തെരഞ്ഞെടുപ്പു പ്രകടനപത്രികകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതു നിരോധിക്കാന്‍ നീക്കം

തെരഞ്ഞെടുപ്പു പ്രകടനപത്രികകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതു നിരോധിക്കാന്‍ നീക്കം

◼️തെരഞ്ഞെടുപ്പു പ്രകടനപത്രികകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതു നിരോധിക്കാന്‍ നീക്കം. ഇതേക്കുറിച്ചു പഠിക്കാന്‍ സുപ്രീം കോടതി ഉന്നതാധികാര സമിതിയെ നിയോഗിക്കും. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. അമിതമായ വാഗ്ദാനങ്ങള്‍ വന്‍ സാമ്പത്തിക ദുരന്തത്തിന് വഴിവയ്ക്കുമെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ വാദം. തെരഞ്ഞെടുപ്പ് കമ്മീഷന്‍, ധനകാര്യ കമ്മീഷന്‍, നീതി ആയോഗ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പെടുന്ന സമിതിയാണ് രൂപീകരിക്കുകയെന്നു ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു.

◼️നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയാണെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

◼️മഴ തുടരും. കേരളത്തിനു മുകളില്‍ അന്തരീക്ഷ ചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ആന്ധ്രാ പ്രദേശിനും വടക്കന്‍ തമിഴ്‌നാടിനും സമീപത്തായി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാലും കേരളത്തില്‍ തിങ്കളാഴ്ചവരെ മഴ തുടരും.

◼️എഐസിസി ആസ്ഥാനവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വസതികളും പൊലീസ് വളഞ്ഞു. വീട്ടുതടങ്കലിലാക്കിയതിനു സമാനമായ നടപടി. കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ ഡല്‍ഹിയിലെ ഓഫീസ് എന്‍ഫോഴ്സ്മെന്റ് പൂട്ടി സീല്‍ ചെയ്തതിനു പിറകേയാണ് പോലീസ് വളഞ്ഞത്. വിലക്കയറ്റത്തിനെതിരേ നാളെ കോണ്‍ഗ്രസ് നടത്തുന്ന സമരത്തെ പൊളിക്കാന്‍കൂടിയാണ് നടപടി. പ്രതിഷേധ സമരത്തിന് പോലീസ് അനുമതി നിഷേധിച്ചു. സമരം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേഷ്.

◼️മഴക്കെടുതികളില്‍ ഇന്നലെ ഏഴുപേര്‍കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 20 ആയി. തൃശൂര്‍ പുതുക്കാട് ഉഴിഞ്ഞാല്‍പാടത്തെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ കണ്ണമ്പത്തൂര്‍ പുത്തന്‍പുരക്കല്‍ വര്‍ഗീസിന്റെ മകന്‍ ബാബു (53) മരിച്ചു.

◼️ചേറ്റുവയില്‍ ശക്തമായ തിരമാലയില്‍ ബോട്ടു മറിഞ്ഞ് കടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി അവയുമായി വരികയായിരുന്ന വള്ളം വീണ്ടും തിരമാലകളില്‍ കുടുങ്ങി മൃതദേഹങ്ങള്‍ വീണ്ടും ഒഴുകിപോയി. തൃശൂര്‍ ചാവക്കാട് കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ നിരീക്ഷണത്തില്‍ കണ്ടെത്തിയ മൃതദേഹങ്ങളാണ് വീണ്ടും ഒഴുക്കില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ ഇവിടേക്ക് ബോട്ടിലെത്തിയവര്‍ക്ക് ലക്ഷ്യം കണ്ടെത്താനായില്ല. ഇതോടെ കോസ്റ്റ് ഗാര്‍ഡ് സംഘം വീണ്ടും തിരച്ചില്‍ തുടങ്ങി.

◼️പ്ലസ് വണ്‍ പ്രവേശനം നാളെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രണ്ടാം ഘട്ട അലോട്ട്മെന്റ് 15 ന് പ്രസിദ്ധീകരിക്കും. 16, 17 തീയതികളില്‍ പ്രവേശനം. മൂന്നാം ഘട്ട അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിച്ച് 25 ന് പ്രവേശനം നടത്തും. പ്ലസ് വണ്‍ ക്ലാസുകള്‍ 25 ന് ആരംഭിക്കും.

