കേരളത്തിൽ നാലാം മുന്നണി വരുമോ? ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ കേരളത്തിൽ; ഇന്ന് കിഴക്കമ്പലത്ത് പ്രസംഗിക്കും

കേരളത്തിൽ നാലാം മുന്നണി വരുമോ? ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ കേരളത്തിൽ; ഇന്ന് കിഴക്കമ്പലത്ത് പ്രസംഗിക്കും

◼️ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്നു കിഴക്കമ്പലത്തു പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തെത്തിയ അദ്ദേഹത്തിന് ആം ആദ്മി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. കേരളത്തില്‍ ബദല്‍ രാഷ്ട്രീയ മുന്നേറ്റത്തിനു ഇന്നു കിഴക്കമ്പലത്ത് ട്വന്റി ട്വന്റി ഒരുക്കിയ സമ്മേളനത്തോടെ തുടക്കമിട്ടേക്കും. സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും സഖ്യചര്‍ച്ചയല്ലെന്നും ട്വന്റി 20 ചീഫ് കോഓഡിനേറ്റര്‍ സാബു ജേക്കബ്.

◼️തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണ നേതൃത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്തുകൊണ്ടും പ്രാദേശിക യോഗങ്ങളില്‍ പ്രസംഗിച്ചുമാണ് എല്‍ഡിഎഫിനു വോട്ടുറപ്പിക്കാന്‍ ശ്രമിക്കുന്നത്. നിയമസഭയില്‍ സെഞ്ചുറി തികയ്ക്കുകയാണ് ലക്ഷ്യം. മന്ത്രിമാരും എംഎല്‍എമാരു കളത്തിലിറങ്ങിയിട്ടുണ്ട്.

◼️തൃക്കാക്കരയില്‍ ഇരു മുന്നണികളും ട്വന്റി 20 യുടെ പിന്തുണ തേടിയെന്ന് ചീഫ് കോഓഡിനേറ്റര്‍ സാബു എം. ജേക്കബ്. പിന്തുണ തേടിയവരുടെ പേരു വെളിപ്പെടുത്തുന്നില്ല. ആര്‍ക്കു വോട്ടു ചെയ്യണമെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി 14,000 വോട്ടു നേടിയിരുന്നു.

◼️ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് രാജിവച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭാംഗവുമായ മാണിക് സാഹയാണു പുതിയ മുഖ്യമന്ത്രി. ബിപ്ലവിന്റെ ഭരണരീതികളിലും ചില വിവാദ പ്രസ്താവനകളിലും ബിജെപി നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിറകേയാണ് ബിപ്ലവിന്റെ രാജിപ്രഖ്യാപനം. നിയമസഭാ തെരഞ്ഞെടുപ്പു വരാനിരിക്കേയാണ് ബിപ്ളവിനെ മാറ്റിയത്.

◼️വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലെ താമസക്കാരെ മാറ്റി പാര്‍പ്പിക്കാനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കാനും തീരുമാനം. ചീഫ് സെക്രട്ടറി ഡോ. വി പി ജോയി വിളിച്ചുകൂട്ടിയ യോഗത്തിലാണു തീരുമാനം. ഓണ്‍ലൈന്‍ യോഗത്തില്‍ വിവിധ വകുപ്പ് മേധാവികളും പൊലീസ്, ഫയര്‍ഫോഴ്സ്, മേധാവിമാര്‍ കെഎസ്ഇബി ചെയര്‍മാന്‍, കാലാവസ്ഥ, ദുരന്ത നിവാരണ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കളക്ടര്‍മാരും പങ്കെടുത്തു. എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജാഗ്രതാനിര്‍ദ്ദേശം നല്‍കി.

◼️ചൊവ്വാഴ്ച വരെ സംസ്ഥാനത്തു ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്. ഉച്ചയ്ക്കുശേഷം അതിശക്ത മഴയ്ക്കു സാധ്യത. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

◼️കോണ്‍ഗ്രസിനു മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്ന് സംഘടനാകാര്യ അന്തിമ പ്രമേയം. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തിലാണ് പ്രമേയം പാസാക്കിയത്. സഖ്യം പാര്‍ട്ടി ദയനീയ അവസ്ഥയിലുള്ള സംസ്ഥാനങ്ങളില്‍ മാത്രം മതി. പാര്‍ലമെന്ററി ബോര്‍ഡ് പുനസ്ഥാപിക്കണം. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി പദയാത്രകള്‍ നടത്തണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നു.

◼️രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കിയ 20,808 വീടുകളുടെ താക്കോല്‍ ചൊവ്വാഴ്ച കൈമാറും. തിരുവനന്തപുരം കഠിനംകുളത്ത് വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താക്കോല്‍ കൈമാറും. നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 20,000 വീടുകള്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ലൈഫ് പദ്ധതിയില്‍ 2,95,006 വീടുകള്‍ ഇത് വരെ പൂര്‍ത്തിയാക്കിയെന്ന് മന്ത്രി എംവി ഗോവിന്ദന്‍ അറിയിച്ചു.

