രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.

രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.

◼️രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സുപ്രീം കോടതിയുടെ ബഫര്‍ സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ സാധനങ്ങളും ഫയലുകളും നശിപ്പിച്ചു. ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചു. പൊലീസ് ലാത്തിച്ചാര്‍ജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. ബഫര്‍സോണ്‍ പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ റിപ്പോര്‍ട്ടു നല്‍കണമെന്നാണു നിര്‍ദേശിച്ചിരുന്നത്.

◼️രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ 19 എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം അറസ്റ്റിലായി. അക്രമ സമയത്തു സ്ഥലത്തുണ്ടായിരുന്ന കല്‍പറ്റ ഡിവൈഎസ്പിയെ സസ്പെന്‍ഡു ചെയ്തു. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

◼️രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധയോഗവും. ഉച്ചക്കു രണ്ടിന് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് പരിസരത്തുനിന്ന് റാലി ആരംഭിക്കും. കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധയോഗവും നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

◼️ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. വി വേണുവിനെ ആഭ്യന്തര വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാക്കി. ടിങ്കു ബിസ്വാളാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി. ആരോഗ്യ സെക്രട്ടറി ആയിരുന്ന രാജന്‍ ഖോബ്രഗഡെയെ ജല വിഭവ വകുപ്പിലേക്കു മാറ്റി. ശര്‍മിള മേരി ജോസഫിന് തദ്ദേശ വകുപ്പിന്റെ ചുമതല നല്‍കി. എസ് സി – എസ്ടി സ്പെഷല്‍ സെക്രട്ടറിയായി എന്‍ പ്രശാന്തിനെ നിയമിച്ചു. ടി.കെ ജോസ് വിരമിക്കുന്നതിനാലാണ് മാറ്റം. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഇഷിത റോയ്, നിലവില്‍ കൈകാര്യം ചെയ്യുന്ന അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ചുമതലയും വഹിക്കണം. ഡോ രാജന്‍ ഖോബ്രഗഡെയ്ക്ക് കാര്‍ഷിക വകുപ്പിന്റെയും തീരദേശ ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്റെയും അധിക ചുമതലയുണ്ട്.

◼️തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കെട്ടിവെയ്ക്കേണ്ട തുക ഇരട്ടിയാക്കി. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ കെട്ടിവെക്കേണ്ട തുക 1000 രൂപയില്‍നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി. ബ്ലോക്ക് പഞ്ചായത്തില്‍ 2000 രൂപയില്‍ നിന്ന് 4000 രൂപയായും ജില്ലാ പഞ്ചായത്തില്‍ 3000 രൂപയില്‍ നിന്ന് 5000 രൂപയായും വര്‍ദ്ധിപ്പിച്ചു. പട്ടികജാതി, പട്ടികവര്‍ഗ സ്ഥാനാര്‍ത്ഥികള്‍ ഇതിന്റെ പകുതി തുക കെട്ടിവച്ചാല്‍ മതി.

◼️സംസ്ഥാനത്തെ ദേശീയപാതാ നവീകരണം 2025 ല്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 600 കിലോമീറ്റര്‍ റോഡാണ് ആറുവരി പാതയാക്കുന്നത്. ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് 25 ശതമാനം തുക നല്‍കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളില്‍ മുഴുവന്‍ തുകയും ദേശീയപാത അതോറിറ്റിയാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

◼️അഗ്നിപഥ് പദ്ധതിക്കെതിരെ എഐസിസി ആഹ്വാന പ്രകാരം 27 ന് സംസ്ഥാനത്തെ എല്ലാ അസംബ്ലിമണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടത്തും. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണിവരെയാണ് സത്യാഗ്രഹം. സൈന്യത്തിന്റെ അച്ചടക്കം, ആത്മവിശ്വാസം എന്നിവയെയും രാജ്യസുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

◼️കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ജീവനക്കാരുടെ സംഘടനകളുമായി ഈ മാസം 29 ന് ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ധനകാര്യ മന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസിക്കു കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കുന്നത് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. അടുത്ത മാസം അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കാന്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കിയെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

◼️രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. ഡല്‍ഹിയിലെ എസ്എഫ്ഐ ഓഫീസിലേക്ക് എന്‍ എസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തിരുവനന്തപുരം എകെജി സെന്ററിലേക്ക് പ്രതിഷേധമാര്‍ച്ചായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എകെജി സെന്ററിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.

