മുന്‍ കേന്ദ്രമന്ത്രി പ്രഫ. കെ.വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കി

മുന്‍ കേന്ദ്രമന്ത്രി പ്രഫ. കെ.വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കി

മുന്‍ കേന്ദ്രമന്ത്രി പ്രഫ. കെ.വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കി. തൃക്കാക്കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ പ്രസംഗിച്ചതിനു പിറകേയാണ് നടപടി. കെ.വി തോമസിന് തൃക്കാക്കരയില്‍ ഒരു ചുക്കും ചെയ്യാനാകില്ലെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.

◼️ശ്രീലങ്കയില്‍ റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായി അധികാരമേറ്റു. ആറാം തവണയാണ് റെനില്‍ ലങ്കന്‍ പ്രധാനമന്ത്രിയാകുന്നത്. ലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്സെക്കെതിരായ അവിശ്വാസ പ്രമേയം ചൊവ്വാഴ്ച്ച ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍ പറഞ്ഞു. മുന്‍പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജ്യംവിടുന്നത് ശ്രീലങ്കന്‍ സുപ്രീംകോടതി തടഞ്ഞു. മഹിന്ദ രജപക്സെ ഉള്‍പ്പടെ 13 പേര്‍ക്ക് കോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തി.

◼️തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് സഭാ സ്ഥാനാര്‍ത്ഥിയാണെന്ന വിമര്‍ശനത്തിനു പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജോ ജോസഫ് സഭാസ്ഥാനാര്‍ത്ഥി ആണ്, ഞാനും അതേ. പക്ഷേ, നിയമസഭയുടെ സ്ഥാനാര്‍ത്ഥി ആണെന്നാണ് അര്‍ത്ഥം. മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പാലാരിവട്ടത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

◼️മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യയെ നയിക്കാന്‍ കഴിവുള്ള നേതാവാണെന്ന് എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന കെ.വി തോമസ്. കേരളത്തിന്റെ വികസനത്തിന് കെ റെയില്‍ ആവശ്യമാണ്. പ്രതിസന്ധികള്‍ മറികടക്കാനുള്ള കരുത്ത് പിണറായി വിജയനുണ്ട്. ഉമ്മന്‍ ചാണ്ടി വൈറ്റിലയിലും കുണ്ടന്നൂരിലും കല്ലിട്ടു, പക്ഷെ പിണറായി രണ്ടിടത്തും മേല്‍പ്പാലം പണിതു. തോമസ് പറഞ്ഞു.

◼️കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിന് രാജസ്ഥാനിലെ ഉദയ്പൂരില്‍ ഇന്നു തുടക്കം. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് നാനൂറു നേതാക്കള്‍ പങ്കെടുക്കുന്ന യോഗം. രാഹുല്‍ഗാന്ധിയെ എഐസിസി അധ്യക്ഷനായി തിരിച്ചുകൊണ്ടുവരാനുള്ള നീക്കവും ഇതോടൊപ്പം നടക്കുന്നുണ്ട്.

◼️സംസ്ഥാനത്ത് നാലു ദിവസംകൂടി മഴ തുടരും. കാലവര്‍ഷം ഇത്തവണ നേരത്തെയെത്താന്‍ സാധ്യത. ജൂണ്‍ ഒന്നിനു തുടങ്ങാറുള്ള കാലവര്‍ഷം ഇത്തവണ ഒരാഴ്ച മുമ്പേ തുടങ്ങും. ഞായറാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും കാലവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അസാനി ചുഴലിയുടെ വിടവാങ്ങലോടെ കാറ്റ് സജീവമാകുന്നതിനാലാണ് കാലവര്‍ഷം നേരത്തെ തുടങ്ങുന്നത്.

◼️തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥികളുടെ സ്വത്തു വിവരങ്ങള്‍ പുറത്ത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന് 2.19 കോടി രൂപയുടെ ആസ്തിയും 1.30 കോടി രൂപയുടെ ബാധ്യതയുമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് 70 ലക്ഷം രൂപയുടേയും മരിച്ച ഭര്‍ത്താവ് പി.ടി. തോമസിന് 97 ലക്ഷത്തിന്റേയും ആസ്തിയുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ ആസ്തി 95 ലക്ഷം രൂപയാണ്. 178 കേസുണ്ടെന്നും രാധാകൃഷ്ണന്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

◼️മദ്രസയിലെ പുരസ്‌കാര വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചതിനു കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ സമസ്ത സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടു. പോലീസിനോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

◼️പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥി ജൂനിയര്‍ വിദ്യാര്‍ഥിയെ കഴുത്തില്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ചശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചു. മൂന്നാര്‍ ടൗണ്‍ സ്വദേശിയായ വിദ്യാര്‍ത്ഥി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് കുത്തിയത്. പെണ്‍കുട്ടിയെ കോയമ്പത്തൂര്‍ ആശുപത്രിയിലും ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ത്ഥിയെ കോലഞ്ചേരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

◼️മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറായി രാജീവ്കുമാറിനെ നിയമിച്ചു. കമ്മീഷണര്‍ സുശീല്‍ ചന്ദ്ര വിരമിക്കുന്ന ഒഴിവിലാണു നിയമനം. രണ്ടു വര്‍ഷമായി തെരഞ്ഞെടപ്പു കമ്മീഷണര്‍മാരില്‍ ഒരാളായി പ്രവര്‍ത്തിക്കുകയായിരുന്നു രാജീവ്കുമാര്‍.

◼️താജ്മഹലിന്റെ പൂട്ടിയിട്ട 22 മുറികള്‍ തുറന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് തള്ളി. പൊതുതാല്‍പര്യ ഹര്‍ജി സംവിധാനത്തെ പരിഹസിക്കരുതെന്ന് കോടതി ഓര്‍മിപ്പിച്ചു. ബിജെപി അയോധ്യ മാധ്യമ വിഭാഗം തലവന്‍ രജനീഷ് സിങ്ങാണ് ഹര്‍ജി നല്‍കിയത്.

◼️കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ ഓര്‍ഡിനന്‍സായി പാസാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍ മന്ത്രിസഭ അംഗീകരിച്ചു. ബില്ല് നേരത്തെ നിയമസഭ പാസാക്കിയിരുന്നു. നിയമനിര്‍മ്മാണ കൗണ്‍സിലില്‍ ബിജെപിക്ക് ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കുറവുണ്ട്. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!