കടലിന്റെ മക്കളുടെ രോദനം

കടലിന്റെ മക്കളുടെ രോദനം


ഡോ. മാർസിലിൽ
ജെ. മൊറൈസ്

തെക്ക് തെക്കൊരു ദേശത്ത്
തിരമാലകളുടെ തീരത്ത്
ഫ്‌ളോറിയെന്നൊരു ഗര്‍ഭിണിയെ
ചുട്ടുകരിച്ചൊരു സര്‍ക്കാരേ,
കല്ലറയാണേ കട്ടായം
പകരം ഞങ്ങള്‍ ചോദിക്കും

വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1959-ല്‍ മുഴങ്ങിക്കേട്ട വിഖ്യാതമായ ആ മുദ്രാവാക്യത്തിന്റെ അലയൊലികള്‍ കേരളമെങ്ങും ആഞ്ഞടിച്ചു. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന ഫ്‌ളോറി തിരുവനന്തപുരം പട്ടണത്തിലുള്ള ചെറിയതുറ എന്ന തീരദേശത്ത് താമസിച്ചിരുന്ന ഒരു മാതാവായിരുന്നു. അന്ന് കേരളം ഭരിച്ചിരുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വെടിയുണ്ടയ്ക്കു മുമ്പില്‍ ജീവന്‍ പൊലിഞ്ഞുപോയ ഒരു ഗര്‍ഭിണിയായ അമ്മ.

ഈ മുദ്രാവാക്യം ആമുഖമായി കുറിച്ചുകൊണ്ട് വിമോചന സമരത്തിന്റെ 25-ാം വാര്‍ഷികത്തില്‍ ചലനം എന്ന മാസികക്ക് ഞാനൊരു ലേഖനം എഴുതി. കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം ക്യാമ്പസില്‍ ജേര്‍ണലിസം മാസ്റ്റേഴ്‌സ് ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിമോചന സമരത്തിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായത്.

അതിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് ഒരു ലേഖനം എഴുതാന്‍ എനിക്ക് അവസരം ലഭിച്ചു. ചലനത്തിന്റെ എഡിറ്റര്‍ ആയിരുന്ന ക്ലെമന്റ് ലോപ്പസ് എന്നോട് ഒരു ലേഖനം എഴുതണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിവന്നത് ഫ്‌ളോറിയുടെ ഭവനം സന്ദര്‍ശിക്കണമെന്നായിരുന്നു. ആ കുടുംബത്തിന്റെ അവസ്ഥ എന്തായി എന്നറിയണമെന്നായിരുന്നു എന്റെ ആകാംക്ഷ.

വിമോചന സമരം നടക്കുന്ന സമയത്ത് ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. വിമോചന സമരത്തില്‍ ഞാനും മുകളില്‍ പറഞ്ഞ മുദ്രാവാക്യം വിളിച്ച് കൊണ്ടു പങ്കെടുത്തു. ആ സമരത്തിലൂടെ അന്നത്തെ കമ്മ്യുണിസ്റ്റ് ഭരണകൂടം താഴെ വീണു. പിന്നീട് ഇന്ത്യന്‍ പ്രധാന മന്ത്രിയായ മൊറാര്‍ജി ദേശായി അന്ന് പുല്ലുവിള ജംഗ്ഷനില്‍ വന്ന് പ്രസംഭിച്ചത് ആവേശത്തോടെ കേട്ടു നിന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. പിന്നീട് ഞാന്‍ വൈദീകനായി, കാര്യവട്ടം ക്യാമ്പസില്‍ ജേര്‍ണലിസം പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിമോചന സമരത്തിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായതിന്റെ അനുസ്മരണം നടന്നത്.

