സംസ്ഥാനത്ത് മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്റ്റ് ഏഴോടെ ന്യൂനമര്‍ദ്ദം രൂപപ്പെടും

സംസ്ഥാനത്ത് മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്റ്റ് ഏഴോടെ ന്യൂനമര്‍ദ്ദം രൂപപ്പെടും

◼️മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്റ്റ് ഏഴോടെ ന്യൂനമര്‍ദ്ദം രൂപപ്പെടും. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും ഷീയര്‍ സോണിന്റേയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റേയും സ്വാധീനംമൂലം എട്ടാം തീയതിവരെ മഴ തുടരുമെന്നാണു മുന്നറിയിപ്പ്.

◼️കേരളം പ്രളയക്കെടുതിയില്‍. ഒമ്പതു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ചില ജില്ലകളില്‍ താലുക്ക് അടിസ്ഥാനത്തിലും അവധി പ്രഖ്യാപിച്ചു. ആലപ്പുഴ , പത്തനംതിട്ട , കോട്ടയം , ഇടുക്കി , എറണാകുളം , തൃശൂര്‍ , പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കാസര്‍കോട് ജില്ലയിലെ ഹൊസ്ദൂര്‍ഗ്, വെളളരിക്കുണ്ട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, ഏറനാട് എന്നീ താലുക്കുകളിലും അവധി പ്രഖ്യാപിച്ചു. എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. മുല്ലപ്പെരിയാര്‍, മലമ്പുഴ, കാഞ്ഞിരപ്പുഴ, തെന്മല, ഇടുക്കി കല്ലാര്‍ അടക്കമുള്ള കൂടുതല്‍ ഡാമുകള്‍ ഇന്നു തുറക്കും. ഭാരതപ്പുഴ അടക്കമുള്ള നദികള്‍ കവിഞ്ഞൊഴുകുന്ന നിലയിലാണ്. മുണ്ടക്കയം വെട്ടുകല്ലാംകുഴിയിലും കൂട്ടിക്കല്‍ കടുങ്ങയിലും ഉരുള്‍ പൊട്ടി. (ഏതാനും പുഴകളിലേയും ഡാമുകളിലേയും ജലനിരപ്പു വിവരങ്ങള്‍ ഏറ്റവും താഴെ).

◼️ചാലക്കുടിയില്‍ പ്രളയസമാനമായ അവസ്ഥ. ഡാമുകള്‍ തുറന്നുവിട്ടതോടെ പുഴ കവിഞ്ഞൊഴുകി. ഈ പ്രദേശത്തുള്ള അയ്യായിരത്തിലേറെ പേരെ 33 ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. മലയോര യാത്രകള്‍ അരുതെന്ന് റവന്യൂമന്ത്രി കെ രാജന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘത്തെ കൂടി ആവശ്യപ്പെട്ടു. സൈന്യം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

വിലക്കയറ്റത്തിനെതിരെ ഇന്ന് പാര്‍ലമെന്റില്‍ പ്രതിഷേധവും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ചും. ചലോ രാഷ്ട്രപതി ഭവന്‍ എന്ന പേരില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധത്തില്‍ എംപിമാര്‍ പങ്കെടുക്കും. പ്രതിഷേധത്തിന് മുന്നോടിയായി എംപിമാര്‍ പാര്‍ലമെന്റില്‍ യോഗം ചേരും. പ്രതിഷേധങ്ങള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും പാര്‍ലമെന്റിലെ പ്രതിഷേധത്തിനുശേഷമാകും മാര്‍ച്ച്. (വിലക്കയറ്റം, പലിശഭീതി – ഡെയ്ലി ന്യൂസ് ഫ്രാങ്ക്ലി സ്പീക്കിംഗ്-

◼️മുഹറം അവധി ചൊവ്വാഴ്ചയിലേക്കു മാറ്റി. തിങ്കളാഴ്ച പ്രവൃത്തിദിനമായിരിക്കും.

