◾ഏകീകൃത സിവില്‍ കോഡ് നിയമ കമ്മീഷന്റെ പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഏകീകൃത സിവില്‍ കോഡ് പാസാക്കണമെന്ന് പാര്‍ലമെന്റിനു നിര്‍ദ്ദേശം നല്‍കാന്‍ കോടതിക്കോ സര്‍ക്കാരിനോ കഴിയില്ല. മതേതര രാജ്യമായ ഇന്ത്യയില്‍ വൈവിധ്യമായ വ്യക്തിനിയമങ്ങള്‍ പിന്തുടരാന്‍ അവകാശമുണ്ട്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയ നല്‍കിയ ഹര്‍ജി തള്ളണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
◾വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ പല കാര്യങ്ങളും പഠിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ മൂവായിരം പേര്‍ക്ക് യൂറോപ്പില്‍ ആരോഗ്യമേഖലയില്‍ ഒരു മാസത്തിനകം തൊഴിലവസരങ്ങളും ഹിന്ദുജ ഗ്രൂപ്പിന്റേതടക്കമുള്ള വലിയ നിക്ഷേപങ്ങളും ഉറപ്പാക്കാനായെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ചീഫ് സെക്രട്ടറി വിപി ജോയിക്കൊപ്പമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാനെത്തിയത്.
◾യൂറോപ്യന്‍ യാത്രയില്‍ കുടുംബാംഗങ്ങള്‍ പോയതില്‍ അനൗചിത്യമില്ലെന്ന് മുഖ്യമന്ത്രി. കേരളത്തിനു നേട്ടമുണ്ടായതു കാണാതെ മാധ്യമങ്ങള്‍ ഔദ്യോഗികയാത്രയെ ഉല്ലാസയാത്രയെന്നും ധൂര്‍ത്തെന്നും പരിഹസിക്കാനാണ് ശ്രമിച്ചത്. മന്ത്രിമാരെ പിന്‍വലിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെ പരാമര്‍ശിച്ച് ഭരണഘടനാവിരുദ്ധമായ കാര്യങ്ങള്‍ ചെയ്താല്‍ സാധുവാകില്ലെന്നു പ്രതികരിച്ചു സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾കേരള സര്‍വ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്നും തീരുമാനം റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്കു കത്തയച്ചു. സെനറ്റ് യോഗത്തില്‍നിന്നു വിട്ടുനിന്ന ചാന്‍സലറുടെ 15 നോമിനികളുടെ സെനറ്റ് അംഗത്വം ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു. സെനറ്റ് അംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ സിപിഎമ്മുകാരായ സെനറ്റ് അംഗങ്ങള്‍ കോടതിയെ സമീപിക്കും.
◾എയിംസ് ആശുപത്രി കാസര്‍കോട് സ്ഥാപിക്കണമെന്ന ആവശ്യം ഒഴികേ എന്‍ഡോസള്‍ഫാന്‍ സമര സമിതി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ വ്യക്തമായ ഉറപ്പു ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി സമരം ശക്തമാക്കുമെന്നു സമരസമിതി. ഇന്നു സെക്രട്ടേറിയറ്റിന് മുന്നില്‍നിന്നും പാളയം രക്തസാക്ഷി സ്മാരകത്തിലേക്കും തിരിച്ചും പ്രതിഷേധ പ്രകടനം. നാളെ ഞാനും ദയാബായിയോടൊപ്പം എന്ന പേരില്‍ ഉപവാസ സമരം. ശനിയാഴ്ച ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് ബഹുജന മാര്‍ച്ചും നടത്തും.
◾എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പ്രതിയായ കേസ് ഗുരുതരമാണെന്നു മുഖ്യമന്ത്രി. ഗൗരവമായ അന്വേഷണം നടക്കുമെന്നും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി.
◾വിരമിക്കുന്നതിനു തൊട്ടുമുമ്പ് അമേരിക്കയിലേയും കാനഡയിലേയും ജയിലുകളിലെ സൗകര്യങ്ങള്‍ പഠിക്കാന്‍ ജയില്‍ ഡിജിപി സുദേഷ്‌കുമാര്‍ നടത്താനിരുന്ന വിദേശയാത്ര കേന്ദ്ര സര്‍ക്കാര്‍ മുടക്കി. വെല്ലൂരിലെ അക്കാദമി ഓഫ് പ്രിസന്‍സിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന യാത്ര അടുത്ത വര്‍ഷത്തേക്കു മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. തിരുവനന്തപുരത്തെ ജ്വല്ലറിയില്‍നിന്ന് 95 ശതമാനം ഡിസ്‌കൗണ്ടില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയെന്നതടക്കമുള്ള പരാതികള്‍ സുദേഷ്‌കുമാറിനെതിരേ ഉയര്‍ന്നിരുന്നു.
◾കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന്‍ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തുതീര്‍ക്കുന്നു. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് പരാതിക്കാരനായ പഴക്കച്ചവടക്കാരന്‍ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷയില്‍ കോടതി ഇന്നു വിധി പറയും. പൊലീസുകാരന്‍ ഇപ്പോഴും ഒളിവിലാണ്.