ഇപ്പോള്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പില്‍ നടക്കുന്നതു പോലെയുള്ള മത്സ്യതൊഴിലാളി സമരം നടന്നതും ആ സമയത്ത് തന്നെയായിരുന്നു. അതിനു ചുക്കാന്‍ പിടിച്ചിരുന്നത് വൈദീകരും കന്യാസ്ത്രീകളുമായിരുന്നു. ഫാദര്‍ തോമസ് കോച്ചേരിയും സിസ്റ്റര്‍ ഫിലോമിനയും ഉള്‍പ്പെടുന്ന സംഘം മത്സ്യതൊഴിലാളികളുടെ ഉന്നമനത്തിനു വേണ്ടി സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരം കിടന്നു. ആ സമരം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി സൗത്ത് ഏഷ്യന്‍ റിലീജിയസ് ന്യൂസ് ഏജന്‍സി (SAR News Agencies) ക്കു വേണ്ടി ഞാനവിടെ അന്നെത്തിയിരുന്നു. ഇങ്ങനെ പലതിനും ഞാന്‍ ദൃക്‌സാക്ഷി. അങ്ങനെ ചലനം എന്ന മാസികയ്ക്ക് വേണ്ടി ഞാനെഴുതിയ ആ ലേഖനം പിന്നീട് പല പ്രമുഖ മാധ്യമങ്ങളും അവരുടേതായി പ്രസിദ്ധീകരിച്ചിരുന്നു.

അന്ന് ആ ലേഖനം വായിച്ച തിരുവനന്തപുരം രൂപതയുടെ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ അമാദോ എന്നെ വിളിച്ച് ചോദിച്ചു ‘അച്ചന്‍ എന്തിനാണ് ഇങ്ങനെയൊരു ലേഖനം മാസികയില്‍ എഴുതിയത് ? മലര്‍ന്ന് കിടന്ന് തുപ്പുന്നത് നല്ലതാണോ?’ എന്ന്. സന്യാസ സമൂഹത്തിലെ എന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും ആ സമരത്തില്‍ ഞാന്‍ പങ്കെടുത്തു എന്ന് പറഞ്ഞ് എന്നെ ചോദ്യം ചെയ്തു. കാരണം ആ ലേഖനത്തില്‍ ഞാന്‍ സര്‍ക്കാരിനെയും ഒപ്പം സഭയെയും വിമര്‍ശിച്ചിരുന്നു. വിമോചന സമരത്തിന് നേതൃത്വം കൊടുത്തിരുന്നത് സഭയായിരുന്നു.

സഭയുടെ ആഹ്വാനമനുസരിച്ചായിരുന്നു സാധുക്കളായ മത്സ്യതൊഴിലാളികള്‍ സമരത്തിനിറങ്ങിയിരുന്നത്. കാരണം സഭ പറയുന്നത്, അഥവാ സഭയുടെ പ്രതിനിധികളായ വൈദീകരും മെത്രാന്മാരും പറയുന്നത് അവര്‍ക്ക് ദൈവവാക്യമായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ മറ്റൊന്നും ആലോചിക്കാതെ സമരത്തിന്റെ മുന്‍നിരയിലേക്കിറങ്ങി, ചിലര്‍ പോലീസിന്റെ തോക്കിനിരയായി. കുടുംബങ്ങള്‍ അനാഥമായി, കുഞ്ഞുങ്ങള്‍ക്ക് പിതാവിനെയോ മാതാവിനെയോ, മാതാപിതാക്കള്‍ക്ക് മക്കളെയോ, സഹോദരങ്ങള്‍ക്ക് സഹോദരങ്ങളെയോ ഒക്കെ നഷ്ടഷെട്ടു.