◼️ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായി മുസ്ലിം സമുദായാംഗത്തെ നിയമിക്കണമെന്ന ആവശ്യവുമായി മുന്‍ മന്ത്രി കെടി ജലീല്‍ തന്നെ സമീപിച്ചെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞ 21 നാണു ജലീല്‍ വീട്ടില്‍ വന്നത്. സാക്ഷിയായി ജോമോന്‍ പുത്തന്‍പുരക്കല്‍ ഉണ്ടായിരുന്നു. ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല വിസി ആയി മുബാറക്ക് പാഷയെ നിയമിച്ചതിനെതിരെ കടുത്ത പ്രതിഷേധം വെള്ളാപ്പള്ളി പ്രകടിപ്പിച്ചിരുന്നു.

◼️പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്നു മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം തേടാം. പത്തു ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റിലേക്കുള്ള അലോട്ട്മെന്റ് മാറ്റിവച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ അന്തിമ ഉത്തരവു വന്നശേഷമേ ഈ സീറ്റുകളില്‍ അലോട്ട്മെന്റ് ഉണ്ടാകൂ.
◼️കണ്ണൂര്‍ പേരിയ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്താണ് ബസ് സര്‍വീസ് അടക്കമുള്ള ഗതാഗതം നിരോധിച്ചത്.

◼️മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ പ്രതാപ വര്‍മ തമ്പാന്‍ അന്തരിച്ചു. 63 വയസായിരുന്നു. കൊല്ലത്തെ വീട്ടിലെ ശുചിമുറിയില്‍ വീണ് പരിക്കേറ്റാണു മരണം. ചാത്തന്നൂരിലെ മുന്‍ എംഎല്‍എയാണ്.

◼️സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനുള്ള സമിതിയില്‍ ഗവര്‍ണറുടെ നോമിനിയെ ഒഴിവാക്കുന്ന നിയമഭേദഗതിക്കു നീക്കം. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രതിനിധിയെ മാത്രമേ ഗവര്‍ണറുടെ നോമിനിയായി നിയമിക്കാവൂവെന്നു സര്‍വകലാശാലാ നിയമം ഓര്‍ഡിനന്‍സില്‍ ഭേദഗതി വരുത്താനാണ് നിര്‍ദേശം.

◼️സംസ്ഥാനത്തു റോഡരികുകളില്‍ സ്ഥാപിച്ച കൊടിമരങ്ങള്‍ക്കെതിരേ നടപടിയെടുത്തതു സംബന്ധിച്ച വിവരം വെളിപ്പെടുത്തണമെന്ന് സര്‍ക്കാരിനോടു ഹൈക്കോടതി. എന്തു നടപടി സ്വീകരിക്കുമെന്ന് അറിയിക്കാനും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

◼️മൂലമറ്റം പവര്‍ സ്റ്റേഷനിലെ വൈദ്യുതി ഉല്‍പാദിപ്പിച്ചശേഷമുള്ള വെള്ളം മൂവാറ്റുപുഴയാറിലേക്ക് ഒഴുക്കിവിടുന്നത് അപകടമാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മൂവാറ്റുപുഴയില്‍ ജലനിരപ്പ് കൂടി. ജലനിരപ്പു കുറയ്ക്കാന്‍ വൈദ്യുതി ഉല്പാദനം നിര്‍ത്തണമെന്നാണ് മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെടുന്നത്.

◼️എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയതിന് ജില്ലാ കളക്ടര്‍ രോണു രാജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അവധി പ്രഖ്യാപനത്തിന് മാര്‍ഗ്ഗരേഖ തയാറാക്കണമെന്നാണ് ആവശ്യം. കളക്ടറോട് റിപ്പോര്‍ട്ട് തേടണമെന്നും എറണാകുളം സ്വദേശി അഡ്വ. എം ആര്‍ ധനില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

◼️ശബരിമല സമരം ആര്‍ക്കു വേണ്ടിയായിരുന്നെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമരം കൊണ്ട് എന്തു ഗുണമുണ്ടായി. സമരത്തില്‍ പങ്കെടുത്തവരെല്ലാം കേസില്‍ കരുങ്ങി കഴിയുകയാണ്. സര്‍ക്കാര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും തിരുത്താനാണ് നവോത്ഥാന സമിതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

◼️പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. നാഷണല്‍ ഹെറാള്‍ഡ് കേസിലാണു ചോദ്യംചെയ്യല്‍. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം രാത്രിയോടെ ഖാര്‍ഗെയെ ഇഡി വിട്ടയച്ചു.

