വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധനപ്രകാരം കേസെടുക്കണമെന്നു വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധനപ്രകാരം കേസെടുക്കണമെന്നു വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

◾കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധനപ്രകാരം കേസെടുക്കണമെന്നു തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചതില്‍ മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഗവര്‍ണര്‍ ആരോപിച്ചതിനെ ആധാരമാക്കി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് പരാതി നല്‍കിയത്. തെളിവുകളുണ്ടോയെന്നു ചോദിച്ച് ഹൈക്കോടതി തള്ളിയ പരാതിയാണിത്.

◾കേരള സര്‍വകലാശാല സെനറ്റിലേക്കു പുതിയ അംഗങ്ങളെ നിയമിക്കുന്നത് ഹൈക്കോടതി വിലക്കി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു തിരിച്ചടി. അംഗങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട രേഖകള്‍ രാജ്ഭവന്‍ ഹാജരാക്കണം. ഗവര്‍ണര്‍ പുറത്താക്കിയ 15 അംഗങ്ങള്‍ നല്‍കിയ ഹരജിയിലാണ് നടപടി. ഗവര്‍ണറുടെ നടപടി പരിശോധിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി 31 ന് പരിഗണിക്കും.

◾മുന്‍ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്. കടകംപള്ളി കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്കു ക്ഷണിച്ചു. ശ്രീരാമകൃഷ്ണന്‍ ഔദ്യോഗിക വസതിയിലേക്കു വരാന്‍ ആവശ്യപ്പെട്ടു. തോമസ് ഐസക് മൂന്നാറിലേക്ക് പോകാമെന്ന് പറഞ്ഞെന്നും സ്വപ്ന സുരേഷ്. എഷ്യാനെറ്റ് ന്യൂസ് ചാനലിലൂടെയാണ് വെളിപെടുത്തല്‍. സ്പേസ് പാര്‍ക്കിലെ തന്റെ നിയമനം കമ്മീഷന്‍ നേടാനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍, ശിവശങ്കര്‍ എന്നിവര്‍  ചര്‍ച്ച നടത്തിയാണ് നിയമിച്ചത്. തെളിവ് എന്‍ഫോഴ്സമെന്റിനു നല്‍കിയെങ്കിലും അവരേയും മുഖ്യമന്ത്രി സ്വാധീനിച്ചെന്നും സ്വപ്ന ആരോപിച്ചു.

◾വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നു സുപ്രീംകോടതി. ഇരുപത്തൊന്നാം നൂറ്റാണ്ടിലാണു നാം ജീവിക്കുന്നതെന്നു മറക്കരുത്. വിദ്വേഷ പ്രസംഗങ്ങള്‍ മതേതര സ്വഭാവമുള്ള രാജ്യത്തിന് ചേര്‍ന്നതല്ല. കോടതി നിരീക്ഷിച്ചു.

◾ചൊവ്വാഴ്ച വരെ മഴ തുടരും. ആന്‍ഡമാന്‍ കടലിലുള്ള ന്യൂനമര്‍ദ്ദം മൂലമാണ് മഴ. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം,  ഇടുക്കി, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

◾ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് ഒരുങ്ങുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് വിഷയം എല്‍ഡിഎഫില്‍ ഉന്നയിക്കാന്‍ തീരുമാനിച്ചത്. മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണി രാഷ്ട്രീയ പ്രേരിതമാണ്. ഇല്ലാത്ത അധികാരം പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതിനെതിരേ പ്രചാരണം വേണമെന്നാണ് തീരുമാനം.

◾മഞ്ചേശ്വരത്ത് ശാസ്ത്ര മേളക്കിടെ പന്തല്‍ തകര്‍ന്ന് 59 പേര്‍ക്കു പരിക്ക്. ഗുരുതരമായി പരിക്കേറ്റ നാല് വിദ്യാര്‍ത്ഥികളേയും ഒരു അധ്യാപികയേയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പന്തല്‍ നിര്‍മിച്ച മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബേക്കൂര്‍ ഗവണമെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് അപകടമുണ്ടായത്.

◾മുന്‍കൂര്‍ ജാമ്യം നേടിയ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരേ വേറേയും കേസുകള്‍. പരാതിക്കാരിയെ നവമാധ്യമങ്ങള്‍വഴി അപമാനിച്ചെന്ന കേസില്‍ ഉടനേ നടപടിക്കു സാധ്യത. ബലാല്‍സംഗ കേസില്‍ ഇന്നു രാവിലെ ഒമ്പതിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനാണ് കോടതിയുടെ നിര്‍ദ്ദേശം. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ പത്തു ദിവസം ഹാജരാകാനാണ് കോടതി നിര്‍ദ്ദേശം.

◾കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നവംബര്‍ 15 ന് തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.  2.72 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മേല്‍പ്പാലം കേരളത്തിലെ ഏറ്റവും വലിയ ആകാശപാതയാണ്. 61 തൂണുകളിന്മേല്‍ നിര്‍മിച്ച ആകാശപാതയ്ക്ക് 200 കോടി രൂപയാണു നിര്‍മാണ ചെലവ്.

◾ഇരട്ട നരബലി കേസിലെ പ്രതികളെ വീണ്ടും കൊലപാതകം നടന്ന ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. മുഹമ്മദ് ഷാഫിയെയും ഭഗവത് സിംഗിനെയും ആണ് വീട്ടിലെത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്റെ സാന്നിധ്യത്തില്‍ ഡമ്മി പരീക്ഷണവും നടത്തി.

◾പൊലീസുകാരന്‍ ഉള്‍പ്പെട്ട മാങ്ങാ മോഷണ കേസുപോലും ഒത്തുതീര്‍പ്പാക്കുന്ന കാലമാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരള പൊലീസിനെ നിര്‍വീര്യമാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആഭ്യന്തര വകുപ്പിനെ പിണറായി പാര്‍ട്ടിക്കാര്‍ക്കു വിട്ടു കൊടുത്തിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.

◾മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ആത്മകഥ ‘പച്ച കലര്‍ന്ന ചുവപ്പി’ന്റെ പ്രസിദ്ധീകരണം സമകാലിക മലയാളം വാരിക നിര്‍ത്തി. 21 ലക്കങ്ങള്‍ പിന്നിട്ട ആത്മകഥ അപ്രതീക്ഷിതമായാണു നിര്‍ത്തുന്നതായി പത്രാധിപ സമിതി അറിയിച്ചത്.

◾കൊല്ലം കിളികൊല്ലൂരില്‍ സഹോദരങ്ങളെ പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. എഎസ്ഐ പ്രകാശ് ചന്ദ്രന്‍ ആദ്യം സൈനികന്റെ മുഖത്ത് കൈവീശി അടിക്കുന്നതും അടിയേറ്റ സൈനികന്‍ തിരിച്ചടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇരുവരും നിലത്ത് വീണു. വിഷ്ണുവിന്റെ ഷര്‍ട്ട് എഎസ്ഐ പിടിച്ചുവലിച്ച് മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ പൊലീസാണ് പുറത്തുവിട്ടത്.

◾എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് എതിരായ നടപടി ഇന്നു തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. എല്‍ദോസ് വിളിച്ചെന്നും ഒളിവില്‍ പോയതില്‍ ഖേദം അറിയിച്ചെന്നും സുധാകരന്‍ പറഞ്ഞു.

◾എകെജി സെന്റര്‍ ആക്രമണ കേസിലെ യഥാര്‍ത്ഥ പ്രതികളെ കിട്ടാന്‍ സിപിഎം നേതാക്കളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാല്‍ മതിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെട്ടിച്ചമച്ച വ്യാജതെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റു ചെയ്ത ജിതിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി നീതിന്യായ വ്യവസ്ഥയുടെ യശസ് ഉയര്‍ത്തുന്നതാണെന്ന് സുധാകരന്‍ പറഞ്ഞു.

◾പൊലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും മാനനഷ്ട കേസ് നല്‍കുമെന്നും എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ജിതിന്‍. സര്‍ക്കാരും പൊലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കേസില്‍ തന്നെ കുടുക്കിയതെന്നും ജിതിന്‍ പറഞ്ഞു.

◾ബസുകളിലെ പരസ്യം നീക്കംചെയ്യണമെന്ന നിര്‍ദേശത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി. വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെയാണ് സാവകാശം ആവശ്യപ്പെട്ടത്.

◾കൊല്ലം ചടയമംഗലത്ത് യുവതിയെ നഗ്നയാക്കി പീഡിപ്പിക്കുകയും മന്ത്രവാദത്തിനിരയാക്കുകയും ചെയ്തെന്ന് പരാതി. ഭര്‍തൃ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാധ ഒഴിപ്പിക്കാനെന്ന പേരിലാണു ഭര്‍ത്താവും ഭാര്‍തൃമാതാവും നഗ്നപൂജയ്ക്കു ശ്രമിച്ചതെന്നാണ് പരാതി. നാഗൂര്‍, ചടയമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ചു പീഡിപ്പിച്ചെന്നാണ് ആറ്റിങ്ങല്‍ സ്വദേശിനിയായ യുവതിയുടെ പരാതി.

◾ഇടതുമുന്നണി ഭരിക്കുന്ന പാലക്കാട് മലമ്പുഴ പഞ്ചായത്തില്‍ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. രണ്ടു യുഡി.എഫ് അംഗങ്ങള്‍ വിട്ടുനിന്നതോടെ അഞ്ചിനെതിരെ ആറുവോട്ടുകള്‍ നേടിയാണ് ഇടതുപക്ഷം അവിശ്വാസത്തെ മറികടന്നത്.

◾കണ്ണൂര്‍ മാടായി കോളജില്‍ സംഘര്‍ഷം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടാക്കിയത്. നാല് നാമനിര്‍ദേശ പത്രികകളാണു വരണാധികാരി തള്ളിയത്. അധ്യാപകര്‍ക്കതിരെ എസ്എഫ്ഐ രംഗത്തെത്തി. കെഎസ്യു പ്രവര്‍ത്തകരും പക്ഷം ചേര്‍ന്നതോടെ സംഘര്‍ഷമായി.

◾കണ്ണൂര്‍ എസ്എന്‍ കോളജിലുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിയതിനു സംഘര്‍ഷമുണ്ടാക്കുകയും റിട്ടേണിങ്ങ് ഓഫീസറെ പൂട്ടിയിടുകയും ചെയ്തതിനാണ് ജില്ലാ സെക്രട്ടറി അടക്കം മൂന്നു പേര്‍ക്കെതിരേ പൊലീസ് കേസെടുത്തത്.

◾ഏക്കര്‍ കണക്കിനു സര്‍ക്കാര്‍ ഭൂമി കൈയേറിയ സിപിഎം നേതാക്കളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഇടുക്കിയില്‍ റവന്യു വകുപ്പിനെതിരെ സമരം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ പ്രതിഷേധ സംഗമം കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾അരുണാചല്‍പ്രദേശിലെ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചവരില്‍ മലയാളി സൈനികനും. കാസര്‍കോഡ് ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് മരിച്ച നാലു പേരില്‍ ഒരാള്‍. നാലുവര്‍ഷം മുമ്പാണ് ഇലക്ട്രോണിക്ക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയറായി അശ്വിന്‍ സൈന്യത്തില്‍ ചേര്‍ന്നത്.

◾കോട്ടയത്ത് പിപിഇ കിറ്റ് ധരിച്ച് മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധം. കര്‍ഷക സംഘം സംസ്ഥാന സമ്മേളനവേദി വിട്ടു പോകുമ്പോഴായിരുന്നു കോട്ടയം ഡിസിസി ഓഫീസിന് സമീപം കാത്തിരുന്ന പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. കൊവിഡ് കാലത്തെ പര്‍ച്ചേസിലെ അഴിമതിക്കെതിരെയാണ് പിപിഇ കിറ്റു ധരിച്ചുള്ള പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. 

◾കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തിനു നിയമം ലംഘിച്ച് എത്തിയ സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ധൈര്യമുണ്ടോയെന്ന് മോട്ടോര്‍ വാഹന വകുപ്പിനോട് കേരള ജനപക്ഷം നേതാവും പി സി ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ്. കോട്ടയം തിരുനക്കര മൈതാനിയില്‍ കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു.

◾അശ്ലീല സിനിമയില്‍ അഭിനയിപ്പിച്ചെന്ന പരാതിയുമായി മലപ്പുറം സ്വദേശിനിയും. അശ്ലീല ചിത്രത്തില്‍ അഭിനയിച്ചതിനു വീട്ടില്‍നിന്നു പുറത്താക്കപ്പെട്ട യുവതി രണ്ടു വയസുള്ള കുഞ്ഞുമായി റെയില്‍വേ സ്റ്റേഷനുകളിലാണ് അന്തിയുറങ്ങുന്നത്. എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനുമെതിരേ യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരിക്കേയാണ് രണ്ടാമത്തെ പരാതി. എന്നാല്‍ കരാറില്‍ ഒപ്പിട്ടതിന്റെ വീഡിയോ സിനിമാ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

◾ക്ഷേത്ര മോഷണക്കേസില്‍ യുവതിയും അന്യജാതിക്കാരനുമായ പ്രതികളുമായി ക്ഷേത്രത്തിനകത്തു തെളിവെടുപ്പു നടത്തുന്നതു നാട്ടുകാര്‍ തടഞ്ഞു. കുമളിക്കടുത്ത് വിശ്വനാഥപുരം ക്ഷേത്രത്തില്‍ മോഷണം നടത്തിയ ആലപ്പുഴ കൃഷ്ണപുരം കിഴക്കേതില്‍ മുഹമ്മദ് അന്‍വര്‍ ഷാ, കാര്‍ത്തികപ്പള്ളി കൃഷ്ണപുരം ചാലയ്ക്കല്‍ കോളനി ശിവജിഭവനില്‍ സരിത എന്നിവരുമായാണ് പോലീസ് എത്തിയത്. ക്ഷേത്ര പരിസരത്തു തെളിവെടുപ്പു നടത്തി പോലീസ് പ്രതികളുമായി മടങ്ങി.

◾രാജ്യാതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ അവസാന ഗ്രാമങ്ങളല്ല, ആദ്യ ഗ്രാമങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലെ മനയില്‍ യുപിഐ പേമെന്റുകളും ക്യൂ ആര്‍ കോഡുകളും കച്ചവടക്കാര്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഇതാണ് രാജ്യത്തിന്റെ ശക്തിയെന്നും മോദി ഉത്തരാഖണ്ഡില്‍ പ്രസംഗിക്കവേ വ്യക്തമാക്കി.

◾തമിഴ്നാട്ടിലെ  തൂത്തുക്കുടി വെടിവയ്പില്‍ വീഴ്ച വരുത്തിയ നാലു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. വെടിവയ്പ്പ് നടക്കുന്ന സമയത്ത് പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന തിരുമല, പൊലീസുകാരായ സുടലൈക്കണ്ണ്, ശങ്കര്‍, സതീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

◾വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ്  ചമച്ചെന്ന കേസില്‍ അമരാവതി എംപി നവ്നീത് റാണയ്ക്കും പിതാവിനുമെതിരെ ജാമ്യമില്ലാ വാറണ്ടിന് ഉത്തരവിട്ട് മുംബൈ കോടതി. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

◾എംപിമാരുടെ ചികിത്സയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് നിര്‍ദേശിച്ചുള്ള ഉത്തരവു പിന്‍വലിച്ച് എയിംസ് ആശുപത്രി. ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചതിനാലാണ് ഉത്തരവ് പിന്‍വലിച്ചത്.

◾യുകെയില്‍ പ്രധാനമന്ത്രിയാകാന്‍ സഹകരിക്കണമെന്ന് ഇന്ത്യന്‍ വംശജനായ ഋഷി സുനകിനോട് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രധാനമന്ത്രിയാകാനുള്ള നീക്കത്തില്‍നിന്നു പിന്മാറണമെന്നാണ് ബോറിസിന്റെ അഭ്യര്‍ത്ഥന. ഋഷി സുനകിനെ പിന്തള്ളി രണ്ടു മാസം മുമ്പു മുന്നേറിയ ലിസ്ട്രസ് പ്രധാനമന്ത്രിയായെങ്കിലും കഴിഞ്ഞ ദിവസം രാജിവച്ചതോടെയാണ് ഋഷി സുനകിനു സാധ്യത തെളിഞ്ഞിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!