◾കോവിഡ് കൊള്ളയില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരേ ലോകായുക്ത അന്വേഷണം. മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയതടക്കമുള്ള വിഷയങ്ങളിലാണ് അന്വേഷണം. ലോകായുക്ത നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അന്നത്തെ ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ജനറല്‍ മാനേജരായിരുന്ന എസ്.ആര്‍. ദിലീപ്കുമാര്‍ എന്നിവരടക്കം 11 പേര്‍ക്കെതിരേയാണ് അന്വേഷണം. ശൈലജ അടക്കമുള്ള എതിര്‍കക്ഷികള്‍ ഡിസംബര്‍ എട്ടിനു ഹാജരാകണമെന്നു ലോകായുക്ത നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം.
◾ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12 ന് നിയമസഭാ തെരഞ്ഞെടുപ്പ്. ഡിസംബര്‍ എട്ടിനു വോട്ടെണ്ണും. ഈ മാസം 17 ന് തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തിറക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 25 ആണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഹിമാചലില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഗുജറാത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് വൈകാതെ പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗുജറാത്തില്‍ ഡിസംബറില്‍ തന്നെ വോട്ടെടുപ്പ് നടന്നേക്കും.
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനു വോട്ടഭ്യര്‍ത്ഥിക്കാന്‍ മധ്യപ്രദേശില്‍ എത്തിയ ശശി തരൂരിനെ സ്വീകരിക്കാന്‍ മുതിര്‍ന്ന നേതാക്കളെത്തി. പ്രചാരണ പരിപാടിയില്‍ പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗും കമല്‍നാഥും ഉള്‍പ്പെടെയുള്ളവര്‍ തരൂരിനെ സ്വീകരിച്ചു. പ്രചാരണത്തിനിടെ ഇത് ആദ്യ അനുഭവമാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു.
◾കെഎസ്ആടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ-പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും നിലവില്‍ പതിച്ചിട്ടുള്ള പരസ്യങ്ങള്‍ നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് കളര്‍ കോഡില്‍ സാവകാശം വേണമെന്ന ടൂറിസ്റ്റ് ബസുടമകളുടെ ആവശ്യം തള്ളിക്കൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ്.
◾ഇലന്തൂരിലെ ഇരട്ടബലി നടന്ന വീട്ടുപറമ്പില്‍ പോലീസ് നായ്ക്കളും ജെസിബിയുമായി ഇന്ന് വിശദമായ പരിശോധന. കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഉണ്ടോയെന്നു കുഴികളെടുത്തു പരിശോധിക്കും. മൃതദേഹം കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ പൊലീസ് നായ്കളെ എത്തിക്കുമെന്നു പൊലീസ്.
◾ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതിയായ ഷാഫിയുടെ വീട്ടില്‍നിന്ന് സ്വര്‍ണം പണയംവച്ചതിന്റെ രേഖകള്‍ കണ്ടെടുത്തു. ഷാഫിയുടെ ഭാര്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ബൈക്ക് വിറ്റു കിട്ടിയതെന്നു പറഞ്ഞ് 40,000 രൂപ ഷാഫി തന്നിരുന്നെന്ന് ഭാര്യ മൊഴി നല്‍കി. ഈ പണം കൊണ്ട് പണയം വച്ച സ്വര്‍ണം എടുത്തു. വീട്ടില്‍ പരിശോധന പൂര്‍ത്തിയാക്കിയശേഷം ഇയാളുടെ ഹോട്ടലിലും പൊലീസ് പരിശോധന നടത്തി.
◾കേരളത്തില്‍ മഴയ്ക്കു സാധ്യത. ആന്‍ഡമാന്‍ കടലിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴികളാണ് മഴക്കു കാരണം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
◾മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളില്‍ ‘ഓപ്പറേഷന്‍ തല്ലുമാല’ എന്ന പേരില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് 200 പേര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ നിന്നായി 5.39 ലക്ഷം രൂപ പിഴ ഈടാക്കി. 205 വാഹനങ്ങള്‍ പിടിച്ചെടുത്തു. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് 53 വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ കേസെടുത്തു.