ഇങ്ങനെ ഉണ്ടായ നഷ്ടങ്ങളുടെയും പരിതാപകരമായ അവസ്ഥകളുടെയും പേരില്‍ ധാരാളം സംഭാവനകള്‍ വിദേശങ്ങളില്‍ നിന്നും ഒഴുകി വന്നുകൊണ്ടിരുന്നു. മാത്രമല്ല, മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ഭിക്കുന്നതിനും മത്സ്യതൊഴിലാളികളെ ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെയും മറ്റുമായി ധാരാളം സന്ദര്‍ശകരും ഈ തീരപ്രദേശങ്ങളിലെത്തി ചേര്‍ന്നു. ഇങ്ങനെ വന്നു ചേര്‍ന്ന സംഭാവനകളെളല്ലാം എവിടെ പോയി? ആ പണം അര്‍ഹതപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കൈകളില്‍ തന്നെ എത്തിച്ചേര്‍ന്നോ? സമരം നടത്തി ജീവന്‍ പൊലിഞ്ഞുപോയ മത്സ്യത്തൊഴിലാളികളുടെ പ്രിയപെട്ടവര്‍ക്കും ദേശക്കാര്‍ക്കും എന്തെങ്കിലും നേട്ടം ഉണ്ടായോ?

രാഷ്ട്രീയക്കാര്‍ക്ക് സമരം മൂലം നേട്ടമുണ്ടായി. ഭരണം താഴെ പോയപ്പോള്‍ സമരം നടത്തുന്നതിനു നേതൃത്വം കൊടുത്ത രാഷ്ട്രീയ കക്ഷികള്‍ അധികാരത്തില്‍ വന്നു. അവരുടെ മക്കള്‍ പഠിച്ചു നല്ല നിലകളിലെത്തി, ജോലി ആയി, വിദേശങ്ങളില്‍ പോയി, അങ്ങനെ രാഷ്ട്രീയക്കാര്‍ നേട്ടം കൊയ്തു. എന്നാല്‍ സമരരംഗത്തിറങ്ങി പ്രാണന്‍ നഷ്ടപ്പെട്ട ഈ മത്സ്യത്തൊഴിലാളികള്‍ക്ക് എന്തു നേട്ടമുണ്ടായി? അവര്‍ വാസ്തവത്തില്‍ ഉപയോഗിക്കപ്പെട്ടതിനു ശേഷം വലിച്ചെറിയപ്പെടുകയായിരുന്നില്ലേ? അവര്‍ക്ക് ആരെങ്കിലും എന്തെങ്കിലും സാമ്പത്തിക സഹായങ്ങള്‍ ചെയ്‌തോ? അവരെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള എന്തെങ്കിലും ശ്രമം ആരുടെയെങ്കിലും ഭാഗത്തു നിന്നും ഉണ്ടായോ? ഇങ്ങനെയൊക്കെയുള്ള ചോദ്യങ്ങള്‍ ആ ലേഖനത്തില്‍ ഞാന്‍ ഉയര്‍ത്തിയിരുന്നു.

ഇന്ന് വീണ്ടും ഞാനൊരു ലേഖനം എഴുതുകയാണ്. അതിനുള്ള കാരണം തിരുവനന്തപുരം സെക്രട്ടിയറ്റിനു മുന്നില്‍ ഈ ദിവസങ്ങളില്‍ സമാന രീതിയില്‍ മെത്രാന്മാരും വൈദീകരും നേതൃത്വം നല്‍കിക്കൊണ്ടുള്ള ഒരു സമരം അരങ്ങേറുകയാണ്. പല ചിന്തകളും എന്റെ മനസ്സില്‍ ഉയര്‍ന്നുവരുന്നു. ആരാലും തള്ളപ്പെട്ട ഒരു വിഭാഗം ജനതയാണ് മത്സ്യത്തൊഴിലാളികള്‍. മാറിമാറി വന്ന സര്‍ക്കാരുകള്‍ മത്സ്യത്തൊഴിലാളികളെ അവഗണിച്ചു, അവഗണിക്കുന്ന കാഴ്ചയാണ് അന്നും ഇന്നും എന്നും നമുക്ക് കാണാന്‍ കഴിയുന്നത്. തെരഞ്ഞെടുപ്പിന് വോട്ടു ലഭിക്കുന്നതിനായി പലപല വാഗ്ദാനങ്ങള്‍ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തില്‍ കയറിക്കഴിഞ്ഞാല്‍ അവയെല്ലാം കാറ്റില്‍ പറത്തി മുന്നോട്ട് പോകുന്നു. ഈ ജനതയുടെ ആവശ്യങ്ങള്‍ക്കു മുമ്പില്‍ സര്‍ക്കാര്‍ കണ്ണടച്ചു ഇരുട്ടാക്കുന്നു. ഒരാവശ്യം പോലും നിറവേറാതെ വിധിയെ പഴിച്ചു ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു വിഭാഗം കടലോര ജനത!

