തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയ വിവാദത്തിലേക്ക് സഭയെ വലിച്ചിഴച്ചത് സിപിഎം: വി.ഡി. സതീശന്‍

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയ വിവാദത്തിലേക്ക് സഭയെ വലിച്ചിഴച്ചത് സിപിഎം: വി.ഡി. സതീശന്‍

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയ വിവാദത്തിലേക്ക് സഭയെ വലിച്ചിഴച്ചത് സിപിഎം ആണ്. സഭയുടെ സ്ഥാപനത്തില്‍ വാര്‍ത്താസമ്മേളനം നടത്തി. സഭയുടെ ചിഹ്നമുള്ള ഇടത്തിരുന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മന്ത്രി പി. രാജീവാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

◼️രാഹുല്‍ ഗാന്ധി ഭാരത യാത്ര നടത്തണമെന്നും ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണമെന്നും രമേശ് ചെന്നിത്തല. ഈ മാസം രാജസ്ഥാനില്‍ നടക്കുന്ന ചിന്തന്‍ ശിബിരിന്റെ ഭാഗമായി ഡല്‍ഹിയില്‍ ചേര്‍ന്ന ഉപസമിതിയിലാണ് ചെന്നിത്തല ഈ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കാനുള്ള അധികാരം പിസിസികള്‍ക്ക് നല്‍കണം. പിസിസി അംഗങ്ങളുടെ എണ്ണം ചെറിയ സംസ്ഥാനങ്ങളില്‍ അന്‍പതും വലിയ സംസ്ഥാനങ്ങളില്‍ നൂറുമായി നിജപ്പെടുത്തണം. എഐസിസി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണമെന്നും ചെന്നിത്തല നിര്‍ദേശിച്ചു.

ഇന്റര്‍നെറ്റ് വിപ്ലവവുമായി കെ ഫോണ്‍ ഈ മാസം അവസാനത്തോടെ വീടുകളിലേക്ക്. ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. 140 മണ്ഡലങ്ങളിലും 500 വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം നല്‍കും. ദിവസം ഒന്നര ജിബി ഡാറ്റയാണ് അനുവദിക്കുക. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ബിപിഎല്‍ ഗുണഭോക്താക്കളുടെ പട്ടിക ശേഖരിച്ചാണ് കണക്ഷന്‍ നല്‍കുക.

◼️എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ പതിനഞ്ചോടേയും ഹയര്‍ സെക്കന്‍ഡറി ഫലം ജൂണ്‍ ഇരുപതോടേയും പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പു മന്ത്രി വി. ശിവന്‍ കുട്ടി. പുതിയ അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോമിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷകള്‍ പരിഗണിച്ച് നേരത്തെ നിശ്ചയിച്ച എന്‍.എസ്.എസ് ക്യാമ്പുകള്‍ മാറ്റിവച്ചതായും മന്ത്രി പറഞ്ഞു.

◼️ബംഗാള്‍ ഉള്‍ക്കടലിലെ അതി തീവ്ര ന്യൂനമര്‍ദ്ദം അസാനി ചുഴലിക്കാറ്റായി മാറുന്നു. വൈകുന്നേരത്തോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അസാനി ചുഴലിക്കാറ്റ് രൂപപ്പെടും. ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തിലല്ലെങ്കിലും സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകും. കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴയുണ്ടാകും.

◼️അക്കാദമിക്-ഭരണ മേഖലകളിലെ ഫലപ്രദമായ സൈബര്‍ ഉപയോഗവും സൈബര്‍ സുരക്ഷയും പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയില്‍ ഹൈസ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ മൂന്നു ലക്ഷം അമ്മമാര്‍ക്ക് നല്‍കുന്ന സൈബര്‍ സുരക്ഷാ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

◼️കെഎസ്ആര്‍ടിസി ജിവനക്കാര്‍ ഒരു വര്‍ഷം കുറഞ്ഞത് 190 ഡ്യൂട്ടി ചെയ്തിരിക്കണമെന്ന് മാനേജ്‌മെന്റ്. ഇന്‍ക്രിമെന്റിനും പ്രമോഷനും ഇത് ബാധകമായിരിക്കും. ശമ്പള പരിഷ്‌കരണ കരാറില്‍ ഇതു സംബന്ധിച്ച് വ്യവസ്ഥയുണ്ടെന്നും ചെയര്‍മാന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

◼️ഇരുപതുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മന്ത്രവാദ ചികിത്സകനെതിരെ പോലീസ് കേസെടുത്തു. കോട്ടത്തറ അരമ്പറ്റക്കുന്ന് സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെയാണ് കമ്പളക്കാട് പോലീസ് കേസെടുത്തത്.

◼️സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ആദ്യഘട്ടത്തില്‍ ചെന്നൈയിലെ 708 കേന്ദ്രങ്ങളിലും 21 കോര്‍പറേഷനുകളിലും 63 നഗരസഭകളിലും പദ്ധതി നടപ്പാക്കും. ഇതിനായി 180 കോടി രൂപ വകയിരുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

◼️ഡല്‍ഹിയിലെ ബിജെപി നേതാവ് തജിന്ദര്‍ ബഗ്ഗയ്ക്കെതിരായ പഞ്ചാബ് സര്‍ക്കാരിന്റെ നടപടികള്‍ പാതിരാത്രിയിലും. പഞ്ചാബ് സര്‍ക്കാരിന്റെ ആവശ്യ പ്രകാരം മൊഹാലി കോടതി അര്‍ധരാത്രിയോടെ വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അറസ്റ്റ് വാറണ്ടിനെതിരെ തജിന്ദര്‍ ബഗ്ഗ രാത്രി തന്നെ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടി. ബഗ്ഗയെ കസ്റ്റഡിയിലെടുത്തതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിന്റെ വസതിക്ക് മുന്‍പില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ നടത്തി.

◼️പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ജസ്വന്ത് സിംഗ് ഗജ്ജന്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്. 41 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ബാങ്ക് ഓഫ് ഇന്ത്യയുടെ ലുധിയാന ശാഖ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍. പരിശോധനയില്‍ 16.57 കോടി രൂപയും ഒപ്പിട്ട 94 ബ്ലാങ്ക് ചെക്കുകളും 88 വിദേശ കറന്‍സികളും ആധാര്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള മറ്റു രേഖകളും കണ്ടെത്തിയെന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

◼️വിമാനം ലാന്‍ഡു ചെയ്തതിന് പിറകേ, എമര്‍ജന്‍സി എക്സിറ്റ് വഴി വിമാനത്തിന്റെ ചിറകിലൂടെ നടന്ന് അഭ്യാസം കാണിച്ച യാത്രക്കാരനെ അറസ്റ്റു ചെയ്തു. പുലര്‍ച്ചെ 4.30 ന് സാന്‍ ഡിയാഗോയില്‍ നിന്നുള്ള 2478 – ബോയിംഗ് 737-900 – ചിക്കാഗോയിലെ ഒ’ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സംഭവം. 57 കാരനായ റാണ്ടി ഫ്രാങ്ക് ഡാവില എന്നയാളാണ് പിടിയിലായത്.

◼️അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കി. മുഖം മറയ്ക്കുന്ന മതവേഷം ധരിച്ചു മാത്രമേ സ്ത്രീകള്‍ പൊതുസ്ഥലങ്ങളിലേക്കു വരാവൂ. താലിബാന്‍ അധികാരത്തില്‍ വന്നതോടെ ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ പഠനം നിലച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!