കെ.വി തോമസിന്റെ നിലപാട് എല്‍ഡിഎഫിനു ഗുണം ചെയ്യില്ലെന്ന്  എ.കെ ആന്റണി

കെ.വി തോമസിന്റെ നിലപാട് എല്‍ഡിഎഫിനു ഗുണം ചെയ്യില്ലെന്ന് എ.കെ ആന്റണി

◼️കെ.വി തോമസിന്റെ നിലപാട് എല്‍ഡിഎഫിനു ഗുണം ചെയ്യില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. മലയാളികള്‍ നേരെ വാ നേരെ പോ എന്ന സ്വഭാവം ഉള്ളവരാണ്. കോണ്‍ഗ്രസ് ആണെന്ന് ഇപ്പോഴും പറയുകയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്ന സ്വഭാവം തൃക്കാക്കരക്കാര്‍ അംഗീകരിക്കില്ലെന്നും എ കെ ആന്റണി പറഞ്ഞു.

◼️ഇടതു സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രചാരണം നടത്താനുള്ള കെ.വി തോമസിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് സഭയല്ല സിപിഎമ്മാണെന്നും യെച്ചൂരി പറഞ്ഞു.

◼️തൃക്കാക്കരയില്‍ ആംആദ്മി പാര്‍ട്ടി അനുയായികള്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കും. അരവിന്ദ് കേജ്രിവാള്‍ ഫാന്‍സ് ക്ലബ് എന്ന കൂട്ടായ്മയാണ് ഇങ്ങനെ തീരുമാനിച്ചത്. കൂട്ടായ്മയ്ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ആംആദ്മി സംസ്ഥാന കണ്‍വീനര്‍ പി.സി സിറിയക്. കഴിഞ്ഞ തവണ തൃക്കാക്കരയില്‍ ട്വന്റി ട്വന്റി 13,897 വോട്ട് നേടിയിരുന്നു. ഇത്തവണ ട്വന്റി ട്വന്റിയും മല്‍സരിക്കുന്നില്ല.

◼️രാജ്യദ്രോഹക്കുറ്റ നിയമം മരവിപ്പിച്ച സുപ്രീംകോടതി ഉത്തരവ് വന്നെങ്കിലും ജയിലില്‍ കഴിയുന്ന ഭൂരിഭാഗം പേര്‍ക്കും മോചനസാധ്യത കുറവ്. രാജ്യദ്രോഹ കുറ്റത്തിനു പുറമേ, യുഎപിഎ വകുപ്പും ചേര്‍ത്താണ് മിക്കവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുള്ളത്. രാജ്യത്ത് 876 കേസുകളിലായി പതിമൂവായിരം പേരെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടച്ചിരിക്കുന്നത്. ഭീമാകൊറേഗാവ് കേസിലും പ്രതികള്‍ക്കെതിരെ രാജ്യദ്രോഹകുറ്റവും യുഎപിഎ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

◼️രാജ്യദ്രോഹക്കുറ്റ നിയമം മരവിപ്പിച്ച സുപ്രീംകോടതി നടപടിയില്‍ കേന്ദ്രസര്‍ക്കാരിന് അതൃപ്തി. എല്ലാവരും ബഹുമാനിക്കേണ്ട ഒരു ലക്ഷ്മണ രേഖയുണ്ടെന്ന് നിയമമന്ത്രി കിരണ്‍ റിജ്ജു പ്രതികരിച്ചു. പാര്‍ലമെന്റ് ചെയ്യേണ്ട കാര്യങ്ങളില്‍ സുപ്രീം കോടതി കൈകടത്തുന്നതു നന്നല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുപ്രീംകോടതി വിധിയെ പ്രതിപക്ഷം സ്വാഗതം ചെയ്തു.

◼️കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങിയ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഗതാഗതമന്ത്രി ആന്റണി രാജു കൂടിക്കാഴ്ച നടത്തി. ശമ്പളം നല്‍കാനുള്ള പണം മാനേജ്മെന്റുതന്നെ കണ്ടെത്തട്ടെ എന്ന നിലപാട് മന്ത്രി ആവര്‍ത്തിച്ചു. അതേസമയം എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളില്‍ ശമ്പളം നല്‍കാന്‍ വഴിയുണ്ടാക്കണമെന്നു മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

◼️അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനംമൂലം സംസ്ഥാനത്ത് ശക്തമായ മഴ. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്ര ഒഡീഷ തീരങ്ങളില്‍ കനത്ത മഴയാണ്. വീടിന് മുകളിലേക്ക് മരണം വീണ് ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു.

◼️ഭരണങ്ങാനം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉരുള്‍പൊട്ടി. ആളപായം ഇല്ല. ഇന്നലെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കുറുമണ്ണിനു സമീപം രണ്ടുമാവ് ചായനാനിക്കല്‍ ജോയിയുടെ വീട് ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. സംഭവസമയത്ത് ആറു പേര്‍ വീട്ടിലുണ്ടായിരുന്നു.

◼️തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നെത്തും. സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസും പ്രസംഗിക്കും. സില്‍വര്‍ ലൈന്‍ സര്‍വേ കല്ലിടല്‍ നിര്‍ത്തിവച്ചതിനെക്കുറിച്ചും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന പ്രചാരണത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചേക്കും.

◼️ഇകെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാര്‍ പൊതുവേദിയില്‍ പെണ്‍കുട്ടിയെ വിലക്കിയതിനെതിരേ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഖുറാന്‍ തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും വിരുദ്ധമായി മുസ്ലീം പുരോഹിതസമൂഹം സ്ത്രീകളെ അടിച്ചമര്‍ത്തുകയാണ്. മുസ്ലീം കുടുംബത്തില്‍ ജനിച്ചതുകൊണ്ടാണ് കുട്ടി അപമാനിക്കപ്പട്ടത്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

◼️മദ്യവുമായി പോയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. മധുരയിലെ വിരാഗനൂരിലാണ് 10 ലക്ഷം രൂപ വിലവരുന്ന മദ്യക്കുപ്പികളുള്ള വാഹനം മറിഞ്ഞത്. തൃശൂരിലെ മണലൂരില്‍നിന്ന് മദ്യവുമായി പോയതായിരുന്നു വാഹനം. മദ്യക്കുപ്പികള്‍ നിറച്ച പെട്ടികള്‍ റോഡില്‍ വീണതോടെ അവ പറുക്കിക്കൂട്ടാന്‍ ആളുകള്‍ ഓടിക്കൂടി. മദ്യക്കുപ്പികള്‍ പറുക്കുന്നതിന്റെ പേരില്‍ പ്രദേശത്ത് ചെറിയ സംഘര്‍ഷവും ഉണ്ടായി. ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.

◼️താജ്മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റെതാണെന്ന അവകാശവാദവുമായി ബിജെപി എംപി. ജയ്പൂര്‍ രാജകുടുംബത്തില്‍ നിന്ന് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ ഭൂമി പിടിച്ചെടുത്തതാണെന്ന് രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ദിയ കുമാരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!