ബ്രാഹ്മണരായിരുന്നെന്ന് കരുതുന്ന ക്രിസ്ത്യാനികളാണ് സംഘ്പരിവാറിനൊപ്പം നില്‍ക്കുന്നത് : ബെന്യാമിന്‍

ബ്രാഹ്മണരായിരുന്നെന്ന് കരുതുന്ന ക്രിസ്ത്യാനികളാണ് സംഘ്പരിവാറിനൊപ്പം നില്‍ക്കുന്നത് : ബെന്യാമിന്‍

കോഴിക്കോട്: മുസ്ലിംവിരുദ്ധത കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപകമാകുന്നതായി എഴുത്തുകാരന്‍ ബെന്യാമിന്‍. സംഘ്പരിവാറിനോട് ചേര്‍ന്നുനില്‍ക്കുന്ന വലിയൊരു വിഭാഗം പൗരാണികമായി ബ്രാഹ്മണന്മാരായിരുന്നു എന്ന് വിശ്വസിക്കുന്ന സവര്‍ണ ക്രിസ്തീയ വിഭാഗങ്ങളാണെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘കേരളത്തിലെ ക്രിസ്തീയ സഭകളുടെ നിലപാടുകളും അവരുടെ ഉള്ളില്‍ നടക്കുന്ന ചര്‍ച്ചകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ആശയങ്ങളും ശ്രദ്ധിച്ചാല്‍ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ ഇസ്ലാം വിരുദ്ധതയുണ്ടാക്കുന്നത് സംഘ്പരിവാര്‍ അജണ്ടയാണെന്ന് മനസ്സിലാകും. കാസ എന്ന സംഘടന ഉണ്ടാക്കിയിട്ടുള്ളത് ഒരുപക്ഷേ ഈ അജണ്ടയുടെ തുടര്‍ച്ചയായിട്ട് തെറ്റിദ്ധരിക്കപ്പെട്ട ക്രിസ്ത്യാനികളാലാണ്.

അടുത്ത കാലം വരെ കേരളത്തിലെ ക്രിസ്ത്യാനികള്‍ ഇത്തരത്തിലെ പ്രചരണങ്ങള്‍ക്ക് ഒരുതരത്തിലും നിന്ന് കൊടുക്കാത്തവരായിരുന്നു. ക്രിസ്തീയ സമൂഹത്തിന് മേല്‍കൈ ഉള്ള കച്ചവട മേഖലകള്‍ മുഴുവന്‍ മുസ്ലിംകള്‍ പിടിച്ചടക്കുന്നു എന്നതായിരുന്നു ആദ്യം സംഘ്പരിവാര്‍ ഇറക്കിയ അജണ്ടകളിലൊന്ന്. പിന്നീട്, ലൗജിഹാദ്, കൈവെട്ട് കേസ്, ശ്രീലങ്കന്‍ സ്‌ഫോടനം തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ഇസ്ലാം വിരുദ്ധത ഉണ്ടാക്കി. കേരളത്തിലെ ഇടതുപക്ഷവും മറ്റു സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം ഇത് സൂക്ഷ്മമായി വിലയിരുത്തുന്നതില്‍ പരാജയപ്പെടുകയോ അത് മനസ്സിലാക്കാതെ പോകുകയോ ചെയ്തു.’

ക്രിസ്ത്യൻ സമൂഹം എപ്പോഴും സുരക്ഷിതമായി നിൽക്കാൻ ആഗ്രഹിക്കുന്ന സമൂഹമാണ്. ഭരണപക്ഷത്തിന് അനുകൂലമായി നിന്ന് പങ്കുപറ്റി ഗുണങ്ങൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന വിഭാഗമാണ്. ഇന്ത്യയിൽ ബിജെപി വളരുമ്പോൾ അതിനോട് പക്ഷം ചേരാനുള്ള സ്വാഭാവികതയുമുണ്ടാകും. ഇപ്പോൾ അതിനോട് ചേർന്നുനിൽക്കുന്ന വലിയൊരു വിഭാഗം സവർണ ക്രിസ്തീയ വിഭാഗങ്ങളാണ്.

പൗരാണികമായി ബ്രാഹ്മണന്മാരായിരുന്നു എന്ന് വിശ്വസിക്കുന്ന ക്രിസ്തീയ വിഭാഗങ്ങളാണ് അവരോട് കൂടുതൽ അടുത്ത് നിൽക്കുന്നത്. ‘എഡി 52ൽ സെന്‍റ് തോമസ് വന്നു എന്ന് വിശ്വസിക്കുകയും അതിന്‍റെ പാരമ്പര്യം അവകാശപ്പെടുകയും ചെയ്യുന്നവരാണ് ബ്രാഹ്മണിക്കൽ ക്രിസ്ത്യാനികൾ എന്ന് പറയുന്ന സിറിയൻ ക്രിസ്ത്യൻസ്. അവർ ഒരിക്കലും കീഴ്ജാതിക്കാരെ തങ്ങളുടെ വംശത്തിന്‍റെ ഭാഗമായോ ക്രിസ്തീയതയുടെ ഭാഗമായോ കൂട്ടിയിരുന്നില്ല.

പോർച്ചുഗീസ് – ബ്രിട്ടീഷ് മിഷണറിമാരുടെ ആഗമനത്തിനുശേഷമാണ് യഥാർത്ഥത്തിൽ ഇവിടുത്തെ ദലിത് കീഴാള വംശങ്ങൾ ക്രിസ്ത്യാനിറ്റിയിലേക്ക് വരുന്നത്. അവരെ ഒരുകാലത്തും തങ്ങളുടെ സഭയിലേക്ക് ചേർക്കുന്നതിന് ബ്രാഹ്മണിക്കൽ പാരമ്പര്യം ഉദ്ഘോഷിക്കുന്ന സഭകളൊന്നും തന്നെ ശ്രമിച്ചിരുന്നില്ല. ഇത്തരത്തിൽ നിന്നതുകൊണ്ടാണ് ദലിത് ക്രിസ്ത്യാനികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ വലിയ തോതിൽ സമൂഹത്തിലേക്ക് ഉയർന്നുവരാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!