ഇപ്പോള്‍ സമരം നടക്കുന്നത് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നടക്കുന്ന വിഷയങ്ങളാണല്ലോ. കടലോരവും തുറമുഖവും അദാനിക്ക് ഗവണ്‍മെന്റ് തീറെഴുതി കൊടുത്തു. കടലോര മക്കളെ വിറ്റു. അവരുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ നഷ്ടപ്പെടുത്തി. അവര്‍ അന്തിയുറങ്ങിയിരുന്ന കുടിലുകള്‍ ഇന്ന് അവര്‍ക്ക് ഇല്ലാതെയുമായി. അവര്‍ എവിടെ അന്തിയുറങ്ങും? പുലിമുട്ട് എന്ന് ഓമനപ്പേരിലറിയപ്പെടുന്ന കൂറ്റന്‍ കോണ്‍ഗ്രീറ്റ് കുറ്റികള്‍ കടലിലിട്ട് തുറമുഖം തീര്‍ക്കുമ്പോള്‍ കടലില്‍ നിന്നും തിരകള്‍ കരയിലേക്ക് കയറി കരയെ വിഴുങ്ങിക്കളയുകയാണ്. ഇതിനെക്കുറിച്ച് പലരും പഠനം നടത്തി. ഇത് തീരദേശ ജനതയ്ക്ക് അവരുടെ ജീവനും സ്വത്തിനും വസ്തുവകകള്‍ക്കും അപകടമാണെന്ന് കണ്ട് ഇതിനെക്കുറിച്ച് വേണ്ടപ്പെട്ടവരെ ബോധ്യപ്പെടുത്തിയതാണ്. എന്നാല്‍ അതിനൊന്നും യാതൊരു വിലയും ആരും കൊടുത്തില്ല. വേണ്ടത്ര ഗൗരവം ഇക്കണ്ട കാലമത്രയും കഴിഞ്ഞിട്ടും ആരുടെ ഭാഗത്തുനിന്നും കാണുന്നില്ല

ഇങ്ങനെയൊരു തുറമുഖം രാജ്യ നന്മയ്ക്ക് നല്ലതാണെന്ന് കണ്ട പാവം മത്സ്യത്തൊഴിലാളികള്‍ വലിയൊരു ത്യാഗത്തിന് തയ്യാറായി; തുമ്പയിലെ ബഹിരാകാശ പദ്ധതിക്കു വേണ്ടി തങ്ങളുടെ പള്ളി പോലും വിട്ടു കൊടുത്തതുപോലെ. അങ്ങനെയൊരു തുറമുഖം വരുന്നതു വഴി അവരുടെ മക്കള്‍ക്കു ലഭ്യമാകാന്‍ പോകുന്ന നന്മകള്‍ അവര്‍ സ്വപ്നം കണ്ടു. അര്‍ഹതപ്പെട്ടവര്‍ക്ക് ജോലി ലഭിക്കുന്നതും അതുവഴി അവരുടെ കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാദ്യാസം നല്‍കുന്നതുമെല്ലാം അവര്‍ മനക്കോട്ടകെട്ടി. മാത്രമല്ല, ഗവണ്‍മെന്റുകള്‍ അവര്‍ക്കു നല്‍കാമെന്നു പറഞ്ഞ വാഗ്ദത്തങ്ങള്‍ അവര്‍ നിറവേറ്റുമെന്നും പാവങ്ങള്‍ വിശ്വസിച്ചു.