◼️മയക്കുമരുന്നായ മെഫെഡ്രോണ്‍ നിര്‍മ്മിച്ച് വിറ്റ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയ 52 കാരന്‍ അടക്കം അഞ്ചംഗ സംഘം മുബൈയില്‍ അറസ്റ്റില്‍. 1,400 കോടി രൂപ വിലമതിക്കുന്ന 700 കിലോഗ്രാം മെഫെഡ്രോണ്‍ പാല്‍ഘര്‍ ജില്ലയിലെ നലസോപാരയില്‍ നടന്ന റെയ്ഡിലാണ് പിടികൂടിയത്.

◼️തമിഴ്നാട് തിരുപ്പൂരില്‍ കാറും ബസും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. താരാപ്പുരത്തിനു സമീപം കൊടുവായിലാണ് അപകടമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

◼️തമിഴ്നാട്ടിലേയും കര്‍ണാടകയിലേയും വിവിധ ജില്ലകളില്‍ കനത്ത മഴ. സേലം മേട്ടൂര്‍ അണക്കെട്ടില്‍ നിന്നും സെക്കന്റില്‍ 2.1 ഘനഅടി വെള്ളം തുറന്നുവിടുന്നതിനാല്‍ കാവേരി നദീ തീരത്ത് താമസിക്കുന്നവര്‍ക്ക് അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

◼️മഹാരാഷ്ട്രയിലെ താനെയില്‍ 35 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ പതിമ്മൂന്നുകാരനെ കൊലപ്പെടുത്തിയ രണ്ടു പേര്‍ പിടിയില്‍. താനെ മിരാറോഡില്‍ താമസിക്കുന്ന മായങ്ക് എന്ന പതിമൂന്ന് വയസുകാരനാണ് കൊല്ലപ്പെട്ടത്. ബിസിനസ് തുടങ്ങാനുള്ള പണം ഉണ്ടാക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

◼️ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന ബൈക്ക് റാലിയില്‍ ഹെല്‍മെറ്റ് ധരിക്കാതിരുന്ന ബിജെപി എംപി മനോജ് തിവാരിക്കു ഡല്‍ഹി പോലീസ് പിഴ ചുമത്തി. മനോജ് തിവാരിതന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപെടുത്തിയത്.

◼️ഗ്രൂപ്പ് അംഗങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ അഡ്മിന് സാധിക്കുന്ന മാറ്റവുമായി വാട്‌സ്ആപ്പ്. പുറത്തിറങ്ങാന്‍ പോകുന്ന അപ്‌ഡേറ്റിലാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. അധിക്ഷേപ മെസ്സേജുകള്‍ തടയാന്‍ വേണ്ടിയാണ് പുതിയ നീക്കം. പുതിയ അപ്‌ഡേഷനില്‍, ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് അംഗങ്ങള്‍ അയക്കുന്ന മെസ്സേജ് ‘ഡിലീറ്റ് ഫോര്‍ എവരിയോണ്‍’ഓപ്ഷന്‍ ഉപയോഗിക്കാന്‍ സാധിക്കും. നിങ്ങല്‍ മെസ്സേജ് ഡിലീറ്റ് ചെയ്‌തെന്ന് ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍ക്കും അറിയാന്‍ പറ്റും. ഐടി നിയമപ്രകാരം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അധിക്ഷേപ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച 22 ലക്ഷം അക്കൗണ്ടുകള്‍ വാട്‌സ്ആപ്പ് ജൂണില്‍ ഡിലീറ്റ് ചെയ്തിരുന്നു. മെയില്‍ 19 ലക്ഷം അക്കൗണ്ടുകളും ഡിലീറ്റ് ചെയ്തു.