◼️കിഫ്ബി ഇടപാടില്‍ സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസകിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 11 ന് ഹാജരാകണമെന്നാണ് നിര്‍ദേശം. ആദ്യ നോട്ടീസനുസരിച്ചു ഹാജരാകാന്‍ തോമസ് ഐസക് തയാറായിരുന്നില്ല. കിഫ്ബി സിഇഒ ആയിരുന്ന കെ.എം എബ്രഹാമിനെ നേരെത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയര്‍മാനായിരുന്നു.

◼️സമരങ്ങളില്‍ പങ്കെടുത്ത് കേസുകളില്‍ പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുഴുവന്‍ കേസുകളും ഏറ്റെടുക്കുമെന്ന് കെപിസിസി. ഈ മാസം 13 നു നടക്കുന്ന ലോക് അദാലത്തില്‍ പിഴയടച്ച് കേസുകള്‍ അവസാനിപ്പിക്കും. സമന്‍സ് കിട്ടിയ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെപിസിസി ലീഗല്‍ എയ്ഡ് കമ്മിറ്റിയെ ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.

◼️സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം പ്രമാണിച്ച് 33 തടവുകാരെ മോചിപ്പിക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭക്ഷ്യ കിറ്റുകള്‍ വിതരണത്തിനു റേഷന്‍ വ്യാപാരികള്‍ക്കു കമ്മിഷന്‍ കുടിശിക നല്‍കും. കഴിഞ്ഞ വര്‍ഷം മെയ് മാസം റേഷന്‍ കടകള്‍ വഴി 85,29,179 കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. കിറ്റിന് അഞ്ചു രൂപ നിരക്കില്‍ നാലേകാല്‍ കോടി രൂപ അനുവദിക്കും.

◼️മഴക്കെടുതിയില്‍പ്പെടുന്ന വിനോദ സഞ്ചാരികളെ സുരക്ഷിത സ്ഥലങ്ങളില്‍ എത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് നിര്‍ദേശം. അപകടാവസ്ഥ ഇല്ലെങ്കില്‍ ടൂറിസ്റ്റു കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും താമസിക്കുന്നവരെ ഒഴിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

◼️വകുപ്പുമന്ത്രിയായ തന്നോട് ആലോചിക്കാതെ ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോയില്‍ നിയമിച്ചതിനെതിരേ മന്ത്രിസഭാ യോഗത്തിലും പരാതിയുമായി മന്ത്രി ജി.ആര്‍ അനില്‍. മന്ത്രി പരാതിക്കത്ത് തനിക്കുതന്ന വിവരം മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കേണ്ടതുണ്ടായിരുന്നോയെന്ന് മുഖ്യമന്ത്രി ചോദിച്ചതോടെ ആ വിഷയത്തിലെ ചര്‍ച്ച അവസാനിച്ചു.

◼️പറമ്പികുളം ആളിയാര്‍ പദ്ധതിയില്‍നിന്ന് കേരളത്തിനു ലഭിക്കേണ്ട അധിക ജലം തമിഴ്നാട് മറ്റു പദ്ധതികളുടെ പേരില്‍ ചോര്‍ത്തുന്നതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു.

◼️കുട്ടികളെ ഫേസ്ബുക്കിലൂടെ കൈയിലെടുത്ത് ആലപ്പുഴ കളക്ടറായി ചുമതലയേറ്റ വി.ആര്‍ കൃഷ്ണ തേജ. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച കളക്ടറുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി. പ്രിയ കുട്ടികളെ എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്കു വേണ്ടിയാണ്. അവധിയെന്നു കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ചനമ്മമാര്‍ ജോലിക്കു പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്കു പോകരുതെന്നും കുറിച്ചു. കുട്ടികളും രക്ഷിതാക്കളും നൂറുകണക്കിനു കമന്റുകളുമായാണ് പ്രതികരിച്ചത്.

◼️വിശ്വഹിന്ദു പരിഷത് എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ സുഭാഷ് ചന്ദ് രാജിവച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ സ്ഥാനവും രാജിവച്ചു. സിപിഎമ്മിന്റെ ഭാഗമാകുമെന്ന് സുഭാഷ് ചന്ദ് അറിയിച്ചു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ആശയപരമായി വിയോജിപ്പുളളതിനാലാണ് രാജിയെന്ന് അദ്ദേഹം വിശദീകരിച്ചു.