◼️വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ ഇന്നു വിശുദ്ധനായി പ്രഖ്യാപിക്കും. ഇന്ത്യയിലെ ആദ്യത്തെ ആത്മായ രക്തസാക്ഷിയാണ് ദേവസഹായംപിള്ള. 1712 ല്‍ തിരുവിതാംകൂര്‍ തലസ്ഥാനമായിരുന്ന പത്മനാഭപുരം പട്ടണത്തിനരികിലെ നട്ടാലം ഗ്രാമവാസിയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുക.

◼️തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. മഴമൂലമാണ് വെടിക്കെട്ട് മാറ്റിവച്ചത്. ഇത് മൂന്നാം തവണയാണ് വെടിക്കെട്ട് മാറ്റുന്നത്. ഇന്നലെ വൈകീട്ട് ആറരയ്ക്കു വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനം.

◼️ഒറ്റമൂലി വൈദ്യന്റെ കൊലപാതകത്തില്‍ മുഖ്യപ്രതിയുടെ വീട്ടിലെ കുളിമുറിയുടെ പൈപ്പില്‍നിന്ന് പ്രധാന തെളിവായ രക്തക്കറയുടെ സാമ്പിളുകള്‍ ലഭിച്ചെന്ന് പോലീസിന്റെ അവകാശവാദം. അറുത്തെടുത്ത പൈപ്പുകളില്‍ രക്തക്കറയുണ്ടെന്നും ഡിഎന്‍എ പരിശോധന നടത്തുമെന്നും ഫോറന്‍സിക് സംഘം അറിയിച്ചു. ഒന്നര വര്‍ഷംമുമ്പു നടന്ന കൊലപാതകത്തിനുശേഷം ബാത്ത് റൂം പൊളിച്ചുപണിതിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഷൈബിന്‍ അഷ്റഫിന് നിയമോപദേശം നല്‍കിയ മുന്‍ എസ്ഐയെ ചോദ്യം ചെയ്യും. വയനാട് സ്വദേശിയായ മുന്‍ എസ്ഐ ഒളിവിലാണ്.

◼️ഫറോക്ക് റെയില്‍വേ പാലത്തില്‍നിന്ന് സെല്‍ഫിയെടുക്കന്നതിനിടെ ട്രെയിനിടിച്ച് പുഴയില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. കരുവന്‍തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് എന്ന പതിനാറുകാരിയാണു മരിച്ചത്.

◼️കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി കൂടി. കേരള പ്രവാസി അസോയിഷന്‍ പാര്‍ട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി. 36 അംഗ ദേശീയ കൗണ്‍സിലിന്റെ കീഴില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ജില്ല, സംസ്ഥാന കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കുമെന്ന് ദേശീയ കൗണ്‍സില്‍ ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്ത് പറഞ്ഞു.

◼️കാലടിക്കടുത്ത് രാത്രി വീട്ടുകാര്‍ ഉറങ്ങി കിടക്കുമ്പോള്‍ 30 പവന്‍ സ്വര്‍ണവും അഞ്ചു ലക്ഷം രൂപയും മോഷ്ടിച്ചു. മേക്കാലടിയില്‍ മുഹമ്മദ് ഷെരീഫിന്റെ വീട്ടിലാണ് മോഷണം നടന്നത്.

◼️കേന്ദ്ര സര്‍ക്കാറും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം പുനപരിശോധിക്കണമെന്നും ഇന്ത്യയുടെ ആശങ്കാജനകമായ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ നയംമാറ്റണമെന്നും മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ‘ചിന്തന്‍ ശിബിര്‍’ ചര്‍ച്ചകളില്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള പാനലിന്റെ തലവനാണ് ചിദംബരം.

◼️ഉദയ്പൂരില്‍ ചിന്തന്‍ ശിബിര്‍ പുരോഗമിക്കമ്പോള്‍ കോണ്‍ഗ്രസില്‍നിന്നു രാജിവയ്ക്കുകയാണെന്ന് പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സുനില്‍ ജാഖറിനെ കഴിഞ്ഞ മാസം പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്ന് നീക്കിയിരുന്നു. ഗുഡ്‌ബൈ, ഗുഡ് ലക്ക് കോണ്‍ഗ്രസ്, കോണ്‍ഗ്രസിന് വിജയാശംസകള്‍- രാജിവച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

◼️യുഎഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ യുഎഇ സുപ്രീം കൗണ്‍സില്‍ തെരഞ്ഞെടുത്തു. യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് ഇദ്ദേഹം. അന്തരിച്ച ശൈഖ് ഖലീഫയുടെ സഹോദരനാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!