്രമങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് പ്രമേയം പാസാക്കി. വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി സര്‍വ്വകലാശാലകളെ സ്തംഭിപ്പിക്കാനുള്ള നീക്കമാണെന്ന് പ്രമേയം കുറ്റപ്പെടുത്തി.

◾എച്ച്ഐവി ബാധിതര്‍ക്കു പെന്‍ഷന്‍ നല്‍കാന്‍ 11 കോടി രൂപ അനുവദിച്ചെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പെന്‍ഷന്‍ നല്‍കാന്‍ ഇരുപത്തൊന്നര കോടി രൂപ ആവശ്യമാണ്. എച്ച് ഐ വി രോഗികള്‍ക്ക് മാസം 1000 രൂപയാണ് പെന്‍ഷന്‍. ഈ തുക മുടങ്ങാതെ വിതരണം ചെയ്യണമെന്ന് കമ്മീഷന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്കു നിര്‍ദ്ദേശം നല്‍കി.

◾കോഴിക്കോട് പിവിആര്‍ നാച്വറല്‍ റിസോര്‍ട്ടിലെ നാലു തടയണകളും പൊളിക്കണമെന്ന് ഹൈക്കോടതി. ഉടമകള്‍ പൊളിച്ചില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത് തടയണ പൊളിച്ച് ചെലവായ തുക റിസോര്‍ട്ട് ഉടമകളില്‍നിന്ന് ഈടാക്കണം. പൊളിക്കണമെന്ന കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ് കോടതി ശരിവച്ചു. കളക്ടറുടെ പൊളിക്കല്‍ ഉത്തരവു വന്നയുടനേ റിസോര്‍ട്ട് പി.വി അന്‍വര്‍ കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വിറ്റിരുന്നു.

◾ജീവന് ഭീഷണിയുണ്ടെന്നും മക്കളുടെ കല്യാണം കഴിച്ചയക്കുന്നതുവരെ തന്നെ കൊല്ലരുതെന്നും മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. പാര്‍ട്ടി അനുവദിച്ചാല്‍ വെടിവയ്ക്കുമെന്ന എം.എം മണിയുടെ പ്രസ്താവന തമാശയല്ല. പക്ഷേ മരിക്കാന്‍ പേടിയില്ലെന്നും രാജേന്ദ്രന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

◾സോളാര്‍ പ്രതിയുടെ പീഡന പരാതിയില്‍ ആരോപണവിധേയരായ എല്ലാ രാഷ്ട്രീയ പ്രമുഖര്‍ക്കെതിരെയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിക്കാരിയുടെ ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചത്തേക്കു മാറ്റി. 14 പേര്‍ക്കെതിരെ കൂടി സിബിഐ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും സിബിഐയും സാവകാശം തേടി. ഒരു കേസ് തെളിവില്ലാത്തതിനാല്‍ അവസാനിപ്പിച്ചെന്നു സിബിഐ റിപ്പോര്‍ട്ട് നല്‍കി.

◾അദാനി പിണങ്ങുമെന്ന് കരുതിയാണോ സര്‍ക്കാര്‍ വിഴിഞ്ഞം സമരക്കാരുമായി ചര്‍ച്ചക്കു തയാറാകാത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സമരത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കാതെ സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ സമരത്തിന്റെ രൂപം മാറുമെന്നും അദ്ദേഹം പറഞ്ഞു.

◾വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണം എന്ന ഒരു ആവശ്യം ഒഴികെ എല്ലാം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലാപമുണ്ടാക്കാനാണ് സമരക്കാരുടെ ശ്രമം. നടക്കാത്ത കാര്യത്തിന്റെ പേരില്‍ കലാപമുണ്ടാക്കരുതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

◾പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യവും വ്യക്തി വിരോധവുംമൂലമെന്നു പൊലീസ് കുറ്റപത്രം. 304 പേജുള്ള കുറ്റപത്രമാണു സമര്‍പ്പിച്ചത്. 12 പ്രതികളുണ്ട്. ഒന്നര വര്‍ഷമായി സിപിഎമ്മില്‍നിന്ന് വിട്ടുനില്‍ക്കുന്നവരാണ് പ്രതികളെന്നും കുറ്റപത്രത്തില്‍ പറയുന്നു. ബാലഗോകുലത്തിന്റെ ഫ്ളക്സ് വയ്ക്കുന്നത് ഷാജഹാന്‍ തടഞ്ഞത് പ്രകോപനമായെന്നും കുറ്റപത്രത്തിലുണ്ട്.

◾കരിങ്കൊടി കാണിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കരികില്‍ സിപിഎം നേതാവും മുന്‍മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍ കാര്‍നിര്‍ത്തി പുറത്തിറങ്ങി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍. തിരുവനന്തപുരം ആണ്ടൂര്‍കോണത്താണ് ബിജെപി പ്രവര്‍ത്തകര്‍ കടകംപള്ളിയെ കരിങ്കൊടി കാണിച്ചത്.