◾മൂന്നാര്‍ ഇക്കാനഗറിലെ സിപിഎം പാര്‍ട്ടി ഓഫീസ് അടക്കമുളള 26.55 ഏക്കര്‍ ഭൂമി പുറമ്പോക്കാണെന്ന് സ്പെഷ്യല്‍ തഹസീല്‍ദാര്‍ ഹൈക്കോടതിയില്‍. പുറമ്പോക്ക് കൈയ്യേറിയവര്‍ക്ക് അനധികൃതമായി പട്ടയം അനുവദിച്ചെന്നും ഇത് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും തഹസീല്‍ദാര്‍ അറിയിച്ചു.
◾ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ 20 നകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കത്ത് നല്‍കി.
◾കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷി വിസ്താരം നടത്തിയ ജഡ്ജിതന്നെ വിധി പറയണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ഭാര്യമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സാക്ഷി വിസ്താരം നടത്തിയ ജഡ്ജി എ.വി. മൃദുല മഞ്ചേരി കോടതിയില്‍നിന്ന് തലശ്ശേരിയിലേക്കു സ്ഥലം മാറിയിരുന്നു. കേസ് കേള്‍ക്കുന്ന ജഡ്ജി ടി.എച്ച്. രജിത ഒരു മാസത്തിനുള്ളില്‍ വിധി പറയുമെന്ന് കോടതിയെ അറിയിച്ചു. 2012 ജൂണ്‍ പത്തിനാണ് കൊളക്കാടന്‍ സഹോദരങ്ങളായ അബൂബക്ക (54), അബ്ദുള്‍ കലാം ആസാദ് (48) എന്നിവര്‍ കൊല്ലപ്പെട്ടത്.
◾മീന്‍ കച്ചവടം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ആലപ്പുഴ ചെട്ടികുളങ്ങര കുഞ്ഞുമോന്‍ കൊലക്കേസില്‍ പ്രതികളായ സഹോദരനും കുടുംബത്തിനും ജീവപര്യന്തം തടവ്. സേവ്യര്‍, ഭാര്യ വിലാസിനി, മക്കളായ ഷൈബു, ഷിബു എന്നിവരെയാണ് മാവേലിക്കര സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. 2015 ലാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്.
◾കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ദയാ ബായിയുടെ നിരാഹാര സമരം 13 ദിവസം പിന്നിട്ടെങ്കിലും കണ്ണ് തുറക്കാതെ സംസ്ഥാന സര്‍ക്കാര്‍. പൊലീസുണ്ടാക്കുന്ന അവശതയേ തനിക്കുള്ളൂവെന്ന് അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് സമരം ഏറ്റെടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
◾മതിയായ പരിശോധനയില്ലാതെ പാര്‍ട്ടി അംഗത്വം നല്‍കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റി തുടങ്ങിയ ഇംഎംഎസ് പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾ഇന്നു കൈകഴുകല്‍ ദിനം. കോവിഡ് പ്രതിരോധത്തിനായാണ് ലോകമെങ്ങും കൈകഴുകല്‍ ശീലമാക്കിയത്. കോവിഡ് അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ സോപ്പിട്ടു കൈകഴുകല്‍ തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
◾ഇന്ത്യയിലെ ജ്വല്ലറി ഉടമകളില്‍ അതിസമ്പന്നന്‍ ജോയ് ആലൂക്കാസ്. ഫോബ്സ് മാസികയുടെ ഇന്ത്യയിലെ അതിസന്പന്നരുടെ പട്ടികയില്‍ ഇന്ത്യയിലെ ജ്വല്ലേഴ്സ് വിഭാഗത്തില്‍ ഒന്നാ സ്ഥാനത്തുള്ള ജോയ് ആലുക്കാസ് ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ 69-ാം സ്ഥാനത്താണ്. 25,500 കോടി രൂപയാണ് ജോയ് ആലുക്കാസിന്റെ ആസ്തി. ഇന്ത്യയിലെ 100 ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ജോയ് ആലുക്കാസ് അടക്കം അഞ്ചു മലയാളികള്‍ മാത്രമാണ് ഇടംപിടിച്ചത്.
