◾ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ യെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. ആറു മാസത്തേക്കാണു സസ്പെന്‍ഷന്‍. എംഎല്‍എയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി വിലയിരുത്തി. നടപടി അംഗീകരിക്കുന്നുവെന്നും ഉടന്‍ നിരപരാധിത്വം തെളിയിക്കുമെന്നും എല്‍ദോസ് പ്രതികരിച്ചു.
◾സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ നേരിട്ട് ബ്രോഡ്കാസ്റ്റിംഗ് ചാനല്‍ നടത്തരുതെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. നിലവിലുള്ള ചാനല്‍ പ്രക്ഷേപണം പ്രസാര്‍ ഭാരതി വഴിയാക്കണമെന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്ന കേരളത്തിലെ വിക്ടേഴ്സ് ചാനല്‍ ഇതോടെ പ്രതിസന്ധിയിലാകും.
◾മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കുമെന്നാണ് ഉദ്ദേശിച്ചത്. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള അധികാരമുണ്ടെന്നും കൊച്ചിയിലെ പൊതുപരിപാടിയില്‍ ഗവര്‍ണര്‍ പറഞ്ഞു.
◾പ്രണയപ്പകയില്‍ കൊലപാതകം. അഞ്ചു വര്‍ഷത്തെ പ്രണയം തകര്‍ന്നതിന്റെ വൈരാഗ്യത്തില്‍ യുവതിയുടെ തലയില്‍ ചുറ്റികകൊണ്ട് അടിച്ചു വീഴ്ത്തി കഴുത്തറുത്തു കൊന്നു. പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണു പ്രിയ (23)യെയാണു കൊലപ്പെടുത്തിയത്. സംഭവത്തില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിതിനെ അറസ്റ്റു ചെയ്തു. ആറു മാസമായി വിഷ്ണുപ്രിയ അകന്നതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നു ശ്യാംജിത്ത് മൊഴി നല്‍കി.
◾വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന്റെ നൂറാം ദിനം തികയുന്ന ഒക്ടോബര്‍ 27 ന് കടലിലും കരയിലും സമരം സംഘടിപ്പിക്കും. സമരം വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ലത്തീന്‍ അതിരൂപത ആഹ്വാനം ചെയ്തു.
◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യ പ്രതിഷേധ സമരത്തിന് എല്‍ഡിഎഫ്. ഗവര്‍ണര്‍ക്കെതിരായ സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന്.
◾ഗവര്‍ണര്‍ അതിരു വിടരുതെന്ന് റവന്യൂ മന്ത്രി കെ രാജന്‍. എല്ലാവരും ഭരണഘടനക്ക് താഴെയാണെന്ന് മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും രാജന്‍ ആവശ്യപ്പെട്ടു.
◾എം.ജി സര്‍വകലാശാല കൈക്കൂലിക്കേസില്‍ പിടിയിലായ പരീക്ഷ ഭവന്‍ അസിസ്റ്റന്റ് സി.ജെ എല്‍സിയെ പിരിച്ചു വിടാന്‍ സിന്‍ഡിക്കേറ്റ് ശുപാര്‍ശ. എല്‍സിയെ പിരിച്ചുവിടാനുള്ള സര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു.
◾ചെങ്ങന്നൂരില്‍ വയോധികയെ വെട്ടികൊലപ്പെടുത്തി. മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംഗ്ഷന് സമീപത്തെ വാടകവീട്ടില്‍ താമസിക്കുന്ന ചാരുംമൂട് കോയിക്കപ്പറമ്പില്‍ അന്നമ്മ വര്‍ഗീസ് (80) ആണ് കൊല്ലപ്പെട്ടത്. അന്നമ്മയുടെ സഹോദരീപുത്രി മുളക്കുഴ വിളപറമ്പില്‍ റോസമ്മയുടെ മകന്‍ റിന്‍ജു സാമിനെ(28) പൊലീസ് അറസ്റ്റു ചെയ്തു.
◾കുടുംബ വഴക്കിനെ തുടര്‍ന്ന് 12 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും ഭര്‍ത്തൃമാതാവും കസ്റ്റഡിയില്‍. കോഴിക്കോട് പൂളക്കടവ് സ്വദേശി ആദില്‍, അമ്മ ദാക്കിറ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ ബെംഗളൂരുവിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
◾തലശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി. ഭാര്യയുടെ പ്രസവത്തിനായി ഗൈനക്കോളജിസ്റ്റിനു രണ്ടായിരം രൂപയും അനസ്തേഷ്യ ഡോക്ടര്‍ക്ക് മൂവായിരം രൂപയും കൊടുക്കേണ്ടി വന്നെന്നു തലശേരി സ്വദേശി പരാതിപ്പെട്ടിരുന്നു.
◾ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ ചോദ്യംചെയ്തു. മറുപടി തൃപ്തികരമല്ലെന്നു പോലീസ്. എംഎല്‍എയുടെ പ്രൈവറ്റ് അസിസ്റ്റന്റ് ഡാനി പോള്‍, ഡ്രൈവര്‍ അഭിജിത് എന്നിവരെയും ചോദ്യം ചെയ്തു.
◾സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോട്ടയം ജില്ല 491 പോയിന്റുമായി ഓവറോള്‍ ചാമ്പ്യന്മാരായി. 469 പോയിന്റുള്ള തൃശൂര്‍ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തില്‍ തൃശൂര്‍ 37 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. ശ്രവണ പരിമിതിയുള്ളവരുടെ വിഭാഗത്തില്‍ 260 പോയിന്റോടെ കോഴിക്കോട് ജില്ലയാണ് ഓവറോള്‍ ചാമ്പ്യന്മാരായത്.
