
നൈനാൻ മാത്തുള്ള
നാം തിരഞ്ഞെടുക്കുന്ന വ്യക്തികളെ പൊതുജനസേവനത്തിനായാണ് തിരഞ്ഞെടുക്കുന്നത്. ആവശ്യം വരുന്ന സന്ദർഭങ്ങളിൽ നമുക്കുവേണ്ടി വാദിക്കുവാനും നമ്മുടെ താല്പര്യങ്ങൾ സംരക്ഷിക്കുവാനും. അത് പൊതുജനസേവനമായത് കാരണമാണ് തിരഞ്ഞെടുപ്പ് ജയിക്കുന്നതിനാവശ്യമായ ചിലവ് പൊതുജനങ്ങൾ തന്നെ വഹിക്കുന്നത്.
അതുകൊണ്ട് തന്നെയാണ് ഇലക്ഷൻ ജയിക്കുന്നതിനാവശ്യമായ പണം പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുക്കുവാൻ ഗവൺമെന്റ് അനുവദിച്ചിരിക്കുന്നത്. നമ്മെ പ്രതിനിധാനം ചെയ്യേണ്ട വ്യക്തികളെ തിരഞ്ഞെടുക്കേണ്ടത് നമ്മുടെ വളരെ ഗൗരവമേറിയ ഉത്തരവാദിത്തമാണ്. നമ്മുടെ സമയവും, പണവും ഊർജ്ജവും അതിനുവേണ്ടി വ്യയം ചെയ്യുന്നത് ഒരിക്കലും വൃഥാവായി പോവുകയില്ല. എപ്പോഴാണ് ഒരാവശ്യം വരുന്നതെന്ന് പറയാൻ കഴിയുകയില്ല.
ചിക്കാഗോയിൽ പ്രവീൺ ദാരുണമായി കൊല്ലപ്പെട്ടത് നമ്മുടെയെല്ലാം മനസ്സിനെ മഥിച്ച ഒരു സംഭവമായിരുന്നു. അതുപോലെയുള്ള സംഭവങ്ങൾ നമ്മുടെ ശത്രുക്കൾക്ക് പോലും ഉണ്ടായിക്കാണാൻ നാം ആഗ്രഹിക്കുന്നില്ല. എന്നാൽ ആർക്കും എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാം. അത് സംഭവിക്കാതെയിരിക്കുന്നതിനും സംഭവിച്ചാൽ നമുക്ക് നീതി ലഭിക്കുന്നതിനും നമ്മുടെ സമൂഹത്തിൽ നിന്നും യോഗ്യരായ വ്യക്തികൾ അധികാര കസേരകളിൽ ഇരിക്കേണ്ടത് വളരെ ആവശ്യമാണ്.
ഈ സന്ദർഭങ്ങളിൽ നമക്ക് വേണ്ട ഉപദേശം തരുന്നതിനും ആവശ്യമെങ്കിൽ ഒരു നമ്പർ ഡയൽ ചെയ്യുന്നതിനും അവർക്ക് സാധിക്കും. അതുകൊണ്ട് യോഗ്യരായ വ്യക്തികളെ ജയിപ്പിച്ചു വിടേണ്ടത് നമ്മുടെ ആവശ്യമാണ്.
ഇതിൽ അല്പം രാഷ്ട്രീയമുണ്ട്. ഇവിടുത്തെ നിയമവ്യവസ്ഥ വെള്ളക്കാർ എഴുതിയുണ്ടാക്കിയിട്ടുള്ളതാണ് അത് പ്രധാനമായും അവരുട താല്പര്യങ്ങൾ സംരക്ഷിക്കാനായിരുന്നു. ആ താല്പര്യങ്ങൾ അവർ സംരക്ഷിച്ചു പോരികയും ചെയ്യുന്നുണ്ട്. പ്രവീൺ കേസിൽ ജഡ്ജിന്റെ തീരുമാനം അവരുടെ സമൂഹത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാനായിരുന്നല്ലോ? അതിന് ഏതു കാരണവും അവർക്ക് ന്യായമാണ്. ആ തീരുമാനത്തിലെ രാഷ്ട്രീയം പലരും ശ്രദ്ധിക്കാറില്ല.
ഇവിടെ പല ജഡ്ജികളും തിരഞ്ഞെടുപ്പിൽ ജയിച്ചാണ് അധികാരത്തിൽ വരുന്നത് അതല്ല എങ്കിൽ തിരഞ്ഞെടുപ്പിൽ ജയിച്ചവരാണ് ജഡ്ജസിനെ നിയമിക്കുന്നത്. അതുകൊണ്ട് ജഡ്ജിയുടെ കസേരയിൽ ഇരിക്കാൻ യോഗ്യരായ ആളുകൾ നമ്മുടെ സമൂഹത്തിൽ നിന്ന് മുമ്പോട്ട് വരുന്നില്ലയെങ്കിൽ നാം അവരെ ഉത്സാഹിപ്പിച്ച് ജയിപ്പിച്ച് കസേരകളിൽ ഇരുത്തുന്നില്ല എങ്കിൽ ഇതുപോലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കും.