◾എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയുടെ വീട്ടിലും ഓഫീസിലും കോടതി ഉത്തരവനുസരിച്ചു പരിശോധന. നേരത്തെ സംസ്ഥാന ട്രഷറര്‍ ആയിരുന്ന എന്‍ എ മുഹമ്മദ്കുട്ടി നല്‍കിയ കേസിന്റെ നടപടികളുടെ ഭാഗമായാണ് കോടതി നിശ്ചയിച്ച അഡ്വക്കേറ്റ് കമ്മീഷന്‍ ചാക്കോയുടെ വീടും ഓഫീസും പരിശോധിച്ചത്.  ദേശീയ സെക്രട്ടറി കൂടിയായിരുന്ന എന്‍ എ മുഹമ്മദ്കുട്ടിയെ 6 വര്‍ഷത്തേക്ക് പുറത്താക്കിയ നടപടി നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു.

◾പത്തനംതിട്ട വാഴക്കുന്നത്ത് കോളജ് വിദ്യാര്‍ത്ഥികള്‍ക്കുനേരെ സദാചാര ആക്രമണം നടത്തിയത് മഹിളാമോര്‍ച്ച ആറന്മുള മണ്ഡലം സെക്രട്ടറി അനുപമ, ഭര്‍ത്താവ് സുജിത്ത്, സഹോദരന്‍ അനു എന്നിവരാണെന്നു കണ്ടെത്തി. പോലീസ് കേസെടുത്തിട്ടുണ്ട്. പത്തനംതിട്ട വാഴക്കുന്നത്ത് വച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുനേരെയാണ് സദാചാര ആക്രമണം നടത്തിയത്.

◾റാന്നി പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി കൂട്ടുകെട്ടുണ്ടാക്കിയ കോണ്‍ഗ്രസ് മെമ്പര്‍മാരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. റാന്നി പഞ്ചായത്ത് അംഗങ്ങളായ പ്രസന്നകുമാരി, മിനി തോമസ്, സിന്ധു സഞ്ജയന്‍, മിനു ഷാജി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

◾കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷണം. പ്രതികളില്‍ ഒരാളുടെ ഐഎസ് ബന്ധവും ഏതാനും തെളിവുകളും ലഭിച്ച സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണത്തിനു തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്‍ഐഎ സംഘം ഇന്നലെ തന്നെ കോയമ്പത്തൂരെത്തി പ്രാഥമിക വിവരശേഖരണം തുടങ്ങിയിരുന്നു. അറസ്റ്റിലായ അഞ്ച് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്തു.

◾ശ്മശാനത്തില്‍ മറവുചെയ്ത പന്ത്രണ്ടുകാരിയുടെ മൃതദേഹം മാന്തിയെടുത്ത് തല വെട്ടിയെടുത്തു കടത്തി. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിലാണ് സംഭവം. സൂര്യഗ്രഹണദിവസം ആഭിചാരക്രിയ നടത്തിയാല്‍ കൂടുതല്‍ ഫലം കിട്ടുമെന്ന അന്ധവിശ്വാസത്തെ തുടര്‍ന്ന് അജ്ഞാതസംഘമാണ് ഇതു ചെയ്തത്. ഒടിഞ്ഞുവീണ വൈദ്യുതി പോസ്റ്റിനടിയില്‍പ്പെട്ട് മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം മാന്തിയെടുത്താണ് തലയറുത്തത്.

◾ഗുജറാത്തില്‍ യുദ്ധവിമാന നിര്‍മാണത്തിനുള്ള വന്‍ പദ്ധതിയുമായി ടാറ്റയും എയര്‍ബസും. പ്രധാനമന്ത്രി നരേന്ദ്ര മോദി 22,000 കോടി രൂപയുടെ പദ്ധതി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. സ്വകാര്യ കമ്പനി ഇന്ത്യയില്‍ സൈനിക വിമാനം നിര്‍മ്മിക്കുന്ന ആദ്യ പദ്ധതിയാണിത്. യാത്രാ വിമാനങ്ങളും ഇവിടെ നിര്‍മിക്കുമെന്നു പ്രതിരോധ സെക്രട്ടറി ഡോ അജയ് കുമാര്‍  പറഞ്ഞു.

◾വിവാഹ ശേഷം വീട്ടുജോലികള്‍ ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ വിവാഹത്തിനു മുന്‍പുതന്നെ വ്യക്തമാക്കണമെന്ന് മുംബൈ ഹൈക്കോടതി. വിവാഹശേഷം വീട്ടുജോലി ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമായി കാണാനാവില്ലെന്നും മുംബൈ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!