◼️മഴയും കാറ്റും മൂലം കെഎസ്ഇബി ക്ക് 7.43 കോടി രൂപയുടെ നാശനഷ്ടം. 1,062 വിതരണ ട്രാന്‍സ്ഫോര്‍മറുകളുടെ കീഴില്‍ വൈദ്യുതി വിതരണം തടസ്സപെട്ടു. രണ്ടു ലക്ഷത്തിലേറെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസപ്പെട്ടു. 13 വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കേടുപാടുണ്ടായി. ഹൈ ടെന്‍ഷന്‍ ലൈനുകളില്‍ 124 പോസ്റ്റുകളും ലോ ടെന്‍ഷന്‍ ലൈനുകളില്‍ 682 പോസ്റ്റുകളും തകര്‍ന്നു. ഹൈ ടെന്‍ഷന്‍ വൈദ്യുതി കമ്പികള്‍ 115 സ്ഥലങ്ങളിലും ലോ ടെന്‍ഷന്‍ കമ്പികള്‍ 2820 സ്ഥലങ്ങളിലും പൊട്ടിവീണു.

◼️കണ്ണൂരിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന നെടുംപൊയില്‍-മാനന്തവാടി ചുരം റോഡില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പലടയിടത്തും റോഡ് തകര്‍ന്നതിനാലാണ് ഗതാഗത നിരോധനം.

◼️മങ്കിപോക്‌സ് ബാധിച്ച് യുവാവ് മരിച്ച തൃശൂരില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല വിദഗ്ധ സംഘം പരിശോധന നടത്തി. മരിച്ച ഇരുപത്തിരണ്ടുകാരന്റെ വീട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇയാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെ രേഖകളും പരിശോധിച്ചു.

◼️എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ 29.5 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് തുറന്ന കത്തുമായി പുറത്താക്കപ്പെട്ട ആര്‍ച്ച്ബിഷപ് ആന്റണി കരിയില്‍. ഏകീകൃത കുര്‍ബാന നടപ്പാക്കിയാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമായിരുന്നു. പ്രശ്നം ഉണ്ടാകാതിരിക്കാനാണ് സഭാസിനഡിന്റെ തീരുമാനങ്ങള്‍ ധിക്കരിച്ചതെന്നും ബിഷപ്പ് പറയുന്നു.

◼️തനിക്കെതിരായ പീഡന കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും പിറകില്‍ കേരള സര്‍ക്കാരില്‍ ഉന്നത സ്വാധീനമുള്ള വിഐപി വനിതയാണെന്നും മോന്‍സന്‍ മാവുങ്കല്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് ഈ ആരോപണം.

◼️ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് നാലു ലക്ഷത്തിലേറെ കേസുകള്‍. കേരളത്തില്‍ കേസുകളില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. ഫണ്ട് വകമാറ്റം, വേതനം നല്‍കാതിരിക്കല്‍ എന്നിങ്ങനെയാണു തട്ടിപ്പ്.

◼️ഡല്‍ഹിയില്‍ ഒരാള്‍ക്കു കൂടി മങ്കി പോക്‌സ്. നൈജീരിയന്‍ സ്വദേശിക്കാണ് രോഗം. തലസ്ഥാനത്ത് സ്ഥിരീകരിക്കുന്ന നാലാമത്തെ മങ്കിപോക്സ് കേസാണിത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് ഒന്‍പത് മങ്കിപോക്സ് കേസുകളാണ്.

◼️ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ജിഎസ്ടി ഇല്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യസഭയില്‍ വിലക്കയറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. എടിഎമ്മുകളില്‍ ഒരു മാസത്തില്‍ പത്ത് ഇടപാടുകള്‍ സൗജന്യമാണ്. ചെക്ക്ബുക്കിനു മാത്രമാണ് ജിഎസ്ടി നികുതി. ചെക്കുകള്‍ നല്‍കുന്നതിന് ബാങ്കുകള്‍ ഈടാക്കുന്ന ഫീസില്‍ 18 ശതമാനം ജിഎസ്ടി ചുമത്തിയിട്ടുണ്ട്.

◼️റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്റെ കാമുകിക്കെതിരേയും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഒളിംപിക്‌സ് മെഡല്‍ നേടിയ പ്രമുഖ ജിംനാസ്റ്റിക്‌സ് താരവും റഷ്യന്‍ പാര്‍ലമെന്റ് അംഗവുമായ അലിന മാരതോവ്‌ന കബായെവയ്ക്ക് എതിരെയാണ് യു എസ് ഉപരോധം. അലിനയുടെ അമേരിക്കയിലെ ആസ്തികള്‍ മരവിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!