അതുകൊണ്ടുതന്നെ സമരത്തില്‍ പങ്കെടുത്തും പങ്കെടുക്കാതെയുമെല്ലാം ജനം അതില്‍ ഭാഗഭാക്കുകളായി. എന്നാല്‍ പിന്നീട് നടന്നത് എന്താണ്? തുറമുഖം പണിയുമെന്നു പറയുന്നതല്ലാതെ അതിന്റെ പൂര്‍ത്തീകരണം കാണുവാന്‍ കഴിയുന്നില്ല. പുലിമുട്ട് കടലില്‍ ഇട്ടതിനെ തുടര്‍ന്ന് തീരം കടലെടുത്തു. ഓരോ വര്‍ഷം കഴിയുന്തോറും കടല്‍ കരയിലേക്ക് കൂടുതല്‍ കൂടുതല്‍ കയറിവന്നു കൊണ്ടിരിക്കുന്നു. ശംഖുമുഖം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പോലും കടലില്‍ മുങ്ങി ഷോകാവുന്ന ഒരു സ്ഥിതിവിശേഷത്തിലേക്ക് ഇന്ന് എത്തിനില്‍ക്കുന്നു.

വീടുകള്‍ നഷ്ടപ്പെട്ട കടലിന്റെ മക്കള്‍ വര്‍ഷങ്ങളായി താമസിക്കുന്നത് സ്‌കൂളുകളിലും ഗോഡൗണികളിലും ഒരുക്കിയിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഓരോ മഴക്കാലങ്ങളിലും മാറ്റിപ്പാര്‍പ്പിക്കാം എന്ന് പറയുന്നതല്ലാതെ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ യാതൊന്നും അവര്‍ക്കു വേണ്ടി ചെയ്യുന്നില്ല. അവര്‍ക്ക് സുരക്ഷിതമായ വാസസ്ഥലങ്ങള്‍ ഒരുക്കുന്നതിനോ അവരെ മാറ്റിപാര്‍പ്പിക്കുന്നതിനോ അവര്‍ക്ക് ഉപജീവനത്തിനു വേണ്ട തൊഴിലുകള്‍ നല്‍കുന്നതിനോ ഒന്നും സര്‍ക്കാറുകള്‍ക്ക് കഴിയുന്നില്ല. അവര്‍ക്കു വേണ്ടി പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിനോ അത് ഫലപ്രദമായ നിലയില്‍ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടു വരുന്നതിനോ സര്‍ക്കാറുകള്‍ പരാജയപ്പെടുന്നു. പ്രത്യേകിച്ചും 2018-ല്‍ ഉണ്ടായ വെള്ളപ്പൊക്കവും ഓഖി ചുഴലിക്കാറ്റുമൊക്കൊ തീരദേശ ജനതയുടെ ജീവിതത്തെ പാടെ കശക്കിയെറിഞ്ഞപ്പോള്‍ ഈ സര്‍ക്കാര്‍ എന്താണ് അവര്‍ക്ക് വേണ്ടി ചെയ്തത്?

ഇന്നിതാ വീണ്ടും മെത്രാന്മാരും വൈദീകരും കന്യാസ്ത്രീകളും അടങ്ങുന്ന വലിയൊരു സംഘം മത്സ്യ തൊഴിലാളികളുടെ അവകാശങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് സമരരംഗത്തിറങ്ങിയിരിക്കുന്നു. അവഗണിക്കപ്പെട്ട ആ ഒരു വിഭാഗത്തിനു വേണ്ടി നടത്തുന്ന ഈ സമരം ആവേശഭരിതമാണ്, അഭിനന്ദനാര്‍ഹമാണ്. രാജ്യത്തിന്റെ സൈന്യമാണ്, പ്രാണനാണ് എന്നെല്ലാം ഉള്ള കളിപ്പീര് വാക്കുകള്‍ കൊണ്ട് പാവം ജനത്തെ ഭരണകൂടവും അധികാരി വര്‍ഗ്ഗങ്ങളും ചേര്‍ന്ന് കബ്ലിപ്പിക്കുമ്പോള്‍ അവര്‍ക്കു വേണ്ടി ആത്മാര്‍ത്ഥമായി ശബ്ദമുയര്‍ത്തുന്നതിന് ഇറങ്ങിത്തിരിച്ച ജനത്തിന്റെ ഇടയന്മാര്‍ക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നേരുന്നു,