◾ആറളം ഫാമിലെ കാട്ടാന ശല്യം തടയാന്‍ ആനപ്രതിരോധ മതില്‍ നിര്‍മിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
◾കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ കാന്റീന്‍ ജീവനക്കാരന്‍ മോഷണം ആരോപിച്ച് ആക്രമിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോഴിക്കോട് ജില്ലാ പോലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
◾ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ കൊടിയ അഴിമതികളെക്കുറിച്ചും നാണം കെട്ട മറ്റിടപാടുകളെക്കുറിച്ചും കോടതിയുടെ മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പഴയ മന്ത്രിമാരെ രണ്ടാം മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയത് എന്തിനെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യമായി. ചെന്നിത്തല പറഞ്ഞു.
◾പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനു നാണക്കേടുണ്ടാക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. കൊല്ലം കിളികൊല്ലൂരില്‍ സൈനികനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നു സനോജ് ആവശ്യപ്പെട്ടു.
◾അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടതിനെത്തുടര്‍ന്ന് കൊല്ലപ്പെട്ട മലയാളി സൈനികന്‍ അശ്വിന്റെ മൃതദേഹം ഇന്നു നാട്ടില്‍ എത്തിക്കും.
◾ടൂറിസ്റ്റ് ബസുകളില്‍ ഏകീകൃത കളര്‍കോഡ് നടപ്പാക്കുന്നതില്‍ ഇളവ് നല്‍കിയ ഉത്തരവ് തിരുത്തി മോട്ടോര്‍ വാഹന വകുപ്പ്. എല്ലാ ടൂറിസ്റ്റ് ബസുകളും കളര്‍കോഡ് പാലിക്കണമെന്ന് പുതിയ ഉത്തരവിറക്കി. പഴയ വാഹനങ്ങള്‍ അടുത്ത തവണ ഫിറ്റ്നസ് പുതുക്കാന്‍ വരുമ്പോള്‍ നിറം മാറ്റിയാല്‍ മതിയെന്ന ഉത്തരവാണ് തിരുത്തിയത്.
◾കടിച്ച നായയെ കീഴ്പ്പെടുത്തി യുവാവ്. ദേഹമാസകലം കടിയേറ്റ പന്തീരാങ്കാവില്‍ നടുവീട്ടില്‍ നാസര്‍ ആണ് നായയെ സാഹസികമായി കീഴ്പ്പെടുത്തിയത്. നാസറിനെ കടിച്ച വളര്‍ത്തു നായയെ ഉടമസ്ഥന്‍ കൊണ്ട് പോയെങ്കിലും പിന്നീട് ചത്തു.
◾തിരുവനന്തപുരത്ത് വലിയതുറയില്‍ ഗുണ്ടകള്‍ വെട്ടിനുറുക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചത് തമിഴ്നാട്ടിലെ ഗുണ്ടാത്തലവനെ. പീറ്റര്‍ കനിഷ്‌ക്കര്‍ എന്ന ഗുണ്ടാത്തലവനെയാണ് കൊലപ്പെടുത്തിയതെന്ന് വലിയതുറ പൊലീസ് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു.
◾വാണിജ്യ വിക്ഷേപണത്തില്‍ ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ ഒറ്റ ദൗത്യത്തില്‍ 36 ഉപഗ്രഹങ്ങളെ വിക്ഷേപിച്ചു. ജിഎസ്എല്‍വി മാര്‍ക് 3 യുടെ വാണിജ്യ വിക്ഷേപണം രാത്രി 12.07 നായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍നിന്ന് ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളാണ് നാല്‍പത്തിമൂന്നര മീറ്റര്‍ ഉയരമുള്ള റോക്കറ്റ് വിക്ഷേപിച്ചത്.
◾ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ 26 കാരിയായ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്തു. ചൈബാസ സ്വദേശിയായ യുവതിയുടെ പരാതിയില്‍ കേസെടുത്തു.
◾ചൈനയുടെ പ്രസിഡന്റു പദവിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും ഇത്തവണയും ഷീ ചിന്‍ പിംഗിന്. ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസിലാണു തീരുമാനം. തുടര്‍ച്ചയായി ഒരാളില്‍മാത്രം അധികാരം കേന്ദ്രീകരിക്കുന്നതു തടയാനുള്ള പാര്‍ട്ടി ഭരണഘടനയിലെ വ്യവസ്ഥകള്‍ നീക്കം ചെയ്തു. ഏതാനും വ്യവസ്ഥകള്‍ നേരത്തെതന്നെ ഭേദഗതി ചെയ്തിരുന്നു.
◾ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമ്മേളന വേദിയില്‍ മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയെ പുറത്താക്കി. നിലവിലെ പ്രസിഡന്റ് ഷി ചിന്‍ പിംഗിന്റെ അരികില്‍ വേദിയിലിരിക്കെ സുരക്ഷാ ഭടന്‍മാരെത്തിയാണ് ഹു ജിന്റാവോയെ വേദിയില്‍നിന്നു പുറത്തേക്കു കൊണ്ടുപോയത്. ഇതിനുശേഷമാണ് ഷീ ചിന്‍ പിംഗിനെ വീണ്ടും തെരഞ്ഞെടുത്തത്.
◾മ്യാന്‍മാറിനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് കരിമ്പട്ടികയില്‍പ്പെടുത്തി. തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതിന്റെ പേരിലാണ് ഇറാനും ഉത്തര കൊറിയയ്ക്കുമൊപ്പം മ്യാന്‍മറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.