◼️കല്‍പ്പറ്റ ഡിവൈഎസ്പി നോക്കി നില്‍ക്കേയാണ് എസ്എഫ്ഐ രാഹുല്‍ഗാന്ധിയുടെ ഓഫീസില്‍ ആക്രമണം നടത്തിയതെന്നും തന്നെ വളഞ്ഞിട്ട് തല്ലിയതെന്നും രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് സെക്രട്ടറി അഗസ്റ്റിന്‍ പുല്‍പ്പള്ളി. ര്‍ണിച്ചറുകളും ഗാന്ധിജി അടക്കമുള്ളവരുടെ ഫോട്ടോകളും ഫയലുകളും പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്നും അഗസ്റ്റിന്‍ പറഞ്ഞു.

◼️എസ് എഫ് ഐ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അഗസ്റ്റിനുമായി രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു. പൊലീസ് അക്രമത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായും രാഹുല്‍ ഗാന്ധി ഫോണില്‍ ആശയവിനിമയം നടത്തി. ഇതേസമയം, ബഫര്‍ സോണ്‍ വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചെന്ന രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ് തരംഗമായി മാറി.

◼️രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിനുനേരെയുണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാല്‍ അതിക്രമത്തിലേക്കു കടക്കുന്നത് തെറ്റാണ്. കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

◼️സംഘപരിവാറിന്റെ ക്വട്ടേഷന്‍ എസ്എഫ്ഐയും സിപിഎമ്മും ഏറ്റെടുത്തിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിപിഎം സംഘടിത മാഫിയയായി മാറിയെന്നാണ് എസ്എഫ്ഐ ആക്രമണത്തിലൂടെ കാണിച്ചുതന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പിണറായിക്കു വേണ്ടി മോദിയെ സുഖിപ്പിക്കാനാണ് അക്രമം നടത്തിയതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ. കേരളത്തില്‍ സംഘപരിവാരത്തിന്റെ പണി ഏറ്റെടുത്തു നടപ്പാക്കിയതാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

◼️വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തെ അപലപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ആക്രമണം ഭീരുത്വമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. നീചമായ ആക്രമണമെന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ബംഗാളിലും ത്രിപുരയിലും സി പി എം ഇല്ലാതായത് ഇതേ അക്രമ രീതികൊണ്ടാണ് എന്നായിരുന്നു മാണിക്കം ടാഗോര്‍ എംപി ട്വീറ്റ് ചെയ്തത്.

◼️രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതു ദൗര്‍ഭാഗ്യകരമെന്ന് എസ്എഫ്ഐ കേന്ദ്രകമ്മിറ്റി. എസ്എഫ്ഐയുടെ ഓഫീസുകള്‍ക്കു മുന്‍പിലുള്ള കോണ്‍ഗ്രസ് പ്രതിഷേധവും അപലപനീയമാണെന്നും എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി പറഞ്ഞു.

◼️നടിയെ ആക്രമിച്ച കേസിലെ തെളിവായ മെമ്മറി കാര്‍ഡ് കേന്ദ്ര ലാബിലേക്കയച്ച് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. വീഡിയോ ആരോ കണ്ടതിനാലാണ് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്ന് ഫോറന്‍സിക് ലാബ് അസി. ഡയറക്ടര്‍ ദീപ കോടതിയെ അറിയിച്ചു. എന്നാല്‍ വീഡിയോ ആരും കോപ്പി ചെയ്യാത്തതിനാല്‍ വീഡിയോയുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

◼️പത്തനംതിട്ട പുറമറ്റത്ത് വനിതാ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയനെതിരേ സിപിഎം വനിതകളുടെ കൈയ്യേറ്റം. ഓഫീസിനു മുന്നില്‍ വനിതാ പ്രവര്‍ത്തകര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചതായി സൗമ്യ പറഞ്ഞു. അക്രമികള്‍ ചുരിദാര്‍ കീറുകയും ഷാള്‍ വലിച്ചെടുക്കുകയും ചെയ്തു. പ്രസിഡന്റിനെതിരായ അവിശ്വാസം കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. നാലു സ്ത്രീകള്‍ക്കെതിരെ കേസെടുത്തു.