എന്നാല്‍ ഈ സമരരീതികള്‍ കാണുമ്പോള്‍, സമരപ്പന്തലില്‍ ഇരിക്കുന്ന മെത്രാമാരെയും വൈദികരെയും കന്യാസ്ത്രീകളെയും കാണുമ്പോള്‍ ഒരു ചോദ്യം ചോദിക്കാതിരിക്കാന്‍ കഴിയുന്നില്ല. തീരദേശത്തെ യുവാക്കള്‍ എവിടെ? യുവജനതയുടെ സാന്നിധ്യം വിളിച്ചറിയിക്കുന്ന കെ.എസ്.യു, എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ., യുത്ത് കോണ്‍ഗ്രസ് തുടങ്ങിയ യുവജന പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി മുന്‍നിരയില്‍ നില്‍ക്കുമ്പോള്‍ തീരദേശത്തെ യുവജനതയുടെ പ്രാതിനിധ്യം എവിടെ? അവരല്ലേ മുന്‍നിരയിലേക്ക് വരേണ്ടത് ? അവരല്ലേ തീരദേശ ശബ്ദമായിമാറേണ്ടത് ? അവരല്ലേ തീരദേശത്തെ സൈന്യമായി മുന്നില്‍ നിന്ന് സമരത്തെ നയിക്കേണ്ടത് ? തങ്ങളുടെ പ്രതിഷേധങ്ങള്‍ അലറിവരുന്ന തിരമാല പോലെ സര്‍ക്കാറിനെ അറിയിക്കേണ്ട ബാധ്യത, കടമ, ഉത്തരവാദിത്തം അവിടുത്തെ യുവജനത അടങ്ങുന്ന മത്സ്യത്തൊഴിലാളികള്‍ക്കല്ലേ? എന്നാല്‍ അവര്‍ എവിടെ? അവരെ കാണുന്നില്ല. മറ്റുള്ളവര്‍ വേണ്ട എന്നല്ല, അവര്‍ പുറകില്‍ നിന്ന് ഉത്തേജനവും നിര്‍ദ്ദേശങ്ങളും നല്‍കണം.

ഇന്ന് ദിനവും വൈകുന്നേരങ്ങളില്‍ നടക്കുന്ന അന്തിച്ചര്‍ച്ചകളില്‍ ഈ കടലോര മക്കളുടെ രോദനം കൊണ്ടുവരാന്‍ ഒരു മാധ്യമപ്രവര്‍ത്തകനെയും കാണുന്നില്ല എന്നുള്ള യാഥാര്‍ത്ഥ്യം മറച്ചു വെക്കുന്നത് തീരദേശ മക്കളോട് ചെയ്യുന്ന ദ്രോഹമായിരിക്കും. അതുപോലെ തന്നെ ഏതാണ് 90 ശതമാനത്തോളം സത്യത്തിനും നീതിക്കും വേണ്ടി നില്‍ക്കുന്നു എന്ന് ഞാന്‍ കരുതുന്ന മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഷാജന്‍ സ്‌കറിയയും ഈ കടലോര മക്കളുടെ കണ്ണീര്‍ മാത്രം കണ്ടില്ല എന്നത് എന്നെ അത്ഭതപ്പെടുത്തുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!