തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍  മത്സരിക്കാനില്ലെന്ന് ആം ആദ്മി പാര്‍ട്ടി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആം ആദ്മി പാര്‍ട്ടി

തൃക്കാക്കര മണ്ഡലത്തില്‍ ത്രികോണ മല്‍സരം. മത്സരിക്കാനില്ലെന്ന് ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും വ്യക്തമാക്കി. തൃക്കാക്കരയില്‍ ഇരു പാര്‍ട്ടികളുടേയും സംയുക്ത സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി. അടുത്ത നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ എല്ലാ സീറ്റിലും ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് എഎപി കേരള നിരീക്ഷകന്‍ എന്‍. രാജ പറഞ്ഞു.

◼️ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘അസാനി’ തീവ്ര ചുഴലിക്കാറ്റായി. ഒഡീഷ തീരത്ത് നിന്ന് എണ്ണൂറു കിലോമീറ്റര്‍ അകലത്തിലുള്ള ‘അസാനി’ നാളെ ആന്ധ്രാ-ഒഡീഷ തീരത്തെത്തും. മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കില്ല. എന്നാല്‍ മഴയ്ക്കു സാധ്യതയുണ്ട്.

◼️പാചകവാതക വില അടിക്കടി വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മാസങ്ങളായി സബ്സിഡി നല്‍കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അടുക്കള തന്നെ പൂട്ടിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 405 രൂപയായിരുന്നു പാചകവാതക സിലിണ്ടറിന്റെ വില. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ സിലിണ്ടറിന് 255 രൂപ കൂട്ടി.

◼️മുന്‍മന്ത്രി ഷിബു ബേബി ജോണിന്റെ കടപ്പാക്കടയിലുള്ള കുടുംബ വീട്ടില്‍ മോഷണം. വയലില്‍ വീട്ടില്‍നിന്ന് അമ്പത് പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു. മുന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന ശേഷം ഗ്ലാസ്സ് വാതിലുകളും തകര്‍ത്താണ് മോഷണം. ഷിബു ബേബി ജോണിന്റെ അമ്മയുടെ വിവാഹ സ്വര്‍ണ്ണമാണ് മോഷണം പോയവ.

◼️തൃശൂര്‍ പൂരത്തിനായി പാറമേക്കാവ് വിഭാഗം കുടമാറ്റത്തിനായി പുറത്തിറക്കിയ ആസാദി കുടയില്‍ സവര്‍ക്കറും. സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍കറുടെ ചിത്രം. വിവാദവും എതിര്‍പ്പും ഉയര്‍ന്നതോടെ പൂരം കുടമാറ്റത്തില്‍നിന്ന് ഈ കുടകളെ ഒഴിവാക്കാന്‍ പാറമേക്കാവ് ദേവസ്വം തീരുമാനിച്ചു. ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത സുരേഷ് ഗോപിയാണ് ആസാദി കുട പുറത്തിറക്കിയത്.

◼️തിരുവനന്തപുരത്ത് ബസ് ചാര്‍ജിന്റെ ടിക്കറ്റ് തുകയില്‍ ഒരു രൂപ കുറഞ്ഞതിന് യാത്രക്കാരനായ യുവാവിനെ മര്‍ദ്ദിച്ച ഡ്രൈവറും കണ്ടക്ടറും പിടിയില്‍. സുനില്‍, അനീഷ് എന്നിവരാണ് പിടിയിലായത്. പേരൂര്‍ക്കടയില്‍ നിന്നും കിഴക്കേകോട്ടയിലേക്കു സര്‍വീസ് നടത്തിയ ബസിലാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതോടെയാണ് പോലീസ് പ്രതികളെ അറസ്റ്റു ചെയ്തത്.

◼️പേരാമ്പ്രയില്‍ ഹലാല്‍ അല്ലാത്ത ബീഫ് വില്‍ക്കുന്നില്ലെന്നാരോപിച്ച് സൂപ്പര്‍മാര്‍ക്കറ്റിനുനേരെ ആക്രമണം നടത്തിയ സംഘത്തിലെ ഒരാളെ അറസ്റ്റു ചെയ്തു. ആക്രമണത്തില്‍ ബാദുഷ സൂപ്പര്‍മാര്‍ക്കറ്റിലെ മൂന്നു ജീവനക്കാര്‍ക്ക് പരിക്കേറ്റു. മേപ്പയ്യൂര്‍ സ്വദേശി പ്രസൂണിനെയാണ് അറസ്റ്റ് ചെയ്തത്.

◼️രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെങ്കില്‍ കമല്‍നാഥിനെ നേതൃത്വത്തിലേക്കു കൊണ്ടുവരാന്‍ നീക്കം. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്നാണ് രാഹുല്‍ ആവര്‍ത്തിക്കുന്നത്. അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് സോണിയ ഗാന്ധിയും പലതവണ പറഞ്ഞിരുന്നു. ഈ മാസം 13 മുതല്‍ 15 വരെ രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തോടെ ഇക്കാര്യങ്ങളില്‍ ധാരണയുണ്ടാകും. ചര്‍ച്ചയ്ക്കുള്ള വിഷയങ്ങള്‍ ആറു സമിതികള്‍ ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ടുകളാക്കിയിട്ടുണ്ട്. നാനൂറു പ്രതിനിധികളാണു ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുക.

◼️കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഖത്തറിലെത്തി. മന്ത്രിയെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലും ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉന്നത സംഘവും ചേര്‍ന്ന് സ്വീകരിച്ചു.

◼️ജമ്മു കാഷ്മീരീലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ വധിച്ചു. ഒമ്പത് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്.

◼️താജ്മഹലില്‍ പൂട്ടിയിട്ടിരിക്കുന്ന 20 മുറികള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. ഈ മുറികളില്‍ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഉണ്ടോയന്ന് അറിയാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പരിശോധന നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

◼️ചൈനയിലെ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതും കയറ്റുമതി വിതരണരംഗത്തെ കാലതാമസവും ഇലക്ട്രോണിക്സ് വിപണിക്ക് തിരിച്ചടിയാകുന്നു. ഉപഭോക്തൃ വസ്തുക്കളുടെ വില ഉടന്‍ 5-7 ശതമാനം വരെ വര്‍ധിപ്പിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ഉപഭോക്തൃ ഇലക്ട്രോണിക്സ് നിര്‍മാതാക്കള്‍ പറഞ്ഞു. ചൈനയിലെ കൊവിഡ് വ്യാപനം കാരണം ലോകമെമ്പാടുമുള്ള ഇലക്ട്രോണിക്സ് വ്യവസായം അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം നേരിടുന്നുണ്ട്. കൊവിഡ് പാന്‍ഡെമിക് കാരണം ഇലക്ട്രോണിക്സ് മേഖല ഇതിനകം തന്നെ ഓരോ പാദത്തിലും 2-3 ശതമാനം വില വര്‍ധിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!