◾വടക്കഞ്ചേരി ബസപകടത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡങള്‍ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചത് വീഴ്ചയാണെന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകള്‍, ഓട്ടോ ഷോസ് എന്നിവയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
◾ശശി തരൂരിനെ പിന്തുണച്ച് ഈരാറ്റുപേട്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം. ഇരുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
◾ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയെ കാണാനില്ലെന്നും കണ്ടെത്തണമെന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലാണു പരാതി നല്‍കിയത്.
◾വയനാട്ടില്‍നിന്ന് കാണാതായ പനമരം വനിത സിഐ എലിസബത്തിനെ സ്ഥലംമാറ്റി. സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് വയനാട് ക്രൈം ബ്രാഞ്ചിലേക്കാണു സ്ഥലം മാറ്റിയത്.
◾എറണാകുളം പറവൂരിനടുത്ത് മൂത്തകുന്നത്ത് സിപിഐ നേതാവു നടത്തിയിരുന്ന വ്യാജ വിദേശമദ്യ നിര്‍മാണ കേന്ദ്രം പിടികൂടി. ഉടമയായ സിപിഐ യുവജന നേതാവും എ.ഐ.വൈ.എഫ് മേഖലാ സെക്രട്ടറിയുമായ ജിന്റോ ഒളിവിലാണ്. 250 ലിറ്റര്‍ വ്യാജ വിദേശ മദ്യവും വ്യാജ ഹോളോഗ്രാം സ്റ്റിക്കറുകളും രണ്ട് ബോട്ടിലിംഗ് മെഷീനുകളും ബ്ലെന്‍ഡിംഗ് മെഷീനും അടക്കമുള്ളവ പിടിച്ചെടുത്തു. രണ്ടു വലിയ ടാങ്കുകളില്‍നിന്ന് സ്പിരിറ്റ് ഒഴുക്കിയായിരുന്നു വ്യാജ മദ്യ നിര്‍മാണം.
◾കോഴിക്കോട് കൊടുവള്ളിയില്‍ അമ്മ ഓടിച്ച കാറിടിച്ചു മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ റഹ്‌മത്ത് മന്‍സിലില്‍ മറിയം നസീര്‍ ആണ് മരിച്ചത്. കാര്‍ തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ടു കുട്ടിയെ ഇടിക്കുകയായിരുന്നു.
◾ഈരാറ്റുപേട്ടയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മാതാക്കല്‍ കന്നുപറമ്പില്‍ ഷാഹുലിന്റെ 15 വയസുള്ള മകന്‍ അഫ്സലാണ് മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഈലക്കയം ചെക്ക് ഡാമിന് സമീപം മീനച്ചിലാര്‍ കാണാന്‍ എത്തിയതായിരുന്നു അഫ്സലും അനുജനും സുഹൃത്തും. പുഴയില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അഫ്സല്‍ കയത്തില്‍ വീഴുകയായിരുന്നു.
◾തിരുവനന്തപുരം ബാലരാമപുരത്ത് വിദ്യാര്‍ത്ഥിക്ക് സിപിഎം നേതാവായ ടൂട്ടോറിയല്‍ അധ്യാപകന്റെ മര്‍ദ്ദനം. വെങ്ങാനൂര്‍ ചാവടിനട സ്വദേശി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ശിവദത്തിനാണ് മര്‍ദ്ദനമേറ്റത്. ടൂട്ടോറിയല്‍ അധ്യാപകനും സിപിഎം വെങ്ങാനൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ രാജയ്യനെതിരെ പൊലീസ് കേസെടുത്തു.
◾സെപ്റ്റംബറില്‍ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 10.70 ശതമാനമായി കുറഞ്ഞു. ഓഗസ്റ്റില്‍ പണപ്പെരുപ്പം 12.41 ശതമാനം ആയിരുന്നു. മുന്‍വര്‍ഷം 11.64 ശതമാനം ആയിരുന്നു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.