ഇവിടെ നമ്മുടെ സമൂഹത്തിന് രാഷ്ട്രീയ ഉപദേശം കൊടുക്കുന്ന പല എഴുത്തുകാർക്കും രാഷ്ട്രീയമെന്താണെന്ന് അറിയില്ല. മലയാളി അസോസിയേഷൻ ബോർഡ്‌മെംബർ ആയിട്ടു പോലും മത്സരിച്ചിട്ടില്ലാത്തവരാണ് രാഷ്ട്രീയ പണ്ഡിറ്റുകളായി ഇവിടെ ലേഖനങ്ങൾ എഴുതുന്നത്. അവർക്ക് ഏത് രാഷ്ട്രീയ ഭാഷയാണ് വശമുള്ളത്? അവരുടെ എഴുത്തുകൊണ്ട് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നല്ലാതെ വേറെ ഒരു ഗുണവുമില്ല.
രാഷ്ട്രീയഭാഷയിൽ ചാണക്യ സൂത്രങ്ങളായ സാമ-ദാന-ഭേദ-ദണ്ഡ മുറകളുണ്ട്. പ്രസിഡന്റ് റീഗൻ പറഞ്ഞതുപോലെ ”സമാധാനം ശക്തിയിൽക്കൂടി” (Peace through tSrength). നമ്മുടെ സമൂഹത്തിൽ നിന്ന് യോഗ്യരായ വ്യക്തികൾ അധികാര കസേരകളിൽ ഇരിക്കുന്നുവെങ്കിൽ അത് ശക്തി തന്നെയാണ്. പൊതുജനം അത് ശ്രദ്ധിക്കുന്നുണ്ട്. നമ്മെ അല്ലെങ്കിൽ നമ്മുടെ കുട്ടികളെ ആക്രമിക്കുന്നതിനു
മുമ്പ് അക്രമികൾ രണ്ടു വട്ടം ചിന്തിക്കാതിരിക്കില്ല. നാം നിരാലംബരാണെന്ന് കണ്ടു കഴിഞ്ഞാൽ അക്രമിച്ചാൽ ആരും ചോദിക്കില്ല എന്നു വന്നാൽ നമ്മുടെ കുട്ടികളെ ഞോണ്ടുന്നതിന് അക്രമികൾ മടിക്കില്ല. അതുകൊണ്ട് നമുക്ക് ഇവിടെ അന്തസ്സായി തല ഉയർത്തി ജീവിക്കണമെങ്കിൽ നമുക്ക് നീതി ലഭിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് തന്നെ യോഗ്യരായ വ്യക്തികളെ തിരഞ്ഞെടുത്ത് അധികാരത്തിൽ ഇരുത്തേണ്ടത് എന്റെയും നിങ്ങളുടേയും ആവശ്യമാണ്.
നമ്മുടെ സമൂഹത്തിൽ നിന്ന് പല ജഡ്ജസ് അധികാരത്തിൽ ഉണ്ടെങ്കിൽ മറ്റ് ജഡ്ജസ് അത് ശ്രദ്ധിക്കും. അവർക്ക് ചിലപ്പോൾ ഇവരേയും ആവശ്യമായി വരുന്നതുകൊണ്ട് നമുക്ക് നീതി ലഭിക്കുവാൻ സാദ്ധ്യത കൂടുതലാണ്. അതാണ് ശക്തിയിൽ കൂടിയുള്ള സമാധാനത്തിന്റെ രാഷ്ട്രീയവശം.
ഇപ്രാവശ്യം ഏർളി വോട്ടിംഗ് ഒക്‌ടോബർ 24 മുതൽ നവംബർ 4 വരെയും ഇലക്ഷൻ നവംബർ 8 നുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഹൂസ്റ്റണിൽ നാലു വ്യക്തികൾ ജഡ്ജിന്റെ സ്ഥാനത്തേക്ക് മത്സരിക്കുകയാണ് – കെ. പി. ജോർജ്ജ് രണ്ടാമതും കൗണ്ടി ജഡ്ജായിട്ടും ജൂലി മാത്യു രണ്ടാമതും കൗണ്ടി കോർട്ട് ജഡ്ജായിട്ടും കൂടാതെ കോർട്ട് ജഡ്ജിമാരായി സുരേന്ദ്രൻ പട്ടേൽ, ജെയ്‌സൺ ജോർജ്ജ്; ഡാൻ മാത്യു (ടെക്‌സാസ് സെനറ്റ്) റോബിൻ എല്ലക്കാട്ട് (മിസൗറി സിറ്റി മേയർ) എന്നീ മലയാളികളും മത്സരരംഗത്തുണ്ട്.
