◼️വിദ്യാത്ഥികള്‍ക്കെതിരെ ലൈംഗിക അധിക്ഷേപ പരാതിയെത്തുടര്‍ന്ന് ചേര്‍ത്തല എസ്എച്ച് നഴ്സിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പലായ കന്യാസ്ത്രീ സിസ്റ്റര്‍ പ്രീത മേരിയെ സസ്പെന്റ് ചെയ്തു. നഴ്സിംഗ് കൗണ്‍സിലിന്റേതാണ് നടപടി. ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ ചെയ്താല്‍ കുട്ടികള്‍ തമ്മില്‍ സ്വവര്‍ഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ ആരോപിച്ചിരുന്നതായാണു കുട്ടികളുടെ പരാതി
◼️സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് അയ്യായിരം കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ അനുമതി. 20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ തേടിയത്. ഈ വര്‍ഷത്തേക്കുള്ള വായ്പാ പരിധി കേന്ദ്രം നിശ്ചയിച്ചു തന്നിട്ടില്ല. അടുത്ത മാസം മുതല്‍ ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തില്‍ മിക്ക സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു.
◼️ഡല്‍ഹിയില്‍ മുണ്ട്കാ മെട്രോ സ്റ്റേഷനു സമീപം മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 26 പേര് വെന്തുമരിച്ചു. സിസിടിവി ക്യാമറകളും റൗട്ടറും നിര്‍മ്മിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. 40 പേര്‍ക്ക് പരിക്കേറ്റു. 70 പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഉയര്‍ന്നേക്കാം. സ്ഥാപനമുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◼️ബിജെപി ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയും മഹാത്മാഗാന്ധിയുടെ ഘാതകരെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുകയാണെന്ന് എഐസിസി അധ്യക്ഷ സോണിയാഗാന്ധി. ജനാധിപത്യം ഭീഷണിയിലാണ്. കോണ്‍ഗ്രസിനെ ശക്തമാക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. രാജസ്ഥാനില്‍ ഉദയ്പുരില്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സോണിയ. കാലഘട്ടത്തിനും പുതിയ വെല്ലുവിളികള്‍ക്കും അനുസരിച്ച് പാര്‍ട്ടിയെ നവീകരിക്കണം. പ്രവര്‍ത്തനരീതികളില്‍ മാറ്റം വരുത്തണം. സോണിയ പറഞ്ഞു.
◼️എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവു നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. നഷ്ടപരിഹാരം നല്കാന് 2017 ലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. 3704 ഇരകളില്‍ എട്ടു പേര്‍ക്കു മാത്രമാണ് നഷ്ടപരിഹാരം നല്‍കിയത്. ഇതിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്.
◼️സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസുകാര്‍ക്കെതിരേ കേസെടുക്കണമെന്ന് ഡിജിപി അനില്‍ കാന്ത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം. വര്‍ഗീയ സംഘര്‍ഷങ്ങളും കൊലപാതങ്ങളും സംസ്ഥാനത്തുണ്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊലവിളി പ്രസംഗം നടത്തുന്ന സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും ഡിജിപി ആവശ്യപ്പെട്ടു.
◼️ഐജി ജി. ലക്ഷ്മണിന്റെ സസ്പെന്ഷന് മൂന്നു മാസം കൂടി നീട്ടി. നാലു മാസമായി ഐജി സസ്പെന്‍ഷനിലാണ്. പുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കലിന്റെ തട്ടിപ്പിനു കൂട്ടുനിന്നുവെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിന്റെ നടപടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് സസ്പെന്ഷന് നീട്ടിയത്.
◼️സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്കു സാധ്യത. ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.
◼️തൊടുപുഴയില്‍ അമ്മയുടെ കാമുകന് അരുണ്‍ ആനന്ദിന്റെ മര്‍ദനമേറ്റു മരിച്ച ഏഴു വയസുകാരന്റെ പിതാവു മരിച്ചതും കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച്. ഏഴു വയസുകാരന്റെ പിതാവ് ബിജു 2018 ല്‍ മരിച്ചത് കഴുത്തു ഞെരിച്ചുള്ള കൊലപാതകമാണെന്നാണ് രണ്ടാമതു നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ച വിവരം. ബിജുവിന്റെ ഭാര്യ കാമുകന് അരുണ്‍ ആനന്ദുമായി ചേര്‍ന്ന് കൊലപാതകം നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്. ഏഴു വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അരുണ്‍ ആനന്ദിനെ കോടതി ഇക്കഴിഞ്ഞ ദിവസം 21 വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ചിരുന്നു.
◼️സോളാര്‍ പീഡന കേസില്‍ ഹൈബി ഈഡന് എംപിയെ സിബിഐ കൊച്ചിയില്‍ ചോദ്യം ചെയ്തു. ഹൈബി ഈഡന് പ്രതിയായ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ നേരത്തെ തെളിവെടുപ്പു നടത്തിയിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, എ.പി അനില്‍കുമാര്‍, അബ്ദുള്ള കുട്ടി, അനില്‍കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സഹദുള്ള എന്നിവരാണ് പ്രതികള്‍.
◼️എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും ഗുരുതരമായ അക്രമങ്ങള്‍ നടത്തുന്ന സംഘടനകളാണെന്ന് ഹൈക്കോടതി. എന്നാല്‍ ഇരു സംഘടനകളേയും നിരോധിച്ചിട്ടില്ല. പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്ത് വധക്കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഈ പരാമര്‍ശം.
◼️വിദ്യാലയങ്ങളിലും പരാതി പരിഹാരസെല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് വനിതാകമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. തിരുവനന്തപുരത്ത് വനിതാകമ്മീഷന് അദാലത്തുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ വിദ്യാലയങ്ങളിലും അധ്യാപികമാര്‍, ജീവനക്കാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് പരാതിപ്പെടാനും പരിഹാരമുണ്ടാക്കാനും സംവിധാനം ഒരുക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടും. സതീദേവി പറഞ്ഞു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.