രാജിവച്ച മഹിന്ദ രാജപ്ക്സ ജനരോഷം ഭയന്ന്‌ നാവിക കേന്ദ്രത്തില്‍ ഒളിച്ചു

രാജിവച്ച മഹിന്ദ രാജപ്ക്സ ജനരോഷം ഭയന്ന്‌ നാവിക കേന്ദ്രത്തില്‍ ഒളിച്ചു

ജനരോഷത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ രാജിവച്ച ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപ്ക്സ, ജീവന്‍ രക്ഷിക്കാന്‍ വേണ്ടി കുടുംബാംഗങ്ങളോടൊപ്പം നാവിക കേന്ദ്രത്തില്‍ ഒളിച്ചു. മഹിന്ദയുടെ ടെംപിള്‍ ട്രീസ് ഔദ്യോഗിക വസതിയിലേക്ക് പ്രക്ഷോഭകര്‍ കടന്നു കയറുമെന്ന സ്ഥിതിവന്നതോടെ സൈന്യം ഹെലികോപ്ടറില്‍ മഹിന്ദയെയും കുടുംബാംഗങ്ങളെയും വടക്ക് കിഴക്കന്‍ മേഖലയിലെ ട്രിങ്കോമാലിയിലെ നാവിക ത്താവളത്തില്‍ എത്തിക്കുകയായിരുന്നു. നാവിക കേന്ദ്രത്തിനു പുറത്തും ജനങ്ങള്‍ തമ്പടിച്ചിരിക്കുകയാണ്. മഹിന്ദ ഇവിടെ ഉണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. അക്രമം കണ്ടാലുടന്‍ വെടിവയ്ക്കാന്‍ പ്രതിരോധമന്ത്രാലയം സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

◼️രാജ്യദ്രോഹ കേസുകള്‍ മരവിപ്പിക്കുന്നതു സംബന്ധിച്ച നിലപാട് ഇന്ന് അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. പുനപരിശോധനവരെ പുതിയ കേസുകള്‍ ഒഴിവാക്കാനാകുമോയെന്നു കോടതി ചോദിച്ചു. നിലവില്‍ കേസ് നേരിടുന്നവര്‍ക്ക് സംരക്ഷണം നല്കുന്നതും ആലോചിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും വളരെ പ്രധാനമായതിനാല്‍ ആലോചിച്ചു തീരുമാനമെടുക്കാന്‍ സാവകാശം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

◼️ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ കേരള സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി വിധി. അവ റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലാണ്. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കേരളത്തിലെ മണി ലെന്‍ഡേഴ്സ് ആക്ട് ബാധകമാകില്ല. സംസ്ഥാന നിയമം ബാധകമാകുമെന്ന ഹൈക്കോടതി വിധിക്കെതിരേ മണപ്പുറം ഫിനാന്‍സ്, മൂത്തൂറ്റ്, നെടുംമ്പള്ളി ഫിനാന്‍സ് എന്നിവയടക്കം 17 സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

◼️തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റിവച്ചു. കനത്ത മഴമൂലമാണ് വെടിക്കെട്ട് മാറ്റിയത്. കുടമാറ്റത്തിന്റെ സമയത്തും തൃശ്ശൂര്‍ നഗരത്തില്‍ മഴ പെയ്തെങ്കിലും ആവേശം ചോരാതെ ആഘോഷമാക്കി. വെടിക്കെട്ട് നടത്താനാകാത്ത വിധം മഴ പെയ്തതോടെ വെടിക്കെട്ടിനായി കാത്തിരുന്ന ജനസഹസ്രങ്ങള്‍ നിരാശരായി മടങ്ങി. മാറ്റിവെച്ച വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിക്ക് നടത്തും. പകല്‍പ്പൂരവും അനുബന്ധ ചടങ്ങുകളും നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

◼️മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു യോഗം. ഡിജിപി അനില്‍ കാന്ത്, പൊലീസ് ആസ്ഥാനത്തെ എഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജന്‍സ് എഡിജിപി എന്നിവരെയാണ് വിളിച്ചുവരുത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഡിജിപി അനില്‍ കാന്ത് വെള്ളിയാഴ്ച വിളിച്ചിട്ടുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശി ചുമതലയേറ്റശേഷം ആദ്യമായാണ് പോലീസ് മേധാവികളുടെ യോഗം വിളിച്ചത്.

◼️നൂറനാട് സിപിഐ കോണ്‍ഗ്രസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷാനവാസ് ഖാനെ ഡിവൈഎസ്പി ലാത്തിയുടെ കൈപിടിക്കുന്ന ഭാഗം ഉപയോഗിച്ച് മര്‍ദ്ദിച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് ഉത്തരവ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

◼️മതവിദ്വേഷ പ്രസംഗത്തില്‍ ജാമ്യം ലഭിച്ച ശേഷവും കുറ്റം ആവര്‍ത്തിച്ചെന്ന് ആരോപിച്ച് ജാമ്യം റദ്ദാക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചിരിക്കേ, പി.സി ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. മതവിദ്വേഷ പ്രസംഗമല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ കേസുകൊണ്ട് തടയാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഹര്‍ജിയില്‍ പറയുന്നു.

◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സില്‍വര്‍ലൈന്‍ മുഖ്യചര്‍ച്ചാ വിഷയമാണെങ്കിലും പ്രതിഷേധം ഭയന്ന് സംസ്ഥാനത്താകെ കല്ലിടല്‍ നിര്‍ത്തിവച്ചു. കലാപമുണ്ടാക്കുന്നത് ഒഴിവാക്കാനാണു കല്ലിടല്‍ നിര്‍ത്തിയതെന്നു മന്ത്രി പി. രാജീവ്. തെരഞ്ഞെടുപ്പുകാലത്ത് പെട്രോള്‍ വില കൂട്ടാത്ത മോദിയെ പോലെയാണ് മഞ്ഞക്കുറ്റി മാറ്റിവച്ച പിണറായിയെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പരിഹാസം.

◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ അതേ പേരുള്ള അപരനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഒരാളെ വയാനാട്ടില്‍നിന്നു കണ്ടുകിട്ടിയെന്നും സ്വരാജ് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

◼️രാജ്യത്തെ വനിതാ നിയമ നിര്‍മാതാക്കളുടെ സമ്മേളനമായ വനിതാ പാര്‍ലമെന്റ് ഈ മാസം 26 നു കേരള നിയമസഭാ സമുച്ചയത്തില്‍ നടക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതാ മന്ത്രിമാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും.

◼️സ്വര്‍ണ്ണക്കടത്ത് -ക്വട്ടേഷന്‍ വിവാദങ്ങളിലെ പ്രതി ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഹോമിയോ ഡോക്ടറായ അനുപമ ജയതിലക് ആണ് വധു. നാളെ കണ്ണൂരിലെ വധു ഗൃഹത്തിലാണ് വിവാഹം. പ്രണയ വിവാഹമാണ്. ഇവരുടെ സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

◼️ബിഹാറിലെ സുല്‍ത്താന്‍ഗഞ്ചില്‍ 1710 കോടി രൂപ ചെലവിട്ട് 2014 മുതല്‍ നിര്‍മിക്കുന്ന പാലം തകര്‍ന്നു വീണു. പാലം തകരാന്‍ കാരണം കാറ്റാണെന്ന ഉദ്യോഗസ്ഥന്റെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഗംഗാ നദിക്കു കുറുകെ പണിയുന്ന പാലം ഏപ്രില്‍ 29 നാണ് തകര്‍ന്നത്.

◼️ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തോട് ആജ്ഞാപിച്ച് പ്രസിഡന്റ് ഗോത്തബയ രജപക്സെ. രാജിവച്ച പ്രധാനമന്ത്രി മഹീന്ദ രജപക്സെയെ അറസ്റ്റു ചെയ്യണമെന്നാണു പ്രതിപക്ഷത്തിന്റെ ആവശ്യം. മഹീന്ദയെ രഹസ്യ താവളത്തിലേക്കു മാറി. അക്രമങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 250 കടന്നു. ഭരണപക്ഷ എംപി അടക്കം എട്ടു പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍ കോടികളുടെ പൊതുമുതലാണ് ചാരമായത്.

◼️ജയിലില്‍ കഴിയുന്ന കൊലപ്പുള്ളിക്കൊപ്പം ഒളിച്ചോടിയ ജയില്‍ ഉദ്യോഗസ്ഥ പിടിക്കപ്പെടുമെന്നായപ്പോള്‍ സ്വയം വെടിവച്ചു മരിച്ചു. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള ലോഡര്‍ഡെയില്‍ ജയിലില്‍ കഴിയുകയായിരുന്ന കെയ്സി വൈറ്റ് എന്ന മുപ്പത്തെട്ടുകാരനായ കൊടുംകുറ്റവാളിക്കൊപ്പമാണ് ജയിലിലെ ഉന്നത ഉദ്യോഗസ്ഥയായ അമ്പത്തെട്ടുകാരി വിക്കി വൈറ്റ് മുങ്ങിയത്. പോലീസിന്റെ വലയിലായെന്നു ബോധ്യമാതോടെയാണ് ജീവനൊടുക്കിയത്. കുറ്റവാളിയായ കെയ്സിയെ പോലീസ് പിടികൂടി.

◼️തൊഴിലുടമയുടെ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ അഞ്ചു പ്രവാസികള്‍ക്കു ശിക്ഷ. വനിതാ സ്പോണ്‍സറുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 20 ലക്ഷം ദിര്‍ഹവും 30 ലക്ഷം ദിര്‍ഹത്തിന്റെ ആഭരണങ്ങളുമായിരുന്നു പ്രതികള്‍ മോഷ്ടിച്ചത്. രാജ്യം വിടാന്‍ തയ്യാറെടുക്കുന്നതിനിടെ എല്ലാ പ്രതികളെയും ദുബൈ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

◼️അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെപിനെതിരേ സാമൂഹ്യ മാധ്യമങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നു. ട്വിറ്ററിനെ വിലയ്ക്കു വാങ്ങിയ ഇലോണ്‍ മസ്‌കാണ് തീരുമാനമെടുത്തത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റതിനു പിറകേ, ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തോടെയാണ് ഡൊണാള്‍ഡ് ട്രംപിനെ സാമൂഹ്യ മാധ്യമങ്ങള്‍ വിലക്കിയത്.

◼️ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് സെറിബ്രല്‍ അന്യൂറിസം എന്ന രോഗം. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികില്‍സതേടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്തക്കുഴലുകളെ മൃദുവാക്കുകയും ചുരുക്കുകയും ചെയ്യുന്ന രോഗമാണ് സെറിബ്രല്‍ അന്യൂറിസം. ശസ്ത്രക്രിയയ്ക്കു വിധേയമാകാതെ പരമ്പരാഗത ചൈനീസ് ചികിത്സയാണ് ഷി ജിന്‍പിങ് തേടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!