ഇന്ത്യൻ വംശജരായ സോണിയ റാഷ്, ഡോക്ടർ സുലൈമാൻ ലലാനി എന്നിവരും മത്സരരംഗത്തുണ്ട്. എല്ലാ മലയാളികളും രംഗത്തിറങ്ങി വോട്ടു ചെയ്താൽ ഇവരെയെല്ലാം അനായാസം ജയിപ്പിച്ചെടുക്കാൻ സാധിക്കും.
ടെക്‌സാസിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കാണ് വിജയസാദ്ധ്യത കൂടുതെലെങ്കിലും കാറ്റ് തിരിഞ്ഞു വീശി തുടങ്ങിയിരിക്കുന്നു. പലർക്കും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പാർട്ടി സീറ്റ് കിട്ടുക എളുപ്പമല്ല. റിപ്പബ്ലിക്കൻ പാർട്ടിയുടെ വക്താക്കളായ പലർക്കും അറിയില്ല ആ പാർട്ടിയിൽ നമ്മുടെ കൂടെയിരിക്കുന്നത് അവരുടെ അന്തസ്സിന് ചേർന്നതല്ല എന്നാണ് അവർ കരുതുന്നതെന്ന്.
അതുകൊണ്ട് തന്നെ പാർട്ടിയുടെ ടിക്കറ്റ് കിട്ടുക എന്നത് സ്വപ്‌നം മാത്രമായി അവശേഷിക്കുന്നതുകൊണ്ട് നമുക്ക് ജയിക്കാൻ സാദ്ധ്യത ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുമാണ് എന്നതിൽ സംശയമൊന്നുമില്ല. സീറ്റ് കിട്ടിയാലും ജയിക്കാൻ സാദ്ധ്യതയില്ലാത്ത സീറ്റായിരിക്കും പലപ്പോഴും ലഭിക്കുന്നത്.
നമ്മുടെ ഒരു സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ തോറ്റാൽ അത് നമ്മുടേയും അന്തസ്സിനെ ബാധിക്കുന്നതാണ്. ഒറ്റക്കെട്ടായി നിന്ന് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്നതിലുള്ള നമ്മുടെ കഴിവുകേടായി പൊതുസമൂഹം അതിനെ വിലയിരുത്തുന്നത് കൂടാതെ നാം ഐക്യതയില്ലാത്ത സമൂഹമായതിനാലും അശക്തരായതിനാലും നമ്മെ ആക്രമിച്ചാൽ വില കൊടുക്കേണ്ടി വരില്ല എന്ന ചിന്തയും ഉണ്ടാവാം. നമ്മുടെ കേസുകൾ പോലീസ് അന്വേഷിക്കുന്നത് തന്നെ നമ്മുടെ ശക്തിയുടെ അടിസ്ഥാനത്തിലാണ്.
നമുക്ക് ഒരു നീതിന്യായ പ്രശ്‌നം ഉണ്ടായി എന്നിരിക്കട്ടെ. നാം ഇവിടുത്തെ ജനപ്രതിനിധികളെ പ്രശ്‌നപരിഹാരത്തിനായി സമീപിച്ചാൽ അവർ ആദ്യം പരിശോധിക്കുന്നത് നാം എത്ര ശക്തരാണ്, നാം എത്ര സംഘടിതരാണ്, എത്ര പേർ നമ്മുടെ സമൂഹത്തിൽ നിന്ന് വോട്ട് ചെയ്തിട്ട്. നമ്മെ സഹായിച്ചതുകൊണ്ട് തനിക്കെന്താണ് പ്രയോജനം എന്നാണ്. നാം സംഘടിതരല്ല എന്ന് കണ്ടാൽ നമ്മെ സഹായിക്കാൻ സാദ്ധ്യത കുറവാണ്. എന്നാൽ നാം ശക്തരാണ് എന്ന് കണ്ടാൽ പൊതുവേ നമ്മെ സഹായിക്കുവാൻ തയ്യാറാവും.
അതുകൊണ്ട് നാം ഒറ്റക്കെട്ടായി നിന്ന് നമ്മുടെ സമൂഹത്തിൽ നിന്നും യോഗ്യരായവരെ അധികാരകസേരകളിൽ ഇരിക്കാൻ ജയിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ആവശ്യമാണ്. നാം വോട്ട് ചെയ്യാതിരുന്നാൽ, അതിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കാതിരുന്നാൽ നമ്മുടെ കുട്ടികളും അതു തന്നെ തുടരും. കാരണം നമ്മെ കണ്ടാണ് അവർ പലതും പഠിക്കുന്നത്. അതുകൊണ്ട് പൗരധർമ്മമനുസരിച്ച് വോട്ടു ചെയ്യാനും,
മത്സരിക്കുവാനും സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചരണം നടത്തുവാനും പണവും സമയവും ഊർജ്ജവും അതിനായി ചിലവഴിക്കുവാനും സഹൃദയരായ എല്ലാ മലയാളികളോടും ആഹ്വാനം ചെയ്യുന്നു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.