◼️ഒമിക്രോണിന്റെ പുതിയ ഉപവകഭേദങ്ങളായ ബിഎ.5, ബിഎ.4 എന്നിവ മൂലം പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണ്. ഓരോ പുതിയ വകഭേദങ്ങള്‍ ആവിര്‍ഭാവം ചെയ്യുമ്പോഴും കോവിഡ് ലക്ഷണങ്ങളില്‍ പുതിയത് ചിലതെല്ലാം കൂട്ടിച്ചേര്‍ക്കപ്പെടാറുണ്ട്. തൊണ്ടവേദന, വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, തുമ്മല്‍, തുടര്‍ച്ചയായ ചുമ, തലവേദന എന്നിവയെല്ലാമാണ് കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ ഒമിക്രോണ്‍ ബിഎ.5 ബാധിതരില്‍ ഇതിന് പുറമേ മറ്റൊരു ലക്ഷണം കൂടി രാത്രികാലങ്ങളില്‍ കാണപ്പെടാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രാത്രിയിലെ അമിതമായ വിയര്‍പ്പാണ് അസ്വാഭാവികമായ ഈ രോഗലക്ഷണം. രാത്രിയില്‍ ഇടുന്ന വസ്ത്രങ്ങളും കിടക്കയും വരെ നനയ്ക്കുന്ന തരത്തില്‍ അത്യധികമായി ചിലപ്പോള്‍ രോഗി വിയര്‍ത്തേക്കാമെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ പറയുന്നു. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യും മുന്‍പ് ഈ രോഗലക്ഷണം സാധാരണ കണ്ടിരുന്നത് പനി,ആര്‍ത്തവവിരാമം, ഉത്കണ്ഠ, ഹൈപ്പര്‍ഹൈഡ്രോസിസ്, അര്‍ബുദം തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. എന്നാല്‍ ഇവ മൂലമുള്ള ആശുപത്രിവാസങ്ങളും മരണങ്ങളും താരതമ്യേന കുറവാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഏതാനും ഡാമുകളിലെയും പുഴകളിലേയും ഇക്കഴിഞ്ഞ അര്‍ദ്ധരാത്രിയിലെ ജലനിരപ്പ്:

ഡാമുകള്‍
പെരിങ്ങല്‍കുത്ത്
ഇപ്പോഴത്തെ നില 420.95 മീറ്റര്‍,
പരമാവധി 424 മീറ്റര്‍.

പീച്ചി
ഇപ്പോഴത്തെ നില 77.84 മീറ്റര്‍,
പരമാവധി 79.25 മീറ്റര്‍.

ചിമ്മിനി
ഇപ്പോഴത്തെ നില 74.45 മീറ്റര്‍,
പരമാവധി 76.70 മീറ്റര്‍.

വാഴാനി
ഇപ്പോഴത്തെ നില 56.36 മീറ്റര്‍,
പരമാവധി 62.48 മീറ്റര്‍.

മലമ്പുഴ
ഇപ്പോഴത്തെ നില 112.21 മീറ്റര്‍,
പരമാവധി 115.06 മീറ്റര്‍.

പുഴകളിലെ ജലനിരപ്പ്

ഭാരതപ്പുഴ
നിലവില്‍ – 23.315 മീറ്റര്‍
മുന്നറിയിപ്പ് നില – 23.5 മീറ്റര്‍
അപകട നില – 23.94 മീറ്റര്‍

ചാലക്കുടി പുഴ
നിലവില്‍ – 7.18 മീറ്റര്‍
മുന്നറിയിപ്പ് നില – 7.1 മീറ്റര്‍
അപകട നില – 8.1 മീറ്റര്‍

കുറുമാലിപ്പുഴ
നിലവില്‍ – 5.8 മീറ്റര്‍
മുന്നറിയിപ്പ് നില – 4.7 മീറ്റര്‍
അപകട നില – 5.6 മീറ്റര്‍

കരുവന്നൂര്‍ പുഴ
നിലവില്‍ – 4.9 മീറ്റര്‍
മുന്നറിയിപ്പ് നില – 3.7 മീറ്റര്‍
അപകട നില – 4.66 മീറ്റര്‍

മണലിപ്പുഴ
നിലവില്‍ – 5.53 മീറ്റര്‍
മുന്നറിയിപ്പ് നില – 5 മീറ്റര്‍
അപകട നില – 6.1 മീറ്റര്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!