◼️ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട മര്‍ദ്ദന കേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റു ചെയ്തു. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ നജാഫ് ഫാരിസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് സാലി, റിയാസ്, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ മുഹമ്മദ് ഇജാസ്, ഷാലിദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◼️ഗുരുവായൂര്‍ ദേവസ്വം ക്വാര്‍ട്ടേഴ്സ് ഇടിഞ്ഞ് താഴ്ന്നു. തെക്കേ നടയില്‍ ദേവസ്വം ജീവനക്കാര്‍ക്ക് താമസിക്കാന്‍ നിര്‍മിച്ച മൂന്നു നില കെട്ടിടമാണ് ഇന്നലെ വൈകീട്ട് ആറു മണിയോടെ ഇടിഞ്ഞു താഴ്ന്നത്. കെട്ടിടത്തിലെ രണ്ടു ഫ്ളാറ്റുകളില്‍ ഉണ്ടായിരുന്ന താമസക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

◼️സംസ്ഥാനത്തെ ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത് ആരംഭിച്ചു. കുട്ടികള്‍ക്ക് പിരിമുറുക്കങ്ങളില്ലാതെ മൊഴി നല്‍കാനും വിചാരണയില്‍ പങ്കെടുക്കാനുമുള്ള സൗകര്യങ്ങളാണ് ശിശു സൗഹൃദ പോക്സോ കോടതിയില്‍ ഒരുക്കിയിട്ടുള്ളത്. എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്‌സ് സെഷന്‍സ് കോടതിയോട് ചേര്‍ന്നാണ് ശിശു സൗഹൃദ പോക്‌സോ കോടതി ആരംഭിച്ചത്.

◼️രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്ത് നല്‍കി.

◼️വിമത എംഎല്‍എമാരോട് കരുണയില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. വിമതര്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിച്ചെന്ന് ശിവസേനാ ജില്ലാ അധ്യക്ഷന്‍മാരുടെ യോഗത്തില്‍ ഉദ്ധവ് താക്കറേ കുറ്റപ്പെടുത്തി. വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് മഹാ വികാസ് അഘാഡിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

◼️മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ 48 മണിക്കൂറിനുള്ളില്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ബിജെപിയുടെ കത്ത്. അതിവേഗം 160 ഉത്തരവുകളാണ് സര്‍ക്കാര്‍ ഇറക്കിയതെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ ഇതിലുണ്ടെന്നും ബിജെപി നേതാവ് പ്രവീണ്‍ ദരേക്കര്‍ ആരോപിച്ചു.

◼️മഹാരാഷ്ട്രയിലെ വിമത എംഎല്‍എമാര്‍ ഗോഹട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തങ്ങുന്നത് അര കോടിയിലേറെ രൂപ മുടക്കിയെന്ന് റിപ്പോര്‍ട്ട്. 70 റൂമുകളാണ് ബുക്ക് ചെയ്തത്. ഏഴു ദിവസത്തേക്കാണ് ബുക്കിങ്. എംഎല്‍എമാരുടെ കുടുംബാംഗങ്ങളും ചില എംപിമാരും അടക്കം നൂറോളം പേര്‍ ഹോട്ടലിലുണ്ട്. പൊലീസ്, കേന്ദ്ര സായുധ സേന, പ്രാദേശിക ബിജെപി നേതാക്കള്‍ തുടങ്ങിയവരും ഉണ്ട്. എല്ലാവര്‍ക്കുമായി ഭക്ഷണമടക്കം ഒരു ദിവസത്തെ ചെലവ് എട്ടു ലക്ഷം രൂപയാണ്.

◼️നിതി ആയോഗ് സിഇഒ ആയി പരമേശ്വരന്‍ അയ്യരെ നിയമിച്ചു. മുന്‍ യുപി കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവിലെ സിഇഒ അമിതാഭ് കാന്ത് ഈ മാസം വിരമിക്കും. ഇന്റലിജന്‍സ് ബ്യൂറോയുടെ ഡയറക്ടറായി തപന്‍ കുമാര്‍ ദേഖയെയും നിയമിച്ചു. നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോ സ്പെഷ്യല്‍ ഡയറക്ടര്‍ ആണ് തപന്‍ കുമാര്‍.

◼️രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മ്മുവിനു പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടി ബിജെപി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചു. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജൂന്‍ ഖാര്‍ഗെ, അധിര്‍ രജ്ഞന്‍ ചൗധരി എന്നിവരോടും ഫാറൂഖ് അബ്ദുള്ള, എച്ച് ഡി ദേവഗൗഡ എന്നിവരുമായും സംസാരിച്ചു. യുപിഎയ്ക്കൊപ്പമുള്ള ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ദ്രൗപദി മുര്‍മ്മുവിനെ പിന്തുണക്കുമെന്ന് അഭ്യൂഹമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!