◾കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്കു പണം ഭാഗികമായി തിരികെ നല്‍കിത്തുടങ്ങി. കാലാവധി പൂര്‍ത്തിയായ സ്ഥിര നിക്ഷേപത്തിന്റെ പത്തു ശതമാനം മാത്രമാണ് തിരികെ നല്‍കുന്നത്. പലിശയുടെ അമ്പതു ശതമാനവും തിരികേ നല്‍കുന്നുണ്ട്. പണം ലഭിക്കാന്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, കെവൈസി ഫോം എന്നിവയും പൂരിപ്പിച്ച് നല്‍കണം.
◾സിപിഎം ഓഫീസ് നിലകൊള്ളുന്ന സ്ഥലം അടക്കമുള്ള പുറമ്പോക്കു ഭൂമി തിരിച്ചുപിടിക്കാന്‍ നടപടിയെടുത്ത ദേവികുളം സബ് കളക്ടര്‍ക്കെതിരെ ദേവികുളം ആര്‍ഡിഒ ഓഫീസിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ദേവികുളം സബ്കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ തെമ്മാടിയാണെന്നണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എം.എം. മണി അധിക്ഷേപിച്ചു.
◾വീടുപണിക്കുള്ള ടൈല്‍ പാക്കറ്റുകള്‍ ചുമട്ടു തൊഴിലാളികളുടെ ഭീഷണിമൂലം വീട്ടമ്മയായ ദിവ്യ ലോറിയില്‍നിന്ന് ഒറ്റക്കിറക്കി. തിരുവനന്തപുരം ശ്രീകാര്യത്തെ പൗഡിക്കോണത്താണു സംഭവം. ലോഡിറക്കാന്‍ കൈസഹായത്തിന് എത്തിയ സഹോദരന്മാരെ പോലും തൊഴിലാളികള്‍ തടഞ്ഞു. നാലു ടൈല്‍ വീതമുള്ള 60 പാക്കറ്റാണ് ലോറിയില്‍നിന്ന് ദിവ്യ ഒറ്റയ്ക്ക് ഇറക്കിയത്.
◾മുന്‍ മന്ത്രി കെ.ടി ജലീല്‍ എംഎല്‍എയുടെ ‘ആസാദ് കാഷ്മീര്‍’ പരാമര്‍ശത്തിനെതിരായ പരാതി കേരള ഡി ജി പി ക്ക് കൈമാറിയെന്ന് ഡല്‍ഹി പോലീസ് സൈബര്‍ ക്രൈം വിഭാഗം. ഇക്കാര്യം വിശദീകരിച്ച് റോസ് അവന്യൂ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജലീലിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള റോസ് അവന്യൂ കോടതിയിലെ ഹര്‍ജിയിലാണ് ഈ നടപടി.
◾നരബലി കേസിലെ മുഖ്യ പ്രതി ഷാഫി സൗഹൃദം സ്ഥാപിച്ച് ലോഡ്ജിലേക്ക് ക്ഷണിച്ചെന്ന് കൊല്ലം സ്വദേശിയായ അബിന്‍ ഷാ. രണ്ടു മാസം മുമ്പ് വാനില്‍ ഇന്ത്യ ചുറ്റാനിറങ്ങിയ അബിന്‍ഷാ എറണാകുളത്താണ് ഷാഫിയെ പരിചയപ്പെട്ടത്. ലോഡ്ജില്‍ താമസവും ഭക്ഷണവും സ്ത്രീകളെയും ഷാഫി വാഗ്ദാനം ചെയ്തെന്നും അബിന്‍ ഷാ പറയുന്നു.
◾കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെണ്ണല്‍ ഇന്ന്. പുതിയ അധ്യക്ഷന്‍ ആരായാലും പാര്‍ട്ടി നിയന്ത്രണം ഗാന്ധി കുടുംബത്തിന്റെ കൈയിലാകുമെന്നു മുതിര്‍ന്ന നേതാക്കള്‍. പുതിയ അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കു ചെവി കൊടുക്കണമെന്ന് പി. ചിദംബരം ആവശ്യപ്പെട്ടു.
◾സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചു. നിലവിലുള്ള സഹകരണം തുടരും. വിജയവാഡയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ ഐകകണ്ഠ്യേനെയാണ് രാജയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2019 മുതല്‍ ജനറല്‍ സെക്രട്ടറിയായ ഡി രാജ ആദ്യമായാണ് പാര്‍ട്ടി കോണ്‍ഗ്രസിലൂടെ തെരഞ്ഞെടുക്കപ്പെടുന്നത്.
◾തീവ്രവാദത്തിനും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ലോകരാജ്യങ്ങള്‍ കൈകോര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുരക്ഷിതമായ ലോകം സജ്ജമാക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. നരേന്ദ്രമോദി പറഞ്ഞു. ഇന്റര്‍പോളിന്റെ തൊണ്ണൂറാമത് ജനറല്‍ അസംബ്ലി ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. 195 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
◾ഹിന്ദി ഔദ്യോഗിക ഭാഷയാക്കാനുള്ള പാര്‍ലമെന്ററി സമിതി ശുപാര്‍ശക്കെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി. ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കരുതെന്ന് പ്രമേയം ആവശ്യപ